Wednesday 24 July 2024 11:56 AM IST : By സ്വന്തം ലേഖകൻ

‘മുറ്റത്തെ ചിരട്ട, പോക്കറ്റിൽ നിറയെ പണം!’: ഈ ബുദ്ധിയെന്താ നമുക്കു തോന്നാത്തത്: ജോലി രാജിവച്ച് മരിയയുടെ ബിസിനസ് വഴി

maria-kuriakose

ചിരട്ട ഉത്പന്നങ്ങൾ കൊണ്ടു വിപണി കീഴടക്കുകയാണു ‘തേങ്ങ’

കോവിഡ് കാലത്തു മുംബൈയിലെ ജോലി രാജി വച്ചു നാട്ടിലെത്തിയ തൃശൂരുകാരി മരിയ കുര്യാക്കോസിനു മുറ്റത്തു കൂട്ടിയിട്ടിരുന്ന ചിരട്ട കണ്ടപ്പോഴാണ് തേങ്ങ എന്ന ബ്രാൻഡിൽ ചിരട്ട ഉത്പന്നങ്ങൾ നിർമിക്കുന്ന ഐഡിയയുടെ ബൾബു കത്തിയത്. എൻജിനീയറായ അ ച്ഛൻ കുര്യാക്കോസും അമ്മ ജോളിയും പച്ചക്കൊടി വീശിയതോടെ ‘തേങ്ങ’യ്ക്കു തുടക്കമായെന്നു മരിയ പറയുന്നു.

‘‘മുബൈ സെന്റ് സേവ്യേഴ്സ് കോളജിൽ ഇക്കണോമിക്സ് ഡിഗ്രി പാസ്സായ പിറകേ സ്പെയിനിൽ എംബിഎ ചെയ്യാൻ സ്കോളർഷിപ് കിട്ടി. പഠനം കഴിഞ്ഞ് എയോൺ എ ന്ന കമ്പനിയിൽ കൺസൽറ്റന്റായി ജോലി ചെയ്തു. രണ്ടു വർഷത്തിനു ശേഷം അവിടെ നിന്നു ജോലി രാജിവച്ചു. സാമൂഹികപ്രതിബദ്ധതയുള്ള ജോലികളോടുള്ള താത്പര്യം കൊണ്ടു ചേരിയിലെ സ്ത്രീകളുടെ ആർത്തവ ശുചിത്വം സംബന്ധിച്ച ബോധവത്കരണവും മറ്റും നടത്തുന്ന ഫൗണ്ടേഷനിൽ ചേർന്നു. ഒരു സാമൂഹികപ്രശ്നം പരിഹരിക്കുന്നതിനൊപ്പം ബിസിനസ് സംരംഭം കൂടി പ്രവർത്തിക്കുന്ന ജോലിയാണ് എനിക്കു വേണ്ടത് എന്നു തീരുമാനിച്ചത് അന്നാണ്. അങ്ങനെ ആ ജോലിയും രാജിവച്ചു.

കോവിഡ് കാലമാണത്. ആദ്യം കയറിന്റെയും പാളയുടെയും മറ്റും ഉത്പന്നങ്ങൾ നിർമാതാക്കളിൽ നിന്നു നേരിട്ടു വാങ്ങി ആമസോണിലും മറ്റും വിറ്റു.

അതിനിടെ മുറ്റത്തു നിന്നു നല്ല വലുപ്പവും ഷേപ്പുമുള്ള ചിരട്ട തപ്പിയെടുത്തു സാൻഡ് പേപ്പർ കൊണ്ട് ഉരച്ചു മിനുക്കി പോളിഷ് ചെയ്ത് ഐസ്ക്രീം കപ്പ് ഉണ്ടാക്കി മാറ്റി. ഇക്കോ ഫ്രണ്ട്‌‌ലി ഉത്പന്നങ്ങൾ മാർക്കറ്റ് ചെയ്യുന്ന കേരളത്തിനു പുറത്തുള്ള രണ്ടു കമ്പനികൾ കണ്ടുപിടിച്ചു.

അവരുടെ ബ്രാൻഡ്നെയിം ചിരട്ട കപ്പിൽ ലേസർ എൻഗ്രേവ് ചെയ്തെടുത്തു. ആ ചിത്രങ്ങൾ അയച്ചുകിട്ടിയ പിറകേ രണ്ടുപേരും ഓർഡർ തന്നു. 100 ചിരട്ട ബൗളുകൾ, ഒരെണ്ണം 60 രൂപയ്ക്കു കൊടുക്കാമെന്നു സമ്മതിച്ചു. ഒരു നിർദേശമേ അവർ വച്ചുള്ളൂ, ബൗളുകൾ പല വലുപ്പത്തിലാകരുത്, 300– 400 മില്ലിലീറ്റർ ആകണം സൈസ്.

mariya-1

അളവു തെറ്റിച്ച ആദ്യപാഠം

ഒരേ വലുപ്പത്തിലുള്ള നൂറു ചിരട്ടകൾ സംഘടിപ്പിക്കാൻ പതിനായിരക്കണക്കിനു ചിരട്ടകൾ പെറുക്കികൂട്ടേണ്ടി വന്നു. 12 ദിവസമെടുത്താണു നൂറു ചിരട്ടകൾ തപ്പിയെടുത്തത്. ആറേഴു ദിവസം കൊണ്ട് അവ ഉരച്ചു മിനുസമാക്കി പോളിഷ് ചെയ്ത് ഓർഡർ അയച്ചു. ആറായിരം രൂപയുടെ ഓർഡറിനു വേണ്ടി പത്തിരുപതു ദിവസം പണിയെടുത്തതു കണ്ട് വീട്ടുകാർ മൂൂക്കിൽ വിരൽ വച്ചു. പക്ഷേ, ഈ ജോലിയായിരുന്നു എനിക്കിഷ്ടം.

ഒരു എക്സിബിഷനിൽ ചിരട്ട തവി ഉണ്ടാക്കുന്ന ചേച്ചിമാരെ പരിചയപ്പെട്ടു. അങ്ങനെയുള്ള 16 അംഗ ടീമിനെ ഉണ്ടാക്കി ഓർഡറുകൾ വീതിച്ചു കൊടുത്തു യൂണിറ്റ് വിപുലമാക്കി. കീചെയിനും ഫ്രിജ് മാഗ്‌നറ്റും മെഡലുകളും മുതൽ ക്ലോക്കും മൊബൈൽ സ്റ്റാൻഡും പിഗ്ഗി ബാങ്കും വരെ ചിരട്ട കൊണ്ട് ഉണ്ടാക്കി വിൽക്കുന്നു. ചിരട്ടയുടെ വലുപ്പം അനുസരിച്ചു 15 രൂപ വരെ കർഷകനു നൽകും. 800 മില്ലി വരെ കപ്പാസിറ്റി വേണ്ട ബൗളുകൾക്കായി ആൻഡമാനിൽ നിന്നു വലിയ തേങ്ങ ഇറക്കുമതി ചെയ്യും.

പാലക്കാട്ടെ ഓഫിസിൽ ഫിനാൻസ്, മാർക്കറ്റിങ് വിഭാഗത്തിലായി 13 സ്റ്റാഫുണ്ട്. ജ്വല്ലറി ബിസിനസ് ചെയ്യുന്ന ഭർത്താവു സച്ചിനും മകൾ റാഹേലും ചിരട്ട ഉത്പന്നങ്ങളുടെ ഫാൻസാണ്.