Monday 16 September 2019 03:49 PM IST : By സ്വന്തം ലേഖകൻ

‘സ്‌ട്രോക്കും ഹൃദയാഘാതവുമെല്ലാം കെട്ടുകഥ’; ഇരട്ട കണ്മണികൾക്കൊപ്പം വീട്ടിലേക്ക് മടങ്ങി മങ്കയമ്മയും ഭര്‍ത്താവും!

mangayamma556

ഐവിഎഫ് ചികിത്സയിലൂടെ 74–ാം വയസ്സിൽ ഇരട്ട പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ ആന്ധ്ര സ്വദേശിനി മങ്കയമ്മയാണ് സോഷ്യൽ ലോകത്തെ വാർത്തകളിലെ താരം. 56 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് മങ്കയമ്മ– രാജാറാവു ദമ്പതികൾക്ക് കുഞ്ഞുങ്ങളുണ്ടായത്. ഇതോടെ ഏറ്റവും പ്രായം കൂടുതലുള്ള അമ്മയായി മങ്കയമ്മ ഗിന്നസ് ബുക്കിൽ ഇടംപിടിക്കുകയും ചെയ്തു. ഇപ്പോഴിതാ ആശുപത്രിയിൽ നിന്ന് തങ്ങളുടെ ഇരട്ടക്കുഞ്ഞുങ്ങള്‍ക്കുമൊപ്പം പൂർണ്ണ ആരോഗ്യവാന്മാരായി മങ്കമ്മയും ഭർത്താവും സ്വന്തം വീട്ടിലേക്ക് മടങ്ങി. 

കുഞ്ഞുങ്ങൾ പിറന്ന ശേഷം നിരവധി വിമർശനങ്ങളും വ്യാജ വാർത്തകളുമാണ് ഈ വൃദ്ധ ദമ്പതികളെ ചുറ്റിപ്പറ്റി സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞത്. ഒരു ഭാഗത്ത് സോഷ്യൽ മീഡിയ ആശംസകൾ കൊണ്ട് മൂടുകയും മറുവശത്ത് ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ ഇതിനെതിരെ വിമർശനവുമായി രംഗത്തുവരുകയും ചെയ്തു. ഇത്രയും പ്രായാധിക്യമുള്ള സ്ത്രീയ്ക്ക് കൃത്രിമ ഗർഭധാരണ മാർഗമായ ഐവിഎഫ് ചികിൽസ നൽകിയത് ധാർമികമായി ശരിയല്ലെന്നാണ് ചില ഡോക്ടർമാർ വാദിച്ചത്. 

കുഞ്ഞുങ്ങള്‍ പിറന്നതോടെ മങ്കയമ്മയെയും ഭർത്താവിനെയും ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. ഇരുവരെയും പ്രത്യേകം നിരീക്ഷിക്കാനും അണുബാധ പിടിപെടാതിരിക്കാനും വേണ്ടിയാണ് മുൻകരുതൽ എടുത്തത്. എന്നാല്‍ ഇതോടെ മങ്കയമ്മയ്ക്ക് സ്‌ട്രോക്ക് വന്നുവെന്നും രാജാറാവുവിന് ഹൃദയാഘാതം സംഭവിച്ചുവെന്നും വ്യാജ വാര്‍ത്തകള്‍ പരന്നുതുടങ്ങി. അതേസമയം ആശുപത്രി അധികൃതര്‍ ഈ വാര്‍ത്തകള്‍ നിഷേധിച്ചു. രാജാറാവുവിന് ശ്വാസകോശ സംബന്ധമായ അണുബാധ നേരത്തെ ഉണ്ടായിരുന്നു.

56 വർഷത്തെ കാത്തിരിപ്പിനൊടുവിൽ സെപ്റ്റംബർ അഞ്ചിനായിരുന്നു ആന്ധ്ര സ്വദേശികളായ മങ്കയമ്മ– രാജാറാവു ദമ്പതികളെ തേടി ഇരട്ട സൗഭാഗ്യമെത്തിയത്. 55 വയസ്സുകാരിയായ അയൽക്കാരിക്ക് കൃത്രിമ ഗർഭധാരണത്തിലൂടെ കുഞ്ഞു പിറന്നതോടെയാണ് മങ്കയമ്മ, ചന്ദ്രബാബു നായിഡു മന്ത്രിസഭയിൽ ആരോഗ്യമന്ത്രിയായിരുന്ന ഡോ. അരുണയെ സമീപിച്ചത്. ജനുവരിയിൽ ഗർഭം ധരിച്ച മങ്കയമ്മ 10 ഡോക്ടർമാരുടെ പരിചരണത്തിലായിരുന്നു ഗർഭകാലമത്രയും.

Tags:
  • Spotlight
  • Inspirational Story