എല്ലാം തുറന്നു പറയാന്‍ പലരും മടിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇഷ്ടവും സ്വപ്നവും െപട്ടിക്കുള്ളില്‍ പൂട്ടി വച്ച് മുതിര്‍ന്നവര്‍ക്കു വേണ്ടി വിവാഹത്തിനു സമ്മതം മൂളിയിരുന്ന കാലം. പുത്തന്‍ തലമുറ സിംപിളായി പറയുന്നു.‘െതറ്റായ ഒരു തീരുമാനം മതി, ജീവിതം േകാണ്‍ട്രയാകാന്‍. കല്യാണം തീരുമാനിക്കുമ്പോള്‍ ഞങ്ങളുെട ഇഷ്ടം തന്നെ പ്രധാനം.’ കേരളത്തിലെ യൂത്തിന്റെ വിവാഹ സങ്കൽപങ്ങളിലുമുണ്ട് അടിമുടി മാറ്റം. വിവാഹത്തിൽ രണ്ടു വ്യക്തികൾ തമ്മിലുള്ള പൊരുത്തത്തിനാണ് യുവസമൂഹം പ്രധാന്യം നൽകുന്നത്. ജാതിയും മതവുമൊന്നും പ്രധാനമല്ലെന്ന അഭിപ്രായം പങ്കുവച്ചവർ 50 ശതമാനം. ജാതക പൊരുത്തത്തിൽ വിശ്വാസമില്ലെന്ന് പറഞ്ഞവർ 59 ശതമാനം.
വധുവിന് വരനേക്കാൾ പ്രായം കൂടിയാലും ഒരു തെറ്റുമില്ല എന്ന് ഉറപ്പിച്ച് പറഞ്ഞവർ 16 ശതമാനം. പ്രായവ്യത്യാസത്തിലൊക്കെ എന്തു കാര്യം മനഃപൊരുത്തമല്ലേ എന്ന് ചോദിച്ചവർ 49.7 ശതമാനം. പ്രായപൂർത്തി ആയ എല്ലാവരും വിവാഹം കഴിച്ചേ മതിയാകൂ എന്ന നിർബന്ധവും പലർക്കുമില്ല. അവിവാഹിതരായി ജീവിതം തുടരാൻ ആഗ്രഹിക്കുന്നവർ 36.7 ശതമാനം. രണ്ടുപേർ ഒരുമിച്ച് ജീവിക്കാൻ എന്തിന് വിവാഹം എന്ന ഏർപ്പാട്, ലിവിങ് ടുഗെദർ പോരെ എന്ന ചോദ്യവുമായി 14.9 ശതമാനം. വനിത സർവേയില്‍ തെളിഞ്ഞ പുത്തന്‍ കാലത്തിന്‍റെ പുത്തന്‍ സങ്കൽപങ്ങൾ.
വിവാഹത്തിന് പ്രായമൊരു വിഷയമാണോ?
‘പ്രായം പതിനെട്ടായി. കല്യാണം കഴിച്ച് മറ്റൊരു വീട്ടിലേക്ക് ചെന്നു കേറേണ്ട പെണ്ണാണ്. അതുകൊണ്ട് ഇനി നിന്റെ കുട്ടിക്കളിയും ഊരുചുറ്റലും മാറ്റി വച്ചേക്ക്.’ ഈ ഡയലോഗ് കേൾക്കാത്തൊരു ജീവിതം ഒരു പതിനെട്ടുകാരിക്കും ഉണ്ടാകില്ല. എന്നാൽ, പയ്യൻമാർ കേൾക്കുന്നത് മറ്റൊന്ന്. ‘വയസ്സ് 21 ആയില്ലേ? ഇനി എങ്കിലും കുറച്ച് പക്വതയും ഉത്തരവാദിത്തവും കാണിക്ക്.’
നിയമപ്രകാരം പെണ്ണിന്റെ വിവാഹപ്രായം പതിനെട്ടും ആ ണിന്റേത് ഇരുപത്തിയൊന്നുമാണ്. പക്ഷേ, ഈ വയസ്സെത്തുമ്പോഴെ കല്യാണത്തിന്റെ പേരിലുള്ള ചട്ടം പഠിപ്പിക്കൽ ക്രൂരതയാണെന്നാണ് യുവാക്കളുടെ പക്ഷം.
‘ഉത്തരവാദിത്തവും കല്യാണവും തമ്മിൽ എന്തു ബന്ധം. എനിക്ക് കല്യാണം കഴിക്കാൻ തോന്നുമ്പോൾ ഞാൻ പറയും. അതിനു മുൻപേ നാട്ടുകാരും വീട്ടുകാരും ഇത്രയധികം വേവലാതിപ്പെടുന്നത് എന്തിന്?’ മാധ്യമപ്രവർത്തകയായ രേഷ്മ കല്യാണത്തെ വെയ്റ്റിങ് ലിസ്റ്റിലേക്ക് മാറ്റുമ്പോൾ കോളജ് അധ്യാപകനായ ഇൻസാഫിന്റെ പക്ഷം ഡിഫറന്റാണ്.
‘എന്നായാലും കല്യാണം കഴിക്കേണ്ടതല്ലേ. പത്തു മുപ്പത്തഞ്ചു വയസ്സു വരെ വരെ കാത്തിരുന്നിട്ട് ഒടുക്കം മക്കൾ വളർന്ന് വരുമ്പോഴേക്കും ആയുസ്സ് തീർന്ന് ഭിത്തിയിൽ കേറും.’
25 നും 30നുമിടയില്‍ വിവാഹം കഴിക്കണം എന്നാണ് മല യാളി യുവാക്കളിൽ 76.3 ശതമാനവും കരുതുന്നത്. 30നും 35നും ഇടയ്ക്ക് വിവാഹിതരാകാൻ താൽപര്യപ്പെടുന്നവർ 10.8 ശതമാനം. 25 നു മുൻപു തന്നെ ദാമ്പത്യത്തിന്റെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാൻ റെഡിയെന്ന് പറഞ്ഞവർ 12.9 ശതമാനം
ഭാര്യയെ ചേച്ചിയെന്ന് വിളിക്കാനോ?
പന്തളം സ്വദേശി അഖിലിന്റെ ജീവിതത്തിൽ പ്രായം വില്ലനായ കഥ അൽപം രസകരമാണ്. ‘വീട്ടുകാരുടെ നിർബന്ധം സ ഹിക്കാൻ വയ്യാതെയാണ് ഞാൻ കല്യാണത്തിന് സമ്മതിച്ചത്. നാട്ടിലുള്ള ബ്രോക്കറുടെ കൂടെ പെണ്ണു കാണാൻ പോയി. പെൺകുട്ടിയെ കണ്ടു. ഞങ്ങൾ രണ്ടുപേരും ജോലി ചെയ്യുന്നത് ഐടി ഫീൽഡിൽ. നല്ല കുടുംബം, കാണാനും സുന്ദരി. പ രസ്പരം സംസാരിച്ചപ്പോൾ രണ്ടുപേർക്കും ഇഷ്ടവുമായി, അ വര്‍ സമ്മതവും അറിയിച്ചു.
എന്റെ വീട്ടുകാർക്ക് ഒരു മുറുമുറുപ്പ്. പെൺകുട്ടി എന്നെക്കാൾ ഒരു വയസ്സിനു മൂത്തതാണ് എന്നതായിരുന്നു കാരണം. കാരണവന്മാര്‍ കട്ടായം പറഞ്ഞു, ഈ വിവാഹം േവണ്ട എന്ന്. വിവാഹം കഴിക്കുന്ന പെണ്ണിന് ആണിനെക്കാൾ അല്‍പം പ്രായം കൂടിയെന്നു വച്ച് എന്താണു കുഴപ്പം?’’
അഖിലിന്റെ മാത്രം പ്രശ്നമല്ലിത്. കാലങ്ങളായി മലയാളികളുടെ വിശ്വാസമിങ്ങനെയാണ്. ഈ രീതി പൂർണമായും മാറണമെന്ന അഭിപ്രായമാണ് കോട്ടയത്ത് ജേണലിസം വിദ്യാർഥിയായ ഡയാനയ്ക്കും ഉള്ളത്. ‘ഭർത്താവെന്നാൽ ഭരിക്കേണ്ടവനും ഭാര്യയെന്നാൽ ഭരിക്കപ്പെടേണ്ടവളുമാണെന്ന ചിന്താഗതിയിൽനിന്നാണ് ഇത്തരം അബദ്ധധാരണകൾ ഉണ്ടാകുന്നത്. ഭാര്യയ്ക്കു തന്നെക്കാൾ പ്രായമുള്ളത് എന്തോ ഗുരുതര പ്രശ്നമായാണ് ആണുങ്ങളിൽ ഒരു വിഭാഗം കാണുന്നത്.’
എന്നാൽ തൃപ്പൂണിത്തുറ സ്വദേശി ആഷിഖിന്റെ അഭിപ്രായം ഇങ്ങനെ. ‘ആണുങ്ങളെ മാത്രം കുറ്റം പറയുന്നത് ശരിയല്ല. നമ്മുടെയൊക്കെ കുടുംബങ്ങളിൽ ആരെ കല്യാണം കഴിക്കണം, എങ്ങനെ കല്യാണം കഴിക്കണം, എപ്പോൾ കല്യാണം കഴിക്കണം, ഇതെല്ലാം തീരുമാനിക്കുന്നത് അച്ഛനും അമ്മയും അല്ലേ? നമ്മുടെ അഭിപ്രായത്തിന് എന്തു വില?’
സ്വന്തം പ്രായത്തെക്കാൾ പങ്കാളിയുമായുള്ള പ്രായവ്യത്യാസത്തിന് പ്രാധാന്യം കൊടുത്തിരുന്ന രീതിയിൽനിന്ന് മാറി ചിന്തിക്കുന്നു ഭൂരിപക്ഷവും. 49.7 ശതമാനം പ്രായവ്യത്യാസത്തേക്കാൾ പ്രധാനം മനഃപൊരുത്തമെന്ന് പറഞ്ഞപ്പോൾ അതിലൊരു തെറ്റുമില്ലെന്ന് ഉറപ്പിച്ചു പറഞ്ഞവർ 16 ശതമാനം. പരമ്പരാഗത രീതി പിൻതുടർന്ന് വധുവിന് വരനേക്കാൾ പ്രായം കൂടുന്നതിനോട് യോജിപ്പില്ലെന്ന് പറഞ്ഞവർ 34.3 ശതമാനം മാത്രം.
അപരിചിതര്‍ വേണ്ടേ, വേണ്ട
‘ഒരു കപ്പ് ചായയും രണ്ടു ലഡ്ഡുവും അകത്താക്കാൻ അഞ്ചു മിനിറ്റ് മതി. ജീവിതകാലം മുഴുവൻ ഒരുമിച്ച് ജീവിക്കേണ്ട ആ ളെ കണ്ടെത്താൻ അത്രയും സമയംകൊണ്ട് പറ്റുമോ? എന്താണ് ചേട്ടന്റെ അഭിപ്രായം?’
പെണ്ണു കാണാൻ വന്ന ചെറുക്കനോട് ശ്രീലക്ഷ്മി ചോദിച്ചതിങ്ങനെ? തൊട്ടുമുൻപേ കഴിച്ച ലഡ്ഡുവും മിക്സ്ചറുമെല്ലാം തൽക്ഷണം ദഹിച്ച അവസ്ഥയിലാണ് പാവം പയ്യൻ പ ടിയിറങ്ങിയത്. ശ്രീലക്ഷ്മിയുടെ ചോദ്യം വളരെ സീരിയസ് ആ യിരുന്നു. കേരളത്തിലെ യുവാക്കളിൽ ഭൂരിഭാഗത്തിന്റെയും അ ഭിപ്രായം ഇതാണ്. ഒരൊറ്റ പെണ്ണുകാണൽ കൊണ്ടൊന്നും വിവാഹം കഴിക്കാൻ പോകുന്ന ആളെ മനസ്സിലാക്കാൻ പറ്റില്ല.
പെണ്ണുകാണലിനെയും അറേജ്ഡ് മാര്യേജിനെയും അ നുകൂലിക്കുന്നവർക്കും പറയാൻ കാരണങ്ങളുണ്ട്. ‘പ്രണയിക്കുന്ന സമയത്ത് നമ്മുടെ നല്ല സ്വഭാവങ്ങൾ മാത്രമെ പങ്കാളിക്കു മുന്നിൽ പ്രകടിപ്പിക്കൂ. അവരെ ഇംപ്രസ് ചെയ്യാനുള്ള ഒ രു അവസരവും കളയില്ല. കുറവുകളെല്ലാം മറച്ചുവച്ച് നല്ലപിള്ള ചമഞ്ഞാലും വിവാഹത്തിനു ശേഷം ഒളിച്ചുകളി നടക്കില്ല. അപ്പോൾ യഥാർഥ സ്വഭാവമേ പുറത്തു വരൂ. ഇതിലേതാണ് ഒറിജിനലെന്ന് സംശയം തോന്നും. പക്ഷേ, അറേജ്ഡ് മാര്യേജ് ആണെങ്കിൽ വിവാഹത്തിനു ശേഷമാണ് പരസ്പരം മനസ്സിലാക്കാൻ തുടങ്ങുന്നത്. അതുകൊണ്ട് രണ്ടു പേർക്കും പ രസ്പരം പൊരുത്തപ്പെട്ടു ജീവിക്കാൻ എളുപ്പമാണ്.’
കുറച്ചു കാലം പ്രണയിച്ച ശേഷമേ വിവാഹം കഴിക്കൂ എ ന്നാണ് സർവേയിൽ പ്രതികരിച്ച 39.1 ശതമാനമാളുകളും അഭിപ്രായപ്പെട്ടത്. വിവാഹം കഴിക്കാൻ പോകുന്ന ആളുമായി ആ റു മാസത്തെ സൗഹൃദമെങ്കിലും വേണമെന്ന് 47.9 ശതമാനം പേർ വിശ്വസിക്കുമ്പോൾ 13 ശതമാനം പേർക്ക് വീട്ടുകാരുടെ സാന്നിധ്യത്തിലുള്ള പെണ്ണുകാണൽ മാത്രം മതി.
എന്നാൽ വിവാഹിതരാകാതെ സ്ത്രീയും പുരുഷനും ഒരുമിച്ച് താമസിക്കുന്ന ലിവിങ് ടുഗെദർ ലൈഫിനോട് പൂർണമായും വിയോജിപ്പുള്ളവരാണ് 61.3 ശതമാനം ആളുകളും. കുറച്ച് കാലം ഒരുമിച്ച് ജീവിച്ചതിനു ശേഷം വിവാഹിതരാകുന്നതാണ് നല്ലതെന്ന് വിശ്വസിക്കുന്നവർ 23.8 ശതമാനം. 14.9 ശതമാനം കാലഘട്ടത്തിനനുസൃതമായ മാറ്റമായി ലിവിങ് ടുഗെദറിനെ കാണുന്നു.
ലിവിങ് ടുഗെദറിനോട് ഭൂരിപക്ഷം മലയാളികളും എന്തുകൊണ്ട് മുഖം തിരിക്കുന്നുവെന്ന് ചോദിച്ചാൽ അങ്കമാലിക്കാരൻ നോയൽ പറയുന്ന മറുപടി ഇങ്ങനെ. ‘വിവാഹമെന്നാൽ ഒരു ഉടമ്പടിയാണ്, പരസ്പരം മാത്രമല്ല, കുടുംബത്തോടും സമൂഹത്തോടുമുള്ള ഉടമ്പടി. ലിവിങ് ടുഗെദർ അങ്ങനെയല്ല. കുറെക്കാലം ഒരുമിച്ച് ജീവിച്ചിട്ട് മടുക്കുമ്പോൾ രണ്ടു വഴിക്കു പിരിയുന്നത് അംഗീകരിക്കാൻ കഴിയില്ല. ഒരാൾക്കു പിരിയാൻ തോന്നുമ്പോൾ മറ്റേ ആൾക്ക് അതിനു സമ്മതമല്ലെങ്കിലോ? വിവാഹം നൽകുന്ന സുരക്ഷിതത്വം ലിവിങ് ടുഗെദറിൽ ഒരിക്കലും കിട്ടില്ല.’
നോയലിന്റെ മറുപടിയോട് പൂർണമായും യോജിക്കാൻ കഴിയില്ലെന്നാണ് സുഹൃത്ത് കാർത്തികയുടെ പക്ഷം. ‘വിവാഹമായാലും ലിവിങ് ടുഗെദർ ആയാലും രണ്ടു വ്യക്തികൾ ത മ്മിലുള്ള ബന്ധമാണ്. അതില്‍ നാട്ടുകാർക്കും വീട്ടുകാർക്കുമെല്ലാം എന്ത് റോൾ? സമൂഹത്തെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണോ നമ്മൾ ജീവിക്കേണ്ടത്?’
പ്രണയം പറയാൻ ധൈര്യമുണ്ടോ?
ഏത് സാഹചര്യത്തിലും പ്രണബന്ധം വീട്ടിൽ തുറന്നു പറയാൻ ധൈര്യമുണ്ടെന്ന് സർവേയിൽ പ്രതികരിച്ചവർ 67.3 ശതമാനമാണ്. അനുകൂലഘടകങ്ങൾ ഉണ്ടെങ്കിൽ മാത്രമേ പറയൂ എന്ന് 26.8 ശതമാനമാളുകൾ പറയുമ്പോൾ 5.9 ശതമാനം പേർക്ക് പ്രണയബന്ധം വീട്ടിൽ വെളിപ്പെടുത്താൻ ഭയമാണ്. എന്നാൽ വീട്ടുകാർ ‘നോ’ പറഞ്ഞാലുടൻ പ്രണയം ഉപേക്ഷിക്കാൻ തയാറാകില്ലെന്ന് ഭൂരിപക്ഷത്തിന്റെയും അഭിപ്രായം.
തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളജിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ഡോ. എ. ബഷീർകുട്ടി തന്റെ ഒരു അനുഭവം പങ്കു വച്ചു. ‘പത്തൊൻപതുകാരിയായ മകളെ പ്രണയബന്ധത്തിൽനിന്ന് പിന്തിരിപ്പിക്കാൻ വേണ്ടി അച്ഛനുമമ്മയും എന്റെയടുത്ത് കൊണ്ടുവന്നു.
ഞാൻ ആ കുട്ടിയോട് വിശദമായി സംസാരിച്ചു. കോളജിൽവച്ച് കണ്ട് പരിചയപ്പെട്ട പയ്യനോട് അവൾക്കു പ്രണയമാണ്. പയ്യന് 20 വയസ്സേ ആയിട്ടുള്ളൂ. വിവാഹപ്രായമായതിനു ശേഷം വിവാഹത്തെക്കുറിച്ച് ആലോചിക്കാമെന്ന് മാതാപിതാക്കൾ പറഞ്ഞെങ്കിലും അവൾക്ക് വിശ്വാസമായില്ല.
അയാൾ ഇല്ലാതെ അവൾക്കു ജീവിക്കാൻ പറ്റില്ലെന്നും അ യാൾക്ക് 21 വയസ്സ് തികഞ്ഞാലുടൻ കല്യാണം നടത്തുന്നതിനു സമ്മതമാണെന്ന് വീട്ടുകാർ എഗ്രിമെന്റ് ഒപ്പിട്ടു നൽകണമെന്നാണ് പെൺകുട്ടിയുടെ ആവശ്യം. എന്നാൽ ആ പയ്യനെ വിളിച്ച് സംസാരിച്ചപ്പോൾ അയാൾ പറഞ്ഞത് വീട്ടുകാരെ എതിർത്തുകൊണ്ട് അവളെ വിവാഹം കഴിക്കാൻ തനിക്കു താൽപര്യം ഇല്ലെന്നാണ്.’
പ്രണയബന്ധം വീട്ടുകാർ നിരസിച്ചാൽ എന്ത് ചെയ്യുമെന്ന ചോദ്യത്തോട് 13 ശതമാനം യുവാക്കൾ പ്രതികരിച്ചത് ആരെതിർത്താലും ഇഷ്ടപ്പെട്ട ആളെ വിവാഹം കഴിക്കുമെന്ന മറുപടി കൊണ്ടാണ്. എന്നാൽ വീട്ടുകാർ സമ്മതിക്കുന്നില്ലെങ്കിൽ പ്രണയം ഉപേക്ഷിക്കുമെന്ന് പറഞ്ഞവർ 10.1 ശതമാനം. പക്ഷേ, പ്രണയത്തിൽ ഉറച്ചു നിന്നു കൊണ്ട് വീട്ടുകാരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുമെന്ന് പറഞ്ഞവരാണ് ഭൂരിപക്ഷവും. 76.9 ശതമാനം പേരും ഇത്തരം നയപരമായ സമീപനം സ്വീകരിക്കുന്നവരാണ്.
പങ്കാളിയുടെ പൂർവകാലപ്രണയത്തെ എങ്ങനെ സമീപിക്കുമെന്ന് ചോദിച്ചപ്പോൾ ആ വിഷയത്തെക്കുറിച്ച് അറിയാൻ താൽപര്യമില്ലെന്ന് 79.2 ശതമാനം പേരും പറയുന്നു. 20.8 ശതമാനമാളുകൾ ഉടനടി പ്രതികരിക്കില്ലെന്നും വിശദമായി അന്വേഷിച്ചറിയുമെന്നുമുള്ള അഭിപ്രായമാണുള്ളത്.
പണവും പ്രതാപവും നമുക്കെന്തിനാ?
പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ ഏറ്റവും പ്രാധാന്യം കൊടുക്കുന്നത് മാനസിക ഐക്യത്തിനാണെന്ന് സർവേയിൽ പ ങ്കെടുത്ത ഭൂരിപക്ഷമാളുകളും പറയുന്നു. 88 ശതമാനം ആളുകൾ ഈ ഉത്തരം തിരഞ്ഞെടുത്തപ്പോൾ ജോലിക്കും കരിയറിനും പ്രാധാന്യം കൊടുക്കുന്നർ 8 ശതമാനം. ജാതകപൊരുത്തത്തിൽ വിശ്വസിക്കാത്തവർ 59 ശതമാനം. 38 ശതമാനം പേർക്ക് പൊരുത്തം ഉണ്ടെങ്കിൽ സന്തോഷം, നിർബന്ധമില്ല എന്ന നിലപാടാണ്. പക്ഷേ, മൂന്നു ശതമാനം പേർ ജാതകപൊരുത്തത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ല.
യുവതലമുറയുടെ ജാതി മത ചിന്തകളിലും കാര്യമായ മാറ്റം സംഭവിച്ചിട്ടുണ്ട്. ജാതിയും മതത്തിനേക്കാളും പരസ്പര ധാരണ ആണ് വലുതെന്ന് കരുതുന്നവർ 50 ശതമാനം.
ജാതിയും മതവും നോക്കി കല്യാണം കഴിക്കുന്ന പരിപാടി അംഗീകരിക്കാനാകില്ലെന്ന് പറയുന്ന ചിന്താഗതിക്കാർ 10.1 ശതമാനം. പങ്കാളിയെ തിരഞ്ഞെടുക്കാൻ ജാതിയും മതവും പ്രധാന ഘടകമാണെന്ന് വിശ്വസിക്കുന്നവർ 39.9 ശതമാനം.
ലുക്ക് മാത്രം പോരാന്ന് പറഞ്ഞേക്ക്
‘ആ പയ്യന് എന്താ ഒരു കുറവ്? നിവിൻ പോളീടെ താടി, ദുൽഖർ സൽമാന്റെ ലുക്ക്, ടൊവീനോടെ ബോഡി ഇതിൽ കൂടുതൽ എന്ത് വേണം?’
‘വരുന്നത് സാക്ഷാൽ രൺവീർ സിങ്ങോ , രൺബീർ കപൂറോ ആണെങ്കിലും സർക്കാർ ജോലി ഉണ്ടെങ്കിലേ എന്റെ മോ ളെ കെട്ടിച്ചു കൊടുക്കൂ.’ ഇങ്ങനെ പറയുന്നവരുമുണ്ട്. കാരണം കല്യാണക്കമ്പോളത്തില്‍ കാര്യങ്ങൾ തീരുമാനിക്കുന്നത് കളറും ഫിഗറും മാത്രമല്ല, ജോലിയും വരുമാനവുമാണ്. ഇ ക്കാര്യത്തിലും കേരളത്തിലെ ചെറുപ്പക്കാരുടെ മനസ്സിലിരുപ്പ് എന്താണെന്ന് ‘വനിത’ ചോദിച്ചു.
ഭാവിവധുവിന് ജോലിയെ വേണ്ട എന്ന് ചിന്തിക്കുന്നവർ 16.8 ശതമാനം. വധുവിന്റെ പ്രഫഷനിൽ ഒന്നാം സ്ഥാനം അ ധ്യാപികയ്ക്കാണ്. 20.7 ശതമാനം പേർ അധ്യാപികയായ ജീവിത പങ്കാളിയെ ആഗ്രഹിക്കുന്നു. രണ്ടാം സ്ഥാനം ഐടിക്കാണ്, 12.1 ശതമാനം. സർക്കാർ, ബാങ്ക്, മെഡിക്കൽ മേഖലകൾക്കും ടീച്ചിങ് പ്രഫഷനോളം കല്യാണ കമ്പോളത്തിൽ ഡിമാ ൻഡ് ഇല്ല.
പെൺകുട്ടികൾക്കു ജോലിയില്ലാത്ത വരനെ വേണ്ട. വിദേ ശജോലിക്കാർക്ക് ആണ് ഏറ്റവും ഡിമാൻഡ്. 26 ശതമാനം വിദേശജോലിക്കാരനായ വരനെ ആഗ്രഹിക്കുന്നു. 18.3 ശതമാനം പേർ ഐടി മേഖലയിൽ നിന്നുള്ളവരെ ജീവിത പങ്കാളിയാക്കാൻ താൽപര്യപ്പെട്ടപ്പോൾ സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവ് മതിയെന്ന് പറഞ്ഞവർ 16.7 ശതമാനം മാത്രം. സ്വന്തമായി ബിസിനസ് ചെയ്യുന്നവരെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നത് 9.7 ശതമാനം. അധ്യാപികമാർക്കുള്ള പ്രിയം അധ്യാപകരായ പുരുഷന്മാർക്കില്ല. 8.4 ശതമാനം പേർ മാത്രമാണ് വരനായി അധ്യാപകനെ ആഗ്രഹിക്കുന്നത്. കലാകാരന്മാർക്കും മാധ്യമ പ്രവർത്തകർക്കും മലയാളി പെണ്ണിന്റെ സങ്കൽപങ്ങളുടെ വിഷ് ലിസ്റ്റിൽ കുറഞ്ഞ മാർക്കേ ഉള്ളൂ.
നമ്മുടെ കൂട്ടരാണോ?
‘എന്റേത് വീട്ടുകാരുടെ സമ്മതത്തോടെയുള്ള പ്രണയവിവാഹം ആയിരുന്നു. തീയതി നിശ്ചയിച്ച് കല്യാണം വിളിക്കാൻ ബന്ധുവീടുകളിൽ പോയപ്പോൾ എല്ലായിടത്തുനിന്നും കേട്ട ചോദ്യമിതാണ്, കക്ഷി നമ്മുടെ കൂട്ടരല്ലേ? ഓരോരുത്തർക്കും മറുപടി കൊടുത്ത് മടുത്തു. കാലം ഇത്രയധികം മാറിയിട്ടും ആളുകളുടെ മനോഭാവം എന്തുകൊണ്ടാണ് മാറാത്തത്? വേ റെ ജാതിയിൽ നിന്നു വിവാഹം കഴിച്ചാൽ എന്താണ് കുഴപ്പം? അതെന്റെ വ്യക്തിപരമായ ചോയ്സല്ലേ?’
തൃശൂര്‍ സ്വദേശി അഞ്ജലിയുടെ അഭിപ്രായത്തോടു സുഹൃത്ത് മേഘയ്ക്ക് കടുത്ത വിയോജിപ്പാണുള്ളത്. ‘ ഈ സ മൂഹത്തിൽ ജീവിക്കുമ്പോൾ നിങ്ങൾ നിലവിലെ രീതികളോട് ഐക്യപ്പെട്ട് വേണം ജീവിക്കാൻ. വീട്ടുകാരെ ധിക്കരിച്ച് വേറെ ജാതിയിലുള്ള ആളെ വിവാഹം കഴിക്കുമ്പോൾ പിന്നീട് നിങ്ങൾ തനിച്ചാണ്. ജീവിതത്തിൽ എന്ത് പ്രതിസന്ധി വന്നാലും സഹായിക്കാൻ ആരുമില്ലാത്ത അവസ്ഥയാകും. പ്രണയിക്കുന്ന ആളിന്റെ നാടും വീടും സൗന്ദര്യവും ജോലിയും ശമ്പളവുമെല്ലാം നോക്കിയിട്ടല്ലേ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നത്. എങ്കിൽപിന്നെ, ജാതിയും മതവും നോക്കുന്നതില്‍ മാത്രമെന്താ തെറ്റ്?’
നിങ്ങളുടെ കുട്ടി, നിങ്ങളുടെ ഇഷ്ടംപോലെ
‘ഇന്നത്തെ കാലത്ത് ആരെങ്കിലും സ്ത്രീധനം വാങ്ങി കല്യാണം കഴിക്കുമോ. അതൊക്കെ മോശം ഏർപ്പാടല്ലേ. നിങ്ങളുടെ കുട്ടിയെ ഞങ്ങളുടെ വീട്ടിലേക്കു വിടുമ്പോൾ നിങ്ങൾക്ക് ഇഷ്ടമുള്ളത് കൊടുക്കുക. ഞങ്ങളായിട്ട് ഒന്നും ചോദിക്കില്ല.’
കല്യാണമെന്ന കലാപരിപാടിയിൽ പലപ്പോഴും കാരണവൻമാര്‍ തങ്ങളുടെ റോൾ ഗംഭീരമാക്കുന്നത് ഈ ഡയലോഗിലൂടെയാണ്. സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും കുറ്റകരമാണെന്ന് നിയമം പറയുമ്പോഴും വിവാഹസമ്മാനമെന്ന ന്യൂജനറേഷൻ പേരിൽ വിലസുന്നുണ്ട് മൂപ്പർ.
‘കല്യാണമെന്നാൽ എന്തോ ബിസിനസ് ഡീലാണെന്ന ചിന്തയാണ് പലർക്കും. ഞങ്ങൾ പെൺകുട്ടികൾ ജനിക്കുന്ന സമയം മുതൽക്കെ വീട്ടുകാർ പ്ലാനിങ് നടത്തുന്നത് ഞങ്ങളുടെ കല്യാണം നടത്തുന്നതിനെക്കുറിച്ചാണ്. ഒന്നുകിൽ കുറെ പണം സമ്പാദിച്ച്, ബാങ്കിൽ ഫിക്സഡ് ഡിപ്പോസിറ്റ് ഇടും, അല്ലെങ്കിൽ സ്വർണമോ വസ്തുവോ വാങ്ങും. ഇത് നമ്മുടെ സമൂഹത്തിന്റെ ഏറ്റവും വലിയ പോരായ്മയാണ്. ഇന്നത്തെ തലമുറയിലെ ആണുങ്ങൾ പോലും സ്ത്രീധനത്തിന് മൗനാനുവാദം കൊടുക്കുന്നത് സങ്കടകരമാണ്.’ കൊല്ലത്ത് ബാങ്ക് ജീവനക്കാരിയായ ജെനി പറയുന്നു.
സ്ത്രീധനം ഒരു പഴഞ്ചൻ ഏർപ്പാടാണെന്നാണ് സർവേയിൽ പ്രതികരിച്ചവരിൽ 48.5 ശതമാനം പേരുടെ അഭിപ്രായം. രണ്ടാമതൊന്ന് ആലോചിക്കാതെ സ്ത്രീധനം നിരസിക്കില്ലെന്ന് 12.4 ശതമാനം പേർ പറയുമ്പോൾ 39.1 ശതമാനമാളുകൾ വീട്ടുകാരുടെ താൽപര്യത്തിന് വിടുമെന്ന് സമ്മതിക്കുന്നു.
സ്ത്രീധനം പഴഞ്ചൻ ഏർപ്പാടാണെന്ന് സമ്മതിക്കുന്ന മലയാളി യുവത്വം പക്ഷേ, റോൾ റിവേഴ്സലിനോടു മുഖം തിരിക്കുകയാണ് ചെയ്തത്. ഭാര്യ ജോലിക്കു പോകുകയും ഭർത്താവ് വീട്ടുകാര്യങ്ങൾ നോക്കുകയും ചെയ്യുന്ന രീതിയോടു യോജിക്കാനാകില്ല എന്ന് 18.8 ശതമാനം പേർ പ്രതികരിച്ചപ്പോൾ രണ്ടു പേരും ജോലിക്കു പോകുന്നതാണ് നല്ലതെന്ന് 72.4 ശതമാനം പേർ വിശ്വസിക്കുന്നു. റോൾ റിവേഴ്സൽ നല്ലതാണെന്ന അഭിപ്രായമുള്ളവർ 8.8 ശതമാനം മാത്രമാണ്.
കല്യാണം മതി, കച്ചേരി വേണ്ട
ലക്ഷങ്ങൾ മുടക്കി കല്യാണം നടത്തുന്ന രീതിയിൽ താൽപര്യമില്ലെന്നാണ് സർവേയിൽ പ്രതികരിച്ചവരിൽ ഭൂരിപക്ഷവും പറയുന്നത്. ‘വിവാഹചടങ്ങല്ല, ഒരുമിച്ചുള്ള ജീവിതമാണ് പ്രധാനം. കല്യാണത്തിന് കുറെ ബഹളം വച്ചുള്ള ഷോ ഓഫുകൾ നിയന്ത്രിക്കേണ്ടതാണ്. വിവാഹത്തിന്റെ പവിത്രത കളയുന്ന തരത്തിൽ സ്‌റ്റേജിൽ ശവപ്പെട്ടി, കാളവണ്ടി, ജെസിബി, സൈക്കിൾ, നെറ്റിപ്പട്ടം കെട്ടിയ ആന, വധുവിനെക്കൊണ്ട് പാത്രം കഴുകിക്കൽ, ഇതെല്ലാം പലപ്പോഴും അസഹ്യമാണ്.’
അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രം ഉ ൾപ്പെടുത്തി വിവാഹചടങ്ങ് നടത്തിയതിന്റെ അനുഭവത്തിലാണ് പ്രവാസിയായ ലിബിൻ പ്രതികരിക്കുന്നത്. സർവേയിൽ പങ്കെടുത്തവരിൽ 45.9 ശതമാനമാളുകൾ വളരെ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വിവാഹം നടത്താൻ താൽപര്യപ്പെടുമ്പോൾ 10 ശതമാനം പേർ കുടുംബാംഗങ്ങൾ മാത്രമുള്ള ചടങ്ങാണ് ആഗ്രഹിക്കുന്നത്. അഞ്ഞൂറിലധികം പേരെ പങ്കെടുപ്പിച്ചുള്ള ആഘോഷമായ വിവാഹം വേണമെന്ന പക്ഷക്കാർ 12.9 ശതമാനം മാത്രം.
എനിക്കെന്റെ വഴി, നിനക്ക് നിന്റെയും
വിവാഹമെന്നാൽ രണ്ടു ഹൃദയങ്ങൾ ഒന്നായിത്തീരുന്ന സുരഭിലസുന്ദര ബന്ധമാണെന്ന് വിശ്വസിക്കുന്നവരല്ല ഇന്നത്തെ യുവത്വം. പങ്കാളിയെ മറ്റൊരു സ്വതന്ത്ര വ്യക്തിയായി കാണാനാണ് അവർക്കു താൽപര്യം. അയാളുടെ സ്വകാര്യതയിലും താൽപര്യങ്ങളിലും തീരുമാനങ്ങളിലും അനാവശ്യമായി ഇടപെടാൻ അവര്‍ തയാറല്ല. തങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളിൽ പങ്കാളിയുടെ കടന്നുകയറ്റവും ഇവർക്കു വച്ചുപൊറുപ്പിക്കാനാകില്ല.
‘കല്യാണം കഴിക്കുന്നതോടെ പുതിയ മനുഷ്യനായി മാറണമെന്ന് പറയുന്നതൊക്കെ കുറച്ച് ഓവറാണ്. പാർട്നറുടെ സ്വഭാവം മനസ്സിലാക്കി, അതിനനുസരിച്ച് കുറച്ചൊക്കെ അഡ്ജസ്റ്റ് ചെയ്യുകയാണ് വേണ്ടത്.’ ഇടുക്കി സ്വദേശി ജോമോന്റെ അഭിപ്രായമാണിത്.
സർവേയിൽ പങ്കെടുത്തവരുടെ അഭിപ്രായവും ഇതുതന്നെ. പങ്കാളിയുടെ സ്വഭാവത്തിൽ മാറ്റം വരുത്താൻ ശ്രമിക്കുമെന്ന് 5.8 ശതമാനമാളുകൾ മാത്രമാണ് പറഞ്ഞത്. അനാവശ്യമായ ഇടപെടൽ നടത്തില്ലെന്ന് 61.8 ശതമാനം പേർ ഉറപ്പിച്ചു പറയുമ്പോൾ സമവായത്തിലൂടെ മുന്നോട്ടു പോകാന്‍ ആഗ്രഹിക്കുന്നവരാണ് 32.4 ശതമാനം.
സ്വഭാവത്തിലും വ്യക്തിത്വത്തിലുമൊക്കെ ചെറിയ അഡ്ജസ്റ്റ്മെന്റുകൾക്ക് തയാറാകുന്ന മല്ലു യൂത്ത് സ്വപ്നങ്ങളിലും ലക്ഷ്യങ്ങളിലും ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയാറല്ല. ജീവിതലക്ഷ്യങ്ങൾ നേടിയ ശേഷമെ വിവാഹം കഴിക്കൂ എന്ന് പറഞ്ഞവർ 20.8 ശതമാനം. സ്വപ്നങ്ങൾ പങ്കാളിയുമായി പങ്കുവയ്ക്കുമെന്ന് 73.2 ശതമാനം പേര്‍ പറയുമ്പോൾ ലക്ഷ്യങ്ങൾക്കു തടസ്സമാകുമെന്ന കാരണത്താൽ വിവാഹം വേണ്ടെന്നു വയ്ക്കുമെന്ന അഭിപ്രായമുള്ളവർ ആറു ശതമാനം.
കുട്ടികൾ വേണോ?
‘കല്യാണം കഴിഞ്ഞ് രണ്ടും മാസം തികയുന്നതു മുതൽ കേൾക്കുന്നതാണ്, വിശേഷമൊന്നും ആയില്ലേയെന്നുള്ള സ്ഥിരം ചോദ്യം. ഇല്ലെന്ന് മറുപടി പറഞ്ഞാൽ ഉടനെ വരും അടുത്ത ചോദ്യം. എന്തെങ്കിലും കുഴപ്പമുണ്ടോ, ഡോക്ടർമാരെ ഒന്നും കണ്ടില്ലേ? വിവാഹം കഴിച്ച എന്നെക്കാൾ വേവലാതിയാണ് ചോദ്യം ചോദിക്കുന്നവർക്ക്.’ കഴിഞ്ഞ ഒരു വർഷമായിട്ട് ഒരേ ചോദ്യത്തിന് പലയാവർത്തി മറുപടി പറഞ്ഞ് മടുത്തിരിക്കുകയാണ് നീനു. ‘മൂന്നു വർഷമെങ്കിലും കഴിഞ്ഞു മതി കുട്ടികള്‍ എന്നാണ് തീരുമാനം. അമ്മയാകാൻ ഇപ്പോഴും മാനസികമായി തയാറെടുത്തിട്ടില്ല.’
വിവാഹത്തിന്റെ ഉദ്ദേശ്യങ്ങളിൽ പ്രധാനപ്പെട്ട ഒന്നുതന്നെയാണ് സന്തതിപരമ്പരയെ ഉണ്ടാക്കുക എന്നത്. കുട്ടികൾ ഇല്ലായെന്ന കാരണത്താൽ വിവാഹബന്ധങ്ങൾ തകരുന്ന കാഴ്ചകളും സമൂഹത്തിൽ സാധാരണമാണ്. എന്നാലിന്ന്, വിവാഹിതരായതിനു ശേഷം കുട്ടികൾ വേണ്ടെന്നു വയ്ക്കു ന്നവരുടെ എണ്ണവും കുറവല്ല. കുട്ടികൾ ജനിച്ചാൽ തങ്ങളുടെ സ്വാതന്ത്ര്യം ഹനിക്കപ്പെടുമെന്ന തോന്നൽ, ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള മടിഎന്നിങ്ങനെ പല കാരണമാണ് ഇവർ പറയുന്നത്.
വിവാഹശേഷം എത്ര കുട്ടികൾ വേണം എന്ന ചോദ്യത്തിന് 45.3 ശതമാനമാളുകൾ രണ്ടു കുട്ടികൾ വേണമെന്ന് മറുപടി പറഞ്ഞു. രണ്ടിലധികം കുട്ടികൾ ആഗ്രഹിക്കുന്നവർ 37.6 ശതമാനം. 14.7 ശതമാനത്തിന് ഒരു കുട്ടി മതി. 2.4 ശതമാനത്തിന് കുട്ടികളേ വേണ്ട.
കല്യാണം കഴിച്ചില്ലെങ്കിലോ?
വിവാഹ സങ്കൽപങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്കൊടുവിൽ കേരളത്തിലെ യുവാക്കൾക്കു മുന്നിൽ വനിത ഒരു ചോദ്യംകൂടി വച്ചു. ‘വിവാഹം കഴിക്കാതെ ജീവിക്കാൻ താൽപര്യമുണ്ടോ?’ 63.3 ശതമാനം യുവാക്കൾ വിവാഹത്തോട് സമ്മതം മൂളുമ്പോൾ 36.7 ശതമാനം പേർ അവിവാഹിതരായി തുടരാൻ ആഗ്രഹിക്കുന്നു. ‘96’ സിനിമയിൽ വിവാഹം കഴിക്കാതെ ജാനുവിന്റെ ഓർമകളിൽ ജീവിക്കുന്ന രാമചന്ദ്രനെ ഹീറോയായി കാണുന്നവരും നമ്മുടെ യൂത്തിനിടയിലുണ്ട്.
ഈ ട്രെൻഡ് വിശകലനം ചെയ്ത് തിരുവനന്തപുരം ജനറൽ ഹോസ്പിറ്റലിലെ മനശാസ്ത്രവിദഗ്ധനായ ഡോ. എ.ബഷീർകുട്ടി പറഞ്ഞതിങ്ങനെ. ‘ഇന്നത്തെ തലമുറയിൽ വിവാഹം വേണ്ടെന്ന് വയ്ക്കുന്നവരിൽ അധികവും ആൺകുട്ടികളാണ്. അതിന് അവർ പറയുന്ന കാരണങ്ങൾ പലതുണ്ട്. ചിലർക്ക് ജീവിതകാലം മുഴുവൻ ഒറ്റയ്ക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവരുണ്ട്. വാണ്ടർലസ്റ്റ് എന്ന് അറിയപ്പെടാൻ ആഗ്രഹിക്കുന്നു ഇവർ. ഉത്തരവാദിത്തങ്ങളോടുള്ള ഭയമാണ് ചിലരെ വിവാഹത്തിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. ലക്ഷ്യങ്ങൾക്കും കരിയറിനും വിവാഹമൊരു തടസ്സമാണെന്നു വിശ്വസിക്കുന്നവരുണ്ട്. സ്വന്തം മാതാപിതാക്കളുടെയോ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയൊ ദാമ്പത്യം പരാജയമായതാകാം ചിലരെ പുറകോട്ട് വലിക്കുന്നത്.’
ചിന്തകളിൽ നിന്ന് ജാതിയും മതവും മാഞ്ഞു തുടങ്ങിയിരിക്കുന്നു. വ്യക്തി സ്വാതന്ത്ര്യത്തിനും പരസ്പര ബഹുമാനത്തിനും നൽകുന്ന പ്രധാന്യമാണ് നമ്മുടെ യുവതലമുറയുടെ വിവാഹ സങ്കൽപത്തിൽ വന്ന തെളിച്ചമുള്ള മാറ്റം.