Thursday 11 February 2021 11:22 AM IST

‘മകളുടെ ചുരിദാർ ഇസ്തിരിയിടുന്ന അച്ഛൻ, സ്ഥാനലബ്ധിയിൽ ഭ്രമിക്കാത്ത അമ്മ’: മേയറുടെ വീട് ഇപ്പോഴും പഴയതു പോലെ

Tency Jacob

Sub Editor

mayor-arya

ആ വീടിനിപ്പോഴും അമ്പരപ്പു മാറിയിട്ടില്ല. വീട്ടിലെ ചെല്ലക്കുട്ടി, ഇരുപത്തിയൊന്നു വയസ്സുകാരി ആര്യ രാജേന്ദ്രൻ, കേരളത്തിൽ 100 വാർഡുകളുള്ള ഏക നഗരമായ തിരുവനന്തപുരം ഭരിക്കുന്ന മേയറാണ്. ‘ഉള്ള സൗകര്യത്തിലിരിക്കൂ’ എന്നു പറഞ്ഞ് ആര്യ അകത്തേക്കു പോയി. ആര്യയ്ക്കു കിട്ടിയ ട്രോഫികൾ മേശയുടെ ഒരരുകിലേക്കു മാറ്റിവച്ച് അച്ഛൻ രാജേന്ദ്രൻ മകളുടെ ചുരിദാർ ഇസ്തിരിയിടാൻ തുടങ്ങി. അമ്മ ശ്രീലത അടുക്കളയിൽ തിരക്കിലാണ്. നിനച്ചിരിക്കാതെ വന്ന സ്ഥാനലബ്ധി വീട്ടാലാരെയും ഭ്രമിപ്പിച്ചിട്ടില്ല. ‘പഠിച്ചു ഞങ്ങൾ നല്ലവരാകും, ജയിച്ചു ഞങ്ങൾ മുന്നേറും, പടുത്തുയർത്തും ഭാരതമണ്ണിൽ സമത്വസുന്ദര നവലോകം’ എന്ന മുദ്രാവാക്യം ആവേശമുണർത്തിയവൾ ക്ക് ഇങ്ങനെയാകാനേ കഴിയൂ.

7-AM

‘‘ഒരു സുഹൃത്താണ് വിളിച്ചു പറയുന്നത്.‘ആര്യയെ മേയർ സ്ഥാനത്തേക്കു പരിഗണിക്കാൻ പാർട്ടി സെക്രട്ടറിയേറ്റ് തീരുമാനിച്ചിട്ടുണ്ട്.’ എന്ന്. അപ്പോഴേക്കും ടിവിയിൽ സ്ക്രോൾ വന്നുതുടങ്ങി. പിന്നാലെ മാധ്യമങ്ങൾ വീട്ടിലെത്തി. പാർട്ടിയിൽ നിന്നു വിളിച്ചു പറയാത്തതുകൊണ്ട് ആദ്യമൊക്കെ ഞാൻ ആ നിലയിൽ തന്നെയാണു സംസാരിച്ചത്.’’ ഈറൻ മുടി കെട്ടുന്നതിനിടയിലാണ് ആര്യയുടെ സംസാരം.

അമ്മ കൊണ്ടുവന്ന ചായ, നിന്നനിൽപ്പിൽ കുടിച്ചു തീർത്തു. ‘‘രാവിലെ ഒരു ചായ കുടിച്ചാൽ ഉഷാറായി.’’ ഒരു കുഞ്ഞുപൊട്ടു കൂടി തൊട്ടു. ചുരിദാറിനു മീതെ ഷാൾ വിരിച്ചിട്ടു. ഒരുക്കം പൂർത്തിയായി ബാഗും ഫയലുകളുമെടുത്തു ഇറങ്ങി. ‘‘വാർഡിൽ രണ്ടുപേർ മരിച്ചിട്ടുണ്ട്. അവിടേക്കു പോകണം. ഇന്ന് ആദ്യ ദിനമല്ലേ, അതിന്റെ തിരക്കുകളുണ്ട്.’’

മേയറുടെ ഒൗദ്യോഗിക വാഹനം വീട്ടുമുറ്റത്തെത്തില്ല. റോഡിൽ നിന്നു വീട്ടിലേക്കുള്ള ഇടവഴി ഒരു ബൈക്കിനു ഞെരുങ്ങി കടന്നുപോകാനുള്ളതേയുള്ളൂ. ‘‘അച്ഛന്റെ ബൈക്കിന്റെ പിന്നിലാണ് യാത്രകൾ മുഴുവൻ. ഇവിടെയുള്ളവർക്ക് ഞാൻ അച്ഛന്റെ ബൈക്കിനു പിന്നിൽ പറ്റിപിടിച്ചിരിക്കുന്ന ആ പഴയ കുട്ടിയാണ്.’’

വ്യക്തതയോടെയാണ് സംസാരം. കുട്ടിക്കാലം മുതൽ നിരന്തരം സമൂഹത്തിൽ ഇടപെട്ടതിന്റെ കരുത്തും അനുഭവവും കൊണ്ടുള്ള ദൃഢവിശ്വാസമാണ് ആര്യയുടെ മുഖത്തും വാക്കുകളിലും.

8.30-AM

മരണവീട്ടിൽ നിന്നിറങ്ങുമ്പോഴെ മേയറുടെ ഔദ്യോഗിക വാഹനം അടുത്തേക്കു വന്നു. ചുറ്റും കൂടിയവരോടു ചിരിച്ചു കുശലം പറഞ്ഞു കാറിനുള്ളിലേക്ക്. ‘‘മന്ത്രി കടകംപള്ളി സുരേന്ദ്രനോടൊപ്പമാണ് ഇന്നത്തെ പ്രാതൽ. അതിനു ശേഷം പത്തുമണിക്കു ഓഫിസിൽ കാണാം.’’

ഓഫിസിലെത്തിയപ്പോൾ അവിടെ അനുമോദിക്കാനെത്തിയവരുടെ തിരക്കാണ്. ‘‘അടിച്ചു പൊളിച്ചു നടക്കേണ്ട പ്രായത്തിൽ ഇത്ര വലിയ ഉത്തരവാദിത്വം എടുക്കണോ എന്ന് ചിലർ ചോദിക്കുന്നല്ലോ?’’ വിമർശകരുടെ ചോദ്യങ്ങൾ ചൂണ്ടികാണിച്ചപ്പോൾ ഒരു അസ്വസ്ഥതയും ആ മുഖത്തില്ല. ‘‘എനിക്ക് രാഷ്ട്രീയ പ്രവർത്തനം സാമൂഹികസേവനമാണ്. കുട്ടിക്കാലം മുതലേ എന്റെ സന്തോഷം ഇത്തരം പ്രവർത്തനങ്ങളിലാണ്. തിരഞ്ഞെടുപ്പിൽ എതിർചേരിക്കാരുടെ പ്രധാന ആയുധം എന്നെ ജയിപ്പിച്ചാൽ ഉടനെത്തന്നെ ഉപതിരഞ്ഞെടുപ്പ് നേരിടേണ്ടി വരും എന്നതായിരുന്നു. വിവാഹം കഴിഞ്ഞു ഞാൻ പോകുമെന്നാണ് അവർ ഉദ്ദേശിച്ചത്.’’ ആശംസകൾ നേരാനെത്തിയവരെ ചിരിച്ചു യാത്രയാക്കുമ്പോൾ ഓരോരുത്തരെയും ഓർമപ്പെടുത്തുന്നുണ്ട്. ‘‘കൂടെയുണ്ടാകണം’’

‘‘തിരഞ്ഞെടുപ്പു മുന്നിൽക്കണ്ട് വളരെ ഗൗരവത്തോടെ സംസാരിക്കാൻ ശ്രമിച്ചതല്ല. ഇങ്ങനെയാണ് ഞാൻ. ജീവിത ത്തിൽ എന്തൊക്കെ സംഭവിച്ചാലും ആര്യ എന്ന വ്യക്തി ഇ ങ്ങനെതന്നെയാണ്. സംഘടനാ പ്രവർത്തനങ്ങളിലും അനുഭ വങ്ങളിലും നിന്നുമാണ് നിങ്ങൾ ചൂണ്ടികാണിക്കുന്ന ഈ പ ക്വത രൂപപ്പെട്ടു വന്നത്.’’ ആര്യയുടെ മുഖത്ത് വൻഭൂരിപക്ഷമുള്ള ചിരി തെളിഞ്ഞു.

വിശദമായ വായന വനിത ജനുവരി ആദ്യ ലക്കത്തിൽ

Tags:
  • Inspirational Story