Friday 26 November 2021 04:44 PM IST

‘ദൈവത്തോടു ഞാൻ പിണക്കമാണ്, എന്റെ കുഞ്ഞിന് അച്ഛനെ കാണാനുള്ള ഭാഗ്യം ഇല്ലാതാക്കിയത് എന്തിനാണ്?’

Roopa Thayabji

Sub Editor

meghna-14

വേദനകളെ ഉള്ളിലൊതുക്കി മേഘ്ന നിറഞ്ഞു ചിരിക്കുകയാണ്. മകൻ റായന്റെ കളിചിരികളാണ് ഇന്ന് അവരുടെ ലോകം. പക്ഷേ ആ ഉള്ളൊന്നറിഞ്ഞാൽ അവരുടെ എല്ലാമെല്ലാമായ ചിരു ബാക്കിവച്ചു പോയ ഓർമകളുടെ അലകടലിരമ്പുന്നതു കേൾക്കാം. ഒരു ആശ്വാസ വാക്കുകൾക്കും ആ വിയോഗം അവശേഷിപ്പിക്കുന്ന ശൂന്യതയെ മറികടക്കാനുള്ള കരുത്തില്ല. അത്രത്തോളമായിരുന്നു ചിരുവിനോടുള്ള മേഘ്നയുടെ പ്രണയം. ഇപ്പോഴും അവസാനിക്കാതെ തുടരുന്ന സാമീപ്യമായി പ്രിയപ്പെട്ടവൻ അവർക്കൊപ്പമുണ്ട്.

മങ്ങാത്ത ആ ഓർമകളുടെ തീരത്തിരുന്നാണ് മേഘ്നയും ജൂനിയർ ചിരുവും ജീവിതത്തെ അറിയുന്നത്. മേഘ്ന ഇതാദ്യമായി മനസു തുറക്കുകയാണ്. ചിരുവിനെ കുറിച്ച്, റായനെ കുറിച്ച്, താൻ കടന്നുപോയ കനൽ വഴികളെ കുറിച്ച്. ജീവിതത്തിന്റെ യാഥാർഥ്യം നേരിൽ നിന്നനുഭവിച്ചതിന്റെ കരുത്തും വ്യക്തതയുമുണ്ട് ആ വാക്കുകൾക്ക്...

‘‘സങ്കടപ്പെട്ടതിനെല്ലാം മറുപടിയായാണ് റായൻ വന്നത്. റായൻ രാജ് സർജ എന്നാണ് മോന്റെ മുഴുവൻ പേര്. രാജാവ് എന്നാണ് റായൻ എന്നതിനർഥം. ഒരു ദൈവവും എന്നെ തുണച്ചില്ല. ദൈവത്തോടു ഞാൻ പിണക്കമാണ്. എന്തിനാണ് എന്റെ കുഞ്ഞിന് അച്ഛനെ കാണാനുള്ള ഭാഗ്യം ഇല്ലാതാക്കിയത്.

meghna-1

ചിരു മരിക്കുമ്പോൾ ഞാൻ എട്ടുമാസം ഗർഭിണിയായിരുന്നു. പിന്നീട് ഓരോ നിമിഷവും ചിരു വീണ്ടും ജനിക്കുമെന്ന മട്ടിൽ ആരാധകരുടെ മെസേജുകളും പോസ്റ്റുകളും കമന്റുകളുമായിരുന്നു സോഷ്യൽ മീഡിയ നിറയെ. പ്രസവം കഴിഞ്ഞ് കുഞ്ഞിനെ കയ്യിൽ വാങ്ങിയപ്പോൾ ഞാൻ ഡോക്ടറോട് പറഞ്ഞത്, ‘ആൺകുട്ടിയല്ല എന്നു പറയല്ലേ’ എന്നാണ്. എന്നെ പറ്റിക്കാനായി ഡോക്ടർ കുറച്ച് സസ്പെൻസ് ഇട്ടു. മോനെ ആദ്യമായി കയ്യിൽ വാങ്ങിയ നിമിഷം ‍ഞാൻ പൊട്ടിക്കരഞ്ഞുപോയി. അത്രമാത്രം ‘ജൂനിയർ ചിരു’ എന്ന് ആരാധകർ പറയുന്നത് കേട്ടിരുന്നു.’’ മേഘ്ന വനിതയോടു പറഞ്ഞു...

അഭിമുഖത്തിന്റെ പൂർണരൂപം വനിത നവംബർ 27– ഡിസംബർ10 ലക്കത്തിൽ

ഫോട്ടോ: പവൻ ശർമ, Classy Jupiter, Bangalore