Wednesday 21 April 2021 11:24 AM IST : By സ്വന്തം ലേഖകൻ

‘ആ അമ്മയ്ക്ക് കാഴ്ചയില്ലായിരുന്നു; എന്റെ ജീവൻ നോക്കിയില്ല, കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു മുഖ്യം’; റെയിൽവേയിലെ സൂപ്പർഹീറോ മയൂർ പറയുന്നു

mayur-shelkee3444

കഴിഞ്ഞ ദിവസമാണ് ഹൃദയമിടിപ്പ് കൂട്ടുന്ന ഒരു വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. മുംബൈയിലെ വങ്കാനി റെയിൽവേ സ്റ്റേഷനിലെ സിസി ടിവിയിൽ പതിഞ്ഞ ദൃശ്യമാണ് പുറത്തുവന്നത്. അമ്മയ്ക്കൊപ്പം സ്റ്റേഷനിലൂടെ നടന്നുപോവുകയായിരുന്ന കുട്ടി പെട്ടെന്ന് ട്രാക്കിലേക്ക് വീണു. ഈ സമയം അതിവേഗം ഒരു ട്രെയിൻ അതേ ട്രാക്കിലൂടെ വരുന്നുണ്ടായിരുന്നു. അമ്മ നിസ്സഹായയായി നിലവിളിക്കുകയായിരുന്നു അപ്പോൾ. ഈ കാഴ്ച കണ്ട ഒരു ജീവനക്കാരൻ പെട്ടെന്നുതന്നെ ട്രാക്കിലൂടെ ഓടിയെത്തി കുഞ്ഞിനെ ഫ്ലാറ്റ്ഫോമിലേക്ക് പിടിച്ചുകയറ്റി. നിമിഷങ്ങൾക്കകം ട്രെയിൻ തൊട്ടടുത്തെത്തുകയും ചെയ്തു. 

സെക്കന്റുകളുടെ വ്യത്യാസത്തിലാണ് മയൂര്‍ ഷെല്‍ക്കെ എന്ന റെയിൽവേ ജീവനക്കാരൻ സ്വന്തം ജീവൻ പോലും പണയപ്പെടുത്തി കുഞ്ഞിന്റെ ജീവൻ രക്ഷപ്പെടുത്തിയത്. സംഭവത്തിന്റെ വിഡിയോ രാജ്യം മുഴുവൻ ഏറ്റെടുത്തിരുന്നു. ഇന്നലെ റെയിൽവേ മന്ത്രിയും  വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ‘നിങ്ങളാണ് മയൂർ ഞങ്ങളുടെ സൂപ്പർമാൻ..’ ഇന്നലെ മയൂര്‍ ഷെല്‍ക്കെയെ റെയിൽവേ അധികൃതരും ആദരിച്ചു.  

‘ഞാന്‍ കുട്ടിയെ രക്ഷിക്കാൻ ഓടുമ്പോഴും എന്റെ ജീവനും അപകടത്തിലാവുമോ എന്ന് ഒരു നിമിഷം ചിന്തിച്ചിരുന്നു. എന്നാലും അവനെ രക്ഷിക്കണമെന്ന് തന്നെ എനിക്ക് തോന്നി. ആ കുഞ്ഞിന്റെ അമ്മയ്ക്ക് കണ്ണിന് കാഴ്ചയില്ലായിരുന്നു. അതിനാലാണ് അവര്‍ക്കൊന്നും ചെയ്യാന്‍ കഴിയാതെ പോയത്. ഹൃദയം നിറഞ്ഞാണ് അവർ എന്നോട് നന്ദി പറഞ്ഞത്.’- മയൂർ പറയുന്നു.

Tags:
  • Spotlight
  • Social Media Viral