സുഭദ്ര വധക്കേസിലെ പ്രതികൾ അറസ്റ്റിൽ. കർണാടകയിലെ മണിപ്പാലിൽ നിന്നാണ് പ്രതികൾ പിടിയിലായത്. കലവൂരിൽ വാടകയ്ക്കു താമസിച്ചിരുന്ന കാട്ടൂർ പള്ളിപ്പറമ്പിൽ മാത്യൂസും (നിധിൻ) ഭാര്യ കർണാടക ഉഡുപ്പി സ്വദേശി ശർമിളയുമാണു പിടിയിലായിരിക്കുന്നത്. ഇവരുമായി പൊലീസ് കേരളത്തിലേക്ക് തിരിച്ചു.
ഒരു മാസം മുൻപ് കൊച്ചിയിൽനിന്നു കാണാതായ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനടുത്ത് കരിത്തല റോഡ് ‘ശിവകൃപ’യിൽ സുഭദ്രയുടെ (73) മൃതദേഹം കലവൂർ കോർത്തുശ്ശേരിയിലെ വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയിലാണു കഴിഞ്ഞ ദിവസം കണ്ടെത്തിയത്. സ്വർണാഭരണങ്ങൾക്കായി കൊലപ്പെടുത്തിയെന്നാണു നിഗമനം. ഇവരെ ചോദ്യം ചെയ്താലേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ. സുഭദ്രയെ കാണാനില്ലെന്നു മകൻ രാധാകൃഷ്ണൻ പരാതി നൽകിയിരുന്നു.
ഫോൺ വിളികൾ പരിശോധിച്ചപ്പോൾ ഇവർ കലവൂരിൽ വന്നിരുന്നതായി കണ്ടെത്തി. ഓഗസ്റ്റ് നാലിന് എറണാകുളം സൗത്തിൽനിന്ന് ഒരു സ്ത്രീക്കൊപ്പം പോകുന്ന സിസിടിവി ദൃശ്യവും ലഭിച്ചു. ഒപ്പമുള്ളതു ശർമിളയാണെന്നു തിരിച്ചറിഞ്ഞെങ്കിലും വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. മണ്ണിനടിയിലെ മൃതദേഹസാന്നിധ്യം തിരിച്ചറിയുന്ന കഡാവർ നായയാണു മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം സുഭദ്രയുടെ മക്കൾ രാധാകൃഷ്ണനും രാജേഷും തിരിച്ചറിഞ്ഞു. സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഇവർ അറിയിച്ചു. ദമ്പതികൾ പണയം വച്ചതിന്റെ തെളിവു പൊലീസിനു കിട്ടി. സുഭദ്രയും ശർമിളയുമായി പണമിടപാടുണ്ടായിരുന്നതായി മാത്യൂസിന്റെ ബന്ധുക്കൾ പറഞ്ഞിരുന്നു.