Tuesday 29 October 2024 12:07 PM IST : By സ്വന്തം ലേഖകൻ

‘ഇത് സ്നേഹത്തിന്റെ പ്രതീകം’; ജെന്‍സണ്‍ താലി ചാര്‍ത്തേണ്ടിയിരുന്ന വേദിയില്‍ ശ്രുതി ഒറ്റയ്ക്കെത്തി, ചേര്‍ത്തുപിടിച്ച് മമ്മൂട്ടി; നൊമ്പര കാഴ്ച

sruthy-mammootty

ജെന്‍സണ്‍ താലി ചാര്‍ത്തേണ്ടിയിരുന്ന വേദിയില്‍ ശ്രുതി ഒറ്റയ്ക്കെത്തിയത് നൊമ്പരപ്പെടുത്തുന്ന കാഴ്ചയായി. വയനാട് ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയെ ചേര്‍ത്തുപിടിച്ച ജെൻസന്റെ കഥയറിഞ്ഞ മമ്മൂട്ടി, സഹപ്രവർത്തകർ ഒരുക്കുന്ന സമൂഹ വിവാഹചടങ്ങിലേക്ക് ഇരുവരെയും ക്ഷണിച്ചിരുന്നു. ആ ചടങ്ങിനായുള്ള കാത്തിരിപ്പിനിടയിൽ ആണ് ജെൻസൺ കാറപകടത്തിൽ മരണമടഞ്ഞത്.  

‘ട്രൂത് മംഗല്യം’ വിവാഹ ചടങ്ങ് നടക്കുമ്പോൾ ശ്രുതി അതിഥിയായി എത്തിയിരുന്നു. ‘അവർക്കായി നമ്മൾ അന്ന് കരുതിവച്ചതെല്ലാം ശ്രുതിയെ തന്നെ ഏൽപ്പിക്കണം’ എന്ന മമ്മൂട്ടിയുടെ നിർദേശം ശിരസാ വഹിച്ച ട്രൂത് ഫിലിംസ് മാനേജിങ് ഡയറക്ടർ കൂടിയായ സമദ്, അതിന് വേണ്ടിയ ക്രമീകരണങ്ങൾ ചെയ്തു. സമൂഹ വിവാഹ ചടങ്ങിനത്തിയ, മമ്മൂട്ടി ആ തുക ശ്രുതിയെ നേരിട്ട് ഏൽപ്പിക്കുകയായിരുന്നു.

‘ഇതൊരു കടലാസാണ് ഇതിനകത്ത് ചെക്കുമില്ല, എന്നാലും ഇതൊരു പ്രതീകമാണ്, സ്നേഹത്തിന്റെ പ്രതീകം’ എന്നാണ് ശ്രുതിയെ ചേര്‍ത്തുനിര്‍ത്തി മമ്മൂട്ടി പറഞ്ഞത്. മമ്മൂട്ടിയുടെ ജീവകാരുണ്യപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന റോബർട്ട് കുര്യക്കോസാണ് സോഷ്യല്‍ മീഡിയയില്‍ വിഡിയോ പങ്കുവച്ചിരിക്കുന്നത്.

റോബർട്ട് കുര്യക്കോസിന്റെ പങ്കുവച്ച കുറിപ്പ് വായിക്കാം;

"ഇതൊരു കടലാസാണ് ഇതിനകത്ത് ചെക്കുമില്ല, എന്നാലും ഇതൊരു പ്രതീകമാണ്, സ്നേഹത്തിന്റെ പ്രതീകം"

ട്രൂത്ത് ഗ്രൂപ്പിന്റെ ചെയർമാനും മമ്മൂക്കയുടെ സുഹൃത്തുമായ സമദിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന സമൂഹ വിവാഹ പദ്ധതിയായ “ട്രൂത്ത് മാംഗല്യം” വേദിയിൽ വച്ച് ശ്രുതിയെ ചേർത്തുനിർത്തി മമ്മൂക്ക പറഞത് ഇങ്ങനെ ആയിരുന്നു.

40 യുവതി യുവാക്കളുടെ ട്രൂത്ത് മാംഗല്യം എന്ന ഈ സമൂഹവിവാഹ ചടങ്ങിൽ നടത്താൻ ഉദ്ദേശിച്ചിരുന്ന ഒരു മാംഗല്യം ശ്രുതിയുടെയും ജെൻസന്റെയും ആയിരുന്നു.

വയനാട് ദുരന്തത്തിൽ ഉറ്റവർ നഷ്ടമായ ശ്രുതിയുടെയും ജെൻസന്റെയും കഥ അറിഞ്ഞപ്പോൾ തന്നെ മമ്മൂക്ക സമദിനോട് ശ്രുതിയുടെ വിവാഹം ഈ വേദിയിൽ വച്ച് നടത്താൻ നിർദ്ദേശിച്ചിരുന്നു. അതിനായി വേണ്ടുന്നതെല്ലാം അന്ന് തന്നെ മമ്മൂക്ക സമദിന് കൈമാറിയിരുന്നു.

തുടർന്ന് വിവാഹത്തിന് തയാറാവുമ്പോഴാണ് അപ്രതീക്ഷിതമായി ഒരു കാറപകടത്തിൽ ജെൻസൺ ശ്രുതിയോട് യാത്ര പറഞ്ഞത്. എങ്കിലും ഈ സമൂഹവിവാഹ ചടങ്ങിലേക്ക് ശ്രുതിയെയും വിളിക്കണമെന്നും, അവർക്കായി കരുതിവെച്ചതെല്ലാം ശ്രുതിയെ തന്നെ നേരിട്ട് ഏൽപ്പിക്കണമെന്നും മമ്മൂക്ക ആവശ്യപ്പെട്ടിരുന്നു. തുടർന്ന് സമദിന്റെ ക്ഷണം സ്വീകരിച്ച ശ്രുതി വിവാഹ ചടങ്ങിലെ മറ്റു വധുവരൻമാർക്കായുള്ള ആശംസകളുമായി എത്തി. ശ്രുതിക്കും ജെൻസനുമായി കരുതിവച്ച ആ തുക മമ്മൂക്ക തന്നെ കൈ മാറണം എന്ന സമദിന്റെ അഭ്യർത്ഥന മമ്മൂക്കയും സ്വീകരിച്ചപ്പോൾ, ശ്രുതിയുടെ കണ്ണും മനസ്സും ഒരുപോലെ ഈറനനിയുന്നുണ്ടായിരുന്നു.!

Tags:
  • Spotlight