Monday 20 July 2020 12:42 PM IST : By സ്വന്തം ലേഖകൻ

നാടു മുഴുവൻ ഓൺലൈൻ ക്ലാസുകളുടെ തിളക്കത്തിൽ; മെഴുകുതിരി വെട്ടത്തിൽ പാടുപെട്ട് പഠിച്ച് ഈ കുട്ടികൾ!

malappuram-melmuri-family-electricity-connection-issue

വെളിച്ചത്തിന്റെ കാലത്ത് ഇരുട്ടിലായി ഒരു കുടുംബം. മലപ്പുറം മേൽമുറി ചുങ്കം ഇടയാൽ വീട്ടിൽ റാബിയയും മക്കളുമാണ് വൈദ്യുതിയില്ലാത്തതിനാൽ ഒരു വർഷമായി ഇരുട്ടിൽ കഴിയുന്നത്. നഗരസഭയുടെ സഹായധനം കൊണ്ട് നിർമിച്ച വീട്ടിൽ വയറിങും സ്വിച്ചും ഉപകരണങ്ങളും എല്ലാമുണ്ട്. വൈദ്യുതി മാത്രമില്ല. കെഎസ്ഇബിയിൽ ചോദിക്കുമ്പോൾ 19 വൈദ്യുതിക്കാലുകളുടെയും ഒന്നിന് 13,000 രൂപ വച്ച് 2.47 ലക്ഷം രൂപയുടെയും കണക്കാണു പറയുന്നതെന്ന് കുടുംബം പറയുന്നു. നിർധനരായ ഇവർക്ക് അത് അടയ്ക്കാനുള്ള വഴിയില്ല.

7 വർഷം മുൻപ് ഭർത്താവ് മരിച്ചു. മൂത്ത മകൻ അൻവറിന്റെ വരുമാനം കൊണ്ടാണ് കുടുംബം കഴിയുന്നത്. വാഹനങ്ങൾ കഴുകുന്ന ജോലിയായിരുന്നു അൻവറിന്. കോവിഡ് വന്നതോടെ ജോലി പോയി. അൻവറിനു താഴെ പത്താം ക്ലാസ് വിദ്യാർഥിയായ സഹലയും ആറാം ക്ലാസിൽ പഠിക്കുന്ന സഹലും വീട്ടിലുണ്ട്. നാടുമുഴുവൻ ഓൺലൈൻ ക്ലാസുകൾ നടക്കുമ്പോൾ മെഴുകുതിരി വെട്ടത്തിൽ അക്ഷരങ്ങൾ വായിച്ചെടുക്കാൻ പാടുപെടുകയാണ് ഈ കുട്ടികൾ.

സമീപത്തെ നാലോളം വീടുകളിലും വൈദ്യുതി എത്തിയിട്ടില്ല. പക്ഷേ, ഇവിടങ്ങളിൽ സോളർ സംവിധാനമുണ്ട്. നല്ലൊരു തുക അതിനും ചെലവാകുമെന്നതിനാൽ ആ വഴിയും ഇവർക്കു മുൻപിൽ അടഞ്ഞുകിടക്കുന്നു. അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂല മറുപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.

Tags:
  • Spotlight