Thursday 21 May 2020 04:45 PM IST : By സ്വന്തം ലേഖകൻ

പഴയ എൽഡി ക്ലർക്ക് അല്ല, ഇന്ന് സബ് ഇൻസ്പെക്ടർ; കഷ്ടപ്പാടുകളോട് പൊരുതി സ്വപ്നനേട്ടം സ്വന്തമാക്കി മഞ്ജു!

manju-v-nair

രണ്ടു കൊല്ലം മുൻപു നികുതി അടയ്ക്കാനെത്തിയപ്പോൾ നഗരസഭയിലെ റവന്യൂ വിഭാഗത്തിൽ‍ ക്ലാർക്കിന്റെ കസേരയിൽ കണ്ട യുവതി ബഥേൽ ജംക്‌ഷനിൽ വാഹനപരിശോധന നടത്തുന്നതു കണ്ടു ഞെട്ടിയവരുണ്ട് ചെങ്ങന്നൂരിൽ. അന്നു വേഷം ചുരിദാർ ആയിരുന്നെങ്കിൽ രണ്ടാംവരവിൽ കാക്കി പാന്റ്സും ഷർട്ടും തൊപ്പിയും അധികാര ചിഹ്നങ്ങളും. 

ഇന്ന് നഗരസഭയിൽ ജോലി ചെയ്തിരുന്നപ്പോഴത്തെ പരിചയക്കാർ പഴയതു പോലെ പേരെടുത്തു വിളിക്കാൻ മടിക്കും. കാരണം പഴയ എൽഡി ക്ലാർക്ക് ഇന്ന് ജൂനിയർ എസ്ഐ ആണ്– പേര് മഞ്ജു വി. നായർ. പഴയ പരിചയക്കാരെ വീണ്ടും കാണാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നു മഞ്ജു പറയുന്നു. ജോലിസ്ഥലത്തെ അപരിചിതത്വവുമില്ല. ചെയർമാനെയും കൗൺസിലർമാരെയും രാഷ്ട്രീയ നേതാക്കളെയുമൊക്കെ നല്ല പരിചയം.

റെയിൽവേയിലും പിആർഡിയിലും ജോലി നോക്കിയിട്ടുള്ള മഞ്ജുവിന്റെ നാലാമത്തെ നിയമനമാണ് പൊലീസിലേത്. റെയിൽവേയിൽ അസിസ്റ്റന്റ് സ്റ്റേഷൻ മാസ്റ്റർ, പത്തനംതിട്ട കലക്‌ടറേറ്റിൽ ഐ ആൻഡ് പിആർഡി വിഭാഗം, ചെങ്ങന്നൂർ നഗരസഭയിൽ എൽഡി ക്ലാർക്ക് എന്നീ തസ്തികകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കേരളാ പൊലീസിൽ വകുപ്പിൽ ജോലി കിട്ടിയപ്പോൾ കോഴിക്കോട് വളയം സ്റ്റേഷനിലായിരുന്നു ആദ്യ നിയമനം. പിന്നീട് മാവേലിക്കരയിൽ പ്രബേഷൻ എസ്ഐ. 

ചാരുംമൂട് വേടരപ്ലാവ് സ്വദേശിയാണ് മഞ്ജു. ശബരിമലയിൽ കരാറുകാരനായ ജയകുമാർ ശ്രീശൈലം ആണ് ഭർത്താവ്. ഏഴുവയസ്സുകാരി ദേവതീർഥയും രണ്ടു വയസ്സുകാരി ദേവശ്രീയും മക്കൾ. കഷ്ടപ്പാടുകളോടു പൊരുതി നേട്ടം കൊയ്ത കഥയാണു മഞ്ജുവിന്റേത്. തങ്ങളെ വളർത്താൻ അമ്മ കഷ്ടപ്പെട്ട കഥകൾ പങ്കുവച്ചു മാതൃദിനത്തിൽ മഞ്ജു എഴുതിയ കുറിപ്പ് വൈറൽ ആയിരുന്നു.

Tags:
  • Spotlight
  • Inspirational Story