Saturday 31 July 2021 04:34 PM IST : By സ്വന്തം ലേഖകൻ

കൊല്ലപ്പെടും മുമ്പ് മാനസ പറഞ്ഞ വാചകം, നിര്‍ണായകമായി രണ്ട് മൊബൈല്‍ ഫോണും

manasa-final-word

പ്രണയപ്പകയുടെ പേരില്‍ കൊല്ലപ്പെട്ട ഡെന്റല്‍ ഡോക്ടര്‍ മാനസയുടെ 2 മൊബൈല്‍ ഫോണുകള്‍ കേസന്വേഷണത്തില്‍ നിര്‍ണായകമാകുമെന്ന് അന്വേഷണ സംഘം പറഞ്ഞു. ഇരയും കൊലയാളിയും മരിച്ചതോടെ ഇവര്‍ തമ്മിലുള്ള അടുപ്പത്തിന്റെയും പകയുടെയും വിവരങ്ങള്‍ ഈ ഫോണുകളില്‍ കണ്ടെത്താന്‍ കഴിയുമെന്നാണു അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. 

ഒരേ ജില്ലക്കാരാണെങ്കിലും സമൂഹമാധ്യമം വഴിയാണ് ഇരുവരും പരിചയപ്പെട്ടതെന്നാണു നിഗമനം. ഇന്‍സ്റ്റഗ്രാം വഴിയാണ് ഇരുവരും സൗഹൃദത്തിലാകുന്നതും അടുക്കുന്നതും. ഇരുകൂട്ടരുടെയും മാതാപിതാക്കളുടെയും ബന്ധുക്കളുടെയും മൊഴിയെടുക്കുന്നതോടെ കേസന്വേഷണത്തിനു കൂടുതല്‍ വ്യക്തത ലഭിക്കും. മാനസ താമസിച്ചിരുന്ന വാടകവീടിനു സമീപം ഒരു മാസത്തോളം തങ്ങിയ രഖില്‍ ഇതിനിടയില്‍ മാനസയെ ഫോണില്‍ ബന്ധപ്പെട്ടു സംസാരിക്കാന്‍ ശ്രമിച്ചിട്ടുണ്ടാവുമെന്നാണു പൊലീസ് കരുതുന്നത്.

വെള്ളിയാഴ്ച, ഉച്ചയ്ക്കു മൂന്നുമണിയോടെ പെണ്‍കുട്ടികള്‍ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതിനിടെയാണ് രാഖില്‍ വീട്ടിലെത്തിയതെന്ന് ഇവര്‍ക്കൊപ്പമുണ്ടായിരുന്ന യുവതികള്‍ പറയുന്നു. ഇയാളെന്തിനാണ് ഇവിടെ വന്നത് എന്നു ചോദിച്ച് എഴുന്നേറ്റ മാനസയെ കയ്യില്‍ പിടിച്ചു ബലമായി ഒരു മുറിയിലേയ്ക്കു കൂട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തുകയായിരുന്നു. 

ഒരു പക്ഷേ, രഖില്‍ തന്നെ നിരീക്ഷിച്ചു തൊട്ടടുത്തു തന്നെ താമസമുണ്ടെന്ന വിവരം മാനസ അറിഞ്ഞിരിക്കാന്‍ വഴിയില്ല. കൊല്ലപ്പെടും മുന്‍പു രാഖിലിനെ കണ്ടപാടെ 'ഇയാള്‍ എന്താണ് ഇവിടെ?' എന്നു ചോദിച്ചത് അതുകൊണ്ടാവാമെന്നു പൊലീസ് കരുതുന്നു.

മുറിയില്‍ നിന്നു ബഹളം കേട്ട് കൂടെയുണ്ടായിരുന്ന കുട്ടികള്‍ മുറിയിലേയ്ക്കു ചെല്ലുമ്പോഴേയ്ക്കും വെടിവച്ചിരുന്നു. ശബ്ദം കേട്ട് എല്ലാവരും ബഹളം വച്ചതോടെ അടുത്ത വെടിയും മുഴങ്ങി. കതക് തുറന്ന് അകത്തു ചെല്ലുമ്പോള്‍ രണ്ടു പേരും വെടിയേറ്റു വീണു കിടക്കുകയായിരുന്നു. ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നു പൊലീസ് പറയുന്നു.