Wednesday 31 March 2021 04:40 PM IST

വയസ് 70, കയ്യിലുള്ളത് 11 ഹെവി ലൈസൻസുകൾ! മണിയമ്മയുടെ കൈകളിൽ ‘അപകട വണ്ടിയും’ മെരുങ്ങി; ഹെവിയാണ് ഈ ‘വണ്ടിക്കാരിയുടെ കഥ’

Binsha Muhammed

maniyamma

‘1980 ലാണ്. അന്നെനിക്ക് മുപ്പത് വയസ്... അക്കാലത്ത് ഞങ്ങൾക്കുണ്ടായിരുന്നതൊരു പച്ച കളർ അംബാസഡർ കാറാണ്. പലർക്കും സൈക്കിള് പോലമില്ലാത്ത കാലത്ത് ഇന്നത്തെ ബെൻസും ബിഎംഡബ്ല്യൂവുമൊക്കെ അതായിരുന്നു. അംബാസഡറിന്റെ ഡ്രൈവിംഗ് സീറ്റിൽ ഞാൻ വിറച്ചിരിക്കും, ആശാൻ ഭർത്താവ് ലാലൻ തന്നെയാണ്. ചെമ്മൺ പാതയിലൂടെ പൊടി പറത്തി ഞാൻ വണ്ടി ഓടിച്ചു പോകുമ്പോൾ കണ്ടു നിൽക്കുന്നവർക്കൊരു ഭാവമുണ്ട്. ‘ഈ പെണ്ണെന്താ കാണിക്കാൻ പോകുന്നേ, എന്ന മട്ടിലൊരു നോട്ടം. പക്ഷേ ലാലൻ ചേട്ടൻ പാഠങ്ങൾ സ്നേഹത്തോടെ പറഞ്ഞു തന്നപ്പോൾ ഡ്രൈവിങ് എനിക്ക് വഴങ്ങി. അംബാസഡർ എന്റെ മുന്നിൽ മെരുങ്ങി. അന്നു തുടങ്ങിയത് വലിയൊരു യാത്രയായിരുന്നു. കാറും ലോറുയം ജെസിബിയും ഒടുവിൽ ക്രെയിനും വരെ എത്തി നിൽക്കുന്ന വലിയൊരു യാത്ര.’– ഓർമകൾ റിവേഴ്സ് ഗിയറിലേക്ക് വലിച്ചിട്ട് അരൂക്കുറ്റിക്കാരുടെ മണിയമ്മ എന്ന രാധാമണി കാലങ്ങൾ പിന്നിലേക്ക് ‘നൂറേൽ’ പാഞ്ഞു.

തഴക്കവും പഴക്കവുമുള്ള ക്ലാസ് ഡ്രൈവറാണ് ഈ എഴുപതുകാരി. കണ്ടെയ്നർ ലോറികൾ, ജെസിബി, റോഡ് റോളർ, ഫോർക് ലിഫ്റ്റ്, ക്രെയിൻ എന്നു വേണ്ട സ്ത്രീകളുടെ സ്പർശം അധികം എത്തി നോക്കാത്ത സമസ്ത വണ്ടികളുടേയും ഡ്രൈവിംഗ് സീറ്റിൽ മണിയമ്മയുണ്ട്. ഹെവി, ലൈറ്റ് വാഹനങ്ങൾ ഉൾപ്പെടെ പതിനൊന്നോളം ലൈസൻസ് സ്വന്തമാക്കി ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിലേക്കും നടന്നു കയറി. അവരുടെ കഥ ഇന്ത്യയിൽ മറ്റൊരു സ്ത്രീക്കും അവകാശപ്പെടാനില്ലത്തതാണ്. മുറ്റം നിറയെ വണ്ടികളും അതിനേക്കാളുമേറെ ഓർമ്മകളും നിറഞ്ഞു നിന്ന ഭൂതകാലത്തിൽ നിന്ന് മണിയമ്മ ‘വനിത ഓൺലൈനി’നോടു സംസാരിച്ചു. കഥയിൽ മണിയമ്മ മാത്രമല്ല, വണ്ടിക്കമ്പക്കാരനായ ലാലനെന്ന ഭർത്താവുണ്ട്, അച്ഛന്റെ ഡ്രൈവിംഗ് ജീനുകളില്‍ നിന്നും പിറവിയെടുത്ത് വണ്ടി ജീവനും ജീവിതവുമാക്കിയ മൂന്നു മക്കളുണ്ട്.

ഓർമ്മകൾ റിവേഴ്സ് ഗിയറിലേക്ക്

തോപ്പുംപടിയാണ് എന്റെ വീട്. വിവാഹം കഴിച്ച് ചേട്ടന്റെ അരൂക്കുറ്റിയിലെ വീട്ടിലേക്ക് എത്തിയ ഞങ്ങളെ സ്വീകരിച്ചത് മുറ്റം നിറയെ വണ്ടികളാണ്. വണ്ടി ആ മനുഷ്യന് നേരമ്പോക്കായിരുന്നില്ല, ജീവശ്വാസമായിരുന്നു എന്ന് മനസിലാക്കാൻ അധിക നാൾ വേണ്ടി വന്നില്ല. ഐടിഐ പഠിച്ചിറങ്ങിയ മനുഷ്യന് കാറും ബസും ടൂവീലറുമെല്ലാം ജീവിതത്തിന്റെ ഒഴിച്ചുകൂടാൻ പറ്റാത്ത ഭാഗമായിരുന്നു. എന്നെക്കാൾ ഇഷ്ടമായിരുന്നു എന്നു പറഞ്ഞാലും അതിശയിക്കാനില്ല.

വണ്ടികളോടുള്ള ഇഷ്ടം ലാലൻ ചേട്ടന് ജീവനോപാധി കൂടിയായത് സ്വാഭാവികമാണ്. ഞാൻ ആ വീടിന്റെ മരുമകളാകും മുമ്പേ വണ്ടി വിൽപ്പന ആരംഭിച്ചിരുന്നു. ടൂ വീലറുകൾ കൂട്ടത്തോടെ ബുക്ക് ചെയ്ത് വിൽപ്പനയ്ക്കു കൊടുത്തായിരുന്നു തുടക്കം. ആ സ്ഥാനത്തേക്ക് കാറും ലോറിയും കൂടിയെത്തി. എന്തിനേറെ ലോറി വരെ വിൽപ്പനയ്ക്കു വച്ചു. അനിയൻ പ്രദീപിനൊപ്പമായിരുന്നു എല്ലാം നോക്കി നടത്തിയിരുന്നത്. സംരംഭങ്ങൾ വിജയമായതോടെ ബസ് സർവീസും ആരംഭിച്ചു. അതിനിടെ ഒരുപാട് വണ്ടികളുള്ള വീട്ടിലെ മരുമകളായ ഞാൻ ഡ്രൈവറായത് സ്വാഭാവികം. വീട്ടിലെ പ്രതാപിയായ പച്ച കളർ അംബാസഡറിന്റെ ഡ്രൈവിംഗ് സീറ്റിലേക്ക് എന്നെ ലാലൻ ചേട്ടൻ കൈപിടിച്ചിരുത്തി. പഠനത്തിന്റെ ആദ്യ കാലത്ത് എന്റെ ഡ്രൈവിംഗിന്റെ ‘ഗുണം’ കാരണം ഉമ്മറത്തെ കസേരയൊക്കെ തകർന്നിട്ടുണ്ട്. ഡ്രൈവിംഗ് പരിശീലനത്തിന്റെ സമയത്ത് എതിരെ വണ്ടി വന്നാൽ പേടിച്ച് സ്റ്റീയറിംഗിൽ നിന്ന് കയ്യെടുക്കും. അന്നേരം ചേട്ടന്റെ വക നല്ല വഴക്കു കേൾക്കും. പതിയെ ഞാനും ഡ്രൈവിംഗിൽ പയറ്റി തെളിഞ്ഞു. അങ്ങനെ 1981ല്‍ ആദ്യ ലൈസൻസ് എന്റെ കൈകളിലെത്തി. അതായിരുന്നു ആദ്യത്തെ സന്തോഷം.

പക്ഷേ ഇടയ്ക്കു വച്ച് സന്തോഷങ്ങളിലൊന്ന് ദൈവം തിരിച്ചെടുത്തു. പ്രദീപിനെ ദൈവം നേരത്തെ വിളിച്ചു. ലാലൻ ചേട്ടന്റെ മടിയിൽ കിടന്നാണ് അനിയൻ അവസാന ശ്വാസം വലിച്ചത്. അവൻ പോയതിൽ പിന്നെ ലാലൻ ചേട്ടന്റെ സംരംഭങ്ങളെല്ലാം പ്രദീപ് എന്ന അനിയന്റെ ഓർമകളുടെ പേരിലായി. പ്രദീപ് മോട്ടോഴ്സ് എന്നായിരുന്നു പേര്. അന്ന് ചേർത്തലയിലെന്നല്ല കേരളത്തിൽ ഒരിടത്തും ഹെവി ലൈസൻസ് എടുക്കുന്നതിനുള്ള ഡ്രൈവിംഗ് സ്കൂളോ മറ്റ് സങ്കേതങ്ങളോ ഇല്ല. ചേട്ടനൊക്കെ മംഗലാപുരത്ത് പോയാണ് ഹെവി ലൈസൻസ് എടുത്തിരുന്നത്. അതും രണ്ട് മാസത്തോളം കാത്തിരുന്നാലേ കിട്ടൂ. അതും മംഗലാപുരത്ത് പോയി ടെസ്റ്റ് പാസാകണം. ലേണേഴ്സ് എടുത്ത് 41 ദിവസം കാത്തിരുന്നു വേണം ടെസ്റ്റ് അറ്റൻന്‍ഡ് ചെയ്യാൻ. അന്നൊക്കെ ഹെവി ഡ്രൈവർമാരെ കിട്ടാത്ത സാഹചര്യവുമുണ്ട്. ഈ സാഹചര്യം ചൂണ്ടിക്കാട്ടി ചേർത്തലയിൽ ഒരു ഡ്രൈവിംഗ് സ്കൂൾ തുടങ്ങുന്നതിന് അധികാരികളുടെ അനുമതി തേടി. മന്ത്രിക്കും ട്രാൻസ്പോർട്ട് കമ്മീഷണർക്കും അപേക്ഷകൾ നൽകി. അത് ഫലം കണ്ടു, അങ്ങനെ കേരളത്തിലെ തന്നെ എണ്ണംപറഞ്ഞ ഹെവി ഡ്രൈവിംഗ് സ്കൂളുകളിൽ ഒന്ന് ചേർത്തലയിൽ തുടങ്ങി. എന്റെ പേരിലാണ് സ്കൂൾ തുടങ്ങിയത്. ആശൻ എന്ന നിലയിൽ ലാലൻ ചേട്ടൻ കർക്കശ്ശക്കാരനായിരുന്നു. അന്ന് ഞാൻ വലിയ വണ്ടി ഓടിക്കുന്നത് കണ്ട് പലരും അന്തംവിട്ടു. കണ്ടും പഠിച്ചും ഹെവി ഡ്രൈവിംഗ് പാഠങ്ങൾ അഭ്യസിച്ച് ഡ്രൈവിംഗ് സീറ്റിൽ ഞാൻ ഒന്നു കൂടി അമർന്നിരുന്നു. ഇക്കുറി ഹെവി ലൈസൻസാണ് കൂടെ പോന്നത്. 1984ൽ ആയിരുന്നു അത്. അന്ന് ചേട്ടൻ പഠിപ്പിച്ചു തന്നെ ഡ്രൈവിംഗ് ഹരിശ്രീ, വെറുതെയായില്ലെന്ന് കാലം തെളിയിച്ചു. ദേ ഈ കിടക്കുന്ന ഫോർക് ലിഫ്റ്റും, റോഡ് റോളറും, ക്രെയിനുമൊക്കെ നിയന്ത്രിക്കാൻ എനിക്ക് കാലം നൽകിയ കരുത്ത് ചേട്ടന്റെ അന്നത്തെ പിന്തുണയായിരുന്നു.ഇതിനിടെ ഞങ്ങളുടെ സ്ഥാപനമായ പ്രദീപ് മോട്ടോഴ്സിന്റെ പേരിൽ സമീപത്ത് വേറൊരു സ്ഥാപനം കൂടി വന്നപ്പോഴാണ് സംരംഭങ്ങളെ എ ടു ഇസഡ് എന്ന പേരിലേക്ക് മാറ്റി നാമകരണം ചെയ്തത്.  

maniyamma-3

ടോപ് ഗിയറിൽ സന്തോഷം

ജീവിതം സന്തോഷങ്ങളുടെ ഹൈ സ്പീഡിലായിരുന്നു. തൊട്ടതെല്ലാം പൊന്നാക്കി ഞങ്ങളുടെ ജീവിതം. നാല് വീലും കടന്ന് ലോറി പോലുള്ള ഹെവി വാഹനങ്ങളിലേക്ക് ഡ്രൈവിംഗ് ആഗ്രഹങ്ങൾ എത്തി നിന്നതിനു പിന്നിലും ലാലൻ ചേട്ടനായിരുന്നു. ‘ഇതൊക്കെ എങ്ങനെ സാധിക്കുന്നു’ എന്നാണ് ആദ്യകാലങ്ങളില്‍ പലരും ചോദിച്ചത്. മുറ്റം നിറയെ കിടക്കുന്ന വണ്ടികളുമായി ഇടപെട്ട് തന്നെയാണ് ഞാനുമൊരു ഹെവി ഡ്രൈവറായത്. രാവിലെ കണി കണ്ടു തുടങ്ങുന്നതേ ഇജ്ജാതി വലിയ വണ്ടികളാണ്. അപ്പോ പിന്നെ എന്തു പേടിക്കാൻ. പേടിയില്ലാതെ ഓരോ വണ്ടികളുടേയും സ്റ്റീയറിംഗ് വീലുകളിൽ തൊട്ടു. എല്ലാം ഒന്നിനു പുറകേ എന്നായി വഴങ്ങി.

മൂന്ന് മക്കളാണ് ഞങ്ങൾക്ക്. മിലൻ, മിനി, മിഥുലാൽ. മൂവരും അച്ഛന്റെ വഴി തന്നെ. ഓട്ടോ മൊബൈൽ ഡിപ്ലോമ നേടുന്ന കേരളത്തിലെ ആദ്യ പെൺകുട്ടിയാണ് മിനി. മിലൻ പതിനാലാം വയസിൽ ഡ്രൈവിംഗ് പഠിപ്പിച്ചു തുടങ്ങി. പിന്നീട് മദ്രാസിൽ പോയാണ് ഇൻസ്ട്രക്ടർ ലൈസൻസ് സംഘടിപ്പിച്ചത്. ഇളയവൻ മിഥുലാലിനും വണ്ടി തന്നെയായിരുന്നു കമ്പം. മൂവര്‍ക്കും ഡ്രൈവിംഗ് സ്കൂളുകളുണ്ട്. കൺസ്ട്രക്ഷൻ ബിസിനസും നടത്തുന്നുണ്ട്. മുറ്റം നിറയെ കൂടി കിടക്കുന്ന വണ്ടികൾ കണ്ട് ‘വാടകയ്ക്ക് കൊടുക്കുമോ’ എന്ന് പലരും ചോദിക്കും. പക്ഷേ മക്കളുടെ കൺസ്ട്രക്ഷൻ വർകുകൾക്കാണ് ഈ വണ്ടികളെല്ലാം പോകുന്നത്. റോഡ് റോളറും, നാല് തരം ജെസിബിയും, ഫോർക് ലിഫ്റ്റും എപ്പോഴും ബിസിയോടു ബിസി ആയിരിക്കും.

maniyamma-2

മരണത്തിന്റെ റെഡ് സിഗ്നൽ

ഞങ്ങളുടെ സന്തോഷങ്ങൾക്കു നടുവിലേക്ക് ഒരിക്കൽ കൂടി വിധി വില്ലനായെത്തിയത് 2004ലാണ്. രാവിലെ നടക്കാനിറങ്ങിയതായിരുന്നു ഞാനും ചേട്ടനും. അതിവേഗതയിൽ വന്ന ഓട്ടോ ചേട്ടന്റെ ദേഹത്തേക്ക് ഇടിച്ചു കയറി. മരണത്തോട് പോരാടി നിന്നെങ്കിലും ഒടുവിൽ അദ്ദേഹം കീഴടങ്ങി. അന്ന് അനാഥരായത് ഞങ്ങൾ മാത്രമല്ല, മുറ്റത്ത് നിരന്നു കിടന്നിരുന്ന വണ്ടികൾ കൂടിയാണ്. എങ്കിലും തോറ്റു കൊടുത്തില്ല. അദ്ദേഹം ആഗ്രഹിച്ചതു പോലെ മോട്ടോഴ്സ് സംരംഭങ്ങളെ നല്ലവിധം നോക്കിനടത്തി.  പിന്നെയും ഒട്ടനവധി ഡ്രൈവിങ് ലൈസൻസുകൾ ഞാൻ നേടി. മനസു വച്ചാൽ ഏതു വണ്ടിയും വഴങ്ങുമെന്ന ആത്മവിശ്വാസം ഒരിക്കൽ പോലും കൈമോശം വന്നിട്ടില്ല.

മിക്ക വണ്ടികളും ഓടിക്കാനുള്ള ലൈസൻസ് മാത്രമല്ല, പഠിപ്പിക്കാനുള്ള ലൈസൻസുമുണ്ട്. ഫോർവീലർ, ടൂവീലർ, റോഡ് റോളർ, ജെസിബി, ഫോർക് ലിഫ്റ്റ് തുടങ്ങി പതിനൊന്നോളം വണ്ടികളുടെ ലൈസൻസുണ്ട്. പെട്രോളിയം മേഖലകളിൽ ഉൾപ്പെടെ ഉപയോഗിക്കുന്ന അപകടകരമായ ഹസാഡസ് വണ്ടി ഓടിക്കുന്ന ലൈസൻസാണ് ഒടുവിൽ ലഭിച്ചത്. ഹസാഡസ് ലൈസൻസ് ഉള്ള വണ്ടി ഉപയോഗിക്കുന്ന ഇന്ത്യയിലെ ഏക വനിത ഡ്രൈവർ ഞാനാണ്. ഓടിക്കാൻ ഇനി വണ്ടിയൊന്നും ബാക്കിയില്ല, പക്ഷേ കയറാൻ ബാക്കിയുണ്ട്. ടവർ ക്രെയിനിൽ കയറണമെന്നൊരു ആശയുണ്ട്. പിന്നെ വിമാനവും തീവണ്ടിയും. വരട്ടെ അതും നോക്കാം.. – അപ്പോൾ ഹോൺ മുഴക്കി ചീറിപ്പായുന്ന ഒരു വണ്ടിയായിരുന്നു മണിയമ്മയുടെ മനസ്.