Wednesday 13 November 2019 06:52 PM IST : By സ്വന്തം ലേഖകൻ

അന്ന് ‘മച്ചിപ്പശുവെന്ന്’ വിളിച്ചു; ഇരട്ടക്കുട്ടികളായപ്പോഴും പരിഹാസം; സഹികെട്ട് നാടുവിട്ടു

mangayamma

മങ്കയമ്മയെ അറിയില്ലേ? കൃത്രിമ ഗർഭധാരണത്തിലൂടെ 74–ാം വയസ്സിൽ ഇരട്ട പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ ആന്ധ്ര സ്വദേശിനി. 56 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് മങ്കയമ്മ– രാജാറാവു ദമ്പതികളെത്തേടി ഇരട്ട സൗഭാഗ്യമെത്തിയത്. ഗുണ്ടൂരിലെ അഹല്യ നഴ്സിങ് ഹോമിൽ സിസേറിയനിലൂടെ ആ കുഞ്ഞുങ്ങൾ എത്തിയപ്പോൾ സന്തോഷവാർത്ത ഏവരും ഹൃദയം കൊണ്ടേറ്റെടുത്തു. തീർന്നില്ല കഥ, ലോകത്തിലെ ഏറ്റവും പ്രായം കൂടിയ അമ്മയെന്ന റെക്കോർഡും മങ്കയമ്മയെ തേടിവന്നു. 

ഒരു കുഞ്ഞിക്കാലിനു വേണ്ടി നോമ്പു നോറ്റുള്ള കാത്തിരിപ്പിനൊടുവിൽ പരിഹാസത്തിന്റെ കയ്പുനീർ ഏറെ കുടിക്കേണ്ടി വന്നിട്ടുണ്ട് ഈ വൃദ്ധ ദമ്പതികൾക്ക്. മച്ചിപ്പശുവെന്നാണ് മങ്കയമ്മയെ പരിഹസിച്ച് വിളിച്ചിരുന്നത്. മാത്രമല്ല, കുടുംബത്തിലെയോ ഗ്രാമത്തിലെയോ ഒരു ആഘോഷങ്ങൾക്കും ഇവരെ പങ്കെടുപ്പിച്ചിരുന്നുമില്ല. കുഞ്ഞുങ്ങൾ ഇല്ലാത്തതിന്റെ പേരിലുള്ള പരിഹാസം ഇരട്ടക്കുഞ്ഞുങ്ങളുടെ വരവോടെ അവസാനിക്കുമെന്നാണ് കരുതിയത്. പക്ഷേ സംഭവിച്ചതോ മറിച്ചും. കുറ്റപ്പെടുത്തലുകൾക്കും കുത്തുവാക്കുകൾക്കും പകരം കേട്ടാലറയ്ക്കുന്ന കളിയാക്കലുകളെത്തി. ഇപ്പോഴിതാ താങ്ങാനാകാതെ ദമ്പതികൾ ഗ്രാമം വിട്ടു എന്നാണ് ദ വീക്കിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്.

ഐവിഎഫ് ചികിത്സയ്ക്ക് മുൻപ് രാജ റാവു കൃഷി ഭൂമി വിറ്റിരുന്നു. ഇരുവരും ആരോടും പറയാതെ ചികിൽസ തേടിയ സ്വകാര്യ ആശുപത്രിക്ക് സമീപത്തുള്ള ഒരു ബന്ധുവിന്റെ വീട്ടിലാണ് താമസിച്ചത്. കുഞ്ഞുങ്ങൾ ജനിച്ച വിവരം ടിവിയിലൂടെയാണ് ഗ്രാമവാസികൾ അറിഞ്ഞത്. അതേ തുടർന്ന് ഈ പ്രായത്തിൽ കുഞ്ഞ് ജനിച്ചാൽ എങ്ങനെ നോക്കും? നിങ്ങൾക്ക് അതിനുള്ള ആയുസും ആരോഗ്യവുമുണ്ടാകുമോ? തുടങ്ങിയ ചോദ്യങ്ങൾ ദമ്പതികളെ തേടിയെത്തി.

ഇതോടെ ഇവർ തിരികെ ഗ്രാമത്തിലേക്ക് വരാനുള്ള തീരുമാനം ഉപേക്ഷിക്കുകയായിരുന്നു. കുഞ്ഞുങ്ങൾ പിറന്ന ശേഷം ഒരു തവണ ഗ്രാമവാസികളിൽ ഒരാൾ രാജ റാവുവിനെ കൃഷിയിടത്തിൽ കണ്ടിരുന്നു. കുഞ്ഞുങ്ങൾക്ക് സുഖമാണോയെന്ന് ചോദിച്ചപ്പോൾ ഒറ്റവാക്കിൽ ഉത്തരം നൽകി രാജ റാവു അവിടെ നിന്നും പോയി. തുടർന്ന് ആർക്കും ഇവരെക്കുറിച്ച് യാതൊരു വിവരവുമില്ല.

പ്രായാധിക്യമുള്ള സ്ത്രീയ്ക്ക് ഐവിഎഫ് നടത്തിയതിനെത്തുടർന്ന് ആശുപത്രിക്ക് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ശാസന ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ ആശുപത്രി അധികൃതരും ഇവരെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുപറയാൻ കൂട്ടാക്കുന്നില്ല. ആരുടെയും ഇടപെടലില്ലാതെ കുഞ്ഞുങ്ങളെ വളർത്താനായിരിക്കും അവർ നാടുവിട്ടതെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.