Monday 10 May 2021 02:49 PM IST : By മാത്യു ജോർജ്

'തട്ടിക്കൂട്ട് ഓണ്‍ലൈന്‍ ക്ലാസുകള്‍ നമ്മുടെ മക്കളെ മാത്രമല്ല, മാതാപിതാക്കളെയും ബാധിക്കും': വിദ്യാഭ്യാസം വീട്ടുതടങ്കലിലാകുമ്പോള്‍: മാത്യു ജോര്‍ജ് പറയുന്നു

mathew

ഒരു വർഷത്തിലധികമായി ഏതാണ്ട് നിശ്ചലമായ വിദ്യാഭ്യാസ രംഗം തുടർന്നും അനിശ്ചിതത്വത്തെ അഭിമുഖീകരിക്കുകയാണ്. മണിക്കൂറുകളോളം ഇലക്ട്രോണിക് സ്‌ക്രീനുകളിൽ നോക്കിയിരിക്കുന്ന വിദ്യാർത്ഥികളും, ക്യാമെറയോട് മാത്രം സംസാരിക്കുന്ന അദ്ധ്യാപകരും, ഇരുപത്തിനാലു മണിക്കൂറും ഏഴു ദിവസവും കുട്ടികളെ ശ്രദ്ധിക്കേണ്ടി വരുന്ന മാതാപിതാക്കളും, സാമ്പത്തിക ബുദ്ധിമുട്ടിലായ മാനേജുമെന്റുകളും രോഗവ്യാപന കണക്കുകൾക്കിടയിൽ അപ്രസക്തമായിപ്പോയോ എന്ന് സംശയം. അദ്ധ്യാപകരും, മാനേജ്‌മെന്റുകളും ഭരണാധികാരികളുമൊക്കെ ഈ വിഷയത്തിൽ  ഇടപെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതൊക്കെ എത്രമാത്രം പ്രയോജനപ്പെടുമെന്നത് കണ്ടറിയണം. ഐ ടി സാങ്കേതങ്ങളുപയോഗിച്ച് ഇപ്പോൾ നടക്കുന്ന നൂതന പഠന മാർഗ്ഗങ്ങളുടെ കാര്യക്ഷമതയും സംശയത്തിലാണ്. വികസിത രാജ്യങ്ങളിൽ നടപ്പാക്കാൻ ശ്രമിക്കുന്ന "ഹൈബ്രിഡ്" വിദ്യഭ്യാസ സമ്പ്രദായമായിരിക്കും ഈ കോവിഡ് കാലത്തും അതിനുശേഷവും പൊതുവായി നിലവിൽ വരൻ സാദ്ധ്യത. അത് മുൻകൂട്ടി കണ്ടു നടപടികൾ ആരംഭിക്കേണ്ട സമയമായി.

സ്‌കൂൾ അടച്ചുപൂട്ടൽ മൂലം വിദ്യാർത്ഥികൾക്ക് നഷ്ടപ്പെടുന്ന പഠനാവസരങ്ങൾ ആശങ്കയുളവാക്കുന്നതാണെങ്കിലും, മാതാപിതാക്കളുടെ ജീവിതത്തിൽ ഇതുളവാക്കുന്ന പ്രത്യഘാതങ്ങളും ഒപ്പം തന്നെ ഗൗരവമായി കണക്കിലെടുക്കേണ്ടതുണ്ട്. ഈ കോവിഡ് കാലത്ത് സ്‌കൂളിൽ പോകാത്ത കുട്ടികളുടെ സംരക്ഷണത്തിന് വേണ്ടി ജോലിയുപേക്ഷിക്കേണ്ടി വരുന്ന അമ്മമാർ നിരവധിയാണ്. സദാസമയവും വീട്ടിൽ കഴിയുന്ന കുട്ടികൾ അമ്മമാരുടെ ആരോഗ്യത്തിന് ഹാനികരമാണെന്ന് പറയേണ്ടതില്ലല്ലോ. സഹൃദങ്ങളും കളിക്കളങ്ങളുമില്ലാതെ ബോറടിച്ചിരിക്കുന്ന കുട്ടികളുടെ  മാനസിക സംഘർഷങ്ങളുടെ ഇരകളാകുന്നത് മാതാപിതാക്കളാണ്, പ്രത്യേകിച്ച് അമ്മമാർ. ചെറിയ ക്‌ളാസ്സുകളിലെ കുട്ടികളുടെ ഓൺലൈൻ ക്‌ളാസ്സുകൾക്ക് പലപ്പോഴും മാതാപിതാക്കളുടെ സാന്നിദ്ധ്യം ആവശ്യമാണ്. ആ ഉത്തരവാദിത്തവും പലപ്പോഴും അമ്മമാരുടെ ചുമലിലായിരിക്കും വന്നു വീഴുന്നത്. അച്ഛൻ ദൂരെ സ്ഥലത്ത് ജോലിചെയ്യുന്നയാളാണെങ്കിൽ കാര്യങ്ങൾ കൂടുതൽ വഷളാകും. സ്‌കൂൾ അടച്ചുപൂട്ടൽ ഗൃഹാന്തരീക്ഷത്തിലുണ്ടാക്കിയ പ്രതിസന്ധികളും സംഘർഷങ്ങളും ഭാവിയിൽ ഗവേഷണ വിഷയമാകുമെന്നതിൽ സംശയമില്ല.

അടച്ചുപൂട്ടലിൽ നഷ്ടപ്പെടുന്ന വിദ്യാഭ്യാസത്തിന്റെ അനന്തര ഫലങ്ങൾ യുവതലമുറയുടെ ഭാവിയെ സാരമായി ബാധിക്കുമെന്നതിൽ സംശയമില്ല. അപൂർവം ചില സ്ഥാപനങ്ങളൊഴിച്ചാൽ പോയ വർഷം മിക്കവാറുമൊക്കെ ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ പേരിൽ ഏതാണ്ട് താൽകാലിക തട്ടിക്കൂട്ട് പരിപാടികളായിരുന്നു. വീട്ടു ജോലിക്കിടയിലെ സൂം ക്‌ളാസ്സുകളും,  ചാനൽ വഴി അദ്ധ്യയനവും, സിലബസ് വെട്ടിക്കുറക്കലും, പ്രാക്റ്റിക്കലുകൾ ഒഴിവാക്കലും,  അശാസ്ത്രീയമായ പരീക്ഷ നടത്തിപ്പും എല്ലാം വിദ്യാഭ്യാസത്തിലെ വെള്ളം ചേർക്കലുകളായി. പന്ത്രണ്ടു വർഷത്തെ സ്‌കൂൾ വിദ്യാഭ്യാസ കാലഘട്ടത്തിലെ രണ്ടു വർഷമാണ് നഷ്ടപ്പെടുന്നത്. ഒരു വർഷം കൂടി കഴിഞ്ഞാലും കര്യങ്ങൾ എല്ലാം സുഗമമായിക്കൊള്ളണമെന്നില്ല. ബന്ധപ്പെട്ടവരുടെ കൃത്യമായ  ആലോചനയും  ഇടപെടലുകളും                  ആവശ്യമായിരിക്കുന്നു.

 അദ്ധ്യാപകർ നല്ലൊരു വിഭാഗം ഓൺലൈൻ ക്‌ളാസ്സുകളെടുക്കാൻ ഇതിനകം പ്രാപ്തരായെന്നു കരുതാം. നേരിട്ടുള്ള പഠിപ്പിക്കലിനെക്കാൾ വളരെയേറെ തയാറെടുത്തുവേണം ഓൺലൈനിൽ പഠിപ്പിക്കാനെത്തുന്നത്.  കുട്ടികളോടൊപ്പം പലപ്പോഴും മാതാപിതാക്കളും ക്‌ളാസ്സുകൾ ശ്രദ്ധിക്കുന്നുണ്ടെന്നുള്ളത് അവരെ കൂടുതൽ ഉത്തരവാദിത്തബോധമുള്ളവരുമാക്കുന്നു. ഇതെല്ലാം അതിജീവിക്കാൻ അദ്ധ്യാപകർ ഈ കോവിഡ് കാലമത്രയും കഠിനപ്രയത്‌നം ചെയ്തിട്ടുണ്ടെന്നതിനു സംശയമില്ല. പക്ഷെ പ്രശ്നങ്ങൾ അതുകൊണ്ടു തീരുന്നില്ല. തുടരെയുള്ള ഓൺലൈൻ ക്‌ളാസ്സുകളിൽ വിദ്യാർത്ഥികളുടെ "അറ്റെൻഷൻ സ്പാൻ" കുറഞ്ഞു വരുന്നതായാണ് ശാസ്ത്രീയ പഠനങ്ങൾ കാണിക്കുന്നത്. തന്നെയുമല്ല വീടിനു പുറത്തിറങ്ങാതെ ഇലക്ടോണിക് സ്‌ക്രീനിൽ ദീർഘനേരം കണ്ണ് നട്ടിരിക്കുന്നതിന്റെ ശാരീരികവും മാനസികവുമായ പ്രത്യാഘാതങ്ങൾ ഇനിയും പഠിക്കേണ്ട വിഷയമാണ്.

ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ ആശങ്കയുളവാക്കുന്ന മറ്റൊരു വശം വിദ്യാർത്ഥി സമൂഹത്തിൽ ഇത് സൃഷ്ടിക്കുന്ന വിവേചനമാണ് (ഡിജിറ്റൽ ഡിവൈഡ്). സാമ്പത്തികമായി ഉയർന്ന  പശ്ചാത്തലത്തിൽ നിന്നുള്ള വിദ്യാർഥികൾ നിലവാരമുള്ള ഫോണുകളും കമ്പ്യൂട്ടറുകളും വേഗത കൂടിയ ഇന്റർനെറ്റ് സൗകര്യങ്ങളും ഉപയോഗിക്കുമ്പോൾ അതിനു ശേഷിയില്ലാത്തവർ രണ്ടാംകിട ഫോണുകളും പരിമിതിയുള്ള മൊബൈൽ ഇന്റർനെറ്റും കൊണ്ട് തൃപ്തിപ്പെടേണ്ടി വരുന്നു. കൈറ്റ്  വിക്ടേഴ്‌സ് ചാനൽ വഴിയും സാമൂഹ്യ മാധ്യമങ്ങൾ വഴിയുമുളള ഫസ്റ്റ് ബെൽ ക്‌ളാസ്സുകളാണ് സർക്കാരിന്റെ പദ്ധതി. ഇതിനിന്നും സൗകര്യങ്ങളില്ലാത്ത ഒരു ചെറിയ വിഭാഗം ഓൺലൈൻ വിദ്യാഭ്യാസത്തിൽ നിന്ന് പാടെ ഒഴിവാക്കപ്പെടുന്നുമുണ്ട്. ഗ്രാമപ്രദേശങ്ങളിലെ ഇന്റർനെറ്റ് വേഗതകുറവ് ഓൺലൈൻ ക്‌ളാസ്സുകൾ പലപ്പോഴും അസാദ്ധ്യവുമാക്കുന്നു.

സ്വകാര്യ സ്‌കൂളുകളിലെ സൗകര്യങ്ങളൊക്കെ സർക്കാർ സ്‌കൂളുകളേക്കാൾ ഒരിക്കൽ മെച്ചപ്പെട്ടതായിരുന്നെങ്കിലും, കേരളത്തിൽ സർക്കാർ തലത്തിൽ വിദ്യാഭ്യാസ രംഗത്ത് നടത്തിയ നല്ല രീതിയിലുള്ള ഇടപെടൽ നിലവിലെ സമവാക്യങ്ങൾ മാറ്റുന്നുണ്ട്. ക്ലാസുകൾ സ്മാർട്ട് ആവുമ്പോൾ വിജ്ഞാനം പകർന്നു കൊടുക്കുക എന്ന പ്രാഥമിക അദ്ധ്യാപക ധർമ്മം ദുർബലപ്പെട്ട് ഏതാണ്ട് ഒരു മദ്ധ്യസ്ഥന്റെ റോളിലേക്ക് ചുരുങ്ങുന്നു. പഠന ആപ്പുകളും ഇ-ലേർണിംഗ് ഉപാധികളും അദ്ധ്യാപന രീതിയിൽ ദൂരവ്യാപകമായ മാറ്റങ്ങൾ വരുത്തുമെന്നതിനു സംശയമില്ല.  ഓരോ ക്‌ളാസ്സുകളിലെയും പാഠ്യപദ്ധതി  ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സ്മാർട്ട് പാനലുകൾ പോലും മാർക്കറ്റിൽ ലഭ്യമാണ്. ഇത്തരം ആപ്പുകളും ഉപാധികളും ആത്യന്തികമായി വിദ്യാഭ്യാസത്തെ എങ്ങനെ ബാധിക്കുമെന്ന് വിദ്യാഭ്യാസ വിദഗ്ദ്ധർ ചിന്തിക്കേണ്ടതുണ്ട്. ഇപ്പോൾ ഇവിടെ ഓരോരുത്തരും അവരവരുടെ ഭാവനയ്ക്കനുസരിച്ച്‌  സാങ്കേതിക മാർഗ്ഗങ്ങൾ സ്വീകരിക്കുന്നു. വികസിത രാജ്യങ്ങളിൽ വളരെ അവധാനതയോടെയാണ് ഇത്തരം വിഷയങ്ങളെ സമീപിക്കുന്നത്. പരമ്പരാഗത പഠന മാർഗത്തിനു പകരം വെയ്ക്കാൻ ഒരു സാങ്കേതിക മാർഗ്ഗവും മതിയാവുകയില്ലെന്നുള്ള തിരിച്ചറിവിൽ പല രാജ്യങ്ങളിലും ഈ മഹാമാരിക്കാലത്തും സ്‌കൂളുകൾ പരിമിതമായെങ്കിലും തുറന്നു പ്രവർത്തിയ്ക്കുന്നുണ്ട്‌  .

 സ്‌കൂൾ വിദ്യാഭ്യാസ തലത്തിൽ ഇന്ന് ഇന്ത്യയിൽ വിവിധതരം പാഠ്യപദ്ധതികളും അനുബന്ധ സൗകര്യങ്ങളുമുള്ള സ്ഥാപനങ്ങളാണ്  നിലവിലുള്ളത്. വളരെ പരിമിതമായ സൗകര്യങ്ങളുള്ള സംസ്ഥാന സിലബസ് അനുസരിച്ചു പ്രവർത്തിക്കുന്ന സർക്കാർ സ്‌കൂളുകൾ മുതൽ ഇന്റർനാഷണൽ ബോർഡുകളുമായി അഫിലിയേറ്റ് ചെയ്ത് നീന്തലും കുതിരസവാരിയും പോലും പാഠ്യപദ്ധതിയിലുൾപ്പെടുത്തിയിട്ടുള്ള സ്ഥാപനങ്ങൾ വരെ ഇവിടെയുണ്ട്.

ഏതാണ്ട് ഒരേ ശ്രേണിയിലുള്ള സ്ഥാപനങ്ങൾ ഒരു പോലെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നതിൽ  കുഴപ്പമില്ലെങ്കിലും എല്ലാ സാഹചര്യങ്ങൾക്കും അനുയോജ്യമായ ഒരു ഇ- ലേർണിംഗ്  പദ്ധതി സ്‌കൂൾ തലത്തിൽ അസാദ്ധ്യമാണ്. ലാഭ നഷ്ടകണക്കുകൾക്കു പ്രസക്തിയില്ലാത്ത സർക്കാർ സ്ഥാപനങ്ങളിൽ ഏകതാനമായ നടപടികൾ സ്വീകരിക്കാമെങ്കിലും, പഠന പാഠ്യേതര സൗകര്യങ്ങളിൽ പലതട്ടുകളിലായിരിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾക്കു അങ്ങനെയൊരു പദ്ധതി പ്രായോഗികമല്ല. അത്യാവശ്യത്തിനു മാത്രം സൗകര്യങ്ങളുള്ള സ്വകാര്യ സ്‌കൂളുകൾക്ക് ഒരു പക്ഷെ സർക്കാരിന്റെ പദ്ധതിയുടെ ഭാഗമാകാം. എന്നാൽ വൻതോതിൽ മുതൽ മുടക്കി ഹോസ്റ്റലുകൾ, ബസുകൾ, കാന്റീൻ, ചിലവേറിയ കായിക വിനോദങ്ങൾ പഠിപ്പിക്കാനുള്ള സൗകര്യങ്ങൾ തുടങ്ങിയവ ഒരുക്കുകയും അതിനാവശ്യമുള്ള ജീവനക്കാരെ നിലനിർത്തുകയും ചെയ്തിട്ടുള്ള സ്ഥാപനങ്ങൾ ഇപ്പോൾ  സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. കൂടാതെ നല്ല നിലയിൽ പ്രവർത്തിക്കുന്ന പല സ്‌കൂളുകളും സ്വന്തം നിലയിൽ തന്നെ ഓൺലൈൻ ക്ലാസുകൾ കാര്യക്ഷമമാക്കാൻ ഗണ്യമായി മുതൽ മുടക്കി ക്‌ളാസ് റൂമുകളിൽ സ്മാർട്ട്  പാനലുകൾ, ഹൈസ്പീഡ് ഇന്റർനെറ്റ് കണക്ഷനുകൾ, അധ്യാപകർക്ക് വേണ്ട പരിശീലനങ്ങൾ ഒക്കെ ഉറപ്പാക്കിയിരുന്നു. ഹോസ്റ്റലും ബസും കാന്റീനും മറ്റും പ്രവർത്തിച്ചാലും ഇല്ലെങ്കിലും ജീവനക്കാർക്ക് ശമ്പളം നൽകണം, അത്യാവശ്യം അറ്റകുറ്റ പണികൾ നടത്തി നിലനിർത്തണം. എല്ലാ മേഖലകളെയും ബാധിച്ച സാമ്പത്തിക പ്രശ്നങ്ങൾ മൂലം ട്യൂഷൻ ഫീസ് തന്നെ പിരിച്ചെടുക്കാൻ ബുദ്ധിമുട്ടുമ്പോൾ ഇത്തരം ചിലവുകൾ അധിക സാമ്പത്തിക ഭാരം വരുത്തിവെക്കുന്നു. അപൂർവം ചില സ്ഥാപനങ്ങളെങ്കിലും സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ജീവനക്കാരെ പിരിച്ചുവിടുന്നതും ശമ്പളം വെട്ടികുറക്കുന്നതും മനുഷ്യത്വപരമായ സമീപനമാണെന്നു തോന്നുന്നില്ല.  നമ്മുടെ ചെറുപ്പക്കാർക്ക് വലിയ തോതിൽ തൊഴിൽസാദ്ധ്യതകൾ തുറന്നു കൊടുക്കുന്ന സ്വകാര്യ വിദ്യാഭ്യാസമേഖലയെ ഈ വിഷമഘട്ടത്തിൽ കരുതിയില്ലെങ്കിൽ സംസ്ഥാനത്തിന്റെ ഭാവി സമ്പദ്ഘടനയ്ക്കു പോലും സാരമായ ക്ഷതമേൽക്കും.

വിവര സാങ്കേതിക സഹായത്തോടൊപ്പം നേരിട്ടുള്ള പഠനവും കലർത്തി ഒരു ഹൈബ്രിഡ് വിദ്യാഭ്യാസ പദ്ധതിയായിരിക്കും വരും കാലങ്ങളിൽ നടപ്പാകാൻ പോകുന്നതെന്നാണ് സൂചനകൾ. അതിനുള്ള അടിസ്ഥാന പ്രവർത്തനങ്ങൾ ഇപ്പോഴേ തുടങ്ങേണ്ടിയിരിക്കുന്നു. കോവിഡ് മാനദണ്ഡങ്ങൾ  പാലിച്ചുകൊണ്ട്‌ അദ്ധ്യാപകരെല്ലാം സ്‌കൂളുകളിൽ എത്തി  എല്ലാ ദിവസവും കുറച്ചു വിദ്യാർത്ഥികളെയെങ്കിലും ക്യാമ്പസുകളിൽ എത്തിച്ചു കൊണ്ട് സ്‌കൂൾ അനുഭവം പകർന്നു കൊടുക്കേണ്ടതാണ്. ഒപ്പം ഓൺലൈൻ ക്‌ളാസ്സുകളും. ഉദാഹരണത്തിന് ഒരേക്ലാസ്സിലെ പത്തു വിദ്യാർഥികൾ ഒരു ദിവസം സ്‌കൂളിൽ നേരിട്ട് എത്തുമ്പോൾ അതെ ക്ലാസ്സിലെ മറ്റുള്ളവർ ഓൺലൈനിൽ അവരോടൊപ്പം തന്നെ പങ്കെടുക്കുന്നു. അങ്ങനെ എല്ലാവർക്കും നേരിട്ട് ആഴ്ചയിൽ ഒരിക്കലെങ്കിലും ക്യാമ്പസ്സിൽ വരാനും അദ്ധ്യാപകരുമായി നേരിൽ സംവദിക്കാനും അവസരം ഉണ്ടാകുന്നു. കുറഞ്ഞ ചിലവിൽ ഏതാനും ചില ഉപകരണങ്ങളുടെ സഹായത്തോടെ സാങ്കേതികമായി ഇത് സാദ്ധ്യമാണ് താനും. അല്ലെങ്കിൽ പോലും സംശയ നിവാരണത്തിനും, റെമഡിയൽ  ക്ളാസ്സുകൾക്കും മറ്റുമായി ചെറിയ ഗ്രൂപ്പുകളായി വിദ്യാർത്ഥികളെ സ്‌കൂളുകളിൽ വരുത്താവുന്നതാണ്. ഷിഫ്റ്റ് സമ്പ്രദായവും ആലോചിക്കാവുന്നതാണ്. പ്രൈമറി, പ്രീ പ്രൈമറി  വിദ്യാർത്ഥികൾക്കും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടുതന്നെ ചെറിയ കൂട്ടമായി ക്യാമ്പസ് വിസിറ്റുകൾ സംഘടിപ്പിക്കണം. രോഗ സംക്രമണ നിരക്ക് കുറയുന്നതനുസരിച്ച് ഇങ്ങനെ നേരിട്ടുള്ള പഠനത്തിന് കൂടുതൽ വിദ്യാർത്ഥികളെ ക്യാമ്പസ്സിൽ അനുവദിക്കാവുന്നതുമാണ് .ഇപ്പോൾ വിദ്യാർത്ഥികൾക്ക് നഷ്ടമാകുന്ന പല അവസങ്ങളും ഇത്തരം ഒരു സങ്കര വിദ്യഭ്യാസത്തിലൂടെ നികത്തുകയും ചെയ്യാം. ഇതും കടന്നുപോകുമെന്ന് കരുതി നിഷ്ക്രിയരായിരിക്കാതെ അതിജീവിക്കാനുള്ള മാർഗ്ഗങ്ങൾ തേടിയില്ലെങ്കിൽ തലമുറകളോടുള്ള തിരുത്താനാവാത്ത തെറ്റായി ഈ കാലഘട്ടം വ്യാഖാനിക്കപ്പെടും.

(മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥനായ ലേഖകൻ കഴിഞ്ഞ ഏതാനും  വർഷങ്ങളായി തിരുവനന്തപുരത്തെ സെന്റ് തോമസ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന മാർത്തോമാ ചർച്ച് എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ ഹോണററി ട്രഷറർ ആയി പ്രവർത്തിക്കുന്നു.)