Thursday 22 August 2019 02:19 PM IST : By സ്വന്തം ലേഖകൻ

മെലിയാൻ നല്ലത് കാലറി കുറഞ്ഞ ഭക്ഷണം; ജീവിതകാലം മുഴുവൻ തുടരാം മെഡിറ്ററേനിയൻ ഡയറ്റ്!

MEDITERRANEAN_DIET

സതേൺ യൂറോപ്പിൽ രൂപം കൊണ്ട ഡയറ്റാണ് മെഡിറ്ററേനിയൻ ഡയറ്റ്. ആരോഗ്യകരമായ വിഭവങ്ങളാണ് ഈ ഡയറ്റിലുള്ളത്. കുറച്ചു നാളുകളിലേക്കു മാത്രമല്ല ജീവിതകാലം മുഴുവൻ തുടരാവുന്ന ഡയറ്റാണിത്. മെലിയണമെന്നുള്ളവർ കഴിക്കാവുന്ന ഭക്ഷണ സാധനങ്ങളിൽ നിന്ന് കാലറി കുറഞ്ഞവ നോക്കി കഴിക്കാൻ ശ്രദ്ധിക്കണം. കുടുംബത്തിലെ എല്ലാവർക്കും ചെയ്യാമെന്നുള്ളതാണ് ഈ ഡയറ്റിന്റെ ആകർഷണം. ഭക്ഷണ വൈവിധ്യം ഉള്ളതിനാൽ വലിയ ബുദ്ധിമുട്ട് ഉണ്ടാകുന്നില്ല.

ഹൃദയാരോഗ്യത്തിന് ഉത്തമമാണ്. ഭാരം കുറയ്ക്കുന്നതോടൊപ്പം കൊളസ്ട്രോൾ, പ്രമേഹം, ആർത്രൈറ്റിസ് രോഗികൾക്കും നല്ലതാണ്. അർബുദം പോലുള്ള മാരകരോഗങ്ങൾ തടയുകയും ചെയ്യും.

കോഴിയിറച്ചി, മീൻ, പച്ചക്കറികൾ, പഴങ്ങൾ, പയറു പരിപ്പ് വർഗങ്ങൾ, അണ്ടിപ്പരിപ്പ്, മുഴുധാന്യങ്ങൾ എന്നിവ കഴിക്കാം. വണ്ണം കുറയ്ക്കണമെന്നുള്ളവർ ധാന്യങ്ങളുടെ അളവ് കുറയ്ക്കുക. ഒലിവെണ്ണയിലെ ഏകഅപൂരിത കൊഴുപ്പ് ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതുകൊണ്ട് പാചകത്തിന് അതാണ് ഉപയോഗിക്കേണ്ടത്. ട്രാൻസ്ഫാറ്റ് കുറവുള്ളതുകൊണ്ട് ബ്രൗൺ ബ്രെഡാണ് പ്രധാന ആഹാരം. ഒരു ഗ്ലാസ് വൈനിനൊപ്പം ഭക്ഷണം കഴിക്കാം. ഉപ്പു കുറച്ച് പാചകം ചെയ്യുക. അതുപോലെ പ്രകൃതിദത്ത മസാലകളും പച്ചിലകളും ഉപയോഗിക്കുക.  

നെയ്യ്, വെണ്ണ, ട്രാൻസ്ഫാറ്റ്, എണ്ണയിലുണ്ടാക്കുന്ന പലഹാരങ്ങൾ, പാക്കറ്റ് ഫൂഡ്, സംസ്കരിച്ച ഭക്ഷണം എന്നിവ ഒഴിവാക്കണം.

പാൽ കഴിക്കുന്ന അളവു കുറവായതിനാൽ ശരീരത്തിൽ കാൽസ്യം കിട്ടുന്നത് കുറയാം. ഇലക്കറികളും ചെറുമീനും കഴിച്ചാൽ ഈ പ്രശ്നം പരിഹരിക്കാം. അതുപോലെ എണ്ണ അധികം ഉപയോഗിക്കുന്നതുകൊണ്ട് കൊളസ്ട്രോളിന്റെ അളവു കൂടാം. ഡോക്ടറെ കണ്ട് പരിഹാരം തേടുക.

ആഴ്ചയിൽ മൂന്നു മുതൽ അഞ്ചു തവണ വരെ മീനും ചിക്കനും കഴിക്കാം. ഒരു ദിവസം കഴിക്കാവുന്ന റെഡ് വൈനിന്റെ അളവ് 150 – 300 മില്ലി ലീറ്ററാണ്.

FOOD CHART

തിങ്കൾ

രാവിലെ : കട്ടിയുള്ള തൈരിൽ സ്ട്രോബെറിയും ഓട്സും ചേർത്തു കഴിക്കാം.

ഉച്ചയ്ക്ക് : ഹോൾ വീറ്റ് ചപ്പാത്തിയിൽ പച്ചക്കറികൾ വച്ച് റോൾ ചെയ്തെടുക്കാം.

രാത്രി : തവ ഫ്രൈ ചെയ്ത മീനും പച്ചക്കറികളും ചേർത്ത സാലഡ്. ഭക്ഷണശേഷം ഒരു കഷണം പഴവും.

ചൊവ്വ

രാവിലെ : ഉണക്കമുന്തിരി ചേർത്ത ഓട്മീൽ.

ഉച്ചയ്ക്ക് : തലേദിവസത്തെ തവ ഫ്രൈഡ് ഫിഷ് സലാഡ്.

രാത്രി : തക്കാളിയും പച്ചക്കറികളും അൽപം വെളിച്ചെണ്ണയും ചേർത്ത സാലഡ്.

ബുധൻ

രാവിലെ : പച്ചക്കറികളും സവാളയും തക്കാളിയും ചേർത്ത ഓംലെറ്റ്

ഉച്ചയ്ക്ക് : മുഴുധാന്യ ബ്രെഡ് കൊണ്ടുണ്ടാക്കി ചീസ്, വെജ് സാൻവിച്ച്.

രാത്രി : അൽപം ബ്രൗൺ റൈസും പച്ചക്കറികളും ഗ്രിൽഡ് ഫിഷും.

വ്യാഴം

രാവിലെ : പഴങ്ങളും നട്സും ചേർത്ത കട്ടത്തൈര്.

ഉച്ചയ്ക്ക് : അൽപം ബ്രൗൺ റൈസും പച്ചക്കറികളും ഗ്രിൽഡ് ഫിഷും.

രാത്രി : തവ ഫ്രൈഡ് ഫിഷ്, ഹോൾ വീറ്റ് ചപ്പാത്തി, വെജിറ്റബിൾ സാലഡ്.

വെള്ളി

രാവിലെ : മുട്ടയും ഒലിവ് ഓയിലിൽ പാകം ചെയ്ത പച്ചക്കറികളും.

ഉച്ചയ്ക്ക് : സ്ട്രോബെറീസ്, ഓട്സ്,നട്സ് എന്നിവ ചേർത്ത കട്ടത്തൈര്.

രാത്രി : ഗ്രിൽഡ് മട്ടൺ, ഉരുളക്കിഴങ്ങ് ബേ ക്ക് ചെയ്തതും പച്ചക്കറികളും കഴിക്കാം.

ശനി

രാവിലെ : കട്ടത്തൈര്, ഉണങ്ങിയ മുന്തിരി, നട്സ്, ആപ്പിൾ എന്നിവ ചേർത്ത ഓട്മീൽ.

ഉച്ചയ്ക്ക് : വീറ്റ് ബ്രെഡ് വെജ് സാൻവിച്ച്.

രാത്രി : ഹോൾ വീറ്റ് ചപ്പാത്തി പച്ചക്കറികളും വെണ്ണയും ചേർത്ത്.  

ഞായർ

രാവിലെ : വെജ് ഓംലെറ്റ്.

ഉച്ചയ്ക്ക് : ചപ്പാത്തി വെ‍ജ് റോൾ.

രാത്രി : ചിക്കൻ ഗ്രിൽ ചെയ്തത് പ ച്ചക്കറികളും ഉരുളക്കിഴങ്ങും ചേർത്ത് കഴിക്കാം. ഒപ്പം പഴങ്ങളും.

വിവരങ്ങൾക്കു കടപ്പാട്: ഡോ. അനൂപ്കുമാർ എ.എസ്,  ചീഫ്, ക്രിട്ടിക്കൽ കെയർ മെഡിസിൻ, ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ, കോഴിക്കോട്

Tags:
  • Diet Tips
  • Health Tips