Friday 14 August 2020 03:06 PM IST : By സ്വന്തം ലേഖകൻ

കുടവയർ കൊണ്ട് ഗുണമുണ്ട്! കുഴൽ കിണറിൽ വീഴാതെ യുവാവിന് അദ്ഭുതരക്ഷ; സംഭവമിങ്ങനെ

well

കുടവയറു കൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ എന്ന് ചോദിച്ചാൽ ‘ഇല്ലേയില്ല’ എന്നായിരിക്കും എല്ലാവരും ഒറ്റ ശ്വാസത്തിൽ മറുപടി നൽകുന്നത്. തടി അൽപമൊന്ന് പിടിവിട്ടാൽ നാലുഭാഗത്തു നിന്നും ബോഡി ഷെയ്മിങ്ങിൽ ചാലിച്ച പരിഹാസമെത്തും. പുതിയ കാലത്ത് തടി അത്ര നല്ല കാര്യമല്ല എന്ന് ചുരുക്കം. പക്ഷേ ഇവിടെയിതാ തടിയുള്ളത് കൊണ്ട് മാത്രം രക്ഷപ്പെട്ട കഥയാണ് ചൈനയിലെ ലിയു എന്ന യുവാവിന് പറയാനുള്ളത്.

ഇത്തിരി ഭാഗ്യവും ഇത്തിരി തടിയും സമം ചേർന്നപ്പോൾ ലിയു രക്ഷപ്പെട്ട കഥയാണ് ഇനി പറയാൻ പോകുന്നത്. വീട്ടിലെ വെള്ളമില്ലാത്ത കിണർ തടിയും മറ്റ് വസ്തുക്കളും ഉപയോഗിച്ച് മറയ്ക്കാൻ ശ്രമിക്കുന്നതിന്റെ ഇടയിലാണ് ലിയു കിണറ്റിലേക്ക് കാലുതെറ്റി വീഴുന്നത്.എന്നാൽ വയറിന്റെ വലുപ്പം മൂലം ശരീരത്തിന്റെ പകുതി ഭാഗം മാത്രമാണ് കിണറ്റിലായത്. ലിയുവിന്റെ വലിയ വയർ കിണറിൽ വീഴുന്നതിൽ നിന്ന് തടഞ്ഞു നിർത്തുകയായിരുന്നു.

കിണറിന്റെ മേൽഭാഗത്ത് സ്റ്റോപ്പിട്ട് നിന്ന ലിയുവിനെ അഗ്നിശമന സേന എത്തി കയർ ഉപയോഗിച്ച് പുറത്തെടുക്കുകയായിരുന്നു. കൈയ്യും കെട്ടി അക്ഷമനായിരിക്കുന്ന ലിയുവിന്റെ ദൃശ്യങ്ങൾ രക്ഷാപ്രവർത്തകർ പുറത്തുവിട്ടിരുന്നു. പരുക്കൊന്നുമില്ലാതെയാണ് ലിയു രക്ഷപെട്ടത്. ലിയുവിന് 226 കിലോ ഭാരമുമുണ്ട്. കുഴൽ കിണറിനുള്ളിലേക്ക് വീഴാൻ കഴിയാത്തവിധം തടിയുള്ളതിനാൽ മാത്രമാണ് അദ്ദേഹം രക്ഷപ്പെട്ടതെന്ന് അവർ പറഞ്ഞു.