Thursday 26 April 2018 12:25 PM IST : By സ്വന്തം ലേഖകൻ

നൃത്തത്തിന് മതമില്ല! എംഎ ഭരതനാട്യത്തിൽ മൻസിയ ഒന്നാം റാങ്ക് നേടിയത് പ്രതിസന്ധികളെ അതിജീവിച്ച്

mansiya001

‘‘കല ഏത് മതത്തിന്റേതാണ്...ദൈവം ഇവിടെ ഒന്നേ ഉള്ളുവെങ്കിൽ ദൈവികമായ കലകൾക്കും ഒരു മതമേ ഉള്ളു, മനുഷ്യൻ എന്ന മതം.’’ ഇതാ മൂന്നാം വയസിൽ നെഞ്ചോട് ചേർത്ത നൃത്തം സ്വന്തം ജീവിതം തന്നെയെന്ന് തീരുമാനിച്ച മൻസിയ എന്ന പെൺകുട്ടിയെ ജീവിതത്തോട് ഉറക്കെ വിളിച്ച് പറയുന്ന വാക്കുകൾ പ്രചോദനമാക്കാം. മദ്രാസ് യൂണിവേഴ്സിറ്റിയിലെ ഇത്തവണത്തെ എംഎ ഭരതനാട്യം ഒന്നാംറാങ്ക്കാരി മലപ്പുറത്തെ മൻസിയ എന്ന ഈ മൊഞ്ചത്തിയാണ്. മലപ്പുറം വെള്ളുവംപുറം എന്ന ഗ്രാമത്തിലെ മുസ്ലീം കുടുംബത്തിൽ നിന്നുള്ള മൻസിയ കേരള കലാമണ്ഡലത്തിൽ എംഫിൽ പഠനത്തിന് ചർന്നു. നൃത്തമെന്ന കലയെ അത്രമേൽ ജീവനായി കരുതിയ ഈ പെൺകുട്ടിക്കും കുടുംബത്തിനും പക്ഷെ ഒരു സമൂഹത്തിന്റെ മുഴുവൻ എതിർപ്പുകളെ നേരിട്ട കയ്പ്പുനീരിന്റെ കഥ കൂടിയുണ്ട് ഈ വിജയത്തോടൊപ്പം ഓർത്തെടുക്കാൻ.

മൻസിയയ്ക്കും സഹോദരി റൂബിയയ്ക്കും കുടുംബത്തിന്റെ പിന്തുണയോടെ ചെറുപ്പം മുതലേ നൃത്തത്തിൽ മികച്ച വിജയം നേടാനായി. 27 കാരിയായ റൂബിയ നൃത്താധ്യാപികയും വിവാഹിതയുമാണ്. 22 കാരിയായ മൻസിയ തന്റെ സ്വപ്ന മേഖലയായ നൃത്തിത്തിൽ ഡോക്ട്രേറ്റ് നേടണമെന്ന ലക്ഷ്യവുമായി മുന്നോട്ട്. മുസ്ലീം കുടുംബത്തിൽ നിന്നുള്ള രണ്ട് സഹോദരിമാർ കലാരംഗത്ത് സജീവമാകുക എന്നത് തന്നെ നമ്മുടെ സാമൂഹിക സ്ഥിതിയിൽ വളരെ അപൂർവമാണ്. അത്രമാത്രം മതവിശ്വാസങ്ങൾ അടിച്ചേൽപ്പിക്കപ്പെട്ടിട്ടും കലോത്സവ വേദികളിൽ നിറസാന്നിധ്യമായി മൻസിയയയും റൂബിയയും.

mansiya002

ഭരതനാട്യവും മോഹിനിയാട്ടവും കേരളനടനവും കഥകളിയുമെല്ലാം മൻസിയയ്ക്ക് ഉറ്റതോഴിമാരായി. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എട്ടാം ക്ലാസ് മുതൽ പ്ലസ്ടു വരെ ഒന്നാമതായിരുന്നു മൻസിയ. പിതാവ് അലിവിക്കുട്ടിയും ഉമ്മ ആമിനയും തങ്ങളുടെ മക്കളുടെ അഭിരുചി വളർത്താൻ പണ്ടുമുതലേ ഏറെ അവഗണനകൾ അനുഭവിക്കേണ്ടി വന്നു. കാൻസർ പിടിപെട്ട് ആമിന മരിക്കുമ്പോൾ പോലും മതപരമായ പിന്തുണ ലഭിക്കാതെ ഒറ്റപ്പെട്ടുപോയി ഈ കുടുംബം.

mansiya003

പിതാവ് അലിവിക്കുട്ടിയുടെ പിന്തുണയോടെ തന്റെ സ്വപ്നങ്ങൾക്ക്‌വേണ്ടി പ്രയത്നിക്കാൻ തുടങ്ങി മൻസിയ വീണ്ടും. മദ്രാസ് സർവകലാശാലയിൽ നിന്ന് ഒന്നാം റാങ്ക് കരസ്ഥമാക്കി അങ്ങനെ തന്റെ സ്വപ്നതുല്യമായ നൃത്തജീവിതവുമായി ഈ പെൺകുട്ടി മുന്നോട്ട് പോകുന്നു. കേരളകലാമണ്ഡലച്ചിൽ ഭരതനാട്യത്തിൽ എംഫിൽ പൂർത്തിയാക്കിയാൽ പിഎച്ച്ഡി നേടണമെന്നും നൃത്താധ്യാപികയായി തുടരണമെന്നുമാണ് മൻസിയ ആഗ്രഹിക്കുന്നത്. മതത്തിനുമപ്പുറമാണ് കല, മനുഷ്യൻ എന്ന ഒറ്റജാതിക്ക് കീഴിൽ കഴിയുമ്പോൾ മതമില്ലാതെ നൃത്തത്തെ ഉപാസിക്കാൻ തനിക്കു കഴിയുന്നതും അത് കൊണ്ടാണെന്ന് ഈ പെൺകുട്ടി തെളിയിക്കുന്നു.