Monday 29 November 2021 11:32 AM IST : By സ്വന്തം ലേഖകൻ

കഴുത്തിലും കയ്യിലും ചൊറിച്ചിൽ, അലർജിക്ക് രണ്ടു ഡോസ് കുത്തിവയ്പ് നൽകി: അബോധാവസ്ഥയിലായ യുവതി മരണപ്പെട്ടു, അന്വേഷണം

hasna-allergiccc

അലർജിക്ക് കുത്തിവയ്പ് എടുത്തതിനെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. തിരൂർ ഡിവൈഎസ്പി വി.വി.ബെന്നിയുടെ നേതൃത്വത്തിലാണ് അന്വേഷണം. മലപ്പുറം കുറ്റിപ്പുറം ഗവ. താലൂക്ക് ആശുപത്രിയിലെത്തിയ അന്വേഷണ സംഘം യുവതിയെ പരിശോധിച്ച ഡോക്ടറെ ചോദ്യം ചെയ്തു. ചികിത്സയുമായി ബന്ധപ്പെട്ട രേഖകൾ കസ്റ്റഡിയിലെടുത്തു. കുറ്റിപ്പുറം സ്വദേശി തോണിക്കടവത്ത് മുഹമ്മദ് സബാഹിന്റെ ഭാര്യ വടക്കനായി പടിഞ്ഞാറത്ത് ഹസ്ന (27) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ‍

കഴുത്തിലും കയ്യിലും ചൊറിച്ചിൽ അനുഭവപ്പെട്ടതിനെത്തുടർന്ന് 25ന് വൈകിട്ട് നാലോടെയാണ് ഹസ്നയെ കുറ്റിപ്പുറം ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽനിന്ന് അലർജിക്കുള്ള 2 ഡോസ് കുത്തിവയ്പ് നൽകി. കുത്തിവയ്പെടുത്ത് 10 മിനിറ്റിനുള്ളിൽ അബോധാവസ്ഥയിലായ ഹസ്നയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 27ന് മരിച്ചു. 

മൂന്നു മാസം മുൻപ് കോവിഡ് ബാധിച്ച ഹസ്ന 24ന് ആണ് ആദ്യ ഡോസ് വാക്സീൻ എടുത്തത്. വാക്സിനേഷനുമായി ബന്ധപ്പെട്ട രേഖകളും പൊലീസ് പരിശോധിച്ചു. പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറുടെ മൊഴിയും രേഖപ്പെടുത്തി. രാസപരിശോധനാ റിപ്പോർട്ടടക്കം ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകൂ. സംഭവത്തിൽ കുറ്റിപ്പുറം ആശുപത്രിയിലെ ജീവനക്കാർക്ക് വീഴ്ച സംഭവിച്ചതായി ചൂണ്ടിക്കാട്ടി ഹസ്നയുടെ കുടുംബം മുഖ്യമന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകിയിരുന്നു.

Tags:
  • Spotlight