Saturday 21 April 2018 02:43 PM IST

മാളൂട്ടിയെന്ന കുരുന്ന് അമ്മയുടെ ക്രൂരതയുടെ ഇര; സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രത്തിന്റെ യാഥാർത്ഥ്യം!

Sujith P Nair

Sub Editor

malutti1
മൂന്നു വർഷം മുൻപുള്ള മാളൂട്ടിയുടെ ചിത്രം..

ക്ലെയറേച്ചീ... എന്റെ അടുത്തൂന്ന് പോകല്ലേ...! മാളൂട്ടിയുടെ ചിണുക്കം കേട്ടാണ് ഇടുക്കി രാജാക്കാട് കരുണ ഭവൻ ഉണരുന്നത്. ജന്മനാ കാഴ്ചയില്ല അവൾക്ക്. വയസ്സ് നാലായെങ്കിലും ഇതുവരെ നടന്നു തുടങ്ങിയിട്ടില്ല. കാലിനുള്ള വൈകല്യമാണ് കാരണം. ഈ പ്രായത്തിലുള്ള മറ്റു കുട്ടികളെപ്പോലെ ബുദ്ധിയും വികസിച്ചിട്ടില്ല. അവളെ ഗർഭാവസ്ഥയിലെ ഇല്ലാതാക്കാൻ അമ്മ കഴിച്ച മരുന്നിന്റെ പാർശ്വഫലമാണ് ഈ കുഞ്ഞ് അനുഭവിക്കുന്നത്.

മൂന്നു വർഷം മുൻപ് ഹൈദരാബാദിലെ കണ്ണാശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയിരുന്നു. അതിനുശേഷം  ഒരു കണ്ണിന് ചെറിയ കാഴ്ചയുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. എന്നാൽ പ്രത്യക്ഷത്തിൽ കാഴ്ച ഇല്ലെന്നു തന്നെയാണ് കരുണാ ഭവനിലുള്ളവർ പറയുന്നത്. പേരു വിളിക്കുമ്പോൾ നോക്കും. കാഴ്ചയുടെ കാര്യം പറഞ്ഞു തരാനൊന്നും അവൾക്ക് അറിയില്ല. ഇപ്പോൾ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ചികിത്സ.

ഒറ്റനോട്ടത്തിൽ ഒരു വൈകല്യവും പറയില്ല ഈ കുരുന്നിന്. ഡോക്ടർമാർ പറയുന്നത് മാളൂട്ടി നടക്കുമെന്നു തന്നെയാണ്. മിടുക്കിയാണ് അവൾ. ഒരു കാര്യം ഒന്നു പറഞ്ഞു കൊടുത്താൽ മതി അവൾ പഠിക്കും. മനോഹരമായി പാട്ടു പാടും. നഴ്സായ ക്ലെയർ എഡിസണാണ് അവൾക്ക് എല്ലാം. ക്ലെയർ അടുത്തു വന്നിരുന്നാൽ അവൾ ഒന്നു തൊട്ടുനോക്കി ആളെ ഉറപ്പിക്കും. പിന്നെ അവൾ ആളാകെ മാറും. ഭയങ്കര സന്തോഷമാണ്. എടുക്കണമെന്ന വാശിയാണ്. ഇടയ്ക്ക് കട്ടിലിൽ ഇരുത്തിയാൽ ഉടൻ ചിണുങ്ങും.

കരുണാ ഭവനിലെ എഴുപതോളം അന്തേവാസികൾക്കിടയിലെ കൊച്ചു നക്ഷത്രമാണ് അവൾ. സ്കൂളിൽ പോകുന്ന  കുട്ടികൾ അടക്കമുള്ളവരാണ് അന്തേവാസികളിൽ ഭൂരിഭാഗം പേരും. സർക്കാർ ഗ്രാന്റ് ഉണ്ടായിരുന്നത് ഇപ്പോൾ ലഭിക്കുന്നില്ല. നാട്ടുകാർ അടക്കമുള്ള സുമനസ്സുകളുടെ സഹായത്തോടെയാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. ബുദ്ധിമുട്ടുകളൊന്നും മാളൂട്ടിയുടെ ചികിത്സയെ ബാധിച്ചിട്ടില്ലെന്ന് മാനേജിങ് ട്രസ്റ്റി ട്രീസ തങ്കച്ചൻ പറയുന്നു.

malootti002
മാളൂട്ടി ഇപ്പോൾ..

ആറാം മാസത്തിൽ മാസം തികയാതെ പിറന്നതാണ് മാളൂട്ടി. അമ്മ ഗർഭം അലസിപ്പിക്കാൻ കഴിച്ച മരുന്നുകളാണ് അവളുടെ ആരോഗ്യം തകർത്തത്. തലച്ചോറ് പോലും വികസിച്ചിട്ടില്ല. ഒരു കണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടമായിക്കഴിഞ്ഞു. വെളുത്ത നിറമാണ് കണ്ണിന്. വലതു കണ്ണിന് ഇപ്പോഴും കറുപ്പുണ്ട്. അതാണ് പ്രതീക്ഷയും. ഹൈദരാബാദിലെ എൽവി പ്രസാദ് ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്. അവർ പറയുന്നത് കാഴ്ച ലഭിക്കും എന്നാണ്. കുട്ടിക്ക് കാഴ്ച ഇല്ലെന്നു തന്നെയാണ് പരിപാലിക്കുന്ന ക്ലെയറിന്റെ പക്ഷം.

മധുരയിൽ കൊണ്ടുപോയെങ്കിലും ഹൈദരാബാദിലെ ചികിത്സ കഴിഞ്ഞതിനാലാകും അവർ തിരിച്ചയയ്ക്കുകയായിരുന്നു.
അടുപ്പമുള്ളവരോട് വല്ലാത്ത അടുപ്പമാണ് മാളൂട്ടിക്ക്. ക്ലെയറിനെ അമ്മയെപ്പോലെ തന്നെയാണ് കുഞ്ഞ് കരുതുന്നത്. കുളിപ്പിക്കുന്നതും ഭക്ഷണം വാരിക്കൊടുക്കുന്നതും ആശുപത്രിയിൽ കൊണ്ടുപോകുന്നതുമെല്ലാം ക്ലെയറാണ്. തനിച്ച് വാരിക്കഴിക്കാൻ അവൾക്ക് ഇപ്പോഴും കഴിവില്ല. കഴിക്കാമെന്നു പറഞ്ഞ് ഇരിക്കും. പക്ഷേ ചോറ് കൈയിൽ നിന്ന് വഴുതിപ്പോകും. അതുകൊണ്ടുതന്നെ ക്ലെയർ വാരിക്കൊടുക്കുകയാണ് പതിവ്.

മൂന്നു വർഷം മുൻപ് കണ്ണിന് ശസ്ത്രക്രിയ നടത്താൻ സഹായം തേടി വിദേശത്തുള്ള എഫ്എം റേഡിയോയിൽ അഭ്യർഥന വന്നിരുന്നു. അന്ന് പേരു വെളിപ്പെടുത്താൻ തയ്യാറാകാതിരുന്ന ഒരു ശ്രോതാവ് നൽകിയ അഞ്ചു ലക്ഷം രൂപയാണ് തുണയായത്. അന്ന് എഫ്എമ്മിലെ ജോക്കി ഫെയ്സ്ബുക്കിൽ ഇട്ട ചിത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ വീണ്ടും പ്രചരിക്കുന്നുണ്ട്. മൂന്നു വർഷം മുൻപുള്ള അവസ്ഥയാണിതെന്ന് പോലും അറിയാതെയാണ് പലരും ഇതു ഷെയർ ചെയ്യുന്നത്. ഇപ്പോൾ കോലഞ്ചേരി മെഡിക്കൽ കോളജിലെ ഡോ. എൻ.വി. സുജിത്തിന്റെ ചികിത്സയിലാണ് മാളൂട്ടി. ചികിത്സ തുടർന്നാണ് മാളൂട്ടിക്ക് ഒരു കണ്ണിന്റെയെങ്കിലും കാഴ്ച മടക്കി ലഭിച്ചേക്കാം. ഫിസിയോതെറപ്പിയിലൂടെ അവൾ പിച്ചവച്ചു തുടങ്ങിയേക്കാം. അതിനു വേണ്ടത് സുമനസ്സുകളുടെ സഹായമാണ്. കുരുന്നിന്റെ മുഖത്തുനിന്ന് ഈ ചിരി മായാതെ നോക്കേണ്ടത് ഓരോരുത്തരുടെയും കൂടി കടമയല്ലേ? അതിനായി നമ്മുക്ക് പ്രാർഥിക്കാം.

മാളൂട്ടിയെ പരിപാലിക്കുന്ന രാജാക്കാട് കരുണാഭവന്റെ ഫോൺ നമ്പർ : 9447124256
ഇമെയിൽ– dptrustkerala@gmail.com

മൂന്നു വർഷം മുൻപ് സോഷ്യൽ മീഡിയയിൽ മുൻപ് പ്രചരിച്ച കുറിപ്പ് ഇങ്ങനെ;

ഇതാണ് കുഞ്ഞു മാളൂട്ടി. ഇടുക്കി കട്ടപ്പനയിലെ സ്വകാര്യ ആസ്പത്രിയില്‍ അമ്മ ഉപേക്ഷിച്ച മാളൂട്ടി. രണ്ടു കണ്ണിനും കാഴ്ചയില്ലാത്ത മാളൂട്ടിക്ക് കാഴ്ച കിട്ടാൻ ഹൈദരാബാദിലെ എല്‍.വി. പ്രസാദ്‌ കണ്ണാശുപത്രിയിൽ ഇന്ന് (വെള്ളിയാഴ്ച) ശസ്ത്രക്രിയ നടന്നു. മൂന്നു മണിക്കൂറോളമെടുത്ത് വലതു കണ്ണിലായിരുന്നു ശസ്ത്രക്രിയ. ഇതിന്റെ റിസൾട്ട്‌ നോക്കിയ ശേഷം അടുത്ത കണ്ണിൽ ശസ്ത്രക്രിയ നടത്താമെന്നാണ് ഡോക്ടർ അറിയിച്ചത്. നാളെ അറിയാം കുഞ്ഞു മാളൂന് കണ്ണിൽ വെളിച്ചം കിട്ടുമോയെന്ന്. ഡോക്ടർമാർ ശുഭ പ്രതീക്ഷയിലാണെന്ന് കുഞ്ഞിനെ പോറ്റുന്ന കരുണാ ഭവനിലെ സിസ്റ്റർ ട്രീസ അല്പം മുമ്പ് വിളിച്ചപ്പോൾ പറഞ്ഞു. പ്രാർത്ഥിക്കണം എന്നവർ ആവർത്തിച്ചു പറഞ്ഞു..അതു മാത്രമാണ് ഇനി അവർക്കും നമുക്കും ചെയ്യാൻ കഴിയുന്നത്‌...


malutti004