Monday 23 March 2020 05:32 PM IST

കാത്തിരുന്ന് കിട്ടിയ മുത്തിനെ പോലും കണ്ടില്ല; ഐസൊലേഷനിലിരുന്ന് നാടിന്റെ ഹീറോ പറയുന്നു അക്കഥ

Binsha Muhammed

kooriyad

വെള്ളത്തിലിട്ട മീനിനെ പോലെ കറക്കം...ഇടിയപ്പത്തിന്റെ നൂലു പോലെ റൂട്ട് മാപ്പ്. കൊറോണക്കാലത്ത് നാടിനേയും വീടിനേയും നോക്കാതെ കൊള്ളിമീൻ പോലെ കറങ്ങി നടക്കുന്ന ‘നാടോടികളുടെ’ കാര്യമാണ് പറഞ്ഞു വരുന്നത്. ഒരു നാടിനെ തന്നെ ലോക്ക് ഡൗണിലേക്ക് തള്ളിവിട്ട അവരോട് ‘തൃപ്തിയായില്ലേ...’ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. ‘ക്വാറന്റിൻ’ അലർജിയാണെന്ന് പറഞ്ഞ് വിശേഷം തിരക്കി നടക്കുന്ന ചില പ്രത്യേക സൈക്കോകളുടെ കാലത്ത് ഇതാ നന്മയുള്ളൊരു മനുഷ്യൻ. കൊറോണയുടെ കറക്കത്തിനിടയ്ക്ക് തന്റെ കറക്കം ഒത്തു പോകില്ല എന്ന് മനുഷ്യനാക്കിയ ആ മനുഷ്യനെ സോഷ്യൽ മീഡിയയാണ് പരിചയപ്പെടുത്തിയത്. അബുദാബിയിൽ നിന്നും നേരെ ക്വാറന്റിലേക്ക് പോയ കൂരിയാട് സ്വദേശിയാണ് ഒരു നാടിന്റെ ഹീറോയായി മാറിയിരിക്കുന്നത്. നിലവിൽ മഞ്ചേരി മെഡിക്കൽ കോളജിൽ ഐസോലേഷനിൽ നിരീക്ഷണത്തിലുള്ള ഇദ്ദേഹം ഒരു നാടിന്റെ നായകനും രക്ഷകനുമായ കഥ ഇതാദ്യമായി വനിത ഓൺലൈനുമായി പങ്കുവയ്ക്കുകയാണ്.

പ്രവാസിയുടെ റൂട്ട് മാപ്പ് തിരക്കി ബുദ്ധിമുട്ടുന്നത് ആരോഗ്യ പ്രവർത്തകരേക്കാൾ കൂടുതൽ ജിജ്ഞാസുക്കളായ ചില മനുഷ്യരാണ്. പ്രവാസികളാണ് കൊറോണയുടെ മൊത്തക്കച്ചവടക്കാരെന്ന് പറയുന്ന ചിലർ. അവർക്കാണ് നമ്മുടെ റൂട്ട് മാപ്പും മേൽവിലാസുമൊക്കെ അന്വേഷിക്കാന്‍ കമ്പം. അത്തരക്കാർക്കിടയിലേക്ക് വരുമ്പോൾ അത്യാവശ്യം ടെൻഷനൊക്കെ ഉണ്ടായിരുന്നു. പക്ഷേ അവരേക്കാളേറെ പേടിച്ചത് കൊറോണയെയാണ്. അതു കൊണ്ട് തന്നെ ആർക്കും ബേജാറുണ്ടാക്കാതെ ഐസോലേഷനിലേക്ക് പോകണം എന്നുറച്ചത് എന്റെ മാത്രം തീരുമാനമാണ്. ഒരു പൗരനെന്ന നിലയിൽ എന്റെ ഉത്തരവാദിത്തം.– പ്രവാസിയായ ആ മനുഷ്യൻ പറഞ്ഞു തുടങ്ങുകയാണ്.

അബൂദാബായിൽ ജോലി ആവശ്യാർത്ഥം വിസിറ്റിന് പോയതാണ്. 16–ാം തീയതി ആകുമ്പോഴേക്കും ചെറിയൊരു പനിയുണ്ടായിരുന്നു. മരുന്ന് കഴിച്ച് അതു മാറുകയും ചെയ്തു. ഇക്കഴിഞ്ഞ 19–ാം തീയതി കരിപ്പൂരിൽ വിമാനമിറങ്ങി. മാധ്യമങ്ങളിലൂടെയും അല്ലാതെയും സാഹചര്യം മനസിലാക്കിയ ഞാൻ ഉമ്മയേയും മക്കളേയും വീട്ടിൽ നിന്ന് മാറ്റി. ഭാര്യ പ്രസവം കഴിഞ്ഞ് അവളുടെ വീട്ടിലാണ്. അതു കൊണ്ട് തന്നെ അക്കാര്യത്തിൽ പ്രത്യേകിച്ച് മുൻകരുതലുകൾ എടുക്കേണ്ടി വന്നില്ല. എന്റെ കുഞ്ഞിനെ പോലും കാണാതെ മനസില്ലാ മനസോടെ ആളൊഴിഞ്ഞ വീട്ടിലേക്ക്.

എയർപോർട്ടിലെ ചെക്കിങ്ങിൽ നേരത്തെ തന്നെ വിശദമായ വിവരങ്ങൾ നൽകിയിരുന്നു. വീട്ടിലെത്തിയ ശേഷം ആരോഗ്യ പ്രവർത്തകരെ വിളിച്ച് കാര്യം പറഞ്ഞു. അതിനു ശേഷം തിരൂരങ്ങാടിയിലേക്ക് രക്ത പരിശോധനയ്ക്കായി പോയി. അതും മാസ്ക് ഉൾപ്പെടെയുള്ള സുരക്ഷാ മുൻകരുതലുകൾ ധരിച്ച് ഒറ്റയ്ക്ക് കാറോടിച്ച്. ഇതിനെല്ലാം ശേഷമാണ് മഞ്ചേരി മെഡിക്കൽ കോളജിൽ നിന്നും എനിക്ക് വിളി വരുന്നത്. അവർ പറഞ്ഞതനുസരിച്ച് തയ്യാറായി നിന്നു. ശേഷം ആംബുലൻസിൽ സുരക്ഷാ ക്രമീകരണങ്ങളോടെ മെഡിക്കൽ കോളജിലേക്ക്. ഇപ്പോള്‍ ഐസോലേഷനിലാണ്–അദ്ദേഹം പറയുന്നു.

മറ്റ് ആരോഗ്യ പ്രശ്നങ്ങളോ പേടിക്കേണ്ട സാഹചര്യങ്ങളോ ഇല്ലെങ്കിലും എല്ലാ മാർഗനിർദ്ദേശങ്ങളും പാലിച്ച് ഞാൻ ഇവിടെയുണ്ട്. എല്ലാ സൗകര്യങ്ങളും തന്ന് ആശുപത്രി അധികൃതർ എന്നെ പോലുള്ളവരെ നല്ല രീതിയിൽ പരിപാലിക്കുന്നുണ്ട്. എനിക്ക് പ്രതീക്ഷയുണ്ട്, നമ്മളെ പോലുള്ളവർ മനസു വച്ചാൽ ഈ പരീക്ഷണവും നമ്മൾ അതിജീവിക്കും. എല്ലാം കഴിഞ്ഞിറങ്ങുമ്പോൾ അബുദാബിയിലെ ജോലി എനിക്കായി വെയ്റ്റിങ്ങാണ്. ബാക്കിയെല്ലാം വരും പോലെ.– അദ്ദേഹം പറഞ്ഞു നിർത്തി.

കൂരിയാട് സ്വദേശിയെക്കുറിച്ച് ഫെയ്സ്ബുക്കിൽ പങ്കുവയ്ക്കപ്പെട്ട കുറിപ്പ് ഇങ്ങനെ;

അതെ കോവിഡ് 19 മലപ്പുറം ജില്ലയിൽ ഇന്ന് സ്ഥിരീകരിച്ചത് കൂരിയാട്ടുകാരൻ തന്നെ ഞങ്ങടെ നാട്ടുകാരൻ. എന്നാൽ അവനെ അബുദാബിയിൽ നിന്നും വന്നതിന് ശേഷം ആരും കണ്ടിട്ടില്ല നാട്ടുകാർ മാത്രമല്ല വീട്ടുകാരെയും കാണാൻ അവൻ കൂട്ടാക്കിയിട്ടില്ല നാട്ടിൽ ഇറങ്ങിയ ഉടനെ ചെറിയ പനിയുടെ സാധ്യത കണ്ടപ്പോൾ വീട്ടിൽ വിളിച്ചു എല്ലാവരെയും പറഞ്ഞയച്ചു പിന്നീട് വീട്ടിൽ ഐസുലേഷനിൽ ആയിരുന്നു ആരുമായും ബന്ധപ്പെടാൻ ശ്രമിച്ചിട്ടില്ല ഹോസ്പിറ്റലിൽ പോയതും തനിച്ച് ഡ്രൈവ് ചെയ്ത്. ടെസ്റ്റുകൾ നടത്തി റിസൾട്ട്‌ വന്ന് പോസിറ്റീവ്.. ഉടൻ അവൻ തന്നെ നാട്ടുകാർക്ക് ഗ്രൂപ്പിൽ വോയിസും അയച്ചു ആരും പേടിക്കേണ്ട ട്ടാ ആർക്കും ഉണ്ടാവൂല ആരുമായും ഒരു നിലയിലും ബന്ധപ്പെട്ടിട്ടില്ല...
എല്ലാവരും പ്രാർത്ഥിച്ചാൽ മാത്രം മതി...!
എന്തൊരു മനുഷ്യനാടോ നീ ?
നീയൊക്കെ ഉള്ളപ്പോൾ എങ്ങനെയാ കേരളം തോറ്റു പോവാ....
തോൽപിച്ചു കളഞ്ഞല്ലോടാ ?