Wednesday 20 February 2019 04:44 PM IST : By സ്വന്തം ലേഖകൻ

വീര ജവാന്മാരുടെ പേരുകൾ ശരീരത്തിൽ കോറിയിട്ട് ഒരു യുവാവ്; വേറിട്ട ആദരത്തിന് സൈബർ ലോകത്ത് കയ്യടി!

jawan-names21

പുൽവാമ ഭീകരാക്രമണത്തിൽ രക്തസാക്ഷികളായ വീര ജവാൻമാരുടെ പേരുകൾ ശരീരത്തിൽ കോറിയിട്ട് ഒരു യുവാവ്. ഈ വേറിട്ട ആദരത്തിന് നിറഞ്ഞ കയ്യടിയാണ് സോഷ്യൽ മീഡിയയിൽ. രാജസ്ഥാനിലെ ഗോപാൽ സഹരൺ എന്ന യുവാവാണ് കൊല്ലപ്പെട്ട ജവാൻമാരുടെ പേരും ദേശീയ പതാകയും മുതുകിൽ പച്ചകുത്തി ആദരം അർപ്പിച്ചത്. 

പുൽവാമയിൽ വീരമൃത്യു വരിച്ച 40 ജവാൻമാരുടെ പേരിനൊപ്പം രാജ്യത്തിനായി ജീവൻ കൊടുത്ത 31 സൈനികരുടെ പേരുകളും ഇദ്ദേഹം ശരീരത്തിൽ എഴുതിയിട്ടു. രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്ന് ജവാൻമാർക്കും കുടുംബത്തിന് എല്ലാ സഹായ സഹകരണങ്ങളും  വാഗ്ദാനം ചെയ്തുകൊണ്ട് നിരവധിപേർ മുന്നോട്ടുവന്നു.

കഴിഞ്ഞ ദിവസം ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്കിന് തെളിവില്ലെന്ന് വാദിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ രംഗത്തുവന്നത് രാജ്യത്തിനകത്ത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇന്ത്യ ആക്രമിച്ചാൽ തിരിച്ചടിക്കാൻ മടിക്കില്ലെന്നും പാക് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ കശ്മീരില്‍ തോക്കെടുക്കുന്നവരെ തുടച്ചുനീക്കുമെന്ന്  ഭീകരര്‍ക്ക് ഇന്ത്യൻ സൈന്യവും അന്ത്യശാസനം നൽകി. ഇക്കാര്യത്തില്‍ ഒരു ദയയും പ്രതീക്ഷിക്കേണ്ടെന്നും സൈന്യം വ്യക്തമാക്കി.