Friday 14 January 2022 12:26 PM IST : By സ്വന്തം ലേഖകൻ

വിവാഹശേഷം ആംബുലൻസിൽ നവദമ്പതികളുടെ ആഘോഷയാത്ര; വിഡിയോ സോഷ്യൽമീഡിയയിൽ വൈറൽ, വാഹനം കസ്റ്റഡിയിലെടുത്ത് മോട്ടർവാഹന വകുപ്പ്

ambulance-wedding

ആംബുലൻസ് സവാരിയിൽ നടപടി

വിവാഹാനന്തരം യാത്ര ചെയ്യാൻ വധൂവരൻമാർ ആംബുലൻസ് ഉപയോഗിച്ച സംഭവത്തിൽ വാഹനം മോട്ടർവാഹന വകുപ്പു കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം കറ്റാനത്തു നടന്ന വിവാഹത്തിനു ശേഷം കായംകുളം- പുനലൂർ (കെപി) റോഡിലൂടെയാണ് വധൂ വരൻമാർ ആംബുലൻസിൽ യാത്ര ചെയ്തത്.

നവദമ്പതികളുമായി ആഘോഷത്തോടെ നീങ്ങിയ ആംബുലൻസ് കാണാൻ ഒട്ടേറെ പേർ റോഡരികിൽ എത്തിയിരുന്നു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ആംബുലൻസ് ഓണേഴ്സ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷൻ ഉൾപ്പെടെ രംഗത്ത് വന്നു. വിഡിയോ ശ്രദ്ധയിൽപെട്ട ട്രാൻസ്പോർട്ട് കമ്മിഷണർ നടപടിക്കു നിർദേശം നൽകുകയായിരുന്നു.

കറ്റാനം വെട്ടിക്കോട് മനു വർഗീസിന്റെ ഉടമസ്ഥതയിലുള്ള എയ്ഞ്ചൽ ആംബുലൻസാണ് വിവാഹ ആവശ്യത്തിന് ഉപയോഗിച്ചത്. വാഹനം ദുരുപയോഗം ചെയ്തതു സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് ഉടമയ്ക്ക് ആലപ്പുഴ ആർടിഒ ജി.എസ്. സജി പ്രസാദ് നോട്ടിസ് നൽകി. റജിസ്ട്രേഷനും പെർമിറ്റും റദ്ദാക്കാതിരിക്കാൻ ഉടമയ്ക്കും ലൈസൻസ് റദ്ദാക്കാതിരിക്കാൻ ഡ്രൈവർക്കും കാരണം കാണിക്കൽ നോട്ടിസും നൽകി.

കൂട്ടത്തിലുള്ള ആംബുലൻസ് ഡ്രൈവറുടെ വിവാഹ ആവശ്യത്തിനാണ് ആംബുലൻസ് ഉപയോഗിച്ചത് എന്നാണ് ഡ്രൈവറുടെ വിശദീകരണം. ജോയിന്റ് ആർടിഒ ഡാനിയൽ സ്റ്റീഫൻ, എംവിഐമാരായ എസ്.സുബി, സി.ബി. അജിത്കുമാർ, എഎംവിഐമാരായ പി. ഗുരുദാസ്, എം.പി. സുനിൽകുമാർ, സജു പി. ചന്ദ്രൻ എന്നിവരടങ്ങുന്ന സംഘമാണ് വാഹനം കസ്റ്റഡിയിലെടുത്ത് നൂറനാട് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയത്.

Tags:
  • Spotlight