Saturday 09 July 2022 10:45 AM IST : By സ്വന്തം ലേഖകൻ

പ്രണയം നിരസിച്ചു, വിരോധത്തിൽ കുത്തി കൊലപ്പെടുത്താൻ ശ്രമം; യുവാവിനെ ധീരമായി നേരിട്ട് 14 വയസ്സുകാരി, കയ്യടി

jinesh-malappuram.jpg.image.845.440

പ്രണയം നിരസിച്ചതിലുള്ള വിരോധത്തിൽ കുത്തിക്കൊല്ലാനെത്തിയ 22 വയസ്സുകാരനെ ധീരമായി നേരിട്ട് 14 വയസ്സുകാരി. കത്തിയുമായി പിന്തുടർന്ന് കുത്താനെത്തിയ യുവാവിനെ പെൺകുട്ടി ബലമായി പിടിച്ചു തള്ളുകയായിരുന്നു. വ്യാഴം രാവിലെ എട്ടോടെ പെരിന്തൽമണ്ണ ആനമങ്ങാട്ടായിരുന്നു സംഭവം. മണ്ണാർമല സ്വദേശി ജിനേഷിനെ (22) പൊലീസ് അറസ്‌റ്റ് ചെയ്‌തു. 

പൊലീസ് പറയുന്നത്: കുറച്ച് കാലമായി പെൺകുട്ടിയെ പ്രതി നിരന്തരം ശല്യം ചെയ്‌തിരുന്നു. പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ കത്തിയുമായി എത്തിയ പ്രതി ആനമങ്ങാട്ടുവച്ച് തടഞ്ഞുനിർത്തി കുത്താൻ ശ്രമിക്കുകയായിരുന്നു. 

പരിഭ്രമിച്ചെങ്കിലും യുവാവിനെ പിടിച്ചു തള്ളി പെൺകുട്ടി ബഹളം വച്ചു. നിലത്തുവീണ യുവാവിന്റെ കയ്യിൽനിന്ന് കത്തി തെറിച്ചുപോയി. നാട്ടുകാർ ഓടിക്കൂടുന്നതിനിടെ പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഈ സമയം വന്ന വാഹനത്തിൽ തട്ടി ഇയാളുടെ കൈക്ക് പരുക്കേറ്റു. തുടർന്ന് പൊലീസെത്തി ജിനേഷിനെ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. പ്രതി കൊണ്ടുവന്ന കത്തി പൊലീസ് കണ്ടെടുത്തു.

Tags:
  • Spotlight