Wednesday 12 June 2019 07:08 PM IST

അന്ന് പ്രധാനമന്ത്രി അജിതാ വിജയനെ നോക്കിപ്പറഞ്ഞു; ഇന്ത്യയിലെ ഒരേയൊരു ‘മിൽക് മേയർ’

V R Jyothish

Chief Sub Editor

thrissur-mayor1
ഫോട്ടോ: അരുൺ പയ്യടിമീത്തൽ

നേരം പരപരാന്നു വെളുക്കുന്നതേയുള്ളു... തൃശൂർ കോർപറേഷൻ മേയർ അജിതാവിജയൻ തിരക്കിലായിരുന്നു. കണിമംഗലം, കൂർക്കഞ്ചേരി പ്രദേശങ്ങളിലെ ഇരുനൂറോളം വീടുകളിൽ പാൽ വിതരണം ചെയ്യുകയാണ് മേയർ. ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഈ തിരക്ക്. മേയറാകുന്നതിനും കൗൺസിലറാകുന്നതിനും മുൻപ് ഏറെക്കുറെ 20 വർഷത്തോളമായി തൃശൂരിലെ കണിമംഗലം വാർഡ് അജിതയെന്ന നന്മയെ കണി കണ്ടുണരാൻ തുടങ്ങിയിട്ട്.

ഹർത്താലും ബന്ദും അവധിയും മഴയും വെയിലും ഒന്നും ബാധിക്കാത്ത ജോലി, പാൽവിതരണം. കഴിഞ്ഞ 20 വർഷത്തിനുള്ളിൽ ഒരു ദിവസം പോലും പാൽ വിതരണം മുടങ്ങിയിട്ടില്ല. അച്ഛൻ മരിച്ച ദിവസം പോലും പാൽവിതരണം ഞങ്ങൾ മുടക്കിയിട്ടില്ല...’ അജിത പാൽ പായ്ക്കറ്റെടുത്ത് അടുത്ത വീട്ടിലേക്കു നടന്നു.

‘അല്ല മേയറെ... മ്മള് കർഷകർക്ക് കേന്ദ്രസർക്കാർ പെൻഷൻ തരുന്ന് കേട്ടല്ലാ. ന്താ ചെയ്യേണ്ടത്.’ പാലുമായെത്തിയ മേയറോടുള്ള ദിവാകരേട്ടന്റെ അഭ്യർഥന.

ആറടിപ്പയ്യന് മൂന്നടിപ്പെണ്ണ്; ജിനിലിന്റെ ഹൃദയാകാശം തൊട്ട് ഏയ്ഞ്ചൽ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മക്കളേയും വാരിയെടുത്ത് ഇറങ്ങുമ്പോൾ അവർ പറഞ്ഞു; "അവൾ കുഞ്ഞുങ്ങളെ വിട്ട്‌ ഏതോ ഒരുത്തന്റെ കൂടെ ഒളിച്ചോടിയെന്ന്‌"

ശരണ്യയുടെ ജീവിതം; സംശയങ്ങൾക്ക് മറുപടി! അമ്മയും മകളും ഇപ്പോഴും ഒറ്റയ്ക്കാണ്

‘ദിവാകരേട്ടാ.... കോർപ്പറേഷൻ ഓഫിസിലോട്ട് വാ.... ആധാറിന്റെ കോപ്പിം റേഷൻകാർഡും കരം തീർത്ത രസീതും ബാങ്കിെല പാസ്ബുക്കും എടുത്തോട്ടാ.... മ്മക്ക് ശരിയാക്കാം...ന്തേ....’ ദിവാകരേട്ടനോടു സംസാരിച്ച് അടുത്ത വീട്ടിലേക്ക്...

ഇതിനിടയിൽ പിന്നെയും പരാതിക്കാർ. ‘തെരുവ് വിളക്ക് പ്രകാശിക്കുന്നില്ല. ൈപപ്പിൽ വെള്ളം വരുന്നില്ല.’

‘പെപ്പിൽ വെള്ളം വരുന്ന സമയത്ത് നിങ്ങൾ കൂർക്കം വലിച്ച് ഉറങ്ങാവും. പിന്നെങ്ങനാ െവള്ളം കിട്ട്വാ....’ പരാതിക്കാരോടു തമാശ കലർന്ന മറുപടി. എങ്കിലും പ്രശ്നം മേയർ മനസ്സിലേക്കെടുത്തുവെന്ന് തിരിച്ചറിയുന്നതോടെ ചിരിയോടെ മടങ്ങുന്ന പരാതിക്കാർ.

thrissur-mayor2

പാൽ വിതരണം ചെയ്യുന്ന മേയർ എന്ന് ഇതിനകം വാർത്താ പ്രാധാന്യം നേടിയ അജിതയുെട ജീവിതം സമരപുളകിതമാണ്. ഒരു മുദ്രാവാക്യത്തിലും ഒതുങ്ങാത്ത കഠിനാധ്വാനമാണ്. അനുകരിക്കാവുന്ന മാതൃകയും.

നാലു മണിക്കു മുൻപേ എഴുന്നേൽക്കും. അത്യാവശ്യം അടുക്കളപ്പണികൾ തീർത്ത് അഞ്ചു മണിയോടെ പാലുമായി ഇറങ്ങും. എട്ടു മണിക്കു മുൻപ് പാൽവിതരണം പൂർത്തിയാക്കും. ബാക്കിയുള്ള അടുക്കളപ്പണി തീർത്ത് പത്തുമണിയോടെ കോർപറേഷനിലെത്തും. പിന്നെ, സമ്മേളനങ്ങൾ, പാർട്ടിപരിപാടികൾ, ഇതിനിടയിൽ വാർഡ് സന്ദർശനം, പരാതി സ്വീകരിക്കൽ, രാത്രി എട്ടുമണിയോടെ തിരുവാതിര സംഘത്തിലെത്തും. ഒരു മണിക്കൂർ തിരുവാതിര കളി പരിശീലനം. പിന്നെ, അടുത്ത ദിവസത്തേക്കുള്ള ഒരുക്കങ്ങളാണ്. പാൽ വിതരണത്തിനിടയിൽ ആ ജീവിതം അജിത പറഞ്ഞുകൊണ്ടിരുന്നു.

പാറയ്ക്കാട്ട് മനയിലെ കൂലിപ്പണിക്കാർ

തൃശൂർ പാലുശ്ശേരിയിലുള്ള പാറയ്ക്കാട്ട് മനയിലെ കൂലിപ്പണിക്കാരായിരുന്നു മാധവൻ നായരും  ഭാര്യ അമ്മിണിയമ്മയും. അജിതയുെട  മാതാപിതാക്കൾ. പാടത്തും പറമ്പിലും രാപ്പകലില്ലാതെ അവർ അധ്വാനിച്ചു. എങ്കിലും വീട്ടിൽ ദാരിദ്ര്യം തന്നെയായിരുന്നു. ആണും  പെണ്ണുമായി നാലു മക്കൾ. അവരുടെ പ്രാഥമിക വിദ്യാഭ്യാസം പോലും അവതാളത്തിലാക്കുന്ന സാഹചര്യം. സൗജന്യ ഉച്ചഭക്ഷണം കിട്ടുന്ന കാലമല്ല. തീപുകയാത്ത അടുക്കളകളുള്ള വീടുകളിൽ നിന്നു വരുന്നവർ പട്ടിണിയിരിക്കുന്ന കാലം. അതുകൊണ്ട് അജിത പഠനത്തിന് പ്രീഡിഗ്രിയിൽ സുല്ലിട്ടു. സർക്കാർ പ്രസിൽ അച്ച് നിരത്തുന്ന ജോലിക്കാണ്. ദിവസവേതനക്കാരിയായി വർഷം എട്ടു കടന്നു പോയി.

ചെറിയമ്മയെ കല്യാണം കഴിച്ചത് അന്ന് കൃഷിമന്ത്രിയായിരുന്ന വി. വി. രാഘവന്റെ മകൻ ബാലകൃഷ്ണനാണ്. പരാധീനതകൾ കാരണം  ചെറിയമ്മയുടെ വീട്ടിലായിരുന്നു അക്കാലം.

thrissur-mayor4

‘ദരിദ്രനായാണു ഞാൻ ജനിച്ചത്. ദരിദ്രനായിത്തന്നെ മരിക്കുകയും വേണം.’ എന്നു പറയുകയും അതുപോലെ  തന്നെ ജീവിച്ചു മരിക്കുകയും ചെയ്ത അപൂർവം രാഷ്ട്രീയ നേതാക്കളിലൊരാളായിരുന്നു വി.വി. രാഘവൻ. അഴിമതി തൊടാത്ത രാഷ്ട്രീയ പ്രവർത്തനം എന്താണെന്ന് അജിത അടുത്തു കണ്ട് മനസ്സിലാക്കുന്നത് വി.വി. രാഘവനിലൂടെ.

അതിന് രണ്ടുമൂന്നു കാരണങ്ങൾ ഉണ്ട്. കേരള പൊലീസിൽ പരീക്ഷണാടിസ്ഥാനത്തിൽ വനിതാപൊലീസിനെ നിയമിക്കുന്ന കാലം. വി.വി. രാഘവൻ അന്നും മന്ത്രിയാണ്. പ ത്താം ക്ലാസ് പാസായ ആയിരം പേരെ നിയമിക്കാൻ അന്നത്തെ മന്ത്രിസഭ തീരുമാനിക്കുന്നു. സ്വന്തം വീട്ടിൽ നിൽക്കുന്ന ഒരു കുട്ടിക്ക് ആ കോൺസ്റ്റബിൾ ജോലിക്ക് ശുപാർശ ചെയ്യാൻ ആ മന്ത്രി തയാറായിരുന്നില്ല. അദ്ദേഹം പറഞ്ഞു; ‘അർഹതയുണ്ടെങ്കിൽ ജോലി കിട്ടും.’ പക്ഷേ, അദ്ദേഹത്തോട് ഒരു നിമിഷം പോലും അനിഷ്ടം തോന്നിയിട്ടില്ലെന്ന് അജിതയുടെ സാക്ഷ്യം. ആ വഴിയാണ് തന്നെ ഇന്നും നയിക്കുന്നതെന്ന് അജിത പറയുന്നു.

ജീവിതത്തിലേക്ക് ഒരു സഖാവ്

പ്രസിൽ ദിവസവേതനത്തിന് ജോലി ചെയ്തുകൊണ്ടിരുന്ന സമയത്തായിരുന്നു  അജിതയുടെ വിവാഹം. കണിമംഗലം വ ലിയാലുക്കൽ തിരുനിലത്ത് വീട്ടിലെ വിജയകുമാർ അജിതയുെട ജീവിതപങ്കാളിയായി. വിജയകുമാർ പാർട്ടി പ്രവർത്തകനായിരുന്നു എന്നത് യാദൃച്ഛികം. പതിന്നാലു പേരുള്ള ഒരു കൂട്ടുകുടുംബമായിരുന്നു അത്. വീട്ടിലൊരു ചായക്കടയുണ്ട്. അ തായിരുന്നു ആ കുടുംബത്തിന്റെ ഉപജീവനമാർഗം. അങ്ങനെ ആ ചായക്കടയുടെ പാചകക്കാരിൽ ഒരാളായി അജിതയും.

പാർട്ടി പ്രവർത്തനത്തോടൊപ്പം കുഴൽക്കിണറിന്റെ ജോലിയായിരുന്നു വിജയന്. കൂട്ടത്തിൽ മിൽമയുടെ ഏജൻസിയും എടുത്തു. ഇടയ്ക്ക് ടയർ കമ്പനിയിൽ ജോലി കിട്ടി. രാവിലെ പാൽവിതരണം. അതിനുശേഷം ജോലി. ൈവകുന്നേരം വീണ്ടും പാൽവിതരണം. പാർട്ടി പ്രവർത്തനങ്ങൾക്ക് രണ്ടുപേരും ഒരുമിച്ചാണ് പോകുക. അല്ലാത്തപ്പോൾ മുഴുവൻ സമയ പാചകക്കാരിയുടെ റോളിലായിരുന്നു അജിത.

ഈ സമയത്താണ് ഒരു സൈക്കിൾ അജിതയുടെ ജീവിതത്തിലേക്ക് ഉരുണ്ടു വരുന്നത്. പാൽ വിതരണത്തിന് വിജയൻ കൊണ്ടു വന്ന സൈക്കിൾ ഓടിക്കാൻ ആരുമറിയാതെ അജിത പഠിക്കുകയായിരുന്നു. കല്യാണം കഴിഞ്ഞ് ഒരു കുഞ്ഞിന്റെ അമ്മയായ സ്ത്രീ സൈക്കിളോടിക്കാൻ പഠിക്കുന്നത് നാട്ടിൽ വലിയ വിപ്ലവം ഉണ്ടാക്കി. ആ കോലാഹലങ്ങൾക്ക് െചവി കൊടുക്കാതെ അജിത ഭർത്താവിനെ സഹായിക്കാനിറങ്ങി. അങ്ങനെ ഇരുപതുവർഷം മുൻപ്  ഒരു വെളുപ്പാൻകാലത്ത് സൈക്കിളിൽ പാൽസഞ്ചിയും വച്ചുകെട്ടി അജിത നിരത്തിലേക്കിറങ്ങി. അത് പുതിയൊരു ജീവിതത്തിലേക്കുള്ള വഴിയായിരുന്നു. അന്നുമുതൽ ഇന്നോളം കണിമംഗലം വാർഡിലെ ഇരുനൂറോളം വീടുകളിൽ അതിരാവിലെ അജിത പാലുമായെത്തുന്നു. കാലത്തിന്റെ മാറ്റത്തിനൊപ്പം യാത്ര സൈക്കിളിൽ നിന്ന് സ്കൂട്ടറിലേക്കായെന്നു മാത്രം.

അതിനിടയിൽ മൽസര പരീക്ഷ പാസ്സായി അംഗൻവാടിയിൽ അധ്യാപികയായി. പാൽ വിതരണവും ഹോട്ടലും ഒരുമിച്ചുകൊണ്ടുപോയിരുന്ന സമയത്താണ് അംഗൻവാടിയിൽ ജോ ലി കിട്ടുന്നത്. വീടിനടുത്ത് തന്നെയുള്ള സ്ഥലത്തായിരുന്നു അംഗൻവാടി. അന്ന് ചെറിയ വരുമാനമായിരുന്നു അംഗൻവാടി അധ്യാപികമാർക്ക്. എങ്കിലും അതൊരു വലിയ കാര്യമായിട്ടാണ് ഞാൻ കണ്ടത്.’ അജിത പറയുന്നു.

പാൽ വിതരണവും ഹോട്ടലിലെ ജോലിയും പിന്നെ അംഗൻവാടിയും കൂടിയായപ്പോൾ നിന്നു തിരിയാൻ സമയമില്ലാതായി. ഈ ഉത്തരവാദിത്തങ്ങൾക്കു ശേഷമുള്ള സമയം പാർട്ടി പ്രവർത്തനം അതായിരുന്നു അംഗത്വം സ്വീകരിക്കുമ്പോൾ പാർട്ടിക്ക് അജിത നൽകിയ ഉറപ്പ്.

thrissur-mayor8

2005 –ൽ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ കണിമംഗലം വാർഡിൽ അജിത സ്ഥാനാർഥിയായി. വാർഡ് വനിത സംവരണമായതും അജിതയുടെ ജനകീയ പിന്തുണയും സ്ഥാനാർഥിയാകാനുള്ള യോഗ്യത അജിതയ്ക്കു നേടിക്കൊടുത്തു. അന്ന് നല്ല ഭൂരിപക്ഷത്തോടെ അജിത തിരഞ്ഞെടുക്കപ്പെടുകയും വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സ്ഥാനം നേടുകയും ചെയ്തു.

ആദ്യം വാർഡ് കൗൺസലർ ആയപ്പോൾത്തന്നെ അജിതയുടേത് വേറിട്ട ശൈലിയായിരുന്നു. കോർപറേഷന്റെ ആനുകൂല്യങ്ങൾ അർഹതപ്പെട്ടവർക്ക് നേരിട്ട് എത്തിക്കുന്നതു മുതൽ മരാമത്തു പണികളുടെ മേൽനോട്ടം വരെ നേരിട്ടു ചെയ്യുന്ന ശൈലിക്ക് ജനപ്രീതിയേറി.

അടുത്ത തിരഞ്ഞെടുപ്പിന് പക്ഷേ അജിത മത്സരിച്ചില്ല. അംഗൻവാടി ജീവനക്കാർ സർക്കാർ സർവീസിൽ ഉള്ളവരാണെന്ന ഇലക്ഷൻ കമ്മിഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു അത്. ജോലി ഉപേക്ഷിക്കാനുള്ള സാമ്പത്തിക സാഹചര്യം ഉണ്ടായിരുന്നില്ല.

ജനനായികയായി വീണ്ടും

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇലക്ഷൻ കമ്മിഷന്റെ തീരുമാനങ്ങൾ കോടതി മരവിപ്പിക്കുകയും  അംഗൻവാടി ജീവനക്കാർക്ക് മത്സരിക്കാം എന്ന നിയമം കൊണ്ടുവരുകയും ചെയ്തു. അ ങ്ങനെ അജിത വീണ്ടും  കണിമംഗലത്തിന്റെ കൗൺസലറും പിന്നെ, തൃശൂരിന്റെ മേയറുമായി.

രണ്ടുകാര്യങ്ങളോട് മേയർ ൈവകാരികമായി പ്രതികരിക്കാറുണ്ട്. ഒന്ന് പണമില്ലാത്തതിന്റെ പേരിൽ കുട്ടികൾ പഠിക്കാ തിരിക്കുന്നത്. രണ്ട് പണമില്ലാത്തതിന്റെ പേരിൽ ആർക്കും  ചികിത്സ കിട്ടാതിരിക്കരുത്. അനുഭവങ്ങളാണ് ഈ രണ്ടുകാര്യങ്ങളിലേക്കും മേയറെ കൊണ്ടെത്തിച്ചത്. പഠിക്കാൻ മിടുക്കിയായിരുന്നിട്ടും പ്രീഡിഗ്രി കൊണ്ട് പഠനം നിർത്തേണ്ടി വന്ന തന്റെ ദുരനുഭവം മറ്റൊരാളിനും ഉണ്ടാകരുതെന്ന ആഗ്രഹം.

അവിയലിന് കഷണം മുറിക്കുന്നതിനേക്കാൾ  കൃത്യതയോടെയാണ് അജിത ഒരു ദിവസത്തെ വിഭജിക്കുന്നത്. എട്ടു മണി വരെയുള്ള പാൽ വിതരണത്തിനിടെ പരാതികൾ അറിയലും നടക്കും. അതു കഴിഞ്ഞ് പത്തിന് ഓഫിസിലെത്തുന്നതിനു മുൻപ് വരെയുള്ള സമയം പാർട്ടി പ്രവർത്തനങ്ങൾക്കാണ്.

ഉച്ചസമയത്തെ ഇടവേളയിലും അൽപനേരം നാട്ടുകാർക്കൊപ്പം ചെലവഴിക്കും. ഒാഫിസ് ഉത്തരവാദിത്തങ്ങളെല്ലാം എട്ടു മണിക്ക് മുൻപ് അവസാനിപ്പിക്കും. എട്ടു മണി മുതലുള്ള ഒരു മണിക്കൂർ തിരുവാതിര സംഘത്തിനൊപ്പമാണ്. സമയത്തിന്റെ വില നന്നായി അറിയാവുന്നതു കൊണ്ട് സമ്മേളനങ്ങളിൽ ദീർഘമായ പ്രസംഗങ്ങളില്ല. പറയാനുള്ളത് ചുരുക്കി സംസാര ഭാഷയുടെ അടുപ്പത്തിൽ അവതരിപ്പിക്കുന്ന സിംപിൾ ശൈലിയാണ് അജിതയുടേത്.

പൊതുജീവിതത്തിൽ ഏറ്റവും സന്തോഷമുണ്ടാക്കിയ സംഭവം ഏതെന്ന് ചോദിച്ചാൽ അജിത പറയും അത് കൂർക്കഞ്ചേരി പുറമ്പോക്കിൽ ൈവദ്യുതി എത്തിച്ചതാണെന്ന്. എഴുപതോളം കുടുംബങ്ങൾ താമസിക്കുന്ന സ്ഥലമാണത്. കഴിഞ്ഞ 60 വ ർഷമായി കോർപറേഷനു മുന്നിലുള്ള ആവശ്യം  അജിത വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ആയതിനുശേഷമാണ് സാധിച്ചത്.

മേയർ ആയതുകൊണ്ട് എന്തു ഗുണമുണ്ടായി എന്നു ചോദിച്ചപ്പോൾ അജിത പറഞ്ഞു. ‘എന്റെ തൈരു കച്ചവടം പൂട്ടി. അങ്ങനെയൊരു വരുമാന നഷ്ടം ഉണ്ടായി. തൃശൂരിൽ മിക്കവാറും കല്യാണസദ്യകൾക്ക് തൈര് കൊടുക്കുന്നത് ഞങ്ങളായിരുന്നു. പാൽ വീട്ടിൽ തന്നെ കാച്ചി ശുദ്ധമായ തൈര് കൊടുക്കും. മേയർ ആയതിനുശേഷം ആ ജോലി നടക്കുന്നില്ല.’

കണിമംഗലം തിരുനിലത്ത് ആതിര എന്നു പേരുള്ള ചെറിയ വീട്ടിൽ അജിത വിശ്രമിക്കുന്നില്ല ഏകമകൾ ആതിര വിവാഹിതയാണ്. മരുമകൻ ശ്രീകുമാർ കുവൈത്തിലാണ്. സ്ഥാനമാനങ്ങളൊന്നും ശാശ്വതമല്ല, ഇത്തിരി സമയത്തേക്കേ ഉള്ളു. അതു കഴിഞ്ഞാലും കാണേണ്ട ആൾക്കാരാണ്. അതുകൊണ്ടാണ് മേയർ അല്ല പാൽക്കാരി മാത്രമാണെന്ന ചിന്തയോടെ ജീവിക്കുന്നത്’ അജിത പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂരിൽ വന്നപ്പോൾ ഔദ്യോഗികമായി സ്വീകരിക്കണം. അദ്ദേഹം എല്ലാവർക്കും ഷേക്ക് ഹാൻഡ് കൊടുക്കുന്നു. ഞാൻ കലക്ടറോടു പറഞ്ഞു; ‘പണിയെടുക്കുന്നതുകൊണ്ട് നമ്മുടെ ൈക വളരെ പരുക്കനാണ്.’

thrissur-mayor6

കലക്ടർ പ്രധാനമന്ത്രിയോടു പറഞ്ഞു;  ‘സ്ഥലത്തെ പാൽവിൽപനക്കാരിയാണ് നമ്മുടെ മേയറെന്ന്’

അതുകേട്ടപ്പോൾ പ്രധാനമന്ത്രി പറഞ്ഞു; ഇന്ത്യയിലെ ഒരേയൊരു ‘മിൽക്  മേയർ’.  ‘ഒന്നുമില്ലെങ്കിലും ഞങ്ങൾ ഒരേ കുടുംബത്തിലെ അംഗങ്ങളാണല്ലോ?’ അജിത ചിരിക്കുന്നു.

ഓർമയിലെ തിരുവാതിരക്കാലം

മുരിങ്ങൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിനടുത്തുള്ള ഒരു വീട്ടുമുറ്റം. മേയർക്കു വേണ്ടി കാത്തിരിക്കുകയാണ് തിരുവാതിരകളി സംഘം. ‘ഒരു മണിക്കൂർ  തിരുവാതിര കളിക്കുന്നത് ചികിത്സ പോലെയാണ് എനിക്ക്. ഒരു ദിവസത്തെ മുഴുവൻ ക്ഷീണവും ഇറക്കിവയ്ക്കാവുന്ന ഒരിടമാണ് തിരുവാതിരക്കളി.’ മേയർ പറയുന്നു. കഴിഞ്ഞ പത്തു വർഷമായി അജിത അവരോടൊപ്പമുണ്ട്. ഇതിനകം നൂറോളം വേദികളിൽ തിരുവാതിരക്കളി അവതരിപ്പിച്ചു. 5000 പേർ പങ്കെടുത്ത് ഗിന്നസിൽ ഇടംപിടിച്ച തിരുവാതിര കളി സംഘത്തിലും മേയർ ഉണ്ടായിരുന്നു.

thrissur-mayor3

‘ആടയാഭരണങ്ങളണിഞ്ഞ് ഒരോ തവണ വേദിയിലേക്ക് കയറുമ്പോഴും എനിക്ക് കുട്ടിക്കാലം ഒാർമ വരും. സ്കൂളിൽ ഡാൻസ് ക്ലാസിന് ഫീസില്ലായിരുന്നു. പക്ഷേ, മൽസരിക്കണമെങ്കിൽ ഡ്രസും ചമയവും ഒക്കെ വേണ്ടേ. അതിനുള്ള നിവൃത്തി വീട്ടിൽ ഇല്ലെന്ന് എനിക്ക നന്നായി അറിയാം. കൂട്ടത്തിലെ മിടുക്കി കുട്ടി എന്നൊക്കെ ഡാൻസ് ടീച്ചർ പറയുമ്പോൾ മനസ്സ് മാനം തൊടും. മൽസരം വരുമ്പോൾ ഞാൻ പതിയെ പിന്മാറും. കൂടെ പഠിച്ച കൂട്ടുകാരികൾ  വേദിയിൽ നിറഞ്ഞ് തിരുവാതിര കളിക്കുന്നത് സദസ്സിലിരുന്ന് കാണും.

മൽസരിക്കാനാഗ്രഹമുണ്ടെന്ന് ഒരു സൂചന പോലും  ഞാൻ വീട്ടിൽ കൊടുക്കില്ല. അങ്ങനെ വന്നാൽ അച്ഛന് അത് വല്ലാത്ത സങ്കടമാകും. അച്ഛൻ വിഷമിക്കുന്നത് എനിക്ക് സഹിക്കില്ല. ആ ദിവസങ്ങളിൽ അമ്മയ്ക്ക് മുഖം കൊടുക്കില്ല. മക്കളുടെ ഉള്ളിൽ സങ്കടമുണ്ടേൽ അമ്മമാർക്ക് പെട്ടെന്ന് മനസ്സിലാകൂല്ലോ. ഒരു സങ്കടവും ആരോടും പറയില്ല. കൂട്ടുകാരികൾക്ക് പ്രോൽസാഹനവുമായി കൂടെ നിൽക്കും. അന്നത്തെ സങ്കടം പിന്നെ, എല്ലാ ദിവസത്തെയും  സന്തോഷമായി മാറി.’

രാത്രി എട്ടു മണി. ശ്രീകൃഷ്ണ തിരുവാതിര സംഘം നിലവിളക്കു കത്തിച്ചു. ‘എന്നാ തുടങ്ങാംേല്ല.....? കൂട്ടത്തിൽ ആരോ വിളിച്ചു ചോദിച്ചു. വലിയ ജീവിതം ചെറിയ വാക്കുകളിൽ പറഞ്ഞ് നിലവിളക്കിനു മുന്നിൽ നിന്ന് വന്ദനത്തിനു തയാറെടുക്കുന്നു മേയർ. ദീപപ്രഭയിൽ കണ്ണുകൾ തിളങ്ങുന്നു.അല്ലെങ്കിലും  അത് അങ്ങനെയാണ്. നനഞ്ഞ കണ്ണുകൾ വിളക്കിന്റെ വെട്ടത്തിൽ കൂടുതൽ തിളങ്ങിക്കൊണ്ടേയിരിക്കും.