Saturday 25 May 2019 05:25 PM IST

ഒറ്റക്കൈ കൊണ്ട് വരച്ച് മനു ആത്ഭുതം തീർക്കുന്നു, എന്നിട്ടും തലവര മാത്രം മാറിയില്ല! സോഷ്യൽ മീഡിയയിൽ വൈറലായ ആ വികലാംഗൻ പെയിന്റർ ഇതാണ്

Binsha Muhammed

artist-cover

വർഷങ്ങൾക്കു മുൻപാണ്. ആകെയുള്ള ഒറ്റക്കയ്യിൽ പെയിന്റ് പാട്ടയും തൂക്കിവേച്ചു വേച്ച് നടന്ന് വരുന്ന വികലാംഗനായ ചെറുപ്പക്കാരനെ കണ്ടപ്പോഴേ വണ്ടിയുടമയ്ക്ക് ഡൗട്ടടിച്ചു. സമീപമിരുന്ന മെക്കാനിക്കിനോട് പുരികമുയർത്തി ചോദിക്കുകയാണ്. ‘എന്റെ നമ്പർ പ്ലേറ്റും കാശും വേസ്റ്റാവോ മേസ്തിരീ... ഒരു കയ്യില്ലാതെ ഈ പയ്യൻ എങ്ങനെ പെയിന്റ് ചെയ്യാനാണ്. ഇനി അഥവാ ചെയ്താൽ തന്നെ നേരേ ചെവ്വേയുള്ള നമ്പർ പ്ലേറ്റ് ആവോ...’

ആ കമന്റ് കേട്ടെങ്കിലും, കേട്ടഭാവം നടിക്കാതെ ഒരു കൈ ഇല്ലാത്ത ആ ചെറുപ്പക്കാരൻ ജോലി തുടങ്ങി. ‘അവന്റെ പെയിന്റിംഗ് മോശമായാൽ.. സാറിന്റെ വണ്ടി മോശമായാൽ ഞാൻ ഗ്യാരണ്ടി... ധൈര്യമായി പൊയ്ക്കോ...’– അക്ഷമനായി മറുപടിക്ക് കാത്തു നിന്ന വണ്ടിയുടമയ്ക്ക് മെക്കാനിക്കിന്റെ ഉറപ്പ്. എന്നിട്ടും വിശ്വാസം വരാതെ അയാൾ അവിടെത്തന്നെ നിന്നു. ഒരു കൈയ്യില്ലാതെ എന്ത് അത്ഭുതമാണ് ഈ മനുഷ്യൻ കാട്ടാൻ പോകുന്നത്. ആ നിൽപ്പ് അരമണിക്കൂറോളം നീണ്ടു പോയി. കണ്ണെടുക്കാതെ കണ്ടുനിന്ന ആ പെയിന്റിംഗിനൊടുവിൽ കാറുടമയുടെ മുഖത്തെ ഉത്കണ്ഠ സംതൃപ്തിയുടെ പുഞ്ചിരിക്ക് വഴിമാറി. മനസിൽ വിചാരിച്ചതിനും മേലെ മാനത്ത് കണ്ട വരയൊരെണ്ണം പാസാക്കി നമ്മുടെ കഥാനായകൻ ചിരിച്ചു കൊണ്ട് അടുത്ത വണ്ടിയുടെ അടുത്തേക്ക് നീങ്ങി.

ഇവനെക്കൊണ്ടിത് സാധിക്കുമോ എന്ന് ചോദിച്ച ആളുകൾ തന്നെ, ഇതെങ്ങനെ സാധിക്കുന്നെടാ ഉവ്വേ...എന്ന് ചോദിച്ചപ്പോൾ ആ ഒറ്റക്കയ്യൻ ചെക്കന്റെ മുഖത്ത് നിറഞ്ഞ പുഞ്ചിരി... അതൊരു തുടക്കമായിരുന്നു. കഷ്ടപ്പാട് മാത്രം കൈമുതലായുള്ള ബ്ലാക്ക് ആൻഡ് ജീവിതത്തിന് കളറടിക്കാൻ പെയിന്റും തൂക്കിയിറങ്ങിയ ചെറുപ്പക്കാരനെ പിന്നെ കണ്ടത് സോഷ്യൽ മീഡിയയിലാണ്. ജീവൻ തുടിക്കുന്ന ചിത്രങ്ങളും...കണ്ണഞ്ചിപ്പിക്കുന്ന വര വൈവിധ്യങ്ങളും കൊണ്ട് അയാൾ സൂപ്പർ സ്റ്റാറായി. ജന്മനാ ഒരു കൈയ്യില്ലാത്ത ഈ മനുഷ്യന് ഇതെങ്ങനെ സാധിക്കുന്നുവെന്ന അന്വേഷണമായി. ആ ചോദ്യങ്ങൾക്കെല്ലാം മറുപടി പറയുകയാണ് പത്തനാപുരം സ്വദേശിയായ മനു ഇളമ്പൽ എന്ന അത്ഭുത മനുഷ്യൻ... വൈകല്യം കെട്ടിയിട്ട ജീവിതത്തിന്റെ തലവര നിശ്ചയദാർഢ്യം കൊണ്ടു മാറ്റി വരച്ച മനുവിന് ജീവിതം പക്ഷേ ഇനിയും നിറപ്പകിട്ടുള്ളതായിട്ടില്ല. ‘വനിത ഓൺലൈനോട്’ ജീവിതം പങ്കുവയ്ക്കുമ്പോൾ അതിൽ നിറഞ്ഞു നിന്നത് പ്രതീക്ഷയുടെ കടുംവർണങ്ങൾ.

artist-1

വരയാണ് വരം

എനിക്ക് ആരുടെ മുന്നിലും ഒന്നും തെളിയിക്കേണ്ട. രണ്ട് കയ്യുള്ളവർ ജീവിക്കും പോലെ എനിക്കും ജീവിക്കാനാകുമെന്ന് എന്റെ മനസിനോട് തന്നെ പറഞ്ഞ് ഉറപ്പിക്കാൻ വേണ്ടിയാണ് ഈ പോരാട്ടം. ആരും അറിയാതെ പോകുമായിരുന്ന എനിക്ക് ഇതിലും വലുത് എന്ത് വേണം. ഈ ഒറ്റക്കയ്യനെ നിങ്ങളെല്ലാവരും അറിഞ്ഞില്ലേ. എന്റെ കഴിവിനെ അംഗീകരിച്ചില്ലേ...– പറഞ്ഞു തുടങ്ങുമ്പോഴേ മനുവിന്റെ വാക്കുകളെ ആനന്ദാശ്രു മുറിച്ചു.

manu-6

ജന്മനാ കൈകളില്ലാത്തവനാണ് ഞാൻ. കണ്ണീരും കഷ്ടപ്പാടും പലപ്പോഴായി എത്തിനോക്കുന്ന ജീവിതം. അന്നന്നുള്ള അന്നത്തിനായി ചോരനീരാക്കുന്ന അച്ഛന്റേയും അമ്മയുടേയും മകന്‍. വീട്ടിലെ കഷ്ടപ്പാടിനും അപ്പുറം അച്ഛനും അമ്മയ്ക്കും ഒറ്റ വിഷമമേ ഉണ്ടായിരുന്നുള്ളൂ. അത് എന്നെക്കുറിച്ചായിരുന്നു. അധ്വാനിച്ച് ജീവിക്കേണ്ട ഒരു ആൺകുട്ടി, ഒരു കയ്യില്ലാതെ ഈ ലോകത്ത് എങ്ങനെ ജീവിക്കും എന്നതായിരുന്നു ആശങ്ക. അതോർത്ത് അവർ കരയാത്ത ദിവസങ്ങളില്ല. സ്കൂളിൽ ചെല്ലുമ്പോഴുള്ള അനുകമ്പയുടെ നോട്ടങ്ങൾ. ദൈന്യഭാവങ്ങൾ. രണ്ട് കയ്യുള്ളവരുടെ ഇടയിൽ ഞാനേതോ അന്യഗ്രഹ ജീവിയെപ്പോലെയായിരുന്നു. പക്ഷേ എന്റെ ഒരു കുറവിനെ ദൈവം പരിഹരിച്ചത് മറ്റൊരു കഴിവ് കൊണ്ടാണ്. ‘വര’ ഒരു വരമായി ദൈവം തരുന്നതും പണ്ടേക്ക് പണ്ടേ...ഞാൻ സ്കൂളിൽ പഠിക്കുന്ന കാലം തൊട്ട്.

manu-5

പടംവരപ്പുകാരൻ ചെക്കനിൽ നിന്നും ആർട്ടിസ്റ്റിലേക്ക്

ബുക്കിലും ചുമരിലും വരച്ച് തുടക്കം. ഒരു കൈയ്യില്ലെങ്കിലും ആ ചെറുക്കൻ നന്നായി വരയ്ക്കുന്നുണ്ടല്ലേ...എന്ന നാട്ടുകാരുടേയും അയൽപക്കക്കാരുടേയും അഭിനന്ദനം ആണ് ജീവിക്കാനുള്ള ആദ്യ പ്രചോദനം. ഒരു കയ്യില്ലാത്തവനും മനസു വച്ചാൽ എന്തെങ്കിലും നടക്കുമെന്നൊരു തോന്നൽ. കയ്യിലുള്ള കഴിവും ക്യാൻവാസും കെട്ടിപ്പെറുക്കി നേരെ ചെന്നത് കൊട്ടാരക്കരയിലെ രവി വർമ്മ ഇൻസ്റ്റിറ്റ്യൂട്ടിൽ. കുത്തിവരച്ചതും കോറിയിട്ടും ഞാൻ ശീലിച്ച വര രൂപം മാറുന്നത് അവിടെയാണ്. മൂന്ന് വർഷം വരയെ ശാസ്ത്രീയമായി അടുത്തറിഞ്ഞു. ഓയിൽ പെയിന്റിംഗ്, അക്രിലിക്പെയിന്റിംഗ്, വാട്ടർ കളർ എന്നിവയെക്കുറിച്ച് വിശദമായി പഠനം. മലയാള മനോരമ ആഴ്ച പതിപ്പിൽ ആർട്ടിസ്റ്റായ മണിമല മോഹൻ സാറിന്റെ അടുക്കൽ വീണ്ടും ഒരു വർഷം പരിശീലനം. അനാട്ടമി ഓഫ് ഡ്രോയിംഗ് എന്തെന്ന് പഠിപ്പിച്ചു നൽകുന്നത് അദ്ദേഹമാണ്. ജീവിതം മാറിത്തുടങ്ങുകയായിരുന്നു. പടം വരപ്പുകാരൻ ആർട്ടിസ്റ്റ് എന്ന മേൽവിലാസത്തിലേക്ക് മാറുന്നത് അങ്ങനെയാണ്.

manu-4

കണ്ണീരൊപ്പിയ കൈനീട്ടം

പഠിച്ചിറങ്ങുമ്പോഴും മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ചുള്ള ആശങ്കയായിരുന്നു. വരയ്ക്കാനുള്ള കഴിവ് എനിക്ക് എങ്ങനെയാണ് ഉപജീവനമായി മാറുന്നതെന്ന് അറിയില്ല. ആരെങ്കിലും എന്റെ ഈ അവസ്ഥ കണ്ട് ജോലി തരുമോ എന്ന ടെൻഷൻ വേറേയും. പക്ഷേ ഞാൻ ഇറങ്ങിത്തിരിച്ചു. വർക് ഷോപ്പുകളായ വർക് ഷോപ്പുകളിലേക്കെല്ലാം പോയി. വണ്ടിയുടെ നമ്പർ ഡ്രോയിംഗ്, ലോറിക്ക് പുറകിലെ ആർട്ട് വർക്ക് എന്നിങ്ങനെ എന്തെങ്കിലും പണി വന്നാൽ അറിയിക്കണേ എന്ന് പറഞ്ഞിരുന്നു. കയ്യില്ലാത്ത എനിക്ക് എന്ത് ചെയ്യാൻ പറ്റുമെന്ന് കരുതി തിരിച്ചയച്ച സന്ദർഭങ്ങൾ വരെയുണ്ടായിട്ടുണ്ട്. ചിലര്‍ കാശ് നൽകാൻ നോക്കി. ഈ ഒറ്റ കൈ കൊണ്ട് ഞാൻ എങ്ങനെ വരയ്ക്കും എന്ന് തന്നെയായിരുന്നു അവരുടെ സംശയം. ആ സംശയം തീർക്കാനും ഇതേ വര വേണ്ടി വന്നു. എന്റെ അവസ്ഥ കണ്ടറിഞ്ഞാകണം പലരും എന്നെ വർക്കിനു വിളിച്ചു തുടങ്ങി. എന്റെ ആദ്യ ക്യാൻവാസ് വണ്ടിയുടെ ബോഡികളായിരുന്നു. വര വരുമാനം കൊണ്ടു വരുന്നത് അങ്ങനെയാണ്.

manu-2

നിറമില്ലാതെ ജീവിതത്തിന്റെ ക്യാൻവാസ്

എനിക്ക് സഹതാപത്തിന്റെ നോട്ടങ്ങളല്ല വേണ്ടത്. രണ്ട് കൈയ്യുള്ളവരെ പോലെ ജീവിക്കാനാണ് എന്റെയീ അധ്വാനം. വരകൾക്ക് നിറമുണ്ടെങ്കിലും ജീവിതം ഇപ്പോഴും നിറമില്ലാതെ തുടരുകയാണ്. ടാപ്പിംഗിനു പോകുന്ന അമ്മയും കൃഷി ചെയ്ത് കുടുംബം പുലർത്തുന്ന പപ്പയും ഉള്ളതു കൊണ്ട് കൂടിയാണ് ജീവിതം തട്ടിമുട്ടി പോകുന്നത്. എനിക്ക് വിശ്വാസമുണ്ട്. ഇത്രയും സൗഭാഗ്യങ്ങളും അവസരങ്ങളും തന്ന ദൈവം ഇനിയും എന്നെ കൈപിടിച്ചുയർത്തും. എന്റെ പരിമിതികൾ മറന്ന് എന്നോടൊപ്പം ജീവിക്കാനിറങ്ങിയ ഒരു പെണ്ണുണ്ട്. എന്റെ ഭാര്യ രഞ്ജു. അവൾക്കു വേണ്ടി, എന്റെ മക്കളായ നിസിമോൾക്കും മെസിക്കും വേണ്ടി ഈ ഒരു കൈയ്യും ഏന്തി എനിക്ക് ഒരുപാട് ദൂരം പോകാനുണ്ട്. അവിടെയും എന്റെ വര എനിക്ക് തുണയായെത്തും. ദൈവം എന്നെ കൈവിടില്ല...രക്ഷപ്പെടാതെ എവിടെ പോകാൻ.– തലവരയും ഒരിക്കൽ മാറുമെന്ന പ്രതീക്ഷിൽ ചെറു ചിരിയോടെ മനു പറഞ്ഞു നിർത്തി.

manu-1