Tuesday 19 February 2019 12:45 PM IST : By സ്വന്തം ലേഖകൻ

അവർ ഇനി ആരുമില്ലാത്തവരല്ല, കൈപിടിച്ചേൽപ്പിച്ചത് ഒരു നാട്; നന്മയുടെ സദ്യ വിളമ്പി ഈ കല്യാണം

wed-1

ആരോരുമില്ലാത്തവർക്ക് തുണയാകാൻ ദൈവം ചിലരെ കരുതി വയ്ക്കാറുണ്ട്. എന്നാൽ ആലപ്പുഴ മഹിളാ മന്ദിരത്തിലെ നിർദ്ധനരായ ഈ പെൺകൊടികളുടെ ജീവിതത്തിൽ കാരുണ്യം വിതറി ഒരു നാട് തന്നെ ഒഴുകിയെത്തി. ഉറ്റവരോ ഉടയവരോ ഇല്ലാത്ത നാല് പെൺകൊടികളെ വിവാഹ ജീവിതത്തിലേക്ക് കൈപിടിച്ചു നടത്തി അനുഗ്രഹാശിസുകളുമായെത്തിത് ജനപ്രതിനിധികൾ ഉൾപ്പെടെ പ്രമുഖർ. മാതാപിതാക്കളുടെ വേര്‍പാട് ഒട്ടും അറിയിക്കാതെ ശിശുവികസന വകുപ്പും നഗരസഭയും ചേര്‍ന്ന് കെങ്കേമമായി വിവാഹം നടത്തുകയും ചെയ്തു.

ഗോപിക, ശ്രീക്കുട്ടി, ശാലിനി, അയ്ടു എന്നീ നിർദ്ധന പെൺകൊടികൾക്കാണ് സുമനസുകളുടെ സഹായത്തോടെ ജീവിതത്തിലെ പുതിയ അധ്യായം തുറന്നുകിട്ടുന്നത്. പിതാവിന്റെ സ്ഥാനത്തു നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫും, എംഎല്‍എ എഎം ആരിഫും നാലുപേരെയും വരന്മാര്‍ക്ക് കരം പിടിച്ചു നല്‍കി. ഒരു നാട് മുഴുവൻ സാക്ഷിയായി നിൽക്കേ ചുവന്ന പട്ടുസാരികള്‍ ഉടുത്ത്, താലവും കയ്യിലേന്തി നാലുപേരും വിവാഹ വേദിയിലേക്കെത്തിയപ്പോൾ അത് ഹൃദയം തൊടുന്ന നിമിഷവുമായി. ആലപ്പുഴ ഠൗൺ ഹാളാണ് വിവാഹത്തിന് വേദിയായത്.

പതിനാറുവര്‍ഷമായി മഹിളാമന്ദിരത്തിലെ അന്തേവാസികളായ ഗോപികയ്ക്കും ശ്രീക്കുട്ടിക്കും വരന്‍മാരായത് പാലക്കാട് ആലത്തൂരിലെ സഹോദരന്‍മാരായ വിജയകുമാറും വിനയകുമാറുമാണ്. ശാലിനിക്ക് അമ്പലപ്പുഴ സ്വദേശി യദുകൃഷണന്‍ താലിചാര്‍ത്തി. അസംകാരിയായ അയ്ടു ബറുവയെ മാള സ്വദേശി ഉണ്ണികൃഷ്ണന്‍ താലിചാര്‍ത്തിയപ്പോള്‍ ഭാഷയുടെയും ദേശത്തിന്റെയും അതിര്‍വരമ്പുകള്‍ ഇല്ലാതായി.

wedding

സംസ്ഥാന വനിതാശിശുവികസന വകുപ്പ്,ആലപ്പുഴ നഗരസഭ എന്നിവ കൈകോർത്ത് നിരവധി സ്പോൺസർമാരെ കണ്ടെത്തിയാണ് ചടങ്ങ് ഗംഭീരമാക്കിയത്.മഹിളാമന്ദിരം സൂപ്രണ്ട് വി എ നിഷാമോൾ, നഗരസഭാ ചെയർമാൻ തോമസ് ജോസഫ് എന്നിവർ രക്ഷകർത്താക്കളുടെ സ്ഥാനത്ത് നിന്നു.സ്പോൺസർമാരെ കണ്ടെത്തുന്നതിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ചെയർമാൻ തോമസ് ജോസഫ് പറഞ്ഞു. പ്രതീക്ഷിച്ചതിൽ കൂടുതൽ സംഭാവനകൾ ലഭിച്ചു. പൊലീസിന്‍റെ സഹായത്തോടെ വേരിഫിക്കേഷൻ ന‌ടത്തിയാണ് വരന്മാരെ കണ്ടെത്തിയത്. ഇതോടെ മന്ദിരത്തിലെ അന്തേവാസികളായിരുന്ന 11 യുവതികളുടെ വിവാഹങ്ങളാണ് പൂർത്തിയായിരിക്കുന്നത്.