Saturday 22 October 2022 11:45 AM IST : By സ്വന്തം ലേഖകൻ

കഞ്ഞി വിറ്റാണ് മണിച്ചന്റെ തുടക്കം, പിന്നെ കള്ള്; കോടീശ്വരനായി ജയിലിലെത്തി, മടങ്ങുമ്പോൾ കയ്യിലുള്ളത് 4500 രൂപ മാത്രം! സിനിമയെ വെല്ലുന്ന ജീവിതം

manichan76556778

മുപ്പത്തിയൊന്നു പേരുടെ മരണത്തിനിടയാക്കിയ കല്ലുവാതുക്കൽ മദ്യദുരന്തത്തിന്റെ കേസിൽ 22 വർഷത്തെ ജയിൽ വാസത്തിനു ശേഷം പ്രതി മണിച്ചൻ (66) മോചിതനായി. ചിറയിൻകീഴ് കൂന്തള്ളൂർ പട്ടരു മഠത്തിൽ മണിച്ചൻ സുപ്രീം കോടതി ഉത്തരവിനെത്തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് നെയ്യാറിനടുത്ത് നെട്ടുകാൽത്തേരി തുറന്ന ജയിലിൽ നിന്നാണ് പുറത്തിറങ്ങിയത്.

മകനും സഹോദരനും എസ്എൻഡിപി യോഗം ഭാരവാഹികളും അദ്ദേഹത്തെ കൊണ്ടുപോകാൻ എത്തി. കേസ് പരിഗണിച്ച കീഴ്ക്കോടതി വിധികളുടെ അടിസ്ഥാനത്തിൽ മണിച്ചൻ 30.45 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരുന്നെങ്കിലും പിഴ ഈടാക്കാതെ അടിയന്തരമായി മോചിപ്പിക്കാൻ 3 ദിവസം മുൻപ് കോടതി ഉത്തരവു നൽകുകയായിരുന്നു.

മണിച്ചനൊപ്പം ശിക്ഷ അനുഭവിച്ചിരുന്ന സഹോദരങ്ങൾ 6 മാസം മുൻപേ മോചിതരായി. മോചന ഉത്തരവ് വ്യാഴം രാത്രി എട്ടരയോടെ ജയിലിൽ ലഭിച്ചു. ഇന്നലെ രാവിലെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി. കേരളത്തെ ഞെട്ടിച്ച കല്ലുവാതുക്കൽ വിഷമദ്യദുരന്തം 2000 ഒക്ടോബർ 21 ന് ആയിരുന്നു. മണിച്ചൻ ജയിൽ മോചിതനാകുന്നതും വീണ്ടുമൊരു ഒക്ടോബർ 21 ന്.

മണിച്ചൻ നൽകിയ ചാരായം കൊല്ലം കല്ലുവാതുക്കൽ സ്വദേശിനി ഹയറുന്നീസയാണ് വിൽപന നടത്തിയത്. അത് 31 പേരുടെ മരണത്തിനിടയാക്കി. 6 പേർക്കു കാഴ്ച നഷ്ടമായി. അഞ്ഞൂറിലേറെ പേർ ചികിത്സ തേടി. ഹയറുന്നീസ, മണിച്ചന്റെ സഹോദരന്മാരായ കൊച്ചനിയൻ, വിനോദ് എന്നിവരുൾപ്പെടെ 26 പ്രതികളെ കോടതി ശിക്ഷിച്ചു. മണിച്ചനടക്കം 13 പേർക്ക് ജീവപര്യന്തം ശിക്ഷയാണ് നൽകിയത്. മണിച്ചന് 43 വർഷത്തെ തടവുകൂടി വിധിച്ചെങ്കിലും പിന്നീട് ഇളവുനൽകി. 2008 ൽ മണിച്ചന്റെ ഭാര്യ ഉഷയെയും ബന്ധുവിനെയും 10 വർഷത്തെ കഠിനതടവിനു വിധിച്ചത് ഹൈക്കോടതി സ്റ്റേ ചെയ്തു. 2009 ൽ ഹയറുന്നീസ കരൾരോഗം പിടിപെട്ടു മരിച്ചു. മണിച്ചനു ശിക്ഷായിളവു നൽകാൻ 2017 ൽ സർക്കാർ നീക്കം നടത്തിയെങ്കിലും ഉപേക്ഷിച്ചു.

2020 ൽ മണിച്ചനെ വിട്ടയയ്ക്കാനുള്ള സർക്കാരിന്റെ ശുപാർശ ഗവർണർ അംഗീകരിച്ചതോടെയാണ് മോചനം സാധ്യമായത്. നഷ്ടപരിഹാരത്തുക കെട്ടിവയ്ക്കാൻ വൈകിയതോടെ മോചനം പിന്നെയും വൈകി. പണമടച്ചില്ലെങ്കിൽ 22 വർഷവും 9 മാസവും കൂടി ജയിലിൽ തുടരണമെന്ന നിലപാടും സർക്കാർ സ്വീകരിച്ചു. ഈ തുക ദുരന്തത്തിലെ ഇരകൾക്കു നൽകാനാകുമെന്നും സർക്കാർ വാദിച്ചു. ഭീമമായ തുക കെട്ടിവയ്ക്കാനാകില്ലെന്നു കാണിച്ച് മണിച്ചന്റെ ഭാര്യ സുപ്രീംകോടതിയെ സമീപിച്ചു. തുക ഒഴിവാക്കി മോചനം നൽകാൻ കോടതി നിർദേശം നൽകുകയായിരുന്നു.

തഴച്ചുവളർന്നത് സർക്കാർ തണലിൽ

ഹയറുന്നീസയുടെ വാറ്റുകേന്ദ്രത്തിൽ നിന്നുള്ള മദ്യം കഴിച്ചവരാണ് മരിച്ചത്. മണിച്ചനാണ് ഹയറുന്നീസയ്ക്ക് ചാരായം എത്തിക്കുന്നതെന്നു കണ്ടെത്തിയതോടെ അന്വേഷണം പൂർണമായും മണിച്ചനു നേർക്കായി. ഭൂഗർഭ അറകളിലായിരുന്നു വ്യാജമദ്യം സൂക്ഷിച്ചത്. സ്പിരിറ്റിൽ മീഥൈൽ ആൽക്കഹോൾ കലർത്തി വിതരണം ചെയ്തതാണ് ദുരന്തത്തിനു കാരണമായത്. വാറ്റുകേന്ദ്രം നടത്തിയ ഹയറുന്നീസയും കൂട്ടാളികളും പൊലീസിന്റെ പിടിയിലായി.

manichan11

വ്യാജ വാറ്റുകേന്ദ്രത്തിന് രാഷ്ട്രീയ സഹായമുണ്ടായിരുന്നുവെന്ന ഹയറുന്നീസയുടെ വെളിപ്പെടുത്തൽ കൂടി വന്നതോടെ അന്നത്തെ ഇടതു സർക്കാർ പ്രതിക്കൂട്ടിലായി. 20 പേരുകളാണ് ഡയറിയിലുണ്ടായിരുന്നത്. ‍ഈ പേരുകൾ പുറത്തു വന്നതോടെ മണിച്ചൻ എന്ന അബ്കാരി തഴച്ചു വളർന്നത് സർക്കാർ തണലിലായിരുന്നുവെന്നു സമൂഹം തിരിച്ചറിഞ്ഞു. മണിച്ചനിൽ നിന്നു കാശു വാങ്ങിയെന്ന് ആരോപിക്കപ്പെട്ട രാഷ്ട്രീയ നേതാക്കളിൽ നിന്നു മോഹൻകുമാർ കമ്മിഷൻ സത്യവാങ്മൂലം വാങ്ങിയിരുന്നു.

മൂന്നു പേർക്കെതിരെ മാത്രമാണ് ഗുരുതര ആരോപണം ഉയർന്നത്. പണം വാങ്ങിയതായി ഇവർ കമ്മിഷനോടു സമ്മതിച്ചു. നേതാക്കൾക്കെതിരെ കമ്മിഷൻ നടപടിക്കു ശുപാർശ ചെയ്തെങ്കിലും അതു ഫയലിലൊതുങ്ങി. റിപ്പോർട്ടിൽ പരാമർശിച്ച രാഷ്ട്രീയ നേതാക്കൾക്കും ഉദ്യോഗസ്ഥർക്കുമെതിരെ സർക്കാർ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു

നന്ദി, ദൈവത്തിനും പരമോന്നത കോടതിക്കും

ഇന്നലെ  രാവിലെ പതിനൊന്നരയോടെ  മകൻ പ്രവീണും സഹോദരൻ കൊച്ചനിയനും എസ്എൻഡിപി യോഗം ചിറയിൻകീഴ് താലൂക്ക് യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴിയുമാണ് ജയിലിൽ നിന്നു മണിച്ചനെ കൊണ്ടുപോകാനെത്തിയത്.  മണിച്ചന്റെ മറ്റൊരു സഹോദരൻ സുനിൽദത്ത്, എസ്എൻഡിപി യോഗം ചിറയിൻകീഴ് താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, യോഗം ഡയറക്ടർ അഴൂർ ബിജു, യൂണിയൻ കൗൺസിലർ ഡി. ചിത്രാംഗദൻ, എസ്.എൻ.ട്രസ്റ്റ് ബോർഡ് അംഗം ബൈജു തോന്നയ്ക്കൽ എന്നിവരുടെ നേതൃത്വത്തിൽ 12 മണിയോടെ ജയിൽ ഗേറ്റിനു മുന്നിലെത്തിയ മണിച്ചനെ മഞ്ഞ ഷാൾ അണിയിച്ച് സ്വീകരിച്ചു. 

‘ഒന്നും പ്രതികരിക്കാനില്ലെന്ന്’ ചുറ്റും കൂടിയ മാധ്യമ പ്രവർത്തകരോട് പറഞ്ഞ് എസ്എൻഡിപി യോഗത്തിന്റെ ഔദ്യോഗിക വാഹനത്തിൽ കയറുകയായിരുന്നു. ചുറ്റും കൂടിയ മാധ്യമ പ്രവർത്തകർ പ്രതികരണത്തിനായി നിർബന്ധിച്ചപ്പോൾ ‘മോചനം സാധ്യമാക്കിയ ദൈവത്തിനും പരമോന്നത കോടതിയ്ക്കും നന്ദി’എന്നു മാത്രം പറഞ്ഞു. തുടർന്ന് കൂന്തള്ളൂരിലെ വീട്ടിലേക്ക് തിരിച്ചു.

മാധ്യമങ്ങളോട് പ്രതികരിക്കാത്തതിനു പിന്നിൽ  മോചന ഉത്തരവിൽ പറഞ്ഞിരിക്കുന്ന 4 കൊല്ലത്തെ നല്ലനടപ്പ് നിർദേശമാണെന്ന് സൂചനയുണ്ട്. അതേസമയം. 22 കൊല്ലം ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ നല്ലനടപ്പ് എന്ന വ്യവസ്ഥ ഉണ്ടാകാറില്ലെന്ന് അഭിഭാഷകർ ചൂണ്ടിക്കാട്ടി. മണിച്ചന്റെ കാര്യത്തിൽ ഈ വ്യവസ്ഥ വന്നത് സർക്കാർ ആവശ്യപ്പെട്ടതിനാലാണ്.  ഈ വ്യവസ്ഥ മാറ്റാൻ കോടതിയെ സമീപിച്ചേക്കുമെന്നറിയുന്നു.

ആദ്യം കഞ്ഞി, പിന്നെ കള്ള് !

കഞ്ഞി വിറ്റാണ് മണിച്ചന്റെ തുടക്കം. കുറെക്കാലം അതു തുടർന്നു. പിന്നീട് കള്ളുകച്ചവടത്തിലേക്കു മാറി. ചിറയിൻകീഴ് താലൂക്ക് ആശുപത്രിക്കു മുന്നിലായിരുന്നു കഞ്ഞിക്കട.  ഇതിനിടയിലാണ് പ്രദേശത്തെ ഏതാനും അബ്കാരികളുമായി ബന്ധമുണ്ടാകുന്നത്. അതിന്റെ ബലത്തിൽ ശാർക്കരയിലെ കള്ളുഷാപ്പ് ലേലത്തിൽ പിടിച്ചു. ലഹരി കൂടിയ സ്പിരിറ്റ് കള്ളിന്റെ മറവിൽ വിൽക്കാൻ ആരംഭിച്ചതോടെ കച്ചവടവും സമ്പാദ്യവും കൊഴുത്തു. ഷാപ്പുകളുടെ എണ്ണം വർധിച്ചു. രാഷ്ട്രീയ നേതാക്കളും പൊലീസ്–എക്സൈസ് ഉദ്യോഗസ്ഥരും സൗഹൃദത്തിലായി.

സഹോദരന്മാരും കച്ചവടത്തിൽ പങ്കാളികളായി. അതോടെ ജില്ല മുഴുവൻ കച്ചവടം വ്യാപിപ്പിച്ചു. പ്രദേശത്തെ ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾ ഏറ്റെടുത്തു നടത്തിയിരുന്ന മണിച്ചന്റെ സഞ്ചാരം പിന്നെ ആഡംബര വാഹനങ്ങളിലായിരുന്നു. ഭൂമിയും കെട്ടിടങ്ങളും വാങ്ങിക്കൂട്ടി.ജില്ലയിലെ സ്പിരിറ്റ് വിതരണം കൈപ്പിടിയിലായതോടെ മണിച്ചൻ ചോദ്യം ചെയ്യാനാകാത്ത വിധം വളർന്നു. മദ്യദുരന്തത്തോടെ പതനം. ഉദ്യോഗസ്ഥ– രാഷ്ട്രീയ സൗഹൃദങ്ങൾ അകന്നു. സ്വത്തെല്ലാം നഷ്ടമായി. കൂന്തള്ളൂരിൽ പണിത ഇരുനില വീട് ഇപ്പോൾ കാടുപിടിച്ച നിലയിലാണ്. ഇതിനടുത്തുള്ള ചെറിയൊരു വീട്ടിലാണ് താമസം.

ആറ്റിങ്ങലിൽ സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപം മണിച്ചന്റെ ഭാര്യയുടെ സഹോദരിയുടെ മകൾ പഴക്കട നടത്തിയിരുന്നു. മണിച്ചന്റെ ഭാര്യ ഇതിനോടു ചേർന്ന് മത്സ്യക്കച്ചവടം നടത്തിയെങ്കിലും പിന്നീടു വേണ്ടെന്നു വച്ചു. സഹോദരൻമാരിലൊരാൾ ആറ്റിങ്ങൽ ഐടിഐക്കു സമീപം തട്ടുകട നടത്തിയെങ്കിലും പിന്നീടത് ഉപേക്ഷിച്ചു. മകൻ ചെറിയ രീതിയിൽ കേറ്ററിങ് തൊഴിൽ നടത്തിയിരുന്നെങ്കിലും വിജയിച്ചില്ല. മറ്റൊരു സഹോദരൻ ചിറയിൻകീഴിൽ മിനി സൂപ്പർമാർക്കറ്റ് ആരംഭിച്ചെങ്കിലും അതും പൂട്ടി. ഇപ്പോൾ നിർമാണ മേഖലയിൽ കരാർ ജോലികൾ ഏറ്റെടുത്തു നടത്തുകയാണ്. മണിച്ചന്റെ കുടുംബം ഇപ്പോഴും സാമ്പത്തിക പ്രതിസന്ധിയിലാണ്. 

manichan-1.jpg.image.845.440

മടങ്ങുമ്പോൾ 4500 രൂപ മാത്രം

കോടീശ്വരനായി ജയിലിലെത്തിയ മണിച്ചൻ അവിടെ നിന്നു മടങ്ങുമ്പോൾ കയ്യിൽ സ്വന്തമായുള്ളത് 4500 രൂപ മാത്രം. ജയിലിൽ വിവിധ തൊഴിലുകൾ ചെയ്തതിനുള്ള പ്രതിഫലമാണിത്.  ഇടതു സർക്കാരിന്റെ കാലത്താണ് മണിച്ചൻ ജയിലിലെത്തുന്നത്. മോചിതനാകുന്നതും മറ്റൊരു ഇടതു സർക്കാർ ഭരിക്കുമ്പോൾ! ജയിലിൽ വരുമ്പോൾ ആഡംബര വാഹനങ്ങൾ ഉൾപ്പെടെ കോടികളുടെ ആസ്തിയുണ്ടായിരുന്നു മണിച്ചന്.

ഇനിയുള്ള കാലം കൃഷി ചെയ്തു കഴിയാനാണു താൽപര്യമെന്ന് മണിച്ചൻ ജയിൽ അധികൃതരോടു പറഞ്ഞു. മണിച്ചൻ ജയിൽ വളപ്പിലെ വാഴയും കപ്പയും ചീരയുമെല്ലാം പരിപാലിച്ചിരുന്നു. സെൻട്രൽ ജയിലിലായിരുന്ന മണിച്ചനെ നല്ലനടപ്പിനെത്തുടർന്നാണ് തുറന്ന ജയിലേക്കു മാറ്റിയത്. കേസിൽ പെടുന്നതിനു മുൻപ് മണിച്ചൻ വീടിനടുത്ത് കോഴി ഫാം നടത്തിയിരുന്നു.

നേതാക്കളെ പ്രതിക്കൂട്ടിലാക്കിയ മാസപ്പടി ഡയറി

മണിച്ചന്റെ ഗോഡൗണിൽ നിന്ന് ആദായനികുതി വകുപ്പ് പിടിച്ചെടുത്ത മാസപ്പടി ഡയറി കേരള രാഷ്ട്രീയത്തിൽ കോളിളക്കമുണ്ടാക്കി. ഡയറിയിലെ നേതാക്കളുടെ പേരുകൾ സിപിഎമ്മിനെ പിടിച്ചു കുലുക്കി. സിപിഐയുടെ വനിതാ നേതാവും പ്രതിക്കൂട്ടിലായി. വിഷമദ്യദുരന്തം അന്വേഷിച്ച വി.പി.മോഹൻകുമാർ കമ്മിഷന്റെ റിപ്പോർട്ടിലും നേതാക്കളുടെ പേരുകൾ പരാമർശിച്ചിരുന്നു.

സിപിഎമ്മിന്റെ അന്വേഷണ കമ്മിഷൻ റിപ്പോർട്ടും പുറത്തുവന്നു. വിജിലൻസ് റിപ്പോർട്ടിൽ സിപിഎമ്മിന്റെ 2 നേതാക്കളുടെയും സിപിഐയുടെ വനിതാ നേതാവിന്റെയും പേരുകൾ ഉണ്ടായിരുന്നു.പക്ഷേ, പല ഉന്നതരെയും പിന്നീട് വിജിലൻസ് കോടതി വെറുതേ വിട്ടു.

more news... 

Tags:
  • Spotlight