Wednesday 29 September 2021 03:35 PM IST : By സ്വന്തം ലേഖകൻ

സ്തനാര്‍ബുദത്തില്‍ പിടയുന്ന ജീവനുകള്‍ക്ക്, കരുതലിന്റെ വെളിച്ചം: സ്‌നേഹ ഗീതവുമായി മാതൃസ്പന്ദം: ഗാനം പുറത്തിറക്കി മന്ത്രി

mathruspandam

സ്തനാര്‍ബുദത്തിന്റെ വേരുകള്‍ പിടിമുറുക്കിയ ഹൃദയങ്ങള്‍ക്ക് ഇതാ കരുതലിന്റെ സാന്ത്വന സ്പര്‍ശം. കരള്‍ പിടയുന്ന വേദനയില്‍ കനിവും കരുതലും ആത്മവിശ്വാസവും പകര്‍ന്ന്  വനിത മാഗസിനും സ്വസ്തി ഫൗണ്ടേഷനും കൈകോര്‍ക്കുന്നു. സ്തനാര്‍ബുദം പകുത്തു നല്‍കിയ വേദനയില്‍ പിടയുന്നവര്‍ക്ക് കരുത്തും കൈത്താങ്ങുമേകുന്ന ബോധവത്കരണ പദ്ധതിയുമായാണ് ജനപ്രിയ വനിത മാഗസിനും സന്നദ്ധ സംഘടനയും എത്തുന്നത്. 

മാതൃസ്പന്ദം എന്ന പേരില്‍ സ്തനാര്‍ബുദ ബോധവത്കരണ പരിപാടിക്കാണ്് തുടക്കം കുറിച്ചിരിക്കുന്നത്. ഞങ്ങളുണ്ട് കൂടെ എന്ന ആപ്ത വാക്യം സാന്ത്വന സ്പര്‍ശം പോലെ മുന്നോട്ടു വച്ച് ഒരു മാസം നീണ്ടു നില്‍ക്കുന്ന വെബിനാറാണ് സംഘടിപ്പിക്കുന്നത്. ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട് പുറത്തിറക്കുന്ന തീം സോങ്  'ഞങ്ങളുണ്ട് കൂടെ' ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പുറത്തിറക്കി. കാന്‍സര്‍ അതിജീവനത്തിന്റെ മാലാഖയായി കേരളക്കര വാഴ്ത്തിയ കലാകാരി അവനിയാണ് മനോഹരമായ തീം സോംഗ് ആലപിച്ചിരിക്കുന്നത്. എംജി ശ്രീകുമാര്‍, ജാസി ഗിഫ്റ്റ്, ജ്യോത്സ്‌ന, സിത്താര കൃഷ്ണ കുമാര്‍ എന്നിവരാണ് അവനിക്കു കൂട്ടായി ഈ സ്‌നേഹഗീതത്തിന്റെ പിന്നണിയിലുണ്ട്. 

മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചടങ്ങില്‍ തീം സോംഗിന്റെ സിഡി പുറത്തിറക്കി. ആരോഗ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു. 

സ്തനാര്‍ബുദത്തിന്റെ വേരുകള്‍ കാലതാമസം കൂടാതെ രോഗം പരിശോധിച്ചു തിരിച്ചറിയാനും എത്രയും വേഗം ചികിത്സ തേടാനും സ്ത്രീകളെ പ്രചോദിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നതായി മന്ത്രി റോഷി അഗസ്റ്റിന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. വനിതയുടെയും സ്വസ്തി ഫൗണ്ടേഷന്റേയും ശ്രമങ്ങള്‍ക്ക് നിരവധി പേരാണ് ആശംകള്‍ നേര്‍ന്ന് രംഗത്തെത്തിയത്.

റോഷി അഗസ്റ്റിന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ്

'രാക്കിളിതന്‍ വഴി മറയും നോവിന്‍ പെരുമഴക്കാലം.. കാത്തിരുപ്പിന്‍ തിരി നനയും ഈറന്‍ പെരുമഴക്കാലം...

ഒരു പാട്ട് പാടാമോ എന്നു ചോദിച്ചപ്പോള്‍ അവനി മനോഹരമായി പാടിത്തന്ന പാട്ടാണിത്. അവനിയെ അറിയില്ലേ? ചെറുപ്രായത്തില്‍ തന്നെ കാന്‍സര്‍ എന്ന രോഗത്തോട് പോരാടി ജീവിതത്തിലേക്ക് തിരിച്ചു വന്ന മിടുക്കി. പഠനത്തിലും മിടുമിടുക്കി. രോഗത്തോട് പടവെട്ടി അവനി എസ്എസ്എല്‍സി പരീക്ഷയില്‍ നേടിയത് ഫുള്‍ എ പ്ലസ് ആണ്. ജീവിതത്തില്‍ നോവിന്റെ പെരുമഴക്കാലം മനസ്സിന്റെ കരുത്തുകൊണ്ട് അതിജീവിച്ചവള്‍ ആണിവള്‍.

വനിത മാഗസിനൊപ്പം ചേര്‍ന്ന് സ്വസ്തി ഫൗണ്ടേഷനും ട്രിവാന്‍ഡ്രം ഓണ്‍കോളജി ക്ലബും ബ്രസ്റ്റ് കാന്‍സര്‍ ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട് പുറത്തിറക്കുന്ന തീം സോങ് 'ഞങ്ങളുണ്ട് കൂടെ', പുറത്തിറക്കുന്ന ചടങ്ങുമായി ബന്ധപ്പെട്ടാണ് അവനി ഓഫീസില്‍ എത്തിയത്. ഒരു മാസം നീണ്ടു നില്‍ക്കുന്ന വെബിനാര്‍ ആണ് സംഘടിപ്പിക്കുന്നത്. ഇന്ത്യയിലെ തന്നെ പ്രമുഖ ഓണ്‍കോളജിസ്റ്റുകള്‍ വെബിനാറില്‍ പങ്കെടുക്കും. വെബിനാറില്‍ പങ്കെടുക്കുന്നവര്‍ നേരിട്ട് സംശയങ്ങള്‍ ചോദിക്കാനും അവസരമുണ്ട്.

സ്തനാര്‍ബുദത്തെ നമുക്ക് ഒരു പരിധി വരെ മാത്രമേ പ്രതിരോധിക്കാന്‍ സാധിക്കുകയുള്ളൂ. പക്ഷേ ഈ രോഗത്തെ വളരെ എളുപ്പത്തില്‍ നേരത്തെതന്നെ കണ്ടെത്താനും ഫലപ്രദമായി ചികിത്സിച്ചു സുഖപ്പെടുത്താനും കഴിയും. അതായത് അസുഖം നേരത്തെ കണ്ടെത്തുകയെന്നത് ആ വ്യക്തിയുടെ ജീവന്‍ രക്ഷിക്കുന്നതിന് തുല്യമാണ്. അതിന് അവബോധം മാത്രമാണ് മാര്‍ഗം.

ഈ വെബിനാറും അതോടനുബന്ധിച്ച് 'ഞങ്ങളുണ്ട് കൂടെ' എന്ന തീം സോങും ഒരുപാട് പേര്‍ക്ക് ഗുണകരമാകട്ടെയെന്ന് പ്രത്യാശിക്കുന്നു. കാലതാമസം കൂടാതെ രോഗം സ്വയം പരിശോധിച്ചു തിരിച്ചറിയാനും എത്രയും വേഗം ചികിത്സ തേടാനും സ്ത്രീകളെ പ്രചോദിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു.