Thursday 17 October 2019 06:54 PM IST

നിശ്ചയത്തിന് വരനെത്തിയത് അരയ്ക്കു താഴേക്ക് ചലനമറ്റ പെങ്ങളെ കൈയിൽ കോരിയെടുത്ത്! സോഷ്യൽ മീഡിയ കയ്യടിക്കുന്ന ആ കൂടെപ്പിറപ്പുകൾ ഇവർ

Binsha Muhammed

manu-cover

‘പെങ്ങളൂട്ടിയെ ഒക്കെത്തെടുത്ത് ഇങ്ങനെ എത്രനേരം നിൽക്കും മനൂ...അവളെ അവിടെ ഇരുത്തിക്കൂടേ...’

വിവാഹ നിശ്ചയവേദിയിലെ തിരക്കുകളെ വകഞ്ഞു മാറ്റി മുന്നോട്ടു പോകുമ്പോൾ ഹരിപ്രസാദ് കേട്ട ആദ്യ ചോദ്യം ഇതായിരുന്നു. പളാ പളാ മിന്നുന്ന ഉടുപ്പുമിട്ട് തിളങ്ങി നിൽക്കേണ്ട കല്യാണ ചെക്കൻ, ‘മേല് വയ്യാത്ത’ അനിയത്തിക്കുട്ടിയേയും കൈയ്യിലെടുത്ത് കൂസലില്ലാതെ നിൽക്കുകയാണ്. താടിക്കു കൈയ്യും കൊടുത്ത്, സഹതാപ നോട്ടമെറിഞ്ഞ് അവിടെ കൂടിയവരിൽ ചിലരുടെ ചോദ്യം സ്വാഭാവികം.

‘വിവാഹ നിശ്ചയമല്ല ഇനി ഭൂമി കീഴ്മേൽ മറിഞ്ഞാലും പെങ്ങളൂട്ടി എന്റെ നെഞ്ചിൽ പറ്റിച്ചേർന്ന് ഇങ്ങനെ തന്നെയുണ്ടാകും. ഇവൾക്ക് ഞാൻ ചേട്ടൻ മാത്രമല്ല, അച്ഛൻ കൂടിയാണ്. എന്റെ പ്രാണനാണ്,’– ആ ഒറ്റ മറുപടിയിൽ അലിഞ്ഞു തീർന്നു അവരുടെ കണ്ണുകളിലെ സംശയം. അവളുടെ പുണ്യമാണ് അവൻ... എന്നായി അപ്പോൾ അവരുടെ വാക്കുകൾ.

പറിച്ചെറിയാനാകാത്ത പ്രാണനെപ്പോലെ ആങ്ങളയുടെ നെഞ്ചിൽ പറ്റിച്ചേർന്നിരിക്കുന്ന ഭാഗ്യം ചെയ്ത പെങ്ങളൂട്ടി. ഒരു പഞ്ഞിക്കെട്ടു പോലെ ആ പ്രാണനെ അണച്ചു ചേർത്തു നടന്നു നീങ്ങുന്ന ആങ്ങള. അവളുടെ വയ്യായ്ക എന്തെന്നു പോലും അറിയിക്കാത്ത വിധം അയാളങ്ങനെ നടന്നു നീങ്ങുകയാണ്. കണ്ടമാത്രയിൽ ഖൽബിലേക്ക് കുടിയേറിയ ആ കാഴ്ച സോഷ്യൽ മീഡിയയിൽ ഇപ്പോഴും റിപ്പീറ്റ് മോഡിലാണ്. അരയ്ക്കു കീഴ്പ്പോട്ട് തളർന്ന സഹോദരിയും ആ സഹോദരിക്ക് തന്റെ മെയ് പകുത്തു നൽകിയ പൊന്നാങ്ങളയുടേയും വിഡിയോ ഇപ്പോഴും പലരുടേയും മനസിന്റെ വിങ്ങലായി നിൽക്കുന്നു. പുണ്യം ചെയ്ത കൂടെപ്പിറപ്പിനേയും പൊന്നാങ്ങളയും തേടി ഞങ്ങൾ എത്തുമ്പോൾ തിരുവനന്തപുരം വിളപ്പിൽശാല കൂരുവിള വീട്ടിൽ ഏട്ടന്റെ സ്നേഹച്ചൂടിൽ മനം കുളിർത്ത് ആ പൊന്നുമോളിരിപ്പുണ്ട്. ഹരിപ്രസാദ് എന്ന മനുവും മനുവിന്റെ പ്രാണൻ മീനു എന്ന മീനൂട്ടിയും. പെങ്ങൾക്കായി പ്രാണൻ പകുത്തു നൽകിയ കഥ വനിത ഓൺലൈനോട് പങ്കുവച്ചപ്പോഴും പരന്നൊഴുകി നാളിതുവരേയും കാണാത്ത സ്നേഹനിലാവ്...

manu-2

ഇവളെന്റെ പ്രാണൻ‌

അവൾക്കു വേണ്ടി ഈ ഭൂമിയിൽ ജനിക്കുക... അവൾക്കു വേണ്ടി ജീവിക്കുക... അവൾക്കു വേണ്ടി മരിക്കുക... ജനനം മുതൽ മരണം വരെ ദൈവം ഓരോരുത്തർക്കും ഓരോ നിയോഗങ്ങൾ നൽകിയിട്ടുണ്ട്. സംശയിക്കേണ്ട അവസാന ശ്വാസം വരെ എനിക്കീ ലോകത്ത് ഒറ്റ ഡ്യൂട്ടിയേ ഉള്ളൂ. എന്റെ പെങ്ങളൂട്ടിക്ക് തണലായി ഇങ്ങനെ അങ്ങ് ജീവിച്ചു പോകുക. അവളെനിക്ക് എല്ലാമാണ്– വീൽചെയറിലിരുന്ന മീനൂട്ടിയെ ചാരത്തേക്ക് ചേർത്ത് മനു പറഞ്ഞു തുടങ്ങി.

ദൈവത്തിന് എന്റെ പെങ്ങളൂട്ടിയോട് അസൂയ തോന്നിക്കാണും. അല്ലെങ്കിൽ അവളെ ഇങ്ങനെ ഈ ഭൂമിയിലേക്ക് വിടില്ലല്ലോ. ജന്മനാ എന്റെ കുഞ്ഞിന് അരയ്ക്ക് താഴോട്ട് ജീവനില്ല. അതു കൊണ്ട് മാത്രം തീർന്നില്ല പരീക്ഷണം. അവളുടെ ഹൃദയ വാൽവിന് തകരാറുണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തി. കേൾവി ശക്തിയില്ല, മുതുകിൽ നിന്ന് നീക്കം ചെയ്യാനാകാത്ത മുഴ, ഏതു സമയവും ചക്ര കസേരയിൽ. ഇരുപത്തിയെട്ടു വയസായി എന്റെ കുഞ്ഞിന്. ഇതു വരേയും ഇക്കണ്ട പരീക്ഷണങ്ങളിൽ നിന്ന് ഒരു മോചനം ദൈവം തന്നിട്ടില്ല. പലപ്പോഴും ഞാൻ ചിന്തിക്കും, അവളുടെ പ്രായത്തിലുള്ള പെൺകുട്ടികൾ എല്ലാവിധ അനുഗ്രഹങ്ങളോടെയും ഈ മണ്ണിൽ ജീവിക്കുമ്പോൾ എന്റെ പെങ്ങൾ മാത്രം...– ഊർന്നിറങ്ങിയ മിഴിനീർ തുള്ളികളെ മറയ്്കാൻ മനു പാടുപെടുന്നുണ്ടായിരുന്നു.

manu

എന്തിനും ഈ ഏട്ടനില്ലേ

ശാരീരിക ബുദ്ധിമുട്ടുകൾ ഏറെയുണ്ട് എന്റെ കുട്ടിക്ക്. പ്രാഥമിക ആവശ്യങ്ങൾക്കു പോലും മറ്റുള്ളളരുടെ സഹായം തേടണം. പക്ഷേ ഇന്നു വരെ എന്റെ കുഞ്ഞിനെ ഞാനും അമ്മയും ആ ബുദ്ധിമുട്ട് അറിയിച്ചിട്ടില്ല. ഇരുപത്തിയെട്ട് വയസായെങ്കിലും ഒരു കൊച്ചു കുഞ്ഞിനെ എങ്ങനെയാണോ പരിചരിക്കുന്നത് അതു പോലെയാണ് ഞങ്ങൾ അവളെ നോക്കുന്നത്. അവളുടെ കൈയും കാലും ശരീരവും എല്ലാം ഞാനാണ്. അവൾക്കാഗ്രഹമുള്ളിടത്തേക്ക് എല്ലാം ഞാൻ‌ കൊണ്ടു പോകും. വയ്യായ്ക ഉണ്ടെന്ന തോന്നൽ ഇന്നു വരെ അറിയിച്ചിട്ടേയില്ല. അവളെ താങ്ങി ഈ ലോകം ചുറ്റാനുള്ള എനർജി കൂടി ദൈവം എനിക്ക് തന്നിട്ടുണ്ട്. മറ്റൊരു തരത്തിൽ പറഞ്ഞാൽ അവളെനിക്കെന്റെ ശരീരഭാഗം പോലെയാണ്. അവയവങ്ങൾ നമുക്കൊരു ഭാരമായി തോന്നാറില്ലല്ലോ, അതു പോലാണ് എനിക്കെന്റെ പെങ്ങളൂട്ടിയും. പിന്നെ ഞാൻ അവളേയും എടുത്തു കൊണ്ടു പോകുമ്പോൾ സഹതാപ കണ്ണെറിയുന്ന ചിലരുണ്ട്. അവരോടൊക്കെ പുച്ഛം മാത്രം. എന്റെ പെങ്ങളെനിക്ക് ഭാരമല്ല. പ്രാണനാണ്.

manu-1

അവൾ സ്വപ്നം കണ്ട വിവാഹം

എനിക്കു മുമ്പേ അവളുടെ വിവാഹം സ്വപ്നം കണ്ടവനാണ് ഞാൻ. പക്ഷേ ഇന്നും ഒരു കൊച്ചു കുഞ്ഞിനെ പോലെ അത്രമാത്രം വയ്യായ്കയും പേറിയാണ് അവൾ ജീവിക്കുന്നത്. അവളെ സ്നേഹിക്കുന്നതിന് തടസമായി ജീവിതത്തിൽ ഒരു കൂട്ട് വേണമെന്ന് ഒരിക്കലും ഞാൻ കരുതിയതല്ല. ജീവിതം മുഴുവൻ മീനൂട്ടിക്കായി മാറ്റിവച്ചവനാണ് ഞാൻ. പക്ഷേ ഞാൻ മനസിൽ പോലും വിചാരിച്ചിട്ടില്ലാത്ത വിവാഹക്കാര്യം പണ്ടേക്കു പണ്ടേ അവൾ കുറിച്ചിട്ടിരുന്നു. ഞാനൊരു വിവാഹം കഴിക്കണം എന്നത് അവളുടെ സ്വപ്നമാണ്. എന്റെ ഇഷ്ടങ്ങൾക്ക് തടസമാകരുത് എന്ന് അവൾക്ക് നിർബന്ധമുണ്ടായിരുന്നു. ശരിക്കും പറഞ്ഞാൽ എന്റെ വിവാഹം അവളുടെ സ്വപ്നസാക്ഷാത്കാരമാണ്.

manu-3

ഞങ്ങളുടെ വിവാഹ നിശ്ചയ ചടങ്ങിൽ വച്ച് ഞാൻ അവളേയും ഒക്കത്തേറ്റി കൈകഴുകാനായി കൊണ്ടു പോയിരുന്നു. ബന്ധുക്കളാരോ അതെടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. എന്റേയും മീനൂട്ടിയുടേയും സ്നേഹം ഒരുപാട് പേർ ഏറ്റെടുത്തു എന്നറിഞ്ഞു. എല്ലാവരോടും സ്നേഹം. പിന്നെ പലരും വിവാഹ ചടങ്ങിലാണ് ഇതൊക്കെ നടന്നതെന്ന് പ്രചരിപ്പിക്കുന്നുണ്ട്. അതു തെറ്റാണ്. വിവാഹം ഡിസംബർ 12നാണ്. പട്ടം വാർഡ് കൗൺസിലർ രമ്യ രമേശാണ് പ്രതിശ്രുത വധു.

എന്റെ പെങ്ങളുടെ വയ്യായ്ക അറിഞ്ഞ്...അവൾക്ക് ഞാൻ നൽകുന്ന സ്നേഹത്തിലും വാത്സല്യത്തിലും പരാതിയില്ലാത്ത ഒരു പെണ്ണായിരിക്കണം എന്റെ ഭാര്യയായി വരുന്നത് എന്നതു മാത്രമായിരുന്നു പ്രാർഥന. ഞാൻ ജോലിക്ക് പോകുമ്പോൾ എന്റെ മീനൂട്ടിക്ക് അവൾ കൂട്ടായിരിക്കണം. രമ്യയോട് ഞാന്‍ അതൊന്നും അവതരിപ്പിച്ചിട്ടില്ലെങ്കിലും എന്റെ മനസറിയും എന്ന് തന്നെയാണ് എന്റെ വിശ്വാസം. എനിക്കു നൽകുന്ന അതേ സ്നേഹം എന്റെ പെങ്ങളൂട്ടിക്കും നൽകട്ടേ... അതു മാത്രമാണ് പ്രാർത്ഥന.

സ്വപ്നമൊരു വീട്

ഭാവിയും പ്രതീക്ഷയും സ്വപ്നവും എല്ലാം ഇന്ന് എനിക്കും എന്റെ അമ്മയ്ക്കും അവളാണ്. എട്ടു വർഷം മുമ്പ് ഞങ്ങളുടെ അച്ഛൻ ഹരീന്ദ്രൻ നായർ ഹൃദയാഘാതം വന്ന് മരിച്ചു. അതോടെ വീടിന്റെ വരുമാനവും നിലച്ചു. അച്ഛൻ മരിച്ചതോടെ വീടിന്റെ ഉത്തരവാദിത്തം എന്റെ ചുമലിലായി. അമ്മ അടുത്തുള്ള ഒരു ക്ഷേത്രത്തിൽ ജോലിക്കു പോകുന്നുണ്ട്. എനിക്ക് ഡ്രൈവിംഗാണ് ജോലി. സ്വപ്നമൊന്നേ ഉള്ളൂ... ഞങ്ങൾക്ക് സ്വന്തമായി അടച്ചുറപ്പുള്ളൊരു വീട്. ഇതു വരെ തട്ടിമുട്ടി പോയില്ലേ. ഇനിയും ദൈവം ഞങ്ങളെ കൈവിടില്ല.

Tags:
  • Relationship