Wednesday 07 December 2022 02:20 PM IST : By സ്വന്തം ലേഖകൻ

മല്ലികാ സാരാഭായി കലാമണ്ഡലം കൽപിത സർവകലാശാല ചാൻസലര്‍; പുത്തന്‍ പ്രതീക്ഷയിൽ കലാകാരന്‍മാര്‍

mallika-sarabhai

കലാമണ്ഡലം കൽപിത സർവകലാശാല ചാൻസലർ ആയി മല്ലികാ സാരാഭായി. കുച്ചുപ്പുഡിയിലും ഭരതനാട്യത്തിലും ലോകം അംഗീകരിച്ച നർത്തകിയെ ചാൻസലറായി നിയമിച്ചതോടെ പുത്തന്‍ പ്രതീക്ഷയിലാണ് കലാമണ്ഡലം. പത്‌മഭൂഷൻ ജേതാവും ഇന്ത്യൻ ശാസ്ത്രീയ നൃത്തത്തിന് ലോക ഖ്യാതി നേടിക്കൊടുത്ത നർത്തകിയുമാണ് മല്ലികാ സാരാഭായി. പ്രശസ്ത നർത്തകി മൃണാളിനി സാരാഭായിയുടെയും ബഹിരാകാശ ശാസ്ത്രജ്ഞൻ വിക്രം സാരാഭായിയുടെയും മകൾ. 

തൃശ്ശൂര്‍ കലാമണ്ഡലത്തിനു തൊട്ടടുത്തുള്ള പാലക്കാട് ജില്ലയിലാണു മല്ലികാ സാരാഭായിയുടെ വേരുകൾ. പാലക്കാട് ആനക്കരയിലെ വടക്കത്ത് തറവാട്ടംഗമാണ് മല്ലികയുടെ മാതാവ് മൃണാളിനി. 1953 ൽ ഗുജറാത്തിലാണ് മല്ലികയുടെ ജനനം. ചെറുപ്പത്തിലേ നൃത്തം പഠിച്ചു. സിനിമ, എഴുത്ത്, നാടകം തുടങ്ങി വിവിധ കലാ മേഖലകളിൽ കഴിവ് തെളിയിച്ച അവർ നൃത്തം സംബന്ധിച്ച് ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ഗ്രന്ഥങ്ങൾ എഴുതി.

saragbhjjj

ടി.വി. ചന്ദ്രൻ സംവിധാനം ചെയ്ത ഡാനി എന്ന മലയാള സിനിമയിൽ മല്ലികാ സാരാഭായി അഭിനയിച്ചിട്ടുണ്ട്. 1977 ൽ പാരിസിലെ തിയറ്റർ ഡി ചമ്പ്‌സ് എലൈസിയുടെ ഏറ്റവും മികച്ച നൃത്ത സോളോയിസ്റ്റ് പുരസ്കാരം അവരെത്തേടിയെത്തി. ഫ്രഞ്ച് സർക്കാരിന്റെ ഷെവലിയർ  പുരസ്കാരം, സംഗീത നാടക അക്കാദമി പുരസ്കാരം എന്നിവ നേടി. 

2005 ൽ നൊബേൽ സമ്മാനത്തിനുള്ള പട്ടികയിൽ ഉൾപ്പെട്ടു. 2010 ൽ പത്‌മഭൂഷൻ നേടി. മല്ലികയുടെ അഹമ്മദാബാദിലെ 'ദർപ്പണ അക്കാദമി ഓഫ് പെർഫോർമിങ് ആർട്സ് കലയുടെ ആഗോള പഠനശാലയാണ്. ആ പരിചയം കലാമണ്ഡലത്തെ പുതിയ ഉയരങ്ങളിലേക്കു നയിക്കുമെന്ന പ്രതീക്ഷയാണ് ഈ മേഖലയിലുള്ളവർ പങ്കുവയ്ക്കുന്നത്.

_DSC3831
Tags:
  • Spotlight