Saturday 30 November 2019 05:22 PM IST

ആർത്തവ സംബന്ധമായ 10 രോഗങ്ങളും വീട്ടിൽ തന്നെ ചെയ്യാവുന്ന ആയുർവേദ പ്രതിവിധികളും!

Tency Jacob

Sub Editor

menstr21

ഒരു പെൺകുട്ടി പ്രായപൂർത്തിയായി എ ന്നതിന്റെ ലക്ഷണമാണ് ആർത്തവം. സാധാരണ 10 വയസ്സ്  മുതൽ 50 വയസ്സു വരെ നീണ്ടുനിൽക്കുന്ന ആർത്തവം സ്ത്രീകളുടെ ആരോഗ്യസ്ഥിതി, ശരീരവളർച്ച ഇവ അനുസരിച്ച്  മാറാം. ആദ്യ ആർത്തവം വരുന്ന പ്രായവും അവസാനിക്കുന്നതും ഓരോരുത്തർക്കും വ്യത്യസ്തമാകാം. പൊതുവായി സ്ത്രീകളെ അലട്ടുന്ന പത്ത്  ആർത്തവരോഗങ്ങളും അവയ്ക്കുള്ള ആയുർവേദ പ്രതിവിധികളും ഇതാ...

അസഹ്യം ആ ദിവസങ്ങൾ

ഗർഭധാരണത്തിനായി തയാറാക്കപ്പെട്ട  ഗർഭാശയത്തിന്റെ ഉള്ളിലെ ഗർഭാശയാന്തരകല (Endometrium) ഗർഭധാരണം  നടന്നില്ലെങ്കിൽ 28 – 30 ദിവസമെത്തുമ്പോൾ അലിഞ്ഞ് ആർത്തവ രക്തസ്രാവമായി 4 – 5 ദിവസം കൊണ്ട് പുറന്തള്ളപ്പെടും. ആർത്തവത്തിന്റെ ആദ്യ ദിവസം ഏതാനും മണിക്കൂറുകൾ മുതൽ ഒരുദിവസം വരെ ഈ വേദന അനുഭവപ്പെടാം.

ഇങ്ങനെ പുറന്തള്ളുന്നതിന് ഗർഭാശയഗളം ആവശ്യത്തിന് വികസിക്കേണ്ടതുണ്ട്. അങ്ങനെ സംഭവിക്കാത്തപ്പോൾ ഗർഭാശയഭിത്തികൾ അമിത സമ്മർദത്തിൽ ചുരുങ്ങി ക്രമേണ ഗർഭാശയ ഗളത്തിലൂടെ രക്തം പുറത്തേക്കൊഴുകും.ഇതിന്റെ ഫലമായി അടിവയർ, തുടകൾ ഇവിടങ്ങളിൽ അമിത വേദനയും  നടുവേദനയും  അനുഭവപ്പെടും. ആർത്തവ കാലത്ത് അമിത വേദനയുണ്ടാക്കുന്ന അവസ്ഥയെ ആയുർവേദത്തിൽ ‘ഉദാവർത്ത’  (‘Spasmodic Dysmenorrhoea’) എന്നാണ് പറയുന്നത്.

ഛർദി, തലക്കറക്കം, ആഹാരം കഴിക്കാതാകുക, ക്ഷീണം എന്നിവ ഇതിന്റെ അനന്തരഫലങ്ങളാണ്. ചൂടുവെള്ളം നിറച്ച ബാഗ് വയറിൽ വയ്ക്കുക, ചൂടുവെള്ളം കുടിക്കുക എ ന്നിവ ചെയ്യുന്നത് നല്ലതാണ്. ആർത്തവ വേദന നീണ്ടുനിൽക്കുകയാണെങ്കിൽ കൃത്യമായ രോഗനിർണയം നടത്തി യുക്തമായ ഔഷധമിശ്രിതങ്ങൾ തിരഞ്ഞെടുക്കേണ്ടി വരും. അസഹ്യമായ വേദനകൊണ്ട് ദൈനംദിന കാര്യങ്ങൾ ചെയ്യാൻ ബുദ്ധിമുട്ടു നേരിടുന്നുണ്ടെങ്കിൽ വൈദ്യസഹായം തേടാൻ മടിക്കരുത്.

പഞ്ചകർമ ചികിത്സകളിൽപെടുന്ന അനുവാസനവസ്തിയും ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം നൽകും. അവഗാഹ സ്നേദം, കഷായ വസ്തി തുടങ്ങിയ ചികിത്സകൾ വളരെ ഫലപ്രദമാണ്.

ഈ സമയത്ത് തണുത്ത വെള്ളത്തിൽ കുളി വേണ്ട. ഐ സ്ക്രീം, ഐസ് വാട്ടർ എന്നിങ്ങനെയുള്ള തണുത്ത ആഹാരപദാർഥങ്ങളും ഒഴിവാക്കാം. ചൂടുവെള്ളം കുടിക്കുന്നതും വയറിൽ ഹോട്ട് ബാഗ് വയ്ക്കുന്നതും നല്ലതാണ്.

ആയുർവേദ പ്രതിവിധികൾ

∙ ഒരു ചെറിയ സ്പൂൺ അയമോദകം  മൂന്ന് ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച് വറ്റിച്ച് ഒരു ഗ്ലാസാക്കി രാവിലെയും വൈകിട്ടും കുടിച്ചാൽ ആർത്തവ വേദന ശമിക്കും.

∙ ആർത്തവ വേദന നീണ്ടു നിൽക്കുന്നവർ ദിവസവും രാവിലെ വെറുംവയറ്റിൽ ഒരു വലിയ സ്പൂൺ എള്ളെണ്ണ കുടിക്കുക. ഇങ്ങനെ  മൂന്നു മാസം തുടർച്ചയായി  കഴിച്ചാൽ  വേദനയില്ലാതാകും. എള്ളുണ്ട കഴിക്കുന്നതും നല്ലതാണ്.

∙ഒരു വലിയ സ്പൂൺ കറ്റാർവാഴ നീര് സമം തേൻ ചേർത്ത് രാവിലെയും വൈകിട്ടും സേവിക്കാം.

∙അശോകമരത്തിന്റെ പട്ട 50 ഗ്രാം എടുത്ത് ഒരു ലീറ്റർ വെള്ളത്തിൽ ഒരു ഗ്ലാസ് പാലും ചേർത്ത് തിളപ്പിച്ച് ഒരു ഗ്ലാസാക്കി വറ്റിച്ച്, അരിച്ച് ദിവസവും ഒരു പ്രാവശ്യം വീതം വൈകിട്ട് കുടിക്കുക.

∙ചിറ്റരത്ത, ഞെരിഞ്ഞിൽ, ആടലോടക വേര് ഇവ 15 ഗ്രാം വീ തം ഒരു ലീറ്റർ വെള്ളവും ഒരു ഗ്ലാസ് പാലും ചേർത്ത് തിളപ്പിച്ച് ഒരു ഗ്ലാസാക്കി വറ്റിച്ച് ദിവസവും ഒരു പ്രാവശ്യം കുടിക്കുക.

∙ഒരു വലിയ സ്പൂൺ  ഉലുവ  ഒരു ലീറ്റർ വെള്ളത്തിൽ തിളപ്പിച്ച് അര ലീറ്ററാക്കി അര ഗ്ലാസ് വീതം ഇടയ്ക്കിടെ കുടിക്കുക.

യോഗാസനം

ആർത്തവക്രമക്കേടുകൾക്ക് യോഗാസനം വളരെ ഫലപ്രദമാണ്. ബദ്ധ കോണാസനം, സുപ്ത ബദ്ധകോണാസനം, ബാലാസനം, ഉപവഷ്ട കോണാസനം, വിപരീത കരണി, ജാനു ശീർഷാസനം, ഭരദ്വജാസനം, വജ്രാസനം, ഭുജംഗാസനം  എന്നീയോഗാസനങ്ങൾ പരിശീലിക്കാം.

അരക്കെട്ടിലെയും ഗർഭാശയ അനുബന്ധ ഭാഗങ്ങളിലെയും പേശികൾക്കു വ്യായാമം ലഭിക്കും.  ആ ഭാഗങ്ങളിൽ നീർക്കെട്ടോ വലിച്ചിലോ ബാധിക്കാനുള്ള സാധ്യത കുറയും.

മാസം തോറും വർധിക്കുന്ന വേദന

ആയുർവേദത്തിൽ ‘വാതികി’ എന്നാണ് എൻഡോമെട്രിയോസിസ് രോഗാവസ്ഥയെ പറയുന്നത്. ആർത്തവ രക്തം കെട്ടി നിന്ന് ഉണ്ടാകുന്ന വിവിധ പ്രശ്നങ്ങളാണ് ഇത് സൃഷ്ടിക്കുന്നത്.

 മാസം കഴിയും തോറും ആർത്തവ വേദനയുടെ തീവ്രത കൂടി വരും. ആർത്തവ ദിനത്തിനു  ഏതാനും ദിവസം മുൻപേ തന്നെ വേദന തുടങ്ങും. ആർത്തവ രക്തസ്രാവം നിൽക്കുന്നതുവരെ ഇത് തുടരുകയും ചെയ്യും.  

ഇത്തരം അവസ്ഥകളിൽ ചിലരിൽ ഗർഭാശയ ഭിത്തിക്കുള്ളിലേക്ക് രക്തമൊഴുകി അവിടവിടെ ചെറുതായി കെട്ടി നിൽക്കുന്ന അവസ്ഥ ഉണ്ടാകാം. ഗുല്മം (Adenomyosis) എന്ന ഈ രോഗാവസ്ഥ ആർത്തവവിരാമത്തോടടുത്ത സ്ത്രീകളിലാണ് കൂടുതൽ കാണപ്പെടുന്നത്.

ചെറുപ്പക്കാരിൽ വയറിനുള്ളിൽ ഗർഭാശയത്തിനു പുറത്തായി അണ്ഡാശയത്തിനു മുകളിലായും മറ്റും ആർത്തവരക്തം കെട്ടിനിന്ന് മുഴകളുണ്ടാകുന്നു. ഗർഭാശയഗളത്തിന്റെ വികാസക്കുറവാണ് ഇതിനു കാരണം.

അൾട്രാസൗണ്ട് സ്കാൻ ചെയ്ത് ഗർഭാശയം, അണ്ഡാശയം മുതലായവയിൽ മുഴകളോ വയറിന്നുള്ളിൽ രക്തം കെട്ടിനിന്നുള്ള മുഴയോ (Endometriotic cyst) രൂപപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കണം. യഥാസമയം ചികിത്സിച്ചില്ലെങ്കിൽ ഇത് വ ന്ധ്യതയ്ക്ക് കാരണമാകാം. തണുത്ത ഭക്ഷണ പാനീയങ്ങൾ രോഗാവസ്ഥ കൂടുതൽ ഗുരുതരമാക്കും.

കട്ട പിടിച്ച രക്തം വയറിനുളളിലേക്കൊഴുകുകയും അ തൊഴുകുന്നിടത്ത് പാട പോലെ രൂപം പ്രാപിച്ച് ഗർഭാശയം, അ ണ്ഡാശയം, കുടൽ ഇവയെല്ലാം ഒട്ടിപ്പിടിച്ച് വായുശല്യം, ഇടയ്ക്കിടെ വേദന എന്നിവ ഉണ്ടാക്കും. അണ്ഡവാഹിനിക്കുഴലുകൾക്കു മുകളിലൂടെ ഇത്തരം ഒട്ടിപ്പിടിത്തം ഉണ്ടാകുന്നത് അ വയുടെ ചലനം, പ്രവർത്തനശേഷി ഇവയെ ബാധിക്കുകയും അണ്ഡത്തെ സ്വീകരിക്കാനാകാതെ വന്ധ്യതയിലേക്കു നയിക്കുകയും ചെയ്യും.

ഗർഭാശയത്തിൽ മുഴകളുണ്ടാകുന്ന അവസ്ഥ (Uterine Fibroids),  ഗർഭാശയത്തിനു ചുറ്റും  രോഗാണുബാധ, നീര് എന്നിവയും ഉണ്ടാകാം. ആർത്തവ കാലത്ത് ഇത് അസഹ്യമായ വേദനയ്ക്ക് കാരണമാകും. എന്നാൽ ആയുർവേദ വിധി പ്രകാരമുള്ള ചികിൽസയിലൂടെ ഈ രോഗം പൂർണമായി ഭേദമാക്കാൻ സാധിക്കും.

ആയുർവേദ പ്രതിവിധി

∙തെങ്ങിന്‍പൂക്കുല ഒടിച്ചെടുത്ത് 30 ഗ്രാം വീതം ദിവസത്തിൽ രണ്ടുമൂന്നു പ്രാവശ്യം കഴിക്കുക.

∙ചുവന്ന ചെമ്പരത്തിപ്പൂവ് വാട്ടിയ നീര് 30 മില്ലി വീതം ഒരു ചെറിയ സ്പൂൺ തേൻ ചേർത്ത് മൂന്ന് പ്രാവശ്യം കഴിക്കുക.

∙അയമോദകം ഒരു ചെറിയ സ്പൂൺ ഒരു ലീറ്റർ വെള്ളത്തിൽ തിളപ്പിച്ച് അര ഗ്ലാസ് വീതം മൂന്നു പ്രാവശ്യം കുടിക്കുക.

Secret Tips

മൃദുവായ നല്ല വൃത്തിയുള്ള കോട്ടൻ തുണിയെടുക്കുക. ഇവയിൽനിന്ന് റെഡിമെയ്ഡ് പാഡിന്റെ നീളത്തിൽ കഷണങ്ങൾ മുറിച്ചെടുക്കുക. രണ്ടര സെന്റിമീറ്റർ അരികിട്ട് ചിറകോടു കൂടിയ പാഡിന്റെ രൂപത്തിലും മുറിച്ചെടുക്കണം. ഇതു പോലെയുള്ള രണ്ട് തുണിക്കഷണങ്ങൾ ചേർത്തുവച്ച്, ഒരു വശത്ത് മൂന്ന് സെന്റിമീറ്റർ വിടവിട്ട് അരികുകൾ തുന്നുക. ഈ വിടവിലൂടെ അകവശം പുറത്താക്കുക. ആദ്യം മുറിച്ചു വച്ചിരിക്കുന്ന രണ്ടു കഷണങ്ങൾ ഈ വിടവിലൂടെ ചുളുങ്ങാതെ അകത്തു കയറ്റി അരികുകളും വിടവും തുന്നിച്ചേർക്കുക. ചിറകു പോലെയുള്ള ഭാഗത്ത് വെൽക്രോ കഷണങ്ങൾ ഒട്ടിച്ചാൽ ഹോം മെയ്ഡ് പാഡ് റെഡി.

അമിതരക്തസ്രാവവും ഗർഭാശയ മുഴകളും

shutterstock_189713171

ആർത്തവകാലത്ത് അമിത രക്തസ്രാവമുണ്ടാവുക, ആർത്തവം ആറേഴു ദിവസത്തിലധികം നീണ്ടു നിൽക്കുക, ഒരു മാസത്തിൽതന്നെ രണ്ടുമൂന്നു പ്രാവശ്യമുണ്ടാവുക തുടങ്ങിയ അവസ്ഥയാണിത്. ഗർഭാശയത്തിലുണ്ടാകുന്ന മുഴകൾ(Fibroids) മൂലവും ഹോർമോണുകളുടെ വ്യതിയാനം മൂലവും (Abnormal utrine bleeding) അമിതരക്തസ്രാവമുണ്ടാകും. 

എരിവ്, പുളി, അച്ചാറുകൾ, ഉപ്പ്  എന്നിവയുടെ അമിതോപയോഗം. കഠിനധ്വാനം, പോഷക സമൃദ്ധമല്ലാത്ത ഭക്ഷണ ശീലം, മതിയായ ഉറക്കം കിട്ടാതെ വരിക, വ്യായാമം ചെയ്യാതിരിക്കുക  എന്നിവയൊക്കെ അമിത രക്തസ്രാവത്തിന് കാരണങ്ങളാണ്. ഇലക്കറികളും പുളിയില്ലാത്ത പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രതിരോധശേഷി വർധിപ്പിക്കും.

ഗർഭാശയ മുഴകളാണ് കാരണമെങ്കിൽ, 4 സെന്റിമീറ്ററോളം വലുപ്പമുള്ളവ മരുന്ന് കഴിച്ച് മാറ്റാമെങ്കിലും അമിത വളർച്ചയെത്തിയവയ്ക്ക് ശസ്ത്രക്രിയ വേണ്ടിവരും.അൾട്രാസൗണ്ട് സ്കാൻ ചെയ്താൽ ഇത് മനസ്സിലാക്കാം. ആർത്തവചക്രം നിയന്ത്രിക്കുന്ന ഹോർമോണുകളുടെ ഏറ്റക്കുറച്ചിലുകളാണ് കാരണമെങ്കിൽ ഔഷധസേവകൊണ്ട് ഭേദമാക്കാം. ഇല്ലെങ്കിൽ അമിതരക്തസ്രാവം മൂലം വിളർച്ച, ക്ഷീണം, ശരീരവേദന, മെലിച്ചിൽ, മുതലായവയുണ്ടാകും.

ആയുർവേദ പ്രതിവിധികൾ

∙നിലപ്പനക്കിഴങ്ങ്, കരിങ്ങാലിക്കാതൽ, നെല്ലിക്ക, ഞെരിഞ്ഞിൽ, ഞാവൽക്കുരു, ശതാവരിക്കിഴങ്ങ് ഇവ 10 ഗ്രാം വീതമെടുത്ത് 480 മില്ലിലീറ്റർ വെള്ളത്തിൽ തിളപ്പിച്ച് 120 മില്ലീലീറ്ററാക്കി അരിച്ച് പകുതി വീതം രാവിലെയും രാത്രിയും ആഹാരത്തിനു മുൻപ് തുടർച്ചയായി 3 മാസം കഴിക്കുക.

∙ അമിതമായ പുളി, എരിവ്, ഉപ്പ് മുതലായവ രോഗകാരണമായതിനാൽ ഉപേക്ഷിക്കുക.

∙മുക്കുറ്റി അരച്ചുപിഴിഞ്ഞ നീര് ഒരു വലിയ സ്പൂൺ, അൽപം തേൻ ചേർത്ത് 3 പ്രാവശ്യം ആഹാരശേഷം കുടിക്കുക.

∙ചുവന്ന ഇതളുള്ള ചെമ്പരത്തിപ്പൂവ് വാട്ടിയ നീര് അര ഗ്ലാസ്, ഒരു ചെറിയ സ്പൂൺ തേൻ ചേർത്ത് ദിവസത്തിൽ ഒരു തവണ കുടിക്കുക.

∙ആടലോടകത്തിന്റെ ഇല വാട്ടിയ നീര് 30മില്ലി വീതം സമം തേൻ ചേർത്ത് കുടിക്കുക.

അവഗണിക്കരുത് പിസിഒഡി

ആർത്തവം എല്ലാ മാസവും ഉണ്ടാകാതിരിക്കുക, രണ്ട് മൂന്നു മാസമിടവിട്ട് ആർത്തവമുണ്ടാകുക, ചിലപ്പോൾ അമിതരക്തസ്രാവം അല്ലെങ്കിൽ അൽപാൽപമായി  ഒരു മാസത്തോളം നീണ്ടുനിൽക്കുക എന്നിവ പിസിഒഡി നേരിടുന്ന സ്ത്രീകൾക്കുണ്ടാകാം. ശരീരം വണ്ണം വയ്ക്കുക, മുഖത്ത് മൂക്കിനു താഴെയും താടിയിലും ദേഹത്തും രോമവളർച്ച അധികരിക്കുക, കഴുത്തിനു ചുറ്റും  കറുത്തനിറം കൂടിവരിക, തലമുടി കൊഴിയുക, വർധിച്ച മുഖക്കുരു മുതലായവയും പിസിഒഡിയുടെ ലക്ഷണങ്ങളാണ്.  

ആയുർവേദം ഈ അസുഖത്തിന് കാരണമായി പറയുന്നത് അണ്ഡ നിർമാണം നടക്കാത്ത അവസ്ഥ (പുഷ്പഘ്നി)  എന്നാണ്. പുരുഷ ഹോർമോൺ കൂടുകയും സ്ത്രീ ഹോർമോൺ കുറയുകയും ചെയ്യുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. മുഖത്തെയും ശരീരത്തിലെയും രോമവളർച്ചയും ഇത് മൂലമാണ്.  ക്രമമായി ആർത്തവചക്രമുള്ളവരിൽ ഉദ്ദേശം 16 ദിവസത്തിനുള്ളിൽ അണ്ഡനിർമാണം  പൂർത്തിയായി പുറത്തേക്ക്  വരുന്നു (Ovulation). അതിന്റെ അവശിഷ്ടങ്ങൾ അണ്ഡാശയത്തിൽ നിന്നു അപ്രത്യക്ഷമാകും. എന്നാൽ പിസിഒഡി ഉള്ളവരിൽ അണ്ഡം പൂർണവളർച്ചയെത്താതെ അണ്ഡാശയത്തിൽ തന്നെ വെള്ളം കെട്ടിയ കുമിള പോലെ നിൽക്കുന്നു.  

യഥാസമയം ചികിത്സിച്ച് ഭേദമാക്കിയില്ലെങ്കിൽ വന്ധ്യതയ്ക്കു കാരണമാകും. മരുന്നിനൊപ്പം ശരിയായ ആഹാരക്രമം, വ്യായാമം  ഇവയിലൂടെ ഈ അസുഖം പൂർണമായി  ഭേദമാക്കാം. ശരീരഭാരം കുറയ്ക്കുകയാണ് പ്രാഥമികമായി ചെയ്യേണ്ടത്. ഭാരം  അഞ്ച് ശതമാനം കുറയ്ക്കുമ്പോൾ തന്നെ മാറ്റം മനസ്സിലാക്കാം.

ആയുർവേദ പ്രതിവിധികൾ

∙30 ഗ്രാം എള്ള് 3 ഗ്ലാസ് വെള്ളം ചേർത്ത് തിളപ്പിച്ച് ഒരു ഗ്ലാസാക്കി 5 ഗ്രാം ചെന്നിനായകവും 10 ഗ്രാം ശർക്കരയും ചേർത്ത് 7 ദിവസം വൈകിട്ട് തുടർച്ചയായി കഴിക്കുക.

∙50 ഗ്രാം എള്ള് 10 ഗ്രാം ശർക്കരയും 1/4 തേങ്ങ തിരുമ്മിയതും ചേർത്ത് മിക്സിയിൽ ഒന്നടിച്ച് വലിയ ഉരുളയാക്കി വൈകിട്ട് ചവച്ചു തിന്നുക.

∙ 30 ഗ്രാം കറ്റാർവാഴ തിളച്ച വെള്ളത്തിലിട്ട് വാട്ടി ശർക്കര 10 ഗ്രാമും ചേർത്ത് മിക്സിയിൽ അടിച്ച് ജ്യൂസുണ്ടാക്കി ദിവസവും വൈകീട്ട് കുടിക്കുന്നതും നല്ലതാണ്.

∙മുതിര പുഴുങ്ങിയോ കറിവച്ചോ കഴിക്കുക.

അണുബാധ തിരിച്ചറിയാം  

ആർത്തവത്തിനു തൊട്ടുമുൻപും ആർത്തവശേഷവും അ ൽപമായി യോനിയിലൂടെ വെള്ളം പോലെയോ അൽപം കൊഴുത്തോ സ്രവങ്ങളുണ്ടാകുന്നത് സാധാരണമാണ്.പക്ഷേ, പ്രത്യേക ഗന്ധം, ചൊറിച്ചിൽ, അടിവയർ വേദന, നടുകഴപ്പ് ഇവയോടുകൂടി അടിവസ്ത്രങ്ങൾ നനയുന്ന വിധം ഡിസ്ചാർജുണ്ടാകുന്നത് ബുദ്ധിമുട്ടുണ്ടാക്കും. പലതരം രോഗങ്ങളുടെ ലക്ഷണമായ ഇതിനു കാരണം, പൂപ്പൽ‌ പോലെയുള്ള അണുബാധയാണ്.  

ഒരുതരം പൂപ്പൽ (Candida Albicams) യോനിക്കുള്ളിലുണ്ടായി യോനീഭാഗത്തും ഗർഭാശയമുഖത്തും നീരുണ്ടാക്കി സ്രവങ്ങളുണ്ടാക്കും. വെള്ളനിറത്തിലോ, കൊഴുത്തോ, തൈരുപോലെ അൽപം കട്ടിയായോ അമിതമായി യോനീസ്രവവും അതോടൊപ്പം അമിതമായ ചൊറിച്ചിലുമാണ് ഇതിന്റെ ലക്ഷണങ്ങൾ. യോനീഭാഗത്തും (Vagina) ഗർഭാശയഗള ഭാഗങ്ങളിലും നീരും രോഗാണുബാധയും ഉണ്ടായാലും  ഇത്തരം അവസ്ഥയുണ്ടാകും. യോനിക്കുള്ളിൽ അധിക ഈർപ്പം എല്ലായ്പോഴും ഉണ്ടാകുന്നതു മൂലം പൂപ്പൽ ( Candida albicams) ബാധിക്കാനിടയുണ്ട്.

വിസർജന ശേഷം  യോനിഭാഗവും  മറ്റും വൃത്തിയായി കഴുകുക, ആർത്തവകാലത്ത് അടിവസ്ത്രങ്ങൾ, നാപ്കിൻ ഇവ രോഗാണുമുക്തമെന്ന് ഉറപ്പു വരുത്തുക എന്നിങ്ങനെ ശുചിത്വപരിപാലനത്തിൽ കൃത്യനിഷ്ഠ വേണം.

menst66hnj

 വൃത്തിശീലങ്ങൾ അണുബാധ ഒഴിവാക്കാനും വെള്ളപോക്ക് വരാതെ സൂക്ഷിക്കാനും ഒരുപരിധിവരെ സഹായിക്കും.  ഇത് മറ്റ് പല രോഗങ്ങളുടെയും ലക്ഷണമാണ്. തുടക്കത്തിലേ ജാഗ്രത പാലിക്കുക.

ആയുർവേദ പ്രതിവിധികൾ

∙ 3 ലീറ്റർ വെള്ളത്തിൽ,10 ആര്യവേപ്പിലയും 10 ഗ്രാമ്പൂവില യും ചേർത്ത് തിളപ്പിക്കുക. ഓരോ പ്രാവശ്യം  മൂത്രമൊഴിച്ചശേഷവും ഈ വെള്ളം ഓരോ മഗ് (അര ലീറ്റർ) വീതം ഒരു മിനിറ്റു യോനീ ഭാഗത്ത് ധാര ചെയ്യുക.

പറ്റുമെങ്കിൽ ഡൂഷ് കാൻ ( യോനിഭാഗം കഴുകി വൃത്തിയാക്കാനായി സർജിക്കൽ ഷോപ്പിൽ ലഭ്യമാണ്)പാത്രത്തിൽ ഈ വെള്ളം നിറച്ചിട്ട് അതിനോട് ഘടിപ്പിച്ചിരിക്കുന്ന റബർട്യൂബിന്റെ അറ്റത്തുള്ള നോസിൽ യോനിയിലേക്കു കടത്തി മരുന്നു വെള്ളം ഉള്ളിലേക്കെത്തിക്കാം. ഈ വെള്ളം യോനിക്കുള്ളിലേക്കു ധാര ചെയ്താൽ ആ ഭാഗത്തുള്ള അണുക്കളെ പൂർണമായി നശിപ്പിക്കാൻ സാധിക്കും. അതുമല്ലെങ്കിൽ സൂചിയില്ലാത്ത സിറിഞ്ചിൽ (10 ml ഉൾക്കൊള്ളുന്ന) ഈ വെള്ളം നിറച്ച് യോനിക്കുള്ളിലേക്ക് ഒഴിച്ച്  കുറച്ചു സമയം നിറുത്തിയാലും അണുക്കൾ നശിച്ച് രോഗം പൂർണമായി ഭേദമാക്കാം.

∙നാൽപാമരപ്പട്ട തിളപ്പിച്ച വെള്ളവും ഇതുപോലെ ഉപയോഗിക്കാം. കുറവില്ലെങ്കിൽ വിദഗ്ധ ചികിത്സ തേടുക.

Secret Tips

ജോലിയുള്ളവരാണെങ്കിൽ ഒരു ചെറിയ ബോക്സിലോ ടോയ്‌ ബാഗിലോ രണ്ടു പാഡുകൾ, ഒരു പാന്റീസ്, സോഫ്റ്റ് ടവൽ, ഒരു ചെറിയ സോപ്പ്, ടിഷ്യൂ പേപ്പറുകൾ,  സാനിറ്റൈസർ  എന്നിവ ബാഗിൽ കരുതി  വയ്ക്കുക. യാത്രയിലോ ഓഫിസിലോ വച്ച് പെട്ടെന്ന് ആർത്തവം വരുമ്പോൾ പരിഭ്രമിക്കാതെയും പാഡിനു വേണ്ടി ഓടാതെയും ആത്മവിശ്വാസത്തോടെ നേരിടാം. ജോലി സംബന്ധമായ യാത്രകളിലും ഇവ എപ്പോഴും കൂടെ കരുതുക.

ഏറെക്കാലം നീണ്ടു നിന്നാൽ

വെള്ളപോക്കുണ്ടാക്കുന്ന മറ്റൊരു അണുബാധയാണ് ട്രൈക്കോമോണിസിസ്. ‘ഉപപ്ലുത’ എന്നാണ് ഈ രോഗാവസ്ഥയെ ആയുർവേദം പറയുന്നത്. ഇതിൽ യോനീസ്രവം അൽപം മഞ്ഞയോ പച്ചയോ കലർന്ന നിറത്തിൽ അമിത അളവിൽ വായു കുമിളകളോടൊപ്പം അൽപം ദുർഗന്ധത്തോയുണ്ടാകും.

ഒപ്പം നടു കഴപ്പ്, അടിവയർ വേദന, ദിവസം  കഴിയുന്തോറും മൂത്രാശയത്തിലേക്ക് അണുബാധ വ്യാപിക്കുക മുതലായവയുണ്ടാകും. അണുബാധ ഉണ്ടായാൽ യോനിക്കുള്ളിലെ സ്വാഭാവിക അമ്ലാവസ്ഥ മാറി ആൽക്കലൈൻ സ്വഭാവത്തിലേക്ക് മാറും. ഈ അമ്ലാവസ്ഥ തിരിച്ചു കൊണ്ടുവരാനുള്ള ആയുർവേദം പരിഹാര മാർഗങ്ങൾ ഉടൻ തന്നെ സ്വീകരിക്കാം.

ആയുർവേദ പ്രതിവിധികൾ

∙കടുക്ക, നെല്ലിക്ക, താന്നിക്ക  ഇവ 30 ഗ്രാം വീതം 3 ലീറ്റർ വെള്ളത്തിൽ തിളപ്പിച്ച് അരിച്ച് ഒന്നരലീറ്ററാക്കി ഡ്യൂഷ് കാൻ വഴി യോനീ ഭാഗത്ത് ധാര ചെയ്യുക.

അല്ലെങ്കിൽ സൂചിയില്ലാതെ സിറിഞ്ചുപയോഗിച്ച് യോനിക്കുള്ളിലും പുറത്തും ധാര ചെയ്യാം. ഇവ ദിവസവും ഒരു പ്രാവശ്യം വീതം 7 ദിവസം തുടർച്ചയായി ചെയ്താൽ അണുക്കൾ നശിച്ച് യോനീസ്രവമില്ലാതാകും.

∙ശതാവരിക്കിഴങ്ങ് അരച്ചത് 30 ഗ്രാം, ഒരു ഗ്ലാസ് പാലും 2 ഗ്ലാസ് വെള്ളവും ചേർത്ത് തിളപ്പിച്ച് ഒരു ഗ്ലാസാക്കി ദിവസവും ഒരു പ്രാവശ്യം കുടിക്കുക.

∙ഉലുവ ഒരു വലിയ സ്പൂൺ, 2 വലിയ സ്പൂൺ ചുവന്ന പച്ചരി എന്നിവ തേങ്ങാപ്പാൽ ചേർത്ത് വേവിച്ച് ദിവസവും ഒരു കപ്പു വീതം വൈകിട്ട് കഴിക്കുക.

∙ മുത്തങ്ങ,കരിങ്ങാലി എന്നിവ 10 ഗ്രാം വീതമെടുത്ത് 480 മില്ലിലീറ്റർ വെള്ളത്തിൽ തിളപ്പിച്ച് 120 മില്ലീലീറ്ററാക്കി അരിച്ച് രാവിലെയും രാത്രിയും ആഹാരത്തിനു മുൻപ് കഴിക്കുക.

Secret Tips

ആർത്തവ സമയത്ത് രാവിലെയും വൈകിട്ടും ചെറുചൂടു വെള്ളത്തിൽ കുളിക്കുന്നത് ശരീര വേദനയ്ക്കും വയറുവേദനയ്ക്കുമെല്ലാം കുറവുണ്ടാക്കും. നല്ല ഉന്മേഷവും ഉറക്കവും കിട്ടും. ശുചിത്വത്തിനും നല്ലത്.

സ്വകാര്യഭാഗങ്ങൾ കഴുകുമ്പോൾ യോനിയുടെ ചുറ്റുമുള്ള ഭാഗങ്ങളും കൂടി കഴുകണം. അണുനാശിനി കൊണ്ട് കഴുകുന്നത് നല്ലതല്ല. അണുബാധ തടയാൻ മുന്നിൽ നിന്ന് പിന്നിലേയ്ക്ക് (യോനീ ഭാഗത്തു നിന്നു മലദ്വാരത്തിന്റെ ഭാഗത്തേക്കു) വേണം കഴുകാൻ. മറിച്ച് വൃത്തിയാക്കുന്നത് അണുബാധയ്ക്ക് കാരണമായിമാറും.

ഒാരോ തവണയും പാഡ് മാറ്റിക്കഴിയുമ്പോൾ ചെറുചൂടുവെള്ളം കൊണ്ട് വൃത്തിയാക്കുക. അല്ലെങ്കിൽ ടിഷ്യു പേപ്പറോ വെറ്റ് വൈപ്സോ ഉപയോഗിക്കാം.

ഗർഭാശയ ഗളത്തിലെ നീര്

അണുബാധ മൂലമുണ്ടാകുന്ന വെള്ളപോക്ക് ദീർഘകാലം നീണ്ടുനിന്നാൽ  ഗർഭാശയ ഗളത്തിൽ നീരുണ്ടാകും. ഇത് അവിടത്തെ കോശങ്ങളുടെ നാശത്തിനും കാരണമാകും.

ഈ അവസ്ഥയെ കർണിനി (Cervical Erosion) എന്നാണ് ആ യുർവേദം പറയുന്നത്. പച്ചമുട്ടയുടെ വെള്ള പോലുള്ള സ്രവമാണ്  ഈ രോഗാവസ്ഥയിൽ ഉണ്ടാകുന്നത്.

കടലാടിയോ, കള്ളിമുൾച്ചെടിയോ ഉണക്കി തീ കത്തിച്ച് ചാമ്പലാക്കി അത് വെള്ളത്തിൽ കലക്കി അരിച്ച് ഉണക്കി എടുക്കുന്ന പൊടി ഒരു  നന‍‍ഞ്ഞ പഞ്ഞിയിൽ മുക്കി  യോനിയിൽ മൂന്ന് മിനിറ്റ് വയ്ക്കണം. ഇത് വൈദ്യനിർദേശ പ്രകാരം ചെയ്യുന്നതാണ് ഉചിതം.

ക്രയോ (രോഗാണു കോശങ്ങളെ നശിപ്പിക്കാനായുള്ള ആധുനികരീതി) പോലുള്ള ചികിത്സാ മാർഗങ്ങൾ ഈ രോഗാവസ്ഥകൾക്ക് വളരെ ഫലപ്രദമാണ്.  ഇതിന് ഒരു ഗൈന ക്കോളജിസ്റ്റിന്റെ സേവനം തേടണം.  മൂന്നു  മിനിറ്റ് സമയം കൊണ്ട് ഒറ്റപ്രാവശ്യം ചെയ്യുന്ന ചികിത്സാമാർഗമാണിത്.

കുറച്ചു ആഴ്ചകൾ കൊണ്ട് രോഗം പൂർണമായും ഭേദമാക്കാം. ഈ ചികിത്സാമാർഗങ്ങളിലൂടെ(cryocauterisation)രോഗം ബാധിച്ച കോശങ്ങളെ നശിപ്പിക്കുമ്പോൾ 6 –8 ആഴ്ചകൊണ്ട് അവിടെ പുതിയ കോശങ്ങൾ വളർന്നു വരുകയും യോനീസ്രവമില്ലാതാവുകയും ചെയ്യും. അതുവരെ വീണ്ടും അണുബാധ ഉണ്ടാകാതെ സൂക്ഷിക്കണം എന്നു മാത്രം.

ആയുർവേദ പ്രതിവിധി

∙മുത്തങ്ങ പത്ത് ഗ്രാം എടുത്ത് രണ്ട് ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച് ഒരു ഗ്ലാസാക്കി മാറ്റി ദിവസത്തിൽ രണ്ടുനേരം കഷായമുണ്ടാക്കി കുടിക്കാം.

ഗർഭാശയം ഇറങ്ങി വരുക

തുടർച്ചയായ പ്രസവം, ഗർഭമലസൽ, ഭാരമധികമെടുക്കുക, വിശ്രമമില്ലാത്ത ജോലി, തുടർച്ചയായ ചുമ, മലബന്ധം, ശരീരം അധികമായി ക്ഷീണിക്കുക എന്നിവ കൊണ്ട് ഗർഭാശയത്തെ താങ്ങിനിറുത്തുന്ന പേശികൾക്കും നാഡീതന്തുക്കൾക്കും ശക്തി കുറയാം.

ഇതുമൂലം ഗർഭാശയം യോനിയിലൂടെ പുറത്തേക്കു തള്ളി നിൽക്കുന്ന അവസ്ഥയാണിത് (Utrine Prolapse). ഗർഭാശയം പുറത്തേക്കു  താഴ്ന്നിറങ്ങുന്നതിനാൽ  മലമൂത്ര വിസർജ്ജനത്തിന് തടസ്സം, നടുവേദന, കാൽകഴപ്പ് എന്നീ അവസ്ഥകളുണ്ടാകും. ഗർഭാശയം പുറത്തു വന്നാൽ അത് വസ്ത്രവും തുടയുമായുരഞ്ഞ് തൊലി കട്ടിയാവുകയും അവിടെ മുറിവും വ്രണവും ഉണ്ടാവുകയും ചെയ്യും.

മൂത്രതടസ്സം സ്ഥിരമായാൽ അണുബാധയുമുണ്ടാകും. തുടർച്ചയായി അമിതഭാരമെടുക്കാതിരിക്കാൻ ശ്രദ്ധിക്കണം. മലബന്ധം, ആവർത്തിച്ച് വരുന്ന ചുമ, തുമ്മൽ എന്നിവയെ എത്രയും വേഗം ശരിയായ ഔഷധം കഴിച്ച് ഭേദമാക്കണം.

എന്നാൽ മതിയായ ചികിൽസ സമയത്ത് ലഭ്യമായില്ലെങ്കി ൽ ഇത് മറ്റ് പല ആരോഗ്യ പ്രശ്നങ്ങൾക്കും വഴിയൊരുക്കും. അസുഖം കലശലായാൽ ശസ്ത്രക്രിയ വഴി ഗർഭാശയം നീക്കം ചെയ്യുകയേ വഴിയുള്ളൂ.

ആയുർവേദ പ്രതിവിധികൾ

∙കുറുന്തോട്ടി നീരും  നല്ലെണ്ണയും സമം ചേർത്ത് കാച്ചി വൃത്തിയുള്ള കോട്ടൻ തുണിയിൽ മുക്കി യോനി ഭാഗത്തിടുക. ഗർഭാശയം പുറത്തേക്കു വന്നിട്ടുണ്ടെങ്കിൽ അതു ഉള്ളിലേക്ക് വച്ച ശേഷം എണ്ണയിൽ മുക്കിയ തുണിയിടുക. മൂന്നു മണിക്കൂർ കഴിഞ്ഞ് എടുത്തു കളയുക. ഇത് പത്തു പതിനഞ്ചു ദിവസം ആവർത്തിക്കണം.

∙അനുയോജ്യമായ യോഗാസനങ്ങൾ ദിവസവും ശീലിക്കാം.

Secret Tips

നേന്ത്രപ്പഴത്തിൽ പൊട്ടാസ്യം, ബി 6, മറ്റു വിറ്റാമിനുകൾ എ ന്നിവ മികച്ച തോതിൽ അടങ്ങിയിട്ടുണ്ട്. ആർത്തവ കാലത്തെ മൂഡ് നന്നാക്കാൻ സഹായിക്കുന്നതുകൊണ്ട് ഇതിനെ ഹാപ്പി ഫ്രൂട്ട് എന്നാണ് വിളിക്കുന്നത്. ആർത്തവ സമയത്തുണ്ടാകുന്ന വയറിളക്കത്തിനും ഏത്തപ്പഴം കഴിക്കുന്നതിലൂടെ ശമനം കിട്ടും. മാത്രമല്ല സ്വാഭാവികമായ ഉറക്കം കിട്ടാനും ഏത്തപ്പഴം കഴിച്ചാൽ മതി. ഈന്തപ്പഴം തിന്നുന്നത് ആർത്തവ വേദനയ്ക്കും രക്തസ്രാവം കുറയ്ക്കുന്നതിനും നല്ലതാണ്.

ഗർഭാശയത്തിലെ  മുഴകൾ

ഒന്നോ രണ്ടോ കുട്ടികളാകുമ്പോൾ പ്രസവം നിറുത്തുക, വ്യായാമം  കുറ‍ഞ്ഞ ജീവിതരീതി, മീൻ, മുട്ട, ഇറച്ചി എന്നിവയുടെ അമിതോപയോഗം, ഗർഭനിരോധനത്തിനായും ആർത്തവ നിയന്ത്രണത്തിനായും ഉപയോഗിക്കുന്ന മാർഗങ്ങൾ എന്നിവ ഗർഭാശയ ഭിത്തിയിലെ മാംസപേശികൾ കട്ടി കൂടുന്നതിനു കാരണമാകും. രക്തക്കുഴലുകളില്ലാതെ ചകിരി നാരു പോലെ മുഴകളായി ഇവ രൂപപ്പെടും.  ഇതിനെ യൂട്ടറേൻ ഫൈബ്രോയിഡ് എന്നും ആയുർവേദം ഗർഭാശയ ഗ്രന്ഥി എന്നും വിളിക്കുന്നു. ഇവ ഗർഭാശയത്തിന്നുള്ളിൽ (Submucus), ഗർഭാശയ ഭിത്തിക്കിടയിൽ (Intramusal), ഗർഭാശയ ഭിത്തിക്കു വെളിയിൽ (Subserous) ഇങ്ങനെ മൂന്നു രീതിയിലാണ് സാധാരണയായി ഉണ്ടാകുന്നത്. ഇവയിൽ ഗർഭാശയത്തിന്നുള്ളിലുള്ളവയാണ് ഏറ്റവും അപകടകാരി. ഇവ അമിതമായി ആർത്തവ രക്തസ്രാവം, അമിത വേദന ഇവയുണ്ടാക്കും.  ഏതുതരമായാലും ഇവയുടെ വലുപ്പം , എണ്ണം, എന്നിവയനുസരിച്ച് രോഗത്തിന്റെ തീവ്രതയും കൂടും.

ആയുർവേദ പ്രതിവിധികൾ

∙ഗർഭാശയമുഴകൾ നാല് സെന്റിമീറ്ററിൽ കുറവെങ്കിൽ അശോകപ്പട്ട വെള്ളത്തിലോ പാലിലോ തിളപ്പിച്ച് ദിവസവും ഒരു നേരം കുടിക്കുക.

∙മീൻ, മുട്ട, ഇറച്ചി എന്നിവയുടെ ഉപയോഗം പറ്റുമെങ്കിൽ ഉപേക്ഷിക്കുക.

∙നാൽപാമരപ്പട്ടയിട്ടു തിളപ്പിച്ച വെള്ളം  അര ഗ്ലാസ് വീതം ദിവസവും രണ്ടു പ്രാവശ്യം ആഹാരശേഷം കുടിക്കുക.

ആർത്തവ വിരാമം അടുക്കുമ്പോൾ

സാധാരണയായി സ്ത്രീകളിൽ 45 വയസ്സിനും 50നുമിടയിൽ ആർത്തവം നിലയ്ക്കാറുണ്ട്. ആർത്തവവിരാമത്തിന് മാസങ്ങൾ മുൻപു തന്നെ പലതരം ആർത്തവ ക്രമക്കേ ടുകൾ കണ്ടുതുടങ്ങും.  ശാരീരികമായി മാത്രമല്ല, മാനസികവുമായ ഒട്ടേറെ പ്രശ്നങ്ങളും കാണാറുണ്ട്. ഇവ ഓരോരുത്തരിലും വ്യത്യസ്തമാണെങ്കിലും പൊതുവെ കാണുന്ന ചില ലക്ഷണങ്ങളുണ്ട്.

അനിയന്ത്രിതമായ രക്തസ്രാവം, രണ്ടുമൂന്നു മാസം ഇടവിട്ട് ആർത്തവം ഉണ്ടാവുക, കഠിനമായ വേദന,  ദേഹം മുഴുവൻ ചൂട് വ്യാപിക്കൽ, അമിതമായ വിയർപ്പ്, രാത്രിയിൽ ചൂടനുഭവപ്പെട്ട് ഉറക്കമില്ലാതാവുക, കഴുത്തിനു മുകളിലും മറ്റും പെട്ടെന്ന് ചൂടനുഭവപ്പെട്ട് അൽപ സമയം കഴിയുമ്പോൾ വിയർത്ത് തണുക്കുക, വിഷാദം, ഭയം, ഉത്കണ്ഠ, ദേഷ്യം, പിരിമുറുക്കം, തളർച്ച, ഭാരക്കുറവ് തുടങ്ങിയവ ഇതിന്റെ ഭാഗമാണ്.

അണ്ഡാശയത്തിലെ അണ്ഡനിർമാണം ആർത്തവവിരാമത്തിനു രണ്ടുമൂന്നു വർഷം മുൻപുതന്നെ കുറഞ്ഞ് ഇല്ലാതാകുന്നതു മൂലമുള്ള സ്വാഭാവിക പരിവർത്തനമാണിത്. ആർത്തവത്തെ നിയന്ത്രിച്ചിരുന്ന ഹോർമോൺ നിലയിലുണ്ടാകുന്ന വ്യതിയാനങ്ങളാണ് ഈ പ്രശ്നങ്ങളിലേക്കു നയിക്കുന്നത്.

 പ്രകൃത്യാ ലഭിക്കുന്ന പച്ചക്കറികൾ ചേന, ചേമ്പ്, കാച്ചിൽ, എള്ള്, ഇലക്കറികൾ, പാൽ, പയർവർഗങ്ങൾ, സോയാബീൻ തുടങ്ങിയവ കഴിക്കുന്നവരിൽ ഇത്തരം ലക്ഷണങ്ങൾ അപൂർവമായേ അനുഭവപ്പെടാറുള്ളൂ. എന്നാൽ പുളി, എരിവ്,  ഇവ അധികം ചേർന്ന ഭക്ഷണപദാർഥങ്ങൾ, തൈര്, മോര്, അച്ചാറുകൾ, രസം, കോഴിയിറച്ചി, കോഴിമുട്ട ഇവ അധികമുപയോഗിക്കുന്നവരിലും ആർത്തവം പെട്ടെന്ന് നിന്നു പോകുന്നവരിലും  ഇത്തരം അസ്വസ്ഥതകൾ കൂടുതലായി അനുഭവപ്പെടും. ഉപ്പ്, പുളി, എരിവ്, മസാല എന്നിവയുടെ ഉപയോഗം കഴിയുന്നതും കുറയ്ക്കുക. എളുപ്പം ദഹിക്കുന്ന പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുകയും വേണം. രക്തവർധനവിന് ചീരയില, മുരിങ്ങയില, ബീൻസ്, ബീറ്റ്റൂട്ട്, നെല്ലിക്ക എന്നിവയും പാലും കഴിക്കുന്നത് നല്ലതാണ്. ചൂട്, വെയിൽ ഇവ ഒഴിവാക്കുക. ശരിയായ വിശ്രമവും വേണം.   

ആയുർവേദ പ്രതിവിധികൾ

∙ രണ്ട് വലിയ സ്പൂൺ ശതാവരിക്കിഴങ്ങ് അരച്ചത് ഒരു ഗ്ലാസ് പാലും രണ്ട് ഗ്ലാസ് വെള്ളവും ചേർത്ത് തിളപ്പിച്ച്  ഒരു ഗ്ലാസ് ആക്കി ദിവസത്തിലൊരു നേരം വച്ച്  രണ്ട് ദിവസം കുടിക്കുക.  

∙ഒരു ചെറിയ സ്പൂൺ വീതം അയമോദകവും ജീരകവും വറുത്ത് രണ്ടു ഗ്ലാസ് വെള്ളമൊഴിച്ച് തിളപ്പിച്ച് ഒരു ഗ്ലാസാക്കി കഷായം വച്ച് കഴിക്കാം.

∙അമുക്കരം പാലിൽ പുഴുങ്ങി ഉണക്കിപ്പൊടിച്ചത് ഒരു ചെറിയ സ്പൂൺ ഒരു ഗ്ലാസ് പാലിൽ തിളപ്പിച്ച് ദിവസവും വൈകിട്ട് കുടിക്കുക.

∙പിണ്ഡതൈലം ദേഹത്തു പുരട്ടി തണുത്ത വെള്ളത്തിൽ കുളിക്കുക.

∙നറുനീണ്ടിക്കിഴങ്ങ്, രാമച്ചം എന്നിവയിട്ട് തിളപ്പിച്ചാറിയ വെള്ളം കുടിക്കുക.

ഈ ഔഷധങ്ങളുടെ ഉപയോഗം ആർത്തവവിരാമത്തോടനുബന്ധമായുണ്ടാകുന്ന ചൂട്, വിയർപ്പ്, ഉത്കണ്ഠ, ഉറക്കമില്ലായ്മ എന്നിവയെ ശമിപ്പിക്കും. ഗർഭാശയവും അണ്ഡാശയവും നീക്കം ചെയ്തവരിലും ഇവ ഗുണം ചെയ്യും.

യോഗാസനങ്ങൾ

സൂര്യനമസ്കാരം, ശവാസനം, പ്രാണയാമം എന്നീ യോഗചര്യകൾ കൃത്യമായി ശീലിച്ചാൽ പ്രശ്നങ്ങൾ ഒരുപരിധിവരെ ലഘൂകരിക്കാം.

തയാറാക്കിയത്: ടെൻസി ജെയ്ക്കബ്ബ്, വിവരങ്ങൾക്ക് കടപ്പാട് : ഡോ. ബി. ശ്യാമള, റിട്ട: ആയുർവേദ പ്രഫസർ, തിരുവനന്തപുരം.

Tags:
  • Spotlight
  • Vanitha Exclusive