Wednesday 29 August 2018 04:53 PM IST

‘എന്റെ രോഗം അന്നേ പ്രവചിക്കപ്പെട്ടിരുന്നു...’; വൈത്തീശ്വരൻ കോവിലിലെ നാഡീജ്യോതിഷത്തിന്റെ അനുഭവം പങ്കുവച്ച് മംമ്ത

Sujith P Nair

Sub Editor

mamtha-mohandas-in ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

ജീവിതത്തിൽ ഇതുവരെ ഒരുപാട് പ്രതിസന്ധികളിലൂടെയാണ് നടി മംമ്ത മോഹൻദാസ് കടന്നുപോയത്. അതിജീവനത്തിന്റെ കഥ വനിതയോട് പങ്കുവയ്ക്കുകയാണ് മംമ്ത.

"രോഗം കണ്ടെത്തിയ ആദ്യ നാളുകളില്‍ ആറു മാസത്തെ ചികിത്സ കൊണ്ട് എല്ലാം പഴയപടിയാകും എന്നായിരുന്നു ചിന്ത. രണ്ടാമതും രോഗം വന്നതോടെ തളർന്നു. ഒരുപാട് വേദനകള്‍. മംമ്ത ബോൾഡാണെന്നൊക്കെ എല്ലാവരും പറയുമായിരിക്കും. പക്ഷേ, വേദനിക്കുന്ന ഒരു മുഖവും എനിക്കുണ്ട്. അതു കാണിക്കാൻ ആഗ്രഹിക്കുന്നില്ലെന്നു മാത്രം.

ഞാൻ ഒറ്റ മകളാണ്. ചേട്ടനോ അനുജത്തിയോ ഉണ്ടായിരുന്നെങ്കിൽ ചിലപ്പോൾ കുറച്ചു കൂടി തളർച്ച പ്രകടിപ്പിക്കുമായിരുന്നു. വിഷമം വരുമ്പോൾ കാറെടുത്ത് ലോങ് ഡ്രൈവിന് പോകും. യാത്രകൾ സുഹൃത്തുക്കളുമായി പോകാറില്ല. അമ്മയാണ് പിന്നെയുള്ള കമ്പനി.
അമ്മ ഗംഗയും ഒരുപാട് വേദനകൾ അതിജീവിച്ച ആളാണ്. ബഹ്റൈനിൽ വച്ച് അമ്മയ്ക്ക് മെനിഞ്ചൈറ്റിസിന് പ്രതിരോധ കുത്തിവയ്പ്പ് എടുത്തിരുന്നു. നാട്ടിൽ വന്നു പരിശോധിച്ചപ്പോഴാണ് ഗര്‍ഭിണിയായിരുന്നു എന്നറിയുന്നത്. അങ്ങനെ അത് അലസിപ്പോയി. ഇതു കൂടാതെ രണ്ടുതവണ കൂടി ഗര്‍ഭം അലസിയിട്ടുണ്ട്.

ഒരിക്കൽ ഗർഭപാത്രത്തിനു സമീപം ഒരു മുഴ കണ്ടെത്തി. അച്ഛനും അമ്മയും വല്ലാത്ത വിഷമത്തിലായി. എനിക്കന്ന് ഏഴു വയസ്സേയുള്ളൂ. ചെന്നൈയിലുള്ള ബന്ധുവാണ് കുംഭ കോണത്തെ വൈത്തീശ്വരൻ കോവിലിനെക്കുറിച്ച് പറഞ്ഞത്. അവിടെ നാഡീജ്യോതിഷം േനാക്കിയാല്‍ ജന്മരഹസ്യങ്ങൾ അറിയാൻ കഴിയുമെന്ന് കേട്ടപ്പോൾ വിശ്വാസമുണ്ടായിരുന്നില്ല. എങ്കിലും കൈരേഖ അയച്ചുകൊടുത്തു. രണ്ടുമാസത്തിനുള്ളില്‍ അമ്മയെ സംബന്ധിക്കുന്ന ഓല കണ്ടെത്തി, പ്രവചനങ്ങളെല്ലാം മൂന്നു കസെറ്റുകളിലായി റിക്കോർഡ് ചെയ്ത് അയച്ചുതന്നു.

ആദ്യ കസറ്റിൽ അമ്മയുടെ മുൻജന്മത്തെക്കുറിച്ചായിരുന്നു. ഈ ജന്മത്തെക്കുറിച്ചു പറയുന്ന രണ്ടാമത്തെ കസെറ്റിന്റെ തുടക്കത്തിൽ തന്നെയുണ്ട് ഒരു നദിയുടെ പേരാകും അമ്മയ്ക്കെന്ന്. പിന്നെ, പറഞ്ഞിട്ടുള്ളതെല്ലാം അന്നുവരെ ജീവിച്ച ജീവിതം വിഡിയോയിൽ കാണുന്നതു പോലെ. ഗർഭം അലസുന്നതടക്കമുള്ള കാര്യങ്ങൾ അതിലുണ്ടായിരുന്നു. ആധുനിക ചികിത്സകളിലൂെട അമ്മയുടെ രോഗം മാറുമെന്നും.

കസറ്റില്‍ മക്കളെ കുറിച്ചു പറയുന്ന ഭാഗം വളരെ താൽപര്യത്തോെടയാണ് അമ്മ േകട്ടു തുടങ്ങിയത്. പക്ഷേ, ‘അമ്മയ്ക്ക് വന്ന അതേ പേരിലുള്ള രോഗം മകൾക്കും വരും’ എന്ന് കേട്ടതോടെ ടേപ്പ് റെക്കോർഡർ ഓഫ് ചെയ്ത് അമ്മ കരച്ചിൽ തുടങ്ങി. ബന്ധുക്കള്‍ ഒരുപാടു സാന്ത്വനിപ്പിച്ച േശഷമാണ് ബാക്കി േകട്ടത്. മകൾ സുന്ദരി ആയിരിക്കുമെന്നും പഠിച്ചു കൊണ്ടിരിക്കുന്ന വിഷയത്തിൽ നിന്ന് അപ്രതീക്ഷിതമായി മാറി മറ്റൊരു മേഖലയിൽ കീർത്തി നേടുമെന്നും അതിൽ പറഞ്ഞിരുന്നു. നാട്ടിൽ അവധിക്കു വന്ന ഞാൻ കൗതുകത്തിനാണ് ‘മയൂഖ’ത്തിന്റെ ഓഡിഷനിൽ പങ്കെടുത്തതും അഭിനയിച്ചു തുടങ്ങിയതും."
- മംമ്ത പറയുന്നു. (ഞങ്ങൾ ഗ്രാൻഡ് പേരന്റ്സ് ആകും എന്നും അതിൽ പറഞ്ഞിരുന്നു, കേട്ടോ... അടുത്ത് എല്ലാം കേട്ടിരുന്ന മംമ്തയുടെ അമ്മ ഗംഗ രഹസ്യം പങ്കുവയ്ക്കും മട്ടിൽ കൂട്ടിച്ചേർത്തു.)

അഭിമുഖം പൂർണ്ണമായും വായിക്കാൻ ലോഗിൻ ചെയ്യൂ...