Wednesday 27 October 2021 12:02 PM IST : By സ്വന്തം ലേഖകൻ

പ്രതി ജൂഡോ ചാമ്പ്യൻ, ആ മുറിവുകൾ പെൺകുട്ടിയുടെ ചെറുത്തു നിൽപ്പിനിടെ സംഭവിച്ചത്: തെളിവായി സിസിടിവി ദൃശ്യങ്ങളും

kondotty-1

കൊണ്ടോട്ടിയിൽ ആളൊഴിഞ്ഞ വയൽപ്രദേശത്തെ റോഡിലൂടെ നടന്നുപോയ വിദ്യാർഥിനിയെ പതിനഞ്ചുകാരൻ ആക്രമിച്ച തെളിവായത് സിസിടിവി ദൃശ്യങ്ങളും പ്രതിക്കേറ്റ മുറിവുകളും. പ്രതിയെ കണ്ടെത്താൻ പൊലീസ് നടത്തിയതും വിശ്രമമില്ലാത്ത അന്വേഷണം. സംഭവമറിഞ്ഞയുടൻ പൊലീസ് പരമാവധി വിവരങ്ങളും തെളിവുകളും ശേഖരിച്ചിരുന്നു. ആക്രമിച്ച ആളെക്കുറിച്ചു പെൺകുട്ടി നൽകിയ മൊഴിയാണു പ്രധാന തെളിവായത്. ഈ സൂചനകൾ വച്ചായിരുന്നു അന്വേഷണം. സമീപപ്രദേശത്തെ എല്ലാ സിസിടിവി ക്യാമറകളും പരിശോധിച്ചു. ദൃശ്യങ്ങളിൽ കണ്ട പലരെയും ചോദ്യം ചെയ്തു.

സ്ഥലത്തെത്തിയ ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസ് ജില്ലാ ആന്റി നർകോട്ടിക് സ്പെഷൽ ആക്‌ഷൻ ഫോഴ്സിനെ ഉൾപ്പെടുത്തി ഡിവൈഎസ്പി കെ.അഷ്റഫിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. സിഐ എം.സി.പ്രമോദ്, എസ്ഐമാരായ ദിനേശ്, എം.കെ.രാധാകൃഷ്ണൻ, പി.കെ.അഹമ്മദ്കുട്ടി, സ്പെഷൽ സ്ക്വാഡിലെ അസീസ് കാര്യോട്ട്, ശശി കുണ്ടറക്കാട്, സത്യനാഥൻ മനാട്ട്, എം.സഞ്ജീവൻ, ഉണ്ണിക്കൃഷ്ണൻ മാരാത്ത്, പൊലീസ് ഉദ്യോഗസ്ഥരായ ഒ.രതീഷ്, സാരിഷ്, തുളസി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

സൈബർ സെല്ലിന്റെ സഹായത്തോടെയുള്ള അന്വേഷണവും നടന്നിരുന്നു. ഫൊറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. കായികതാരം കൂടിയായ പ്രതിക്കും ബലപ്രയോഗത്തിനിടെ പരുക്കേറ്റിരുന്നു. ഈ പരുക്കുകൾ നായ ആക്രമിച്ചപ്പോൾ സംഭവിച്ചതാണെന്നാണു ചോദിച്ചവരോടു പറഞ്ഞിരുന്നത്. എന്നാൽ, അവ പെൺകുട്ടിയുടെ ചെറുത്തുനിൽപ്പിനിടെ സംഭവിച്ചതാണെന്നു പൊലീസ് കണ്ടെത്തി. ഈ മുറിവുകളും വിദ്യാർഥിനി നൽകിയ മൊഴിയും സിസിടിവി ദൃശ്യങ്ങളിൽ ലഭിച്ച തുമ്പും വിദ്യാർഥിയിലേക്കു കേന്ദ്രീകരിക്കുകയായിരുന്നു. പൊലീസ് ഏറെനേരം വീട്ടുകാരുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു.