Saturday 04 May 2019 03:03 PM IST

‘അന്ന് ഓരോ ദിവസവും ഉണരുന്നത് ഏതു കൈവിരലുകള്‍ക്കാണ് ചലനം നിന്നുപോയതെന്ന പരിഭ്രമത്തിലാണ്’

Tency Jacob

Sub Editor

maya-krish1 ഫോട്ടോ: ബേസിൽ പൗലോ

നിസ്സാരമെന്നു കരുതിയ പനിയായിരുന്നു തുടക്കം. അതോടെ മായയുടെ ജീവിതം മാറിമറിഞ്ഞു. ഏതൊരു പെൺകുട്ടിയെയും പോലെ കൂട്ടുകാരൊത്ത് കളിച്ചും അമ്പലക്കുളത്തിൽ മത്സരിച്ച് നീന്തിയും ചേട്ടന്മാരോടും ചേച്ചിയോടും കുറുമ്പു കാണിച്ചും അച്ഛന്റെയും അമ്മയുടെയും  ചെല്ലക്കുട്ടിയായി തുള്ളിക്കളിച്ചും നടന്ന കാലമായിരുന്നു അത്.

‘‘ഒരു ഒക്ടോബറിലാണ് എനിക്ക് പനി തുടങ്ങിയത്. അക്കൊല്ലം ഞാൻ പത്താം ക്ലാസ്സിൽ ആയിരുന്നു. തരക്കേടില്ലാതെ പഠിക്കും. അച്ഛൻ ബാലകൃഷ്ണനും അമ്മ വിജയമ്മയും അധ്യാപകരാണ്. അതുകൊണ്ട് പഠന കാര്യത്തിൽ പ്രത്യേക ശ്രദ്ധ ഉണ്ടായിരുന്നു.

വെറുമൊരു പനിയെന്നു കരുതിയെങ്കിലും പെട്ടെന്നുതന്നെ കൈകളുടെ സന്ധികളിൽ നീര് കെട്ടാനും വേദനിക്കാനും തുടങ്ങി. കൂട്ടുകാരുടെയൊപ്പം ആ വർഷം എസ്എസ്എൽസി പരീക്ഷ എഴുതാൻ കഴിഞ്ഞില്ല. ഞാനന്ന് വേദനയില്ലാതെ ഒന്നുറങ്ങാനുള്ള കൊതികൊണ്ട് ഓരോ ചികിത്സാ പരീക്ഷണങ്ങളിലായിരുന്നു. ഇപ്പോൾ നാൽപത്തിയെട്ടു വയസ്സായി. എന്നിട്ടും അന്നത്തെ ഓർമകൾക്കൊരു ഉടവും വന്നിട്ടില്ല.’’ വർഷങ്ങൾ പിന്നിട്ടെങ്കിലും ജീവിതവിജയം പകർന്ന ആത്മവിശ്വാസം മായയുടെ മുഖത്തുണ്ട്. വെയിലും കാറ്റും വിശേഷം പറയുന്ന മരത്തലപ്പുകൾ എത്തിനോക്കുന്ന മുറിയിലിരുന്ന് വർത്തമാനം പറയുമ്പോൾ മായ ഒരിക്കൽപോലും വാടിക്കരിഞ്ഞു പോകുന്നേയില്ല. കടന്നു പോന്നത് ചുട്ടുപൊള്ളുന്ന വേനലുകളാണെങ്കിലും...

വിരിയാതെ പോയ മോഹങ്ങൾ

‘‘എനിക്കേറ്റവും ഇഷ്ടമുള്ള മാസമാണ് മാർച്ച്. വർഷങ്ങൾക്കു മുൻപ് ആ മാസത്തിലാണ് ഞാൻ അവസാനമായി അൽപമെങ്കിലും ഓടിനടന്നത്. പിറ്റേക്കൊല്ലം ജൂനിയേഴ്സിന്റെ കൂടെയാണ് പത്താംക്ലാസ് പരീക്ഷ എഴുതിയത്. രോഗമുണ്ടെങ്കിലും അത് മാറുമെന്ന പ്രതീക്ഷയായിരുന്നു മനസ്സിൽ. പരീക്ഷയ്ക്ക് പോയപ്പോൾ അമ്മയാണ് കൂട്ടുവന്നത്.

ഒരു വർഷം വൈകിയതിന്റെ സങ്കടവും കൈവേദനയുളളതുകൊണ്ട് എഴുതി പൂർത്തിയാക്കാൻ പറ്റുമോ എന്ന ആശങ്കയുമെല്ലാം ഉണ്ടായിരുന്നു. പക്ഷേ, സ്കൂൾ കണ്ടതും ഞാൻ അമ്മയെ വിട്ട് സന്തോഷം കൊണ്ട് ഓടിപ്പോയി. കൂട്ടുകാരുമൊത്ത് കളിച്ചു നടന്ന മുറ്റവും വരാന്തകളും. നന്നേ ബുദ്ധിമുട്ടിയെങ്കിലും എല്ലാ പരീക്ഷകളും നന്നായി എഴുതി. റിസൽറ്റ് വന്നപ്പോൾ നല്ല മാർക്കുണ്ടായിരുന്നു.

കോളജിൽ പോകണമെന്ന് എത്ര മാത്രം ആഗ്രഹിച്ചിരുന്നെന്നോ? പത്താം ക്ലാസിൽ പഠിക്കുമ്പോൾത്തന്നെ അതെല്ലാം കൂട്ടുകാരുമായി ചർച്ച ചെയ്ത് തീരുമാനിച്ചു വച്ചിരുന്നു. അവർ പഠിക്കുന്നത് ഒരു വർഷം മുന്നേയാണെങ്കിലും അവരുള്ളിടത്തു തന്നെ ചേരാനുറപ്പിച്ചു. മെറിറ്റിൽ ഫസ്റ്റ് ഗ്രൂപ്പിന് അഡ്മിഷൻ കിട്ടി. ഈ ആരോഗ്യം വച്ച് എങ്ങനെ ക്ലാസിൽ പോകുമെന്ന് വീട്ടിലെല്ലാവരുടെയും മുഖത്ത് ഒരു സംശയം വീണുകിടപ്പുണ്ട്. പക്ഷേ, കിടക്കയിലാണെങ്കിലും ഞാൻ ഉത്സാഹത്തിലായിരുന്നു.

അവരുടെ ഊഹം ശരിയായിരുന്നു. ക്ലാസ് തുടങ്ങി ഒരു മാസം  കഴിഞ്ഞിട്ടും എനിക്കൊന്ന് നേരെ നിൽക്കാൻ പോലും പറ്റുന്നില്ല. ഒടുവിൽ സീറ്റ് വേറെ കുട്ടിക്ക് കൊടുത്തു. ആ സമയത്ത് സീറ്റ് കിട്ടാനാഗ്രഹമുള്ളവർ പലരും  വന്നു കണ്ട്  ഓരോ ന്ന് പറയുന്നതു കേൾക്കുമ്പോൾ സങ്കടം തോന്നിയിട്ടുണ്ട്.

‘ഞാനൊരിക്കലും എഴുന്നേൽക്കില്ലെന്ന് ഇവരാണോ തീരുമാനിക്കുന്നത്.’ എന്ന് തോന്നുമായിരുന്നു. അതായിരുന്നു ഈശ്വരനിശ്ചയമെന്ന് എനിക്കറിയില്ലായിരുന്നല്ലോ. അന്ന് ഓരോ ദിവസവും ഉണരുന്നത് ഏതു കൈവിരലുകള്‍ക്കാണ് ചലനം നിന്നു പോയതെന്ന പരിഭ്രമത്തിലാണ്.

കയ്യും കാലും മടക്കിയും നിവർത്തിയും നോക്കും. കോട്ടയത്ത് മാർപാപ്പ വന്ന ദിവസമാണ് എന്റെ മുടി വെട്ടിയത്. നല്ല നീളമുള്ള മുടിയുണ്ടായിരുന്നു. കുളിപ്പിക്കാൻ കൊണ്ടു പോകുമ്പോൾ അച്ഛനു ബുദ്ധിമുട്ടാകരുതെന്നു കരുതി ഞാൻ തന്നെയാണ് വെട്ടാൻ പറഞ്ഞത്. കടന്നു പോന്ന ഓരോ കാലവും ഓർമയിൽ മിഴിവോടെയുണ്ട്.

ആദ്യം അങ്കമാലി നായത്തോട് ഞങ്ങളുടെ ഗ്രാമത്തിലെ ഡോക്ടറെയാണ് കാണിച്ചത്. കുറെ മരുന്ന് മാറി മാറിക്കഴിച്ചിട്ടും ഫലം ഉണ്ടായില്ല. കൃത്യമായി രോഗം എന്താണെന്ന് ഡോക്ടർക്ക് മനസ്സിലായില്ല. അങ്കമാലി ലിറ്റിൽഫ്ലവർ ഹോസ്പിറ്റലിലെ ഡോക്ടറാണ് ആയുർവേദം ചെയ്താൽ ഫലം കിട്ടിയേക്കുമെന്നു പറഞ്ഞത്. എന്റെ അസുഖം സന്ധിവാതമാണെന്ന നിഗമനത്തിലായിരുന്നു ആയുർവേദ ചികിത്സ തുടങ്ങുന്നത്. പക്ഷേ, അതോടെ നടക്കാനൊന്നും പറ്റാതെയായി. എങ്ങനെയെങ്കിലും വേദനയിൽ നിന്നാശ്വാസം കിട്ടിയാൽ മതിയെന്ന് ആഗ്രഹിച്ച നാളുകളായിരുന്നു അത്. റുമറ്റോയിഡ് ആർത്രൈറ്റിസിന് ഫലപ്രദമായ ചികിത്സയുണ്ടെന്നു കേൾക്കുന്നിടത്തെല്ലാം അലോപ്പതിയോ ആയുർവേദമോ എന്നൊന്നും  നോക്കാതെ ഞങ്ങളെത്തി.

ഇരുളിൻ നോവറിഞ്ഞവൾ

ഇടയ്ക്ക് പ്രകൃതി ചികിത്സ പരീക്ഷിച്ചു. ആ സമയത്താണ് പതിയെ വായനയിലേക്കു കടക്കുന്നത്. അച്ഛനും ചേട്ടന്മാരും എനിക്ക് പുസ്തകങ്ങൾ തരും. കിടന്നു വായിക്കുന്നതുകൊണ്ട് അധികം കനമുള്ള പുസ്തകങ്ങൾ പറ്റില്ല. എസ്കെ പൊറ്റെക്കാട്ടിന്റെ ‘ഒരു ദേശത്തിന്റെ കഥ’ വായിക്കാൻ ആഗ്രഹമുണ്ടായിട്ടും അങ്ങനെ മാറ്റിവച്ച പുസ്തകമാണ്.

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടറാണ് അസുഖത്തെക്കുറിച്ച് കൃത്യമായി പറയുന്നത്. അപൂർവയിനം റുമറ്റോയിഡ് ആർത്രൈറ്റിസായിരുന്നു എന്നെ ബാധിച്ചത്. രക്തത്തിലെ ശ്വേതരക്താണുക്കൾ തന്നെ പ്രതിരോധശേഷിയെ നശിപ്പിച്ച് രോഗകാരികളാകുന്ന അവസ്ഥ.

maya-krisj7432

ഇതിനിടയിൽ ഹോമിയോപ്പതിയിൽ ഈ രോഗത്തിന് ചികിത്സയുണ്ടെന്ന് കേട്ട് അതിലേക്കു തിരിഞ്ഞു. മരുന്നിനൊപ്പം ഫിസിയോതെറപ്പിയും ചെയ്തു. ഞാൻ വേദനകൊണ്ട് അലറി വിളിക്കും. മാസങ്ങൾ കഴിഞ്ഞാണ് ഫിസിയോതെറാപ്പി വിപരീതഫലമാണ് ഉണ്ടാക്കിയതെന്ന്  മനസ്സിലാക്കുന്നത്. അപ്പോഴേക്കും എന്റെ നില ആകെ വഷളായി.  അവിടെനിന്നാണ് ‍ഞാനെന്റെ പ്രതീക്ഷകൾ അവസാനിപ്പിക്കുന്നത്. ഞാനൊരിക്കലും എഴുന്നേൽക്കാനോ നടക്കാനോ പോകുന്നില്ലെന്ന് എനിക്കു മനസ്സിലായി.

ആയിടയ്ക്കാണ് കൈമുട്ടിലേയും കാൽമുട്ടിലേയും സന്ധികൾ മാറ്റിവെയ്ക്കുന്ന ഒരു ഡോക്ടറുടെ ഇന്റർവ്യൂ പത്രത്തിൽ വായിച്ചത്. പക്ഷേ, എന്റെ കൈമുട്ടുകളും കാൽമുട്ടുകളും മാറ്റിവയ്ക്കാൻ പറ്റാത്ത അവസ്ഥയിലായി കഴിഞ്ഞിരുന്നു. ഇടതുകൈമുട്ടു മാത്രമാണ് നിവർത്താൻ പറ്റുന്നത്. ശ്രമിച്ചു നോക്കാം എന്നു പറഞ്ഞെങ്കിലും ആ പരീക്ഷണം എനിക്കൊരു അഗ്നിപരീക്ഷയായി തോന്നി.

എനിക്കു എല്ലാ കാര്യത്തിനും സഹായം ആവശ്യമായിരുന്നു. അച്ഛനും ചേട്ടന്മാരുമാണ് ടോയ്‌ലെറ്റിലേക്കും കുളിപ്പിക്കാനുമെല്ലാം എടുത്തുകൊണ്ടു പോയിരുന്നത്. അതായിരുന്നു എന്റെ ദുഃഖം. മാറിനിന്നു നോക്കുന്നവർക്ക് വിവാഹം, കുഞ്ഞുങ്ങൾ, ജീവിതം ഇതെല്ലാം ഇല്ലാതായല്ലോ എന്നു തോന്നുമായിരിക്കും. പക്ഷേ, കിടക്കയിൽ വീണുപോയവരെ സംബന്ധിച്ച് പ്രാഥമിക കാര്യങ്ങളെങ്കിലും തനിച്ച് ചെയ്യാനാകുക, വേദനയില്ലാതെ ശാന്തമായി ഉറങ്ങാനാകുക ഇതൊക്കെയാണ് വലിയ ആഗ്രഹങ്ങളും നേട്ടങ്ങളും.

മൂത്രമൊഴിക്കാൻ ബെഡ്പാൻ വയ്ക്കുന്നത് എനിക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ കിടക്കയിൽത്തന്നെ പ്രാഥമികകൃത്യങ്ങൾ നിർവഹിക്കാനുള്ള ആധുനിക സംവിധാനമുണ്ടെങ്കിൽ എന്തു നന്നായിരുന്നു എന്ന് എപ്പോഴും ആഗ്രഹിക്കും. ഒരുപാട് അന്വേഷിച്ചെങ്കിലും ആർക്കുമറിയില്ല. ഒടുവിൽ മെഡിക്കൽ എക്വിപ്മെന്റ്സ്  കടയിലെ ഒരാൾ സഹായിക്കാമെന്നേറ്റു. ചേട്ടന്മാരും ചേടത്തിമാരും കൂടിയിരുന്നാണ് അത് ഡിസൈൻ ചെയ്തത്. അതനുസരിച്ച് സ്ത്രീകൾക്ക് കിടന്നു തന്നെ മൂത്രമെഴിക്കാനും മറ്റും പറ്റുന്ന രീതിയിൽ അയാൾ കിടക്കയുണ്ടാക്കി തന്നു.

കിടക്കയുടെ ഒരു ഭാഗത്ത് വട്ടത്തിൽ ഒരു ഹോളുണ്ടാക്കി മൂടിവച്ച് അടച്ചു. അതിന്റെ താഴെഭാഗത്തു വലിയൊരു ഹോസ് പിടിപ്പിച്ച് അതു സെപ്റ്റിക് ടാങ്കിലേക്ക് കണക്ടു ചെയ്തു. അതുപോലെ വാട്ടർ പൈപ്പും പിടിപ്പിച്ചു. ആവശ്യമുള്ളപ്പോൾ ആരെങ്കിലും വന്ന് മൂടി എടുത്തു മാറ്റി തരികയും പൈപ്പു തുറന്നു തരികയും ചെയ്താൽ മതി. കുപ്പിയിൽ വെള്ളം തന്നാൽ  എനിക്ക് സ്വയം വൃത്തിയാക്കുകയും ചെയ്യാം. ഇങ്ങനെയാരു സൗകര്യം കിട്ടിയത് ആശ്വാസമായി. തനിച്ചു നിൽക്കാൻ പ്രാപ്തയായതുപോലെ. ഇപ്പോൾ കുളിക്കാൻ മാത്രമാണ് ബാത്റൂമിൽ പോകുന്നത്.

പൂവാണ് നീ...

പാലിയേറ്റീവ് എന്നൊരു  വാക്കു കേൾക്കുന്നത്  മലയാള മനോരമ ദിനപത്രത്തിൽ വന്ന ലേഖനത്തിൽ നിന്നാണ്. വിളിച്ചന്വേഷിച്ചപ്പോൾ അടുത്തുള്ള  പാലിയേറ്റീവ് സെന്ററിൽ അവരെന്റെ വിവരങ്ങൾ അറിയിച്ചു. അവിടെനിന്നാണ് എന്റെ ഡോക്ടറമ്മയെ എനിക്കു കിട്ടുന്നത്. ഡോ.രത്നമ്മ.

 പിന്നീട് എല്ലാ ആഴ്ചയും വന്ന് വിശേഷങ്ങളന്വേഷിക്കും. ഒരു പ്രാവശ്യം വന്നപ്പോൾ കുറച്ചു പേപ്പറുകൾ തന്ന് പറഞ്ഞു ‘വീണ്ടും വരുമ്പോഴേക്കും ഈ ചിത്രങ്ങൾ പകർത്തി വരച്ചിട്ടുണ്ടാവണം’. വട്ടവും ചതുരവും പോലെ ചില ചെറുവരകളായിട്ടു കൂടി എനിക്ക് ഏറെ അധ്വാനിക്കേണ്ടി വന്നു. പിന്നീട് ചിത്രംവര പെയിന്റിങ്ങിലേക്കും  വാട്ടർ കളറിലേക്കും മാറി. രോഗം എന്നെ തൊണ്ണൂറു ശതമാനത്തിലധികം പിടിയിലൊതുക്കിയപ്പോൾ ഞാൻ ചിത്രം വരച്ച്  എന്റെ വിരൽത്തുമ്പുകൾ കൈപ്പിടിയിലൊതുക്കി.

കിടക്കയിലാണെങ്കിലും ടിവിയും  റേഡിയോയും പത്രങ്ങളുമായി ലോകത്തെ വിശേഷങ്ങളെല്ലാം ‍ഞാൻ അറിയുന്നുണ്ടായിരുന്നു. റേഡിയോയിലെ പല പരിപാടികളിലേക്കും ‍ഞാൻ കത്തുകളയയ്ക്കാൻ തുടങ്ങി. തുടക്കത്തിൽ രണ്ടുവരി എഴുതാൻ ഒരാഴ്ച എടുക്കുമായിരുന്നു. വേദനയുണ്ടെങ്കിലും  ‍ഞാ ൻ പിന്മാറിയില്ല. എന്റെ കത്തുകൾ ആകാശവാണിയിൽ വായിച്ചു കേൾക്കുമ്പോഴുള്ള സന്തോഷം. പിന്നീടത് കഥകളും കവിതകളുമായി.

ആയിടയ്ക്കാണ് മൂത്ത ചേട്ടൻ പുതിയൊരു ഫോൺ വാങ്ങിയത്. ചേട്ടനുപേക്ഷിച്ച പഴയ ഫോൺ സ്വന്തമാക്കാൻ കൊതിതോന്നി. ആഗ്രഹം പറഞ്ഞതും ചേട്ടൻ വേഗം സിം കാർഡ് വാങ്ങി അതിലിട്ടു തന്നു. അന്ന് മെസേജ് അയയ്ക്കലാണ് സന്തോഷം. ബന്ധുക്കളായ കുട്ടികൾക്കൊക്കെ മെസേജ് അയയ്ക്കും. അവരെല്ലാം കൂടിയാണ് എനിക്കൊരു ലാപ്ടോപ് സമ്മാനിക്കുന്നത്. പിന്നെ, അതിലായി കുത്തിക്കുറിക്കലുകൾ. ചേച്ചിയുടെ മക്കൾ  വരുമ്പോൾ ഓരോന്ന് പഠിപ്പിച്ചു തരും. സോഷ്യൽമീഡിയയിലും സജീവമായി.

കവിതകളും ഓർമക്കുറിപ്പുകളുമൊക്കെ എഴുതാൻ തുടങ്ങി. എഴുതിയ കവിതകൾ സമാഹരിച്ച് രണ്ട് കവിതാ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒട്ടേറെ അവാർഡുകളും ആദരങ്ങളും കിട്ടി. പുതിയൊരു ഓർമപുസ്തകം പുറത്തിറക്കാനുള്ള പ രിശ്രമത്തിലാണ് ഇപ്പോൾ.

ഏതു പൊരിവെയിലിനും ഒരുപക്ഷേ, നിലാവായി മാറാൻ കഴിയുമായിരിക്കാം. നമ്മൾ അതിനു ശ്രമിച്ചാൽ  മാത്രം മതിയെന്നാണ് എനിക്കു തോന്നുന്നത്. എപ്പോഴും മുന്നോട്ടാണ് നടക്കേണ്ടത്. മുന്നോട്ടു മാത്രം.