Thursday 18 March 2021 03:37 PM IST

‘തടിച്ച പെണ്ണിനെ മാത്രമേ പ്രേമിക്കാൻ കിട്ടിയുള്ളോ?’: പ്രസവശേഷം 95 കിലോയിലെത്തി, 36 കിലോ കുറച്ച് മേഘയുടെ പ്രതികാരം

Binsha Muhammed

megha-weight-loss

‘പ്രേമിച്ചതോ പ്രേമിച്ചു. നിനക്ക് ഇത്തിരികൂടി സുന്ദരിയായ ഒരു പെണ്ണിനെ പ്രേമിച്ചൂടായിരുന്നോ? ഓള് ഇതെന്തൊരു വണ്ണമാണ്... പോരാത്തിന് കറുപ്പും.’

പരിഹാസത്തിൽ പൊതിഞ്ഞ ആ ചോദ്യം ചോദിക്കുന്നത് സാദിഖിനോടാണെങ്കിലും അത് തറയ്ക്കുന്നത് മേഘയുടെ നെഞ്ചിലാണ്. പ്രേമിക്കുന്ന പെണ്ണുങ്ങളെല്ലാം സുന്ദരിമാരും സീറോ സൈസിലുമായിരിക്കണമെന്ന മട്ടിലാണ് ഓരോ ചോദ്യങ്ങളും അവർക്കു നേരെ വന്നു വീണിരുന്നത്.

ചോദ്യങ്ങളും അടക്കിപ്പിടിച്ച ചിരികളും മേഘയെ തെല്ലൊന്നുമല്ല ബുദ്ധിമുട്ടിച്ചത്. പ്രസവ ശേഷം സടകുടഞ്ഞെഴുന്നേറ്റ 95 കിലോ ഭാരവും പേറി അവൾ ജീവിതം മുന്നോട്ടു നീക്കി. കളിയാക്കലുകളേയും ദഹിപ്പിക്കുന്ന നോട്ടങ്ങളേയും ഭയന്ന് വിവാഹ സൽക്കാരത്തിനോ പൊതുപരിപാടികൾക്കോ പോകാതായി. എല്ലായിടത്തു നിന്നും കൂരമ്പു പോലെ തറയ്ക്കുന്ന ചോദ്യങ്ങൾ... മനംമടുപ്പിക്കുന്ന പരിഹാസങ്ങൾ.

മനസുവേദനിച്ചപ്പോൾ തോളോട് ചേർത്തു നിർത്താൻ സാദിഖുണ്ടായിരുന്നു. പക്ഷേ എന്നുമിങ്ങനെ തലകുനിച്ചിരിക്കാൻ മനസിലാത്തത് കൊണ്ടാണ് മേഘ ആ തീരുമാനം എടുത്തു. തടിയെ പിടിച്ചു കെട്ടിയിട്ടേ മറ്റെന്തുമുള്ളൂ... ആളെ തിരിച്ചറിയാത്ത വിധം മാറിപ്പോയ ഒരു പെണ്ണിന്റെ നിശ്ചയദാർഢ്യത്തിന്റെ കഥ അവിടെ തുടങ്ങുകയായിരുന്നു. 95 കിലോയിൽ നിന്നും 36 കിലോയിലേക്ക് അമ്പരപ്പിക്കും വിധം മാറിയ അനുഭവം മേഘ പറയുമ്പോൾ ആ കണ്ണിൽ കാണാമായിരുന്ു ആത്മവിശ്വാസത്തിന്റെ തിളക്കം. വനിത ഓൺലൈന്‍ വായനക്കാർക്കായി മേഘ ഓർത്തെടുക്കുകയാണ് തടിയെ പിടിച്ചുകെട്ടിയ വമ്പൻ ട്വിസ്റ്റിന്റെ കഥ...

പ്രേമിച്ച പെണ്ണിന് തടി കൂടുതൽ

പ്രേമിച്ചു നടന്ന കാലത്ത് പുള്ളിക്കാരന് വെയിറ്റ് 100 കിലോ... ഞാൻ അന്ന് 80 കിലോയിൽ കൂടുതൽ കാണും. തടിയുള്ള ബബ്ലിയായ എന്നെ സാദിഖ് ഇക്കയ്ക്ക് ഓകെ ആയിരുന്നു. പക്ഷേ കെട്ട് കഴിഞ്ഞതിന് പിന്നാലെ ബന്ധുക്കളും സുഹൃത്തുക്കളും കയ്യും കണക്കുമില്ലാതെ ആ കമന്റ് പാസാക്കി തുടങ്ങി. കെട്ടിയ പെണ്ണിന് ചേലില്ല... തടിയുണ്ട്, നിറം കുറവ് എന്നിങ്ങനെ പോകുന്നു കമന്റുകൾ. പ്രസവ ശേഷം എന്റെ വസ്ത്രങ്ങൾക്കു പോലും എന്നെ വേണ്ടാത്ത വിധം തടിച്ചപ്പോള്‍ പഴയ കമന്റുകൾ പുതിയ വേർഷനിലെത്തി. സാദിഖ് കെട്ടിയ പെണ്ണ് കൊള്ളില്ലത്രേ. ആ ഡയലോഗുകള്‍ എന്റെ ചങ്കിൽ കൊണ്ടപ്പോഴാണ് തടി കുറയ്ക്കുക എന്നത് എനിക്ക് വ്രതമായത്– ആത്മവിശ്വാസത്തോടെ മേഘ പറഞ്ഞു തുടങ്ങുകയാണ്.

പൊതുവേ തടിച്ച ശരീരപ്രകൃതമാണ് എന്റേത്. പോരാത്തതിന് ഭക്ഷണത്തോടും വലിയ പ്രേമം. ചോറും മിക്സ്ചറും പരിപ്പുവടയും മിക്സ് ചെയ്ത് കൊതിതീരേ കഴിക്കുന്ന എന്റെ ‘പ്രത്യേകതരം’ ജീവിതം എന്നെ ശരിക്കും തടിച്ചിയാക്കി. എന്തു ചെയ്യാം അതിൽപിന്നെ എന്റെ ഇഷ്ടവസ്ത്രങ്ങളൊക്കെ ഞാനുമായി പിണങ്ങി. ഒരൊറ്റ ചുരിദാർ പോലും ശരീരത്തിൽ കയറാത്ത സ്ഥിതിവന്നു. പ്രധാനമായും കൈവണ്ണം കാരണം എല്ലാ വസ്ത്രങ്ങളും ഉടലിലേക്ക് കയറിയതും പോലുമില്ല. ടെക്സ്റ്റയിൽ ഷോറൂമിൽ എനിക്കു പാകമായ വസ്ത്രം എടുത്തു തരാൻ സെയിൽസ് ഗേൾസ് നന്നേ ബുദ്ധിമുട്ടി. ‘അവളുടെ കൈ ഭയങ്കരാ തടിയാ....’ എന്ന് അമ്മ അവരോട് പറയുമ്പോൾ ഹൃദയം വല്ലാതെ നൊന്തു.

പണ്ട് കോളജിലെ പരിപാടിക്ക് ജീന്‍സിടാന്‍ കൂട്ടുകാരികൾ പ്ലാൻ ചെയ്യുമ്പോൾ എന്റെ മുഖം വാടും. ജീൻസിന്റെ വെയ്സ്റ്റ് ലൈൻ വയറിലേക്ക് കടക്കില്ല. അതാണ് സീൻ.... ട്രിപ്പിൾ എക്സൽ സൈസിൽ ചുരിദാറും പട്ടുപാവാടയും ഇടുന്നതായിരുന്നു എന്റെ രീതി. തടിയുടെ പേരിൽ അക്കാലത്ത് ഏറെ വട്ടപ്പേരുകളും പേരിനൊപ്പം ചേർത്തുകിട്ടി. ഗുണ്ടുമുളക്, തടിച്ചി തുടങ്ങിയ വിളികൾ കേട്ട് ചിരിച്ചു തള്ളുമ്പോഴും മനസുവേദനിച്ചു. ആ വിളിയും പരിഹാസങ്ങളുമൊക്കെ അവസാനിപ്പിക്കാനും തടി കുറയ്ക്കാനും അന്ന് പട്ടിണി വരെ കിടന്നു. എന്തിനേറെ പറയണം, ഒരു ഇഡ്ഡലി പോലും ശരീരത്തിൽ പിടിക്കാത്ത തരത്തിൽ അഡിസിറ്റി വർധിച്ചു, ആരോഗ്യം നഷ്ടപ്പെട്ട് ആശുപത്രിയിൽ കിടക്കേണ്ടി വന്നു. എന്നിട്ടും തടി മാത്രം കുറഞ്ഞില്ല.

സാദിഖിക്ക എന്നെ പ്രണയിക്കുമ്പോൾ... ഞങ്ങൾ ഇഷ്ടത്തിലാകുമ്പോൾ അത് ശരിക്കും ‘മേയ്ഡ് ഫോർ ഈച്ച് അദറായിരുന്നു.’ കക്ഷിക്ക് 100 കിലോ ഭാരമുണ്ട്, ഞാൻ അന്ന് 90 കിലോ കടന്ന സമയവും. പക്ഷേ കല്യാണം കഴിഞ്ഞ ശേഷം ഇക്ക തടികുറച്ച് സുന്ദരക്കുട്ടപ്പനായി. പക്ഷേ ഞാന്‍ അങ്ങനെ തന്നെ നിന്നു. കളിയാക്കലുകളും കുത്തുവാക്കുകളും ഏറെ കേൾക്കുമ്പോഴും എന്റെ ഇക്കയ്ക്ക് ഞാൻ പ്രിയപ്പെട്ടവളായിരുന്നു എന്നതായിരുന്നു ഏക ആശ്വാസം. എന്റെ തടി ഒരു തരത്തിലും അദ്ദേഹത്തെ അസ്വസ്ഥനാക്കിയിരുന്നില്ല. പക്ഷേ അപ്പോഴും പരിഹാസങ്ങവും കുത്തുവാക്കുകളും മുറയ്ക്കു വന്നു കൊണ്ടേയിരുന്നു. ഒരു കല്യാണത്തിന് പേകാൻ പോലും ഭയമായിരുന്നു. കുഞ്ഞായി കഴിഞ്ഞ ശേഷമാണ് എന്നിലെ തടി രൗദ്രഭാവം പുറത്തെടുത്തത്.  ഞാന്‍ ശരിക്കും തടിച്ചുരുണ്ടു. 95 കിലോയായി, ഫലമോ? പഴയ കളിയാക്കലുകൾ വീണ്ടും വീണ്ടും മനസിനെ കുത്തിനോവിച്ചു. അന്ന് ഒരിക്കൽ കൂടി ഞാന്‍ ശപഥമെടുത്തു. ഇക്കുറി തടിയെ ശരിക്കും പമ്പകടത്തും.

megha-1

ആളാകെ മാറിപ്പോയല്ലോ...

തടി കുറയ്ക്കാൻ വളഞ്ഞ വഴികളില്ല എന്ന ബോധാദയമാണ് കർശനമായ ഡയറ്റിലേക്ക് എന്നെയെത്തിച്ചത്. മധുരവും കൊഴുപ്പും കട്ട് ചെയ്ത് തുടക്കം. രാവിലത്തെ പാലും കാപ്പിയും ചായയുമൊക്കെ ഒഴിവാക്കി. മധുരമിടാത്ത ജ്യൂസിലും ഗോതമ്പ് പലഹാരങ്ങളിലും ദിവസങ്ങൾ ആരംഭിച്ചു. ചോറും മിക്സ്ചറും പരിപ്പുവടയും മിക്സ് ചെയ്ത് കഴിക്കുന്ന ശീലം ഒഴിവാക്കിയെന്നു മാത്രമല്ല, ചോറിന്റെ അളവ് പകുതിയാക്കി കുറച്ചു. വറുത്തതും കരിച്ചതുമായ ഭക്ഷണങ്ങളിലേക്ക് അന്ന് തിരിഞ്ഞ് നോക്കിയിട്ടു പോലുമില്ല. ഇലക്കറികളും സാലഡുകളും കൊണ്ടാണ് അന്ന് വിശപ്പിനെ പിടിച്ചു കെട്ടിയത്. എല്ലാം ഞാനെടുത്ത കടുത്ത തീരുമാനങ്ങളായിരുന്നു. ഒരിക്കൽ ഓർമ്മിക്കാതെ ഒരു ബർത് ഡേ കേക്ക് കൊതിയോടെ വായിൽ വച്ചു. വായിലായ ശേഷമാണ് ബോധോദയം ഉണ്ടായത്. പക്ഷേ ഞാന്‍ വിട്ടുകൊടുത്തില്ല, എന്റെ ഉഗ്രശപഥം കാക്കാൻ കേക്ക് മുഴുവൻ തുപ്പിക്കളഞ്ഞു. ആദ്യത്തെ മാസം ആയപ്പോഴേ ഫലം കണ്ടു തുടങ്ങിയിരുന്നു. 3 കിലോ വരെ ഉരുകിയിറങ്ങിയ ആദ്യ ആഴ്ചയും 6 കിലോ വരെ കുറഞ്ഞ 20 ദിവസങ്ങളും ശുഭസൂചനയായി. കടുത്ത ഡയയറ്റിനൊടുവിൽ 10 കിലോ വരെയാണ് ആദ്യ മാസം കുറഞ്ഞത്. എന്നിട്ടും ഞാൻ തെല്ലും ഉഴപ്പിയില്ല, ശക്തമായ ഡയറ്റുമായി മുന്നോട്ടു നീങ്ങി. രണ്ട് മാസം കഴിഞ്ഞപ്പോൾ 20 കിലോ വരെ കുറഞ്ഞു. ഒടുവിൽ കാത്തിരുന്ന മാന്ത്രിക സംഖ്യയിലേക്ക് എത്തി, 36 കിലോ വരെ കുറച്ച് 95ൽ നിന്ന് 59 കിലോയിലേക്കെത്തി. ആ യാത്രയിലേക്ക് വേഗം കൂട്ടാൻ എയറോബിക്സ്, സൂംബ പോലുള്ള ഡാൻസുകളും എന്നെ ഏറെ സഹായിച്ചു.

megha-3

ഇന്നീ കാണുന്ന മാറ്റം എന്നെ കളിയാക്കിയവർക്കുള്ള മറുപടിയാണ്. രൂപം കണ്ട് തിരിച്ചറിയാത്ത എന്റെ സുഹൃത്തുക്കൾ മുഖം പ്ലാസ്റ്റിക് സർജറി ചെയ്തോ എന്നാണ് ചോദിക്കുന്നത്. അവരോടൊക്കെ എന്റെ ഈ കഥ പറയുമ്പോൾ മനസിനൊരു കുളിരാണ്. മറ്റൊരുതരത്തിൽ പറഞ്ഞാല്‍ എന്നെ കളിയാക്കിയവരോടുള്ള മധുരപ്രതികാരവും. സാദിഖ് ഇക്കായ്ക്ക് ഇപ്പോൾ ഞാൻ ജോഡിയായോ? എന്ന് തിരിച്ച് തന്റേടത്തോടെ ചോദിക്കാൻ എനിക്കൊരു മടിയുമില്ല.– മേഘ പറഞ്ഞുനിർത്തി.

megha-2