Friday 29 March 2019 12:19 PM IST

മലയാളി രോഗത്തേക്കാൾ ഭയപ്പെടുന്നത് ഭാരിച്ച ചികിത്സാ ചെലവ്; അൽപം ശ്രദ്ധിച്ചാൽ പണം ലാഭിക്കാം!

Nithin Joseph

Sub Editor

medical001

‘റെഗുലർ ബ്ലഡ് ടെസ്റ്റ് നടത്താൻ പോലും 120 രൂപ വേണം. കൊളസ്ട്രോളിന്റെ അളവ് പരിശോധിക്കാൻ 80 രൂപ. കരള്‍ ടെസ്റ്റുകൾക്ക് 350 രൂപ. ചെറിയ പനി വന്നാൽ പോലും ആശുപത്രിയിൽ നിന്ന് ഇറങ്ങുമ്പോൾ പഴ്സ് കാലി. ചെലവ് കുറയ്ക്കണമെന്ന് ആലോചിച്ച് കുടുംബ ബജറ്റിന് കടിഞ്ഞാണിട്ട് കുറച്ചു പണം സ്വരുക്കൂട്ടിയതെല്ലാം ആവിയായി പോയി എന്നു പറഞ്ഞാൽ മതിയല്ലോ. നാലു ദിവസം കൂടി ആശുപത്രിവാസം  വേണ്ടിവന്നിരുന്നെങ്കിൽ കൊള്ളപ്പലിശക്കാർക്കു മുന്നിൽ ചെന്ന് കടംവാങ്ങാൻ കൈനീട്ടേണ്ടി വരുമായിരുന്നല്ലോ എന്നോർക്കുമ്പോൾ നെഞ്ചിൽ ഇടി മിന്നുന്നു.’

ജീവിതത്തിൽ ഒരിക്കലെങ്കിലും ഇത്തരം വേവലാതി അനുഭവിച്ചിട്ടില്ലാത്തവർ ചുരുക്കം. ചികിത്സാചെലവുകൾ പലപ്പോഴും മുൻകൂട്ടി പ്രവചിക്കാൻ കഴിയാറില്ല. രോഗം വന്ന ശേഷം പണം കണ്ടെത്താനുള്ള ഓട്ടം ഒഴിവാക്കാനായി ഇപ്പോൾ മുതൽ തയാറെടുക്കാം.

ആദ്യം കാണാം കുടുംബ ഡോക്ടറെ

∙ രോഗം വരുമ്പോഴേ ആശുപത്രിയിലേക്ക് ഓടുന്ന ശീലം ഒഴിവാക്കുക. പകരം, ഏത് രോഗത്തിനും ചികിത്സാ നിർദേശം നൽകാൻ കഴിയുന്ന വിദഗ്ധനായ കുടുംബഡോക്ടറെ നിശ്ചയിക്കുക. തുടർചികിത്സ, സന്ദർശിക്കേണ്ട ആശുപത്രി, കൺസൽറ്റ്  ചെയ്യേണ്ട ഡോക്ടർ എന്നിങ്ങനെയുള്ള കാര്യങ്ങളിൽ ഇദ്ദേഹത്തിന്റെ അഭിപ്രായം തേടാം. വില കുറഞ്ഞ മരുന്ന് തിരഞ്ഞെടുക്കുന്നതിലും വീട്ടില്‍  മരുന്ന്  ഉപയോഗിക്കുന്നതിലുമെല്ലാം  കുടുംബഡോക്ടറുടെ സേവനം സഹായകമാകും.

∙ ഡോക്ടർ നൽകുന്ന നിർദേശങ്ങള്‍ കൃത്യമായി പാലിക്കുക. ആരോഗ്യസംരക്ഷണത്തിനൊപ്പം ചികിത്സാചെലവ് കുറ യ്ക്കുന്നതിനും  ഇത് ഉപകരിക്കും. മരുന്നിന്റെ കോഴ്സ് കൃത്യമായി പൂർത്തിയാക്കുക. രോഗത്തിന്റെ തീവ്രത കുറഞ്ഞെന്ന് സ്വയം തോന്നലുണ്ടാകുമ്പോൾ ആന്റിബയോട്ടി ക്  പോലെയുള്ള മരുന്നുകൾ സ്വയം നിർത്തുന്നത് അപകടമാണ്. രോഗം കൂടുതൽ ഗുരുതരമാകാൻ ഇത് ഇടവരുത്തും.

∙ ഒരു ഡോക്ടറിൽ നിന്ന് അടുത്ത ഡോക്ടറുടെ അരികിലേക്ക്, ഒരു ആശുപത്രിയിൽനിന്ന് മറ്റൊന്നിലേക്ക്, അലോ  പ്പതിയിൽ നിന്ന്  ആയുർവേദത്തിലേക്ക്, ഇത്തരത്തിലുള്ള ശീലങ്ങൾ പലപ്പോഴും ഗുണം ചെയ്യില്ലെന്നു മാത്രമല്ല, ചികിത്സാചെലവ് കൂട്ടുകയും ചെയ്യും.

∙ ഗുരുതരമായ രോഗങ്ങള‍ുടെ ചികിത്സയ്ക്കായി ചിലപ്പോ ള്‍ ദൂരെയുള്ള ആശുപത്രികളിൽ അഡ്മിറ്റ് ആകേണ്ടി വ രാം. ഇത്തരം സാഹചര്യങ്ങളിൽ സങ്കീർണമായ പ്രശ്നങ്ങളുണ്ടെങ്കിൽ മാത്രം  പേ വാർഡ് തിരഞ്ഞെടുക്കുക. അല്ലാത്ത സാഹചര്യങ്ങളിൽ ജനറൽ വാർഡ് മതിയാകും. ആശുപത്രി ബില്ലിൽ വലിയ കുറവ് വരുത്താൻ ഇത് സഹായിക്കും.

∙ ചികിത്സാ സംബന്ധമായ യാത്രകൾക്കു സർക്കാരിൽ നിന്ന് ഇളവുകൾ ലഭിക്കാറുണ്ട്. കാൻസർ രോഗികൾക്ക് ട്രെയിൻ യാത്ര 100 ശതമാനം സൗജന്യമാണ്.  ഇവരുടെ കൂടെ യാത്ര ചെയ്യുന്ന ആൾക്ക് 50 ശതമാനം ഇളവ് ലഭിക്കും. ഇതിനായി നിശ്ചിത അപേക്ഷ പൂരിപ്പിച്ച് റെയിൽവേ സ്‌റ്റേഷൻ മാസ്റ്റർക്ക് നൽകണം. ഇതോടൊപ്പം തിരിച്ചറിയൽ കാർഡ്, റേഷൻ കാർഡ് എന്നിവയുടെ കോപ്പിയും പാസ്പോർട്ട് സൈസ് ഫോട്ടോയും ചികിത്സ തേടുന്ന ആശുപത്രിയിൽനിന്നുള്ള മെഡിക്കൽ സർട്ടിഫിക്കറ്റും സമർപ്പിക്കണം. വരുമാനപരിധി ഘടകമല്ല.

∙ ഡോക്ടറുടെ അടുത്തെത്തുമ്പോള്‍ ചിലർ രോഗവിവരം പൂ ർണമായി പറയാൻ വിട്ടുപോകും. അങ്ങനെയുണ്ടെങ്കിൽ   രോഗവിവരങ്ങളും സംശയങ്ങളുമെല്ലാം  എഴുതി കൊണ്ടുപോകാം. അവസാനമായി ഡോക്ടറെ കണ്ടത്,  കഴിക്കുന്ന  മരുന്നുകളുടെ പേര് എന്നിവ എഴുതി സൂക്ഷിക്കാം. ഇതുവഴി അനാവശ്യ ചികിത്സയും ചെലവുകളും കുറയ്ക്കാനാകും.

∙ ചെറിയ ശാരീരിക പ്രശ്നങ്ങൾക്ക് വീട്ടിൽ തന്നെ പരിഹാരം കാണാം. ചെറിയ പനിയുണ്ടെങ്കിൽ ആദ്യ ദിവസം  ദേഹം  ചെ റുചൂടുവെള്ളത്തിൽ തുടച്ചെടുക്കാം. കുറഞ്ഞില്ലെങ്കിൽ അടുത്ത ദിവസം ഡോക്ടറെ കാണാം. തൊണ്ടവേദനയ്ക്ക് ഉപ്പിട്ട വെള്ളം ചെറുചൂടിൽ  തൊണ്ടയിൽ കൊള്ളാം. അലർജി പ്രശ്നമുള്ളവർ ആന്റിഹിസ്റ്റമിൻ ഗുളികകളും നടുവേദന പോലുള്ള പ്രശ്നങ്ങൾ ഉള്ളവർ പെയിൻ കില്ലറുകളും കുടുംബഡോക്ടറുടെ നിർദേശപ്രകാരം കയ്യിൽ കരുതുക.

∙ചെറിയ ചികിത്സകൾക്കു വലിയ ആശുപത്രികളിൽ പോകുന്നത് ഒഴിവാക്കാം. ജലദോഷം, വയറിളക്കം, കൈ–കാൽ വേദന എന്നിവയ്ക്ക് വീടിന് അടുത്തുള്ള പബ്ലിക്, കമ്യൂണിറ്റി ഹെ ൽത് സെന്ററുകളെ സമീപിക്കാം. ബിപി, പ്രമേഹ പരിശോധനകളും ഇവിടെ സൗജന്യമാണ്.

∙ ഡയാലിസിസ് പോലുള്ള ചികിത്സകൾ സൗജന്യമായി ചെയ്യുന്ന സ്ഥാപനങ്ങളെയും സംഘടനകളെയും സമീപിക്കാം. മെഡിക്കൽ കോളജുകളിൽ ഡയാലിസിസ് സൗജന്യമാണ്.

സമയത്ത് പ്രതിരോധ കുത്തിവയ്പ്

∙ രോഗം വന്ന് ചികിത്സിക്കുന്നതിനെക്കാൾ നല്ലത് രോഗം വ രാതെ നോക്കുന്നതാണ്. ആരോഗ്യത്തോടൊപ്പം സ്വന്തം കീശയും കാത്തുസൂക്ഷിക്കാൻ ഇത് സഹായിക്കും. രോഗം തടയാനുള്ള പ്രതിരോധ കുത്തിവയ്പുകൾ കൃത്യ സമയങ്ങളിൽ എടുക്കുക.

∙ രോഗങ്ങൾ നേരത്തെ കണ്ടെത്തി ചികിത്സിക്കുക. രോഗം മൂർച്ഛിക്കുന്തോറും  ചികിത്സാ ചെലവു ‍കൂടും. പല രോഗങ്ങളും ആദ്യ ഘട്ടത്തിൽ തന്നെ കണ്ടെത്തി ചികിത്സച്ചാലേ  പൂർണമായും ഭേദമാകൂ എന്നുമോർക്കുക.

∙ രോഗനിർണയം ഉറപ്പിക്കാൻ ആവശ്യമായ പരിശോധനകൾ നിർബന്ധമായും ചെയ്യണം. ഊഹാപോഹങ്ങൾ അടിസ്ഥാ നമാക്കി ചികിത്സ വേണ്ട.

∙ മറ്റേതു തൊഴിൽരംഗവും പോലെ തന്നെ ആരോഗ്യമേഖലയിലും അമിതലാഭം ലക്ഷ്യം വച്ച് പ്രവർത്തിക്കുന്നവരും വ്യാജൻമാരും ഉണ്ട്. അതുകൊണ്ട് ആശുപത്രിയും ഡോക്ടറെയും തീരുമാനിക്കുന്നതിനു മുൻപ് പൊതു അഭിപ്രായവും രണ്ടാം അഭിപ്രായവും ആരായാൻ ശ്രമിക്കണം.

∙ ആരോഗ്യ ഇൻഷുറൻസ് പോളിസിയുള്ളവരാണ് അനാവശ്യ പരിശോധനകൾക്ക് അധികമായി വിധേയരാകുന്നത്. രണ്ടുമൂന്ന് വർഷമായിട്ടും ക്ലെയിം ഉണ്ടായില്ലെങ്കിൽ വെറുതെ കാശു കളയുന്നതല്ലേ എന്ന തോന്നലിൽ ഹോസ്പിറ്റലിൽ അഡ്മിറ്റാകും. പണം മുതലാക്കാനായി ലാബ് പരിശോധനകളും സ്കാനിങ്ങുമൊക്കെ ചെയ്തു രോഗമില്ലെന്ന് ഉറപ്പു വരുത്തും. ഇത്തരം സാഹചര്യങ്ങളിൽ ഇൻഷുറൻസ് കമ്പനി ക്ലെയിം  നിരസിക്കാൻ സാധ്യതയുണ്ട്. അതോടൊപ്പം, ക്ലെയിമില്ലാത്ത വർഷങ്ങളിൽ കിട്ടിക്കൊണ്ടിരുന്ന നോ ക്ലെയിം ബോണ  സ് ഈ ചെറിയ തുകയ്ക്കു വേണ്ടി നഷ്ടമാകാം.

medical0976

ഒാൺലൈൻ മരുന്ന് വേണ്ട

∙ മരുന്നുകൾ ഓൺലൈൻ വഴി വാങ്ങുന്നത് അത്ര സുരക്ഷിതമല്ല. മിക്ക ഡോക്ടർമാരും ഇത് അംഗീകരിക്കുന്നുമില്ല. എ ന്നാൽ കണ്ണട, വീട്ടിൽ ഉപയോഗിക്കാവുന്ന ബിപി മോണിറ്റർ, ഗ്ലൂക്കോമീറ്റർ, തെർമോമീറ്റർ, വെയിങ് മെഷീൻ എന്നിവ ഓ ൺലൈനിൽ വാങ്ങുന്നത് ചെലവ് കുറയ്ക്കും.

∙ ഡോക്ടറുടെ നിർദേശപ്രകാരം ചെയ്ത പരിശോധനാ ഫ ലം ഉൾപ്പെടെയുള്ള എല്ലാ ചികിത്സാരേഖകളും ഫയലാക്കി വയ്ക്കുക. കൂടുതൽ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയി ലേക്കു പോകുമ്പോൾ ആദ്യം ചെയ്ത പരിശോധനകള്‍ വീണ്ടും വേണ്ടി വരാം. മുൻപ് ചെയ്ത പരിശോധനാ ഫലം കാ  ണിച്ചാൽ അനാവശ്യ പരിശോധനാ ചെലവ് തടയാം.

∙ മരുന്നുകൾ വാങ്ങുമ്പോള്‍ അൽപം ശ്രദ്ധയുണ്ടെങ്കിൽ ഒരുപാട് പണം ലാഭിക്കാം. ഒരേ മരുന്നുകൾ പല ബ്രാൻഡുകളിൽ വിൽക്കുമ്പോൾ പല വിലയാണ് കമ്പനികൾ ഈടാക്കുന്നത്. ഗുണനിലവാരമുള്ളതും വില കുറഞ്ഞതുമായ ജനറിക് മരുന്നുകൾ പ്രോത്സാഹിപ്പിക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കുന്നുണ്ട്. ഹൃദ്രോഗം, ബ്ലഡ് പ്രഷർ തുടങ്ങിയ രോഗങ്ങൾക്ക് ഒന്നിലധികം മരുന്നുകൾ ദീർഘകാലത്തേക്ക് കഴിക്കേണ്ടി വരും. ഇത്തരം സാഹചര്യങ്ങളിൽ വില കുറഞ്ഞ ജനറിക് മരുന്നുകൾ ഉപയോഗിക്കുന്നതാണ് ലാഭകരം.

∙ കാരുണ്യ ഫാർമസികൾ, ന്യായവില ഷോപ്പുകൾ, ജൻ ഔ ഷധി ഔട്ട്‌ലെറ്റുകൾ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് മരുന്ന് വാങ്ങാം. മറ്റ് മെഡിക്കൽ ഷോപ്പുകളെ അപേക്ഷിച്ച് വളരെ കുറ ഞ്ഞ വിലയ്ക്ക് മരുന്നുകള്‍ ഇവിടെ ലഭിക്കും.

∙ പ്രമേഹം കണ്ടെത്തുന്നതിനുള്ള ഗ്ലൂക്കോമീറ്ററും രക്തസമ്മർദം നിർണയിക്കുന്നതിനുള്ള ഇലക്ട്രോണിക് സ്ഫിഗ്‌മോ    മാനോമീറ്ററും വീട്ടിൽ വാങ്ങി ഉപയോഗിക്കാം. അടിക്കടിയുണ്ടാകുന്ന ആശുപത്രി, ലബോറട്ടറി  ചെലവുകളിൽനിന്നും രക്ഷ നേടാം.

∙ രോഗനിർണയ സംവിധാനങ്ങൾ കൃത്യസമയത്ത് ഉപയോഗിക്കാതിരിക്കുന്നത് രോഗനിർണയം വൈകാൻ കാരണമാകും. പിന്നീട് രോഗാവസ്ഥ സങ്കീർണമാകുകയും ചികിത്സാ ചെലവ് വർധിക്കുകയും ചെയ്യും. അനാവശ്യ ടെസ്റ്റുകൾ നടത്തുന്നതും പണചെലവ് കൂട്ടും. ഏതൊക്കെ രോഗനിർണയ സംവിധാനങ്ങൾ ഉപയോഗിക്കണമെന്നതും എത്ര ഇടവേളകളിൽ ഉപയോഗിക്കണമെന്നതും ഡോക്ടറോട് ചോദിച്ചു മനസ്സിലാക്കുക.

യോജിച്ച പോളിസി സ്വന്തമാക്കാം

∙ സ്വന്തമായി വരുമാനം ഉണ്ടാകുന്ന നാൾ മുതൽ അതിൽ ഒ രു വിഹിതം ആശുപത്രി ചെലവുകൾക്ക് മാറ്റി വയ്ക്കുക. ബാങ്ക് ഡെപ്പോസിറ്റ്, ഇൻഷുറൻസ് എന്നിങ്ങനെ പണം സൂക്ഷിക്കാം. ആശുപത്രി ചെലവുകൾക്കു  മാറ്റി വയ്ക്കുന്ന പണം മറ്റ് ആവശ്യങ്ങൾക്കായി ചെലവഴിക്കരുത്. എല്ലാ മാസവും വരുമാനത്തിന്റെ 15–20 ശതമാനം ചികിത്സാ ചെലവിലേക്ക് മാറ്റാം.

∙ ഇൻഷുറൻസ് പോളിസി തീർച്ചയായും എടുക്കണം. രോഗം ഉള്ളപ്പോൾ പോളിസി എടുത്ത് ക്ലെയിം ചെയ്താൽ തുക കിട്ടുന്നതല്ല. പോളിസിയുടെ വെയ്റ്റിങ് പീരീഡ് കഴിഞ്ഞാൽ മാത്രമേ ക്ലെയിം കിട്ടുകയുള്ളൂ. പോളിസി എടുത്ത ശേഷം 30 ദിവസം ആകുമ്പോഴാണ് വെയ്റ്റിങ് പീരീഡ് കഴിയുന്നത്.

∙ പോളിസി സ്കീം തുടക്കത്തിലേ കൃത്യമായി വായിച്ചു മനസ്സിലാക്കുക. ചില രോഗങ്ങൾ പോളിസി എടുത്ത ശേഷം വ ന്നാലും ആദ്യത്തെ ഒരു വർഷം, രണ്ടു വർഷം, മൂന്നു വർഷം, നാലു വർഷം തുടങ്ങിയ കാലയളവിൽ ക്ലെയിം ലഭിക്കാതെ പോകാം.

medical0032

∙ കാഷ്‌ലെസ് സൗകര്യമുള്ള ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്താൽ ഉടനെ ഇൻഷുറൻസ് കമ്പനിയെ അറിയിക്കണം. അതോടൊപ്പം അവർ തന്നിരിക്കുന്ന ഐഡി കാർഡ് ഹോസ് പിറ്റലിൽ കൊടുക്കണം. ഹോസ്പിറ്റലിലെ ഇൻഷുറൻസ് ഡ സ്ക് ഈ ചുമതല ചെയ്യുന്നുണ്ടെന്ന് ഉറപ്പു വരുത്തുക.

∙ കാഷ്‌ലെസ് സൗകര്യമില്ലാത്ത ആശുപത്രിയിലാണെങ്കിൽ അവിടെനിന്ന് ഡിസ്ചാർജ് സമ്മറിയും ബില്ലുകളും സാക്ഷ്യപ്പെടുത്തി വാങ്ങി നിശ്ചിത സമയത്തിനുള്ളിൽ ഇൻഷുറൻസ് കമ്പനിയെ ഏൽപിക്കാൻ മറക്കരുത്.

∙പ്രസവം പോലുള്ള കാര്യങ്ങൾക്ക് സാധാരണ നിലയിൽ ഇ ൻഷുറൻസ് പരിരക്ഷ കിട്ടില്ല. എന്നാൽ, അധിക പ്രീമിയം ന ൽകിയാൽ അതുകൂടി നൽകുന്ന പോളിസികളുണ്ട്.

∙ കുട്ടികൾക്ക് രക്ഷകർത്താക്കളോടൊപ്പം ഇൻഷുറൻസ് എ ടുക്കാം. അമ്മയ്ക്കു പോളിസി കവറേജ് ഉണ്ടെങ്കിൽ നവജാത ശിശുക്കൾക്ക് ആശുപത്രിയിൽനിന്ന് പ്രസവശേഷം ഡിസ്ചാർജ് ആകുന്നതു വരെയുള്ള അസുഖങ്ങൾക്ക് കവറേജ് ലഭിക്കും. ആശുപത്രിയിൽനിന്ന് അമ്മയോടൊപ്പം ഡിസ്ചാർജ് ആയാൽ പിന്നീട് മൂന്നു മാസത്തിനു ശേഷം രക്ഷകർത്താക്കളോടൊപ്പം ഇൻഷുറൻസ് എടുക്കാം.

∙ ഒരു ഇൻഷുറൻസിൽ അംഗമായി എന്നതുകൊണ്ട് ജീവിതകാലം മുഴുവൻ അതിൽ തുടരണമെന്നില്ല. കൂടുതൽ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന മറ്റൊരു പോളിസിയിലേക്കോ കമ്പനിയിലേക്കോ മാറാൻ സഹായിക്കുന്ന ഇൻഷുറൻസ് പോർട്ടബിലിറ്റി ബെനിഫിറ്റ്സ് നിലവിലുണ്ട്. പോളിസികൾ പുതുക്കുന്ന സമയത്ത് പുതിയൊരു ഇൻഷുറൻസ് കമ്പനിയി ൽ പുതുക്കാവുന്നതാണ്.

∙ നിലവിലുള്ള പോളിസിയുടെ കാലാവധി അവസാനിക്കു   ന്നതിനു 45 ദിവസം മുൻപു തന്നെ പുതിയ ഇൻഷുറൻസ് കമ്പനിയിൽ അപേക്ഷ  നൽകണം. പോളിസി പുതുക്കുന്ന സാഹചര്യത്തിൽ നിലവിലുള്ള പോളിസിയുടെ വിശദാംശങ്ങൾ പുതിയ കമ്പനിയെ അറിയിക്കണം.

∙ ഒരാള്‍ക്ക് ഒന്നിലധികം പോളിസിയില്‍ ചേരാം. ഇത്തരം സാഹചര്യങ്ങളിൽ ഒരു പോളിസിയുടെ തുകയ്ക്കുള്ള ചികിത്സ കഴിഞ്ഞാൽ മാത്രമേ അടുത്തതിന്റെ തുക ലഭ്യമാകൂ. ഒരേ സമയം ഒരേ ചികിത്സയ്ക്ക് ഇരട്ടി ക്ലെയിം നേടാൻ സാധിക്കില്ല.

∙ തുടർച്ചയായി ക്ലെയിം ഒന്നുമില്ലെങ്കിൽ അഞ്ചാം വർഷം ഒരു ഫ്രീ ചെക്അപ്പ് ചെയ്യാം. ഇൻഷുർ ചെയ്ത തുകയുടെ ഒരു ശ തമാനം വരുന്ന തുകയ്ക്കാണ് ഈ ചെക്കപ്പ്. കുടുംബത്തിനു മൊത്തമായുള്ള പോളിസി ഉപയോഗിച്ച് മറ്റ് അംഗങ്ങൾക്കും ആരോഗ്യപരിശോധന നടത്താം.

ആരോഗ്യ ഇൻഷുറൻസ്

∙കുടുംബത്തിൽ ആർക്ക് രോഗം വന്നാലും ചികിത്സിക്കാൻ പ ണം വാഗ്ദാനം ചെയ്യുന്ന മെഡിക്ലെയിം പോളിസികൾ എടുക്കുക. കുടുംബാംഗങ്ങൾക്കെല്ലാം പരിരക്ഷ ലഭിക്കുന്ന ഫാ മിലി ഫ്ലോട്ടർ മെഡിക്ലെയിം പോളിസിയാണ് ഏറ്റവും നല്ലത്. ഇതിലൂടെ കുറഞ്ഞ ചെലവിൽ കൂടുതൽ പേർക്ക് സംരക്ഷണം നേടാം. കുടുംബാംഗങ്ങൾക്ക് ഒന്നിച്ച് പോളിസി എടുക്കുമ്പോൾ പ്രീമിയത്തിൽ നിശ്ചിത ശതമാനം ഡിസ്കൗണ്ട് നൽ കുന്ന ഫാമിലി ഡിസ്കൗണ്ട് സ്കീം മറക്കാതിരിക്കുക.

∙60 വയസ്സിനു മുകളിലുള്ള കുടുംബാംഗങ്ങൾക്കായി പ്രത്യേക മെഡിക്ലെയിം പോളിസികൾ എടുക്കാം. സാധാരണ ഇൻഷുറൻസ് പോളിസികളുടെ കാലാവധി 55–60 വയസ്സ് വരെ യാണ്. 60നും 70നും മധ്യേ പ്രായമുള്ളവർക്കു വേണ്ടി പ്രത്യേകം തയാറാക്കിയ സീനിയർ സിറ്റിസൺ പോളിസികളും ലഭ്യമാണ്. 69 വയസ്സിനു ശേഷവും പോളിസി പുതുക്കാനുള്ള സൗകര്യമുണ്ട്.

∙പഠനം, ബിസിനസ്, വിനോദം എന്നിങ്ങനെ വിദേശയാത്രകൾ നടത്തുന്ന അവസരങ്ങളിൽ ഇൻഷുറൻസ് സംരക്ഷണം ലഭിക്കാൻ പ്രത്യേക  പോളിസി എടുക്കണം. സാധാരണ പോളിസിയിൽ ഓവർസീസ് മെഡിക്ലെയിം സൗകര്യം ലഭ്യമല്ല.

∙തൊഴിലാളികൾ, ജീവനക്കാർ, വ്യാപാരികൾ, വ്യവസായികൾ, പ്രഫഷനലുകൾ, കൃഷിക്കാർ തുടങ്ങിയവർക്കെല്ലാം   യോജിക്കുന്ന ഗ്രൂപ്പ് മെഡിക്ലെയിം പോളിസികൾ ലഭിക്കും. ഒ രു പോളിസി ഒരു ഗ്രൂപ്പിന്റെ പരിരക്ഷ ഉറപ്പാക്കുമെന്നതാണ് ഈ മെഡിക്ലെയിമിന്റെ പ്രത്യേകത. ഗ്രൂപ്പ് പോളിസി കിട്ടാൻ കുറഞ്ഞത് 101 അംഗങ്ങൾ ഉണ്ടായിരിക്കണം. ഗ്രൂപ്പിൽ അംഗങ്ങൾ കൂടുന്തോറും പ്രീമിയം കുറയും. ഇരുപതോളം വിവിധ റിസ്കുകൾ ഇത് കവർ ചെയ്യുന്നുണ്ട്.

∙അപകടം പറ്റിയാൽ മാത്രം ആശുപത്രി ചെലവ് നൽകുന്ന ആക്സിഡന്റ് മെഡിക്ലെയിം പോളിസികളും ലഭ്യമാണ്. ചുരുങ്ങിയ ചെലവിൽ കൂടുതൽ തുകയ്ക്കുള്ള കവറേജ് കിട്ടും. എല്ലുകൾക്കു പൊട്ടലുണ്ടാകുക, അപകടം മൂലം ജോലി നഷ്ടപ്പെടുക, തുടങ്ങിയവ ഉണ്ടായാൽ നഷ്ടപരിഹാരം ലഭിക്കും. റോഡപകടങ്ങൾക്കു മാത്രം പരിരക്ഷ നൽകുന്ന പോളിസികളും  ഇതിലുണ്ട്.

അറിയൂ, ഈ ചികിത്സാ സഹായ പദ്ധതികൾ

ചികിത്സാ ചെലവ് താങ്ങാൻ കഴിയാത്തവർക്ക് സർക്കാരിന്റെ നേതൃത്വത്തിലുള്ള ചികിത്സാ പദ്ധതികൾ പ്രയോജനപ്പെടുത്താം. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യസംരക്ഷണത്തിനായി ഏർപ്പെടുത്തിയിട്ടുള്ള സൗജന്യ ചികിത്സാ പദ്ധതിയാണ് ‘ജനനി ശിശുസുരക്ഷാ കാര്യക്രം’. പ്രസവസൗകര്യമുള്ള സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്ന എല്ലാ ഗർഭിണികളും 30 ദിവസം വരെ പ്രായമുള്ള ശിശുക്കളും ഈ പദ്ധതിയുടെ ഗുണഭോക്താക്കളാണ്.

18 വയസ്സിനു താഴെയുള്ള കുട്ടികളിൽ സാധാരണയാ  യി കണ്ടുവരുന്ന 30 ആരോഗ്യപ്രശ്നങ്ങളെ മുൻകൂട്ടി കണ്ടുപിടിക്കുന്നതിനും വിദഗ്ധ പരിശോധനയും ചികിത്സയും പരിചരണവും നൽകുന്നതിനുമുള്ള നൂതനപദ്ധതിയാണ് ‘രാഷ്ട്രീയ ബാൽ സ്വാസ്ഥ്യ കാര്യക്രം’. നവജാതശിശുക്കളിലെ ജനനവൈകല്യങ്ങൾക്ക് സർജറി ഉൾപ്പെടെയുള്ള   ചികിത്സകൾ ഇതിന്റെ ഭാഗമാണ്.

മാനസ്സികാരോഗ്യ കേന്ദ്രങ്ങൾക്കു പുറമെ മാനസികാരോഗ്യ പരിചരണം മറ്റ് ആരോഗ്യകേന്ദ്രങ്ങൾ വഴിയും ലഭ്യമാകുന്ന പദ്ധതിയാണ് ‘ജില്ല മാനസികാരോഗ്യ പരിപാടി’. തിരഞ്ഞെടുക്കപ്പെട്ട പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ, ക മ്യൂണിറ്റി ഹെൽത് സെന്ററുകൾ എന്നിവിടങ്ങള്‍ വഴി മാസത്തിൽ ഒരു ദിവസം പരിചരണം ലഭ്യമാക്കും.

പക്ഷാഘാതം സംഭവിക്കുന്ന രോഗികൾക്ക് അരമണിക്കൂറിനകം തന്നെ വിദഗ്ധ ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് ‘സ്ട്രോക്ക് ക്ലിനിക്ക്’. ആരോഗ്യവകുപ്പും ദേശീയ ആരോഗ്യപദ്ധതിയും അ മൃത ഇൻസ്‌റ്റിറ്റ്യൂട്ടും സഹകരിച്ച് നടത്തുന്ന പദ്ധതിയുടെ സേവനം  24  മണിക്കൂറും  ലഭ്യമാണ്.

കാൻസർ ചികിത്സയ്ക്കു ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കാൻ സംസ്ഥാന ആരോഗ്യവകുപ്പ് നടപ്പിലാക്കിയ പരിപാടിയാണ് ‘ജില്ലാ കാൻസർ പരിചരണ പദ്ധതി’. കാൻസർ ചികിത്സ സംവിധാനങ്ങളില്ലാത്ത ജില്ലകളിൽ ഒ രു പ്രധാന ആശുപത്രിയിൽ ചികിത്സാസംവിധാനം ഒരുക്കുന്നു. രോഗനിർണയം, കീമോതെറപ്പി ഉൾപ്പെടെയുള്ള തുട ർചികിത്സ, ആർസിസിയിലേക്കോ മെഡിക്കൽ കോളജിലേക്കോ റെഫർ ചെയ്യുക എന്നിവയാണ് ഇത്തരം കേന്ദ്രങ്ങള്‍ വഴി ചെയ്തുവരുന്നത്.

മറക്കേണ്ട, മറ്റു ചെലവുകൾ

ആരോഗ്യരക്ഷയ്ക്ക് ചെലവാകുന്ന തുകയുടെ നല്ല  ശ തമാനം അതുമായി നേരിട്ട് ബന്ധമില്ലാത്ത കാര്യങ്ങൾക്കാകും. ആശുപത്രിയിലേക്കുള്ള വാഹനം, ഭക്ഷണം, ആ ശുപത്രിയിൽ അഡ്മിറ്റാകുമ്പോൾ മറ്റ് അവശ്യസാധനങ്ങൾ വാങ്ങാൻ തുടങ്ങിയവ. അതിനാൽ വീടിന് അടുത്തുള്ള ആശുപത്രികൾ തിരഞ്ഞെടുക്കുന്നതാകും ഉത്തമം. കുടംബ ഡോക്ടർ ഉണ്ടെങ്കിൽ, അദ്ദേഹത്തിന്റെ അഭിപ്രായം ആരാഞ്ഞ ശേഷം ആശുപത്രി തിരഞ്ഞെടുക്കുക.

വീടിനടുത്താണ് ആശുപത്രിയെങ്കിൽ രോഗിക്കും കൂട്ടിരിപ്പുകാർക്കുമുള്ള ഭക്ഷണം വീട്ടിൽനിന്ന് എത്തിക്കുക. അവശ്യവസ്തുക്കൾ പുറത്തുനിന്ന് വാങ്ങി പണം പാഴാക്കാതെ, വീട്ടിൽനിന്ന് കൊണ്ടുപോകുക.

സ്വകാര്യ ആശുപത്രികളിൽ പലതിലും ചികിത്സയ്ക്കു പുറമെയുള്ള ഓരോ സേവനങ്ങൾക്കും പ്രത്യേകം പണം ഈടാക്കാറുണ്ട്. ഉദാഹരണത്തിന്, കാന്റീനിൽനിന്ന്  ഭക്ഷണം  മുറിയിലേക്കോ വാർഡിലേക്കോ എത്തിക്കുക, അടിക്കടിയുള്ള നഴ്സിങ് സേവനം ഇവയൊന്നും മിക്കപ്പോഴും സൗജന്യമായിരിക്കില്ല. ഉപയോഗിക്കുന്ന സേവനങ്ങളുടെ കാര്യത്തിൽ നിയന്ത്രണം പാലിക്കുക.

അഡ്മിറ്റ് ആയാലേ ഇൻഷുറൻസ് ലഭിക്കുകയുള്ളോ?

വീട്ടിൽ കിടത്തി ചികിത്സിക്കേണ്ടി വരുന്ന അവശ്യഘട്ടങ്ങളിൽ ചികിത്സാ ചെലവ് ലഭിക്കാറുണ്ട്. പ്രകൃതിദുരന്തങ്ങ  ളോ പകർച്ചവ്യാധിയോ മൂലം ആശുപത്രിയിൽ കിടത്തി ചികിത്സിക്കാൻ പറ്റാത്ത സാഹചര്യങ്ങളിലാണ് ഇങ്ങനെ ഇ ൻഷുറൻസ് പരിരക്ഷ ലഭിക്കുന്നത്. ഡൊമിസിലി കവറേജ് എന്ന ആനുകൂല്യം എല്ലാ കമ്പനികളും നൽകുന്നു.

ചില പ്രത്യേക സാഹചര്യങ്ങളിൽ ആശുപത്രിയിൽ അഡ്മിറ്റാകാത്തപ്പോഴും ചികിൽസാ ചെലവ് ലഭിക്കും. ഔ ട്ട് പേഷ്യന്റായി ചികിത്സ തുടങ്ങി, രോഗം മൂർച്ഛിച്ചു കിടത്തി ചികിത്സിക്കേണ്ടി വന്നാൽ ഒപിയിലെ ചികിത്സാ ചെലവിനും പരിരക്ഷ ലഭിക്കും. ഡിസ്ചാർജായി പോയതിനു ശേഷം വീട്ടിൽ ചികിത്സ തുടരേണ്ടി വന്നാലും ചെലവ് കിട്ടും. എത്ര ദിവസത്തെ ചെലവ് കിട്ടും എന്നത് കമ്പനികളെ അനുസരിച്ചു വ്യത്യാസമുണ്ടാകും.

അഞ്ചു ലക്ഷം രൂപയുടെ കവറേജിൽ പോളിസി എടുത്താൽ പ്രതിവർഷം അഞ്ചു ലക്ഷം രൂപ വരെ ചെലവു വരുന്ന ചികിത്സകൾക്ക് കവറേജ് ലഭിക്കും. കുടുംബത്തിൽ ഒരാളുടെ മാത്രമോ എല്ലാവരുടെയുമോ ചികിത്സയ്ക്ക് ആ തുക ഉപയോഗിക്കാം.

കുടുംബാംഗങ്ങളുടെ പ്രായം, എണ്ണം എന്നിവ കണക്കിലെടുത്താണ് വാർഷിക പ്രീമിയം നിശ്ചയിക്കുന്നത്. പ്രീമിയത്തിനൊപ്പം ചെറിയ തുക അധികമായി അടച്ചാൽ മാരകരോഗങ്ങളുടെ ചികിത്സയ്ക്കുള്ള ക്രിട്ടിക്കൽ ഇൽനസ് പോളിസിയുടെ പരിരക്ഷ ലഭിക്കും. പന്ത്രണ്ടോളം രോഗങ്ങള്‍ ഇതിൽ കവർ ചെയ്യും. സാധാരണ പോളിസികൾ ചികിത്സിക്കാനുള്ള ചെലവ് മാത്രം നൽകുമ്പോൾ ക്രിട്ടിക്കൽ ഇൽനസ് പോളിസിയിൽ രോഗം കണ്ടുപിടിക്കുമ്പോൾ തന്നെ ഇൻഷുർ ചെയ്ത തുക മുഴുവനും കമ്പനി  നൽകും.

വിവരങ്ങൾക്കു കടപ്പാട്: ഡോ. രാജൻ കെ. ആർ,ഡെപ്യൂട്ടി ഡിഎംഒ, കോട്ടയം, മാത്യു എം. മാത്യു, ഡിവിഷനൽ മാനേജർ, ന്യൂ ഇന്ത്യ അഷുറൻസ് കമ്പനി, പാല. (ചിത്രങ്ങൾ മോ‍‍ഡലുകളെ ഉപയോഗിച്ച് എടുത്തത്)