Thursday 22 April 2021 02:24 PM IST : By സ്വന്തം ലേഖകൻ

‘അവളുടെ അദൃശ്യ സാന്നിദ്ധ്യം ഞാനറിഞ്ഞു, ആ സന്തോഷം ഏറ്റുവാങ്ങാൻ എന്റെ ഉമയ്ക്കു സാധിച്ചില്ല’: ഭാര്യയുടെ ഓർമ്മയിൽ മനു

manu-rameshan

അകാലത്തില്‍ വേർപിരിയുന്ന പ്രിയപ്പെട്ടവർ നമ്മുടെ സന്തോഷങ്ങളെ കൂടിയാണ് കൊണ്ടു പോകുന്നത്. അവരുടെ അസാന്നിദ്ധ്യം ഏറ്റവം നിഴലിക്കുന്നത് സന്തോഷനിമിഷങ്ങളിലായിരിക്കും. തന്റെ സന്തോഷങ്ങളെയെല്ലാം കട്ടെടുത്ത് കണ്ണീർബാക്കിയായി മറഞ്ഞുപോയ ഭാര്യ ഉമാ ദേവിയെക്കുറിച്ച് സംഗീതസംവിധായകൻ മനു രമേശ് പങ്കുവച്ച കുറിപ്പാണ് വേദന പടർത്തുന്നത്.

അധ്യാപികയായിരുന്ന ഉമ ഈയടുത്ത കാലത്താണ് ഒരു കുടുംബത്തിനൊന്നെയാകെ വേദനിപ്പിച്ച് വിടപറഞ്ഞത്. ആ വേദന തളംകെട്ടി നിൽക്കുന്ന അന്തരീക്ഷത്തിലാണ് ഉമയെ തേടി ഡോക്ടറേറ്റ് എത്തുന്നത്. അംഗീകാരം ഏറ്റു വാങ്ങുന്നതിനു മുന്‍പേയുള്ള ഉമയുടെ വിടപറച്ചിലിനെയോർത്താണ് മനുവിന്റെ വേദനയിൽ പൊതിഞ്ഞ കുറിപ്പ്.

ഏറെ നാളത്തെ കഠിനാധ്വാനത്തിനു ശേഷം ഉമ ഡോക്ടറേറ്റ് നേടിയിട്ടും അത് സ്വീകരിക്കാനുള്ള ഭാഗ്യം കിട്ടാതെ പോയതിനെക്കുറിച്ച് മനു രമേശൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ‌‌‌പുരസ്കാരദാന ചടങ്ങിലെ ചിത്രവും മനു പങ്കുവച്ചിട്ടുണ്ട്.

‘ഡോക്ടറേറ്റ് കിട്ടിയെങ്കിലും അത് ഏറ്റുവാങ്ങാൻ എന്റെ ഉമയ്ക്കു സാധിച്ചില്ല. പക്ഷേ ചടങ്ങിനിടെ വേദിയിൽ അവളുടെ സാന്നിധ്യമുണ്ടായിരുന്നു. അവൾക്കു പകരം അവളുടെ സഹോദരനാണ് അംഗീകാരം ഏറ്റുവാങ്ങിയത്. ഡോക്ടറേറ്റ് നേടുന്നതിനായി അവൾ അതികഠിനമായി അധ്വാനിച്ചു. അതിനായി എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്തു. വിടവാങ്ങുന്നതിനു മുൻപ് അവൾ വൈവയും മറ്റു ടെസ്റ്റുകളുമെല്ലാം വിജയകരമായി പൂർത്തിയാക്കിയിരുന്നു. അങ്ങനെ അവൾ ഒരു വിജയിയായി ഉയർന്നു വന്നു. ഈ ലോകത്തിലെ ഏറ്റവും അഭിമാനിയായ ഭർത്താവ് ഞാൻ ആണ്, തീർച്ച’, വേദനയോടെ മനു രമേശൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. 

കഴിഞ്ഞ മാർച്ച് 17ന് മസ്തിഷ്കാഘാതത്തെ തുടർന്നായിരുന്നു ഉമാ ദേവി (35) അന്തരിച്ചത്. ശക്തമായ തലവേദനയെത്തുടർന്ന് പുലർച്ചെ ആശുപത്രിയിലേയ്ക്കു കൊണ്ടുപോകും വഴിയായിരുന്നു അന്ത്യം. എറണാകുളം പേരണ്ടൂർ ആണ് മനു രമേശും ഉമയും താമസിച്ചിരുന്നത്. ഇരുവർക്കും അഞ്ചു വയസ്സുള്ള മകളുണ്ട്.

ചലച്ചിത്ര സംഗീത സംവിധായകനെന്ന നിലയിൽ മലയാളി പ്രേക്ഷകർക്കും സംഗീതാസ്വാദകർക്കും സുപരിചിതനാണ് മനുരമേശൻ. 2009ല്‍ പുറത്തിറങ്ങിയ ഗുലുമാല്‍ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. അയാള്‍ ഞാനല്ല,ആത്മകഥ,സിന്ദൂരച്ചെപ്പ് തുടങ്ങി നിരവധി ചിത്രങ്ങളുടെ സംഗീത സംവിധായകനാണ് മനു.