Monday 14 January 2019 12:28 PM IST : By സ്വന്തം ലേഖകൻ

ആ മഹാനന്മ രണ്ടായി തളിരിട്ടു; മല്ലിക നൽകിയ പശു മറിയക്ക് നൽകിയത് ഒരു സുന്ദരിക്കിടാവിനെ; ഹൃദയം നിറയ്ക്കും കഥ

mallika

ഒരു നന്മയുടെ വിളവെടുപ്പ് കാലമായിരുന്നു കഴിഞ്ഞ ദിവസം. സോഷ്യൽമീഡിയയും സഹൃദയരും ഹൃദയം കൊണ്ടേറ്റെടുത്ത ആ നന്മക്കഥയിലെ നായിക സാക്ഷാൽ മല്ലിക സുകുമാരൻ. കണ്ണീരൊപ്പിയ ആ നന്മയുടെ ഗുണഭോക്താവാകട്ടെ, ആലപ്പുഴയിലെ ഒരു സാധാരണക്കാരിൽ സാധാരണക്കാരിയായൊരു സ്ത്രീ, പേര് മറിയ.

m4

ഇനി ഫ്ളാഷ് ബാക്കിലേക്ക്, പ്രളയപ്പേമാരി സർവ്വതും മുക്കിയ കൂട്ടത്തിൽ മറിയയുടെ ജീവനും ജീവിതവുമായ പശുവും ഉണ്ടായിരുന്നു. ഇരമ്പിയാർത്തെത്തിയ വെള്ളപ്പാച്ചിൽ മറിയയുടെ വരുമാന മാർഗമായ പശുവിനേയും കൊണ്ടാണ് പോയത്. പാൽവിറ്റ് അന്നന്നുള്ള അന്നം കണ്ടെത്തിയിരുന്ന മറിയക്ക് ഇത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അതിനേക്കാളേറെ, ആറ്റുനോറ്റ് വളർത്തിയെടുത്ത പശുവിനെ പ്രളയം കൊണ്ടുപോയപ്പോള്‍ അത് ഹൃദയം നുറുങ്ങുന്ന വേദനയായി.

m5

വേദനയുടേയും കഷ്ടപ്പാടിന്റേയും നിലയില്ലാക്കയത്തിൽ നിൽക്കുമ്പോഴാണ് മറിയയെ തേടി ദൈവനിയോഗം പോലെ കഴിഞ്ഞ ദിവസം ആ സഹായമെത്തുന്നത്. ആലപ്പുഴ സബ്കലക്ടർ വി ആർ കൃഷ്ണ തേജ് മറിയയുടെ കണ്ണീരൊപ്പാൻ നേരിട്ടിറങ്ങുകയായിരുന്നു. അദ്ദേഹത്തിന്റെ സ്നേഹപൂർണമായ അഭ്യർത്ഥനയെ തുടർന്ന് പൂർണ ഗർഭിണിയായ ഒരു പശുവിനെ വാങ്ങി നൽകാൻ നടി മല്ലിക സുകുമാരൻ രംഗത്തെത്തി. എല്ലാം നഷ്ടപ്പെട്ട വേദനയിൽ തകർന്നിരിക്കുന്ന മറിയയുടെ ജീവിതത്തിൽ പുതിയ പശുവെത്തിയപ്പോൾ അത് ഹൃദയം തൊട്ട നിമിഷമായി. അക്ഷരാർത്ഥത്തിൽ ജീവിതം വഴിമുട്ടിയവനു മുന്നിൽ ദൈവം തുറന്നിട്ട വാതിൽ. ഇക്കഴിഞ്ഞ വ്യാഴാഴ്ച കലക്ടറുടെ സാന്നിദ്ധ്യത്തിൽ മല്ലിക തന്നെയാണ് മറിയക്ക് പശുവിനെ കൈമാറിയത്. നാട്ടിലെ പൗരപ്രമുഖരുടെ സാന്നിദ്ധ്യം വേറെയും. ക്ഷീര വികസന ഡിപ്പാർട്ട്മെൻറ് ആയിരുന്നു ആ മഹാനന്മയ്ക്ക് കാർമികത്വം വഹിച്ചത്.

m3

ഇപ്പോഴിതാ ആ സന്തോഷവും നന്മയുമെല്ലാം നൂറുമേനിയായി മറിയക്ക് ദൈവം നൽകിയിരിക്കുകയാണ്. മല്ലിക സുകുമാരൻ സമ്മാനിച്ച പശു ഒരു കിടാവിനെ മറിയക്ക് സമ്മാനിച്ചിരിക്കുകയാണ്. സന്തോഷവാര്‍ത്ത സോഷ്യൽ മീഡിയയുടെ ഹൃദയം നിറച്ച് ഇപ്പോഴും പാറിപ്പറന്നു കൊണ്ടേയിരിക്കുന്നു. എന്തായാലും തങ്ങളുടെ ഇന്ന് കാണുന്ന സന്തോഷങ്ങളുടെ കാരണക്കാരിയായ മല്ലിക സുകുമാരൻ തന്റെ കിടാവിനെ കാണാനെത്തുമെന്ന പ്രതീക്ഷയാണ് മറിയക്കുള്ളത്.

m2
m1