Monday 10 September 2018 05:33 PM IST

അലവിക്കുട്ടിയുടെ ഭാര്യയല്ലാത്ത, മൻസിയയുടെ ഉമ്മയല്ലാത്ത സ്ത്രീയുടെ ‘മയ്യിത്ത്’ ! ഉമ്മ മരിച്ചു കിടക്കുമ്പോൾ ആ മകൾ ഏറ്റുവാങ്ങി, ആ വേദനയും

Binsha Muhammed

manzi-cover

‘ഹലോ മൻസിയ അല്ലേ...’ ഇങ്ങേത്തലയ്ക്കൽ പുരുഷ ശബ്ദമാണെന്ന് തിരിച്ചറിഞ്ഞതോടെ ചോദ്യകർത്താവൊന്നു പതറി. ‘മൻസിയ അല്ലല്ലോ, മൻസിയാന്റെ ഉപ്പ ആണല്ലോ... എന്ത് വേണം?

പുരുഷ ശബ്ദം കേട്ടതോടെ പതറിയ നമ്മുടെ ചോദ്യകർത്താവ് ഒടുവിൽ പറഞ്ഞൊപ്പിച്ചു. ‘ഞാൻ മൻസിയാന്റെ ആരാധകനാണ് അഭിനന്ദനം അറിയിക്കാൻ വിളിച്ചതാണ്.’ സംഗതി പാളിയെന്നു കണ്ടപ്പോൾ ആ സംഭാഷണം അധികം നീണ്ടില്ല. പാതിരാത്രിയിലെ ആ അഭിനന്ദനക്കാരൻ ഫോൺ വച്ചിട്ട് കണ്ടം വഴി ഓടിക്കാണും, ഉറപ്പ്. അനവസരത്തിലുള്ള ആരാധകൻമാരെ കൊണ്ട് പൊറുതി മുട്ടിയപ്പോൾ മൻസിയക്ക് തന്നെ രംഗത്തിറങ്ങേണ്ടി വന്നു.

"ആഗ്നേയ സ്കൂൾ ഓഫ് ഡാൻസിന്റെ " പോസ്റ്ററിൽ കൊടുത്തിരിക്കുന്ന കോൺടാക്ട് നമ്പർ എന്റെ പിതാവിന്റെ നമ്പർ ആണ് (എന്റേത് അല്ല ).. 62 വയസ്സായ അദ്ദേഹത്തെ ഉറങ്ങാൻ എങ്കിലും സമ്മതിക്കണം.. ഇല്ലെങ്കിൽ നട്ടപാതിരാക്ക് പ്രതീക്ഷിക്കാത്തത് കേട്ടാൽ ഞാൻ ഉത്തരവാദിയല്ല.... അതിൽപ്പിന്നെ പാതിരാത്രിയിലെ ശല്യക്കാരായ ആരാധകൻമാരുടെ വിളിക്ക് ചെറിയ കുറവ് വന്നിട്ടുണ്ട്.

manzi-3

മൻസിയ അലവിക്കുട്ടി! ആമുഖം വേണ്ടാത്ത ആ പേര് ആരും മറന്ന് പോയിട്ടുണ്ടാകില്ല. നൃത്തത്തെ ജീവിത സപര്യയാക്കിയതിന്റെ പേരിൽ മതത്തിന്റെ വിലക്കുകൾ നേരിടേണ്ടി വന്ന പെൺകൊടി. സ്വപ്നങ്ങള്‍ തേടിയുള്ള വഴിയിൽ ബന്ധങ്ങൾ ബന്ധനങ്ങളായി മാറിയ മലപ്പുറംകാരി. മൈബൈൽ നമ്പറെന്നു തെറ്റിദ്ധരിച്ച് പിന്നാലെ കൂടിയ ‘പാതിരാക്കോഴികളുടെ’ കഥ ഫെയ്സ്ബുക്കില്‍ കണ്ടപ്പോൾ അതന്വേഷിച്ചാണ് ഞങ്ങൾ മൻസിയയെ തേടിപ്പോകുന്നത്. പക്ഷേ അവൾക്ക് പറയാനുണ്ടായിരുന്നത് ഒത്തിരി കാര്യങ്ങൾ. നൃത്തം തെരഞ്ഞെടുത്തതിന്റെ പേരിൽ മതം കൽപ്പിച്ചു കൊടുത്തിരിക്കുന്ന ഭ്രഷ്ടും, വിലക്കും, ഒറ്റപ്പെടലും ഒന്നും അവസാനിച്ചിട്ടില്ലെന്ന് മൻസിയ വനിത ഓൺലൈനിനോടു പറയുന്നു.

ഒരിക്കൽ തോറ്റുപോയാൽ ജീവിതാന്ത്യം വരെയും നമ്മൾ തോറ്റു പോയെന്നു വരും, അതാണ് ഈ ലോകം. നമ്മളെ വേണ്ടെന്നു വയ്ക്കുന്നവരെ, നമ്മുടെ ഇഷ്ടങ്ങൾക്കു പുല്ലുവില കൽപ്പിക്കുന്നവവരെ നമ്മളും വേണ്ടെന്നു വയ്ക്കുന്നതല്ലേ നാട്ടു നടപ്പ്. ഇവിടേയും ഞാൻ അതേ ചെയ്യുന്നുള്ളൂ. എന്റെ നൃത്തത്തിന് വിലക്ക് നൽകുന്നവരെ എനിക്കും എന്റെ കുടുംബത്തിനും വേണ്ട.

manzi-4

‘ഞാനും എന്റെ ഉപ്പയും ഇത്തയുമെല്ലാം ഇന്നും പള്ളിക്ക് പുറത്താണ്. ഇടയ്ക്ക് അവരുടെ വക ഒരു ഓഫറുണ്ടായിരുന്നു. നൃത്തമെല്ലാം പൂട്ടിക്കെട്ടി, പരസ്യമായി മാപ്പു പറഞ്ഞാൽ വീണ്ടും തിരിച്ചു കയറാം. പക്ഷേ നൃത്തം വിട്ടൊരു കളിക്കും ഞാനില്ല....’

‘കുറേ നാൾ ഞങ്ങൾ പിടിച്ചു നിന്നു, പോരാടി, വേദനകളും ഒറ്റപ്പെടുത്തലുകളും സഹിച്ചു. അതെല്ലാം എന്റെ ഉമ്മയ്ക്ക് വേണ്ടിയായിരുന്നു. നിങ്ങൾക്കറിയോ ഞാൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് എന്റെ ഉമ്മച്ചി കാൻസർ വന്ന് മരിക്കുന്നത്. ഉമ്മയുടെ മയ്യിത്ത് പോലും ഞങ്ങളുടെ പള്ളിയിൽ‌ അടക്കില്ല എന്നു പറഞ്ഞു. ഒടുവിൽ ഉമ്മയുടെ പള്ളിയിൽ കൊണ്ടു പോയി അടക്കേണ്ടി വന്നു. അവിടെയും കണ്ടീഷൻസ് ഉണ്ടായിരുന്നു. അലവിക്കുട്ടിയുടെ ഭാര്യയല്ലാത്ത, മൻസിയയുടേയും റൂബിയയുടേയും ഉമ്മയല്ലാത്ത സ്ത്രീയുടെ ‘മയ്യിത്ത്’ അതായിരുന്നു എന്റെ ഉമ്മയ്ക്ക് അവർ നൽകിയ അഡ്രസ്, എന്താല്ലേ’....–മൻസിയയുടെ വാക്കുകളെ കണ്ണീർ മുറിച്ചു.

manzi-1

‘എന്റെ മതവും ജീവനും ജീവിതവുമെല്ലാം നൃത്തമാണ്. എന്നെ മുന്നോട്ടു നയിക്കുന്നതും അതു തന്നെ. അവിടെ വിലക്കുകൾക്കും ഭ്രഷ്ടുകൾക്കും സ്ഥാനമില്ല. പിന്നെ ഇന്നാട്ടില്‍ ജീവിക്കാനും ഭക്ഷണം കഴിക്കാനും ഇവരുടെ ആരുടേയും സർട്ടിഫിക്കേറ്റ് വേണ്ടല്ലോ?–മൻസിയ ചോദിക്കുകയാണ്.

മതം വിലക്കിയ മൻസിയയുടെ ജീവിതത്തിൽ ഇന്ന് സ്വപ്നങ്ങൾക്ക് വിലക്കുകളില്ല. സ്വന്തമായൊരു നൃത്ത വിദ്യാലയം എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് ഈ മലപ്പുറംകാരി. ആഗ്നേയ സ്കൂൾ ഓഫ് ഡാൻസ് എന്ന നൃത്തവിദ്യാലയത്തിലെ ടീച്ചറുടേയും ഉടമയുടേയും റോളിലാണ് ഈ പെൺകൊടി. ഭരതനാട്യം, കുച്ചിപ്പുടി, കേരളനടനം, മോഹിനിയാട്ടം എന്നിങ്ങനെ വിവിധ നൃത്തവിദ്യകൾ ഇവിടെ അഭ്യസിപ്പിച്ചു വരുന്നു. പലരുടേയും ചിന്താഗതികൾ മാറുന്നുണ്ട്. പല വീട്ടമ്മമാരും നൃത്തത്തോടുള്ള അവരുടെ അഭിനിവേശം എന്നോട് വെളിപ്പെടുത്തിയിട്ടുമുണ്ട്. പക്ഷേ മതം, യാഥാസ്ഥിതിക ചുറ്റുപാട് എന്നിങ്ങനെ അവരെ തടഞ്ഞു നിർത്തുന്ന സംഗതികൾ ഒരുപാടുണ്ട്. എല്ലാവർക്കും മൻസിയ ആകാൻ പറ്റിയെന്നു വരില്ലല്ലോ...നമുക്ക് പ്രതീക്ഷിക്കാം. മാറ്റത്തിലേക്ക് ഇനി അധികം ദൂരമില്ല.–മൻസിയ പറഞ്ഞു നിർത്തി.

manzi5

നൃത്തത്തിന് മതമില്ല! എംഎ ഭരതനാട്യത്തിൽ മൻസിയ ഒന്നാം റാങ്ക് നേടിയത് പ്രതിസന്ധികളെ അതിജീവിച്ച്