Thursday 30 July 2020 12:01 PM IST

കാർ കയറ്റിയിറക്കിയില്ലായിരുന്നു എങ്കിൽ മെറിൻ രക്ഷപ്പെടുമായിരുന്നു; മയാമിയിലെ സുഹൃത്ത് വനിത ഓൺലൈനോട്

Binsha Muhammed

merin-cover-main

‘കണ്ണിൽച്ചോരയില്ലാത്ത കൊടും കുറ്റവാളികളുണ്ട് ഇവിടെ അമേരിക്കയിൽ. അവർ പോലും ഇങ്ങനെയൊരു കൊടും ക്രൂരത ചെയ്യാൻ മടിക്കും. അവരേക്കാളും വലിയ ക്രിമിനൽ ആണവൻ. ക്രൂരൻ... ആ കുട്ടിയുടെ ചിരിക്കുന്ന മുഖം കണ്ണിൽ നിന്നുമായുന്നില്ല. അവളുടെ ആരുമല്ലാതിരിന്നിട്ടു കൂടിയും ഞങ്ങൾക്കുണ്ട് വലിയ വേദന. അപ്പോൾ ആ കുട്ടിയുടെ പ്രിയപ്പെട്ടവരുടെ കാര്യമോ?... അമ്മ നഷ്ടപ്പെട്ട കുഞ്ഞിന്റെ വേദനയോ?’– ഷെൻസിയുടെ വാക്കുകളിൽ പോലുമുണ്ട് നടുക്കം. യുഎസിലെ മയാമിയിൽ ഭർത്താവിന്റെ കൈകളാൽ അതിദാരുണമായി കൊല്ലപ്പെട്ട മെറിൻ ജോയിയുടെ മരണം ഷെൻസിയെ പോലുള്ള അയൽവാസികളിൽ ഏൽപ്പിച്ച ആഘാതവും ചെറുതല്ല. മയാമിയിലെ മലയാളി സമൂഹത്തിനിടയിലെ പുഞ്ചിരിക്കുന്നമുഖം. സഹപ്രവർത്തകർക്കിടയിലെ ‘ബ്രില്യന്റ് ഗേൾ.’ അവൾക്ക് സംഭവിച്ച വിധി, കുടുംബത്തിൽ ആർക്കോ സംഭവിച്ചതു പോലൊരു വേദന. കൊടുംക്രൂരതയുടെ കഥയും അതിന്റെ പിന്നാമ്പുറവും ഒന്നൊന്നായി ചുരുളഴിയുമ്പോൾ സമീപവാസി കൂടിയായ ഷെൻസി വനിത ഓൺലൈനോട് ആ നടുക്കം രേഖപ്പെടുത്തുകയാണ്.

മറക്കാനാകുന്നില്ല ആ മുഖം

ഞങ്ങൾ മലയാളികൾക്കിടയിലെ ചുറുചുറുക്കുള്ള മുഖമായിരുന്നു മെറിൻ. ജോലിയിലും ജീവിതത്തിലും വളരെ ആക്റ്റീവ്. അവൾക്കാണീ ഗതി സംഭവിച്ചതെന്ന് ഓർക്കുമ്പോൾ വല്ലാത്തൊരു ഷോക്കാണ്– ഷെൻസിയുടെ വാക്കുകളിലുണ്ട് ആ നടുക്കം.

മെറിനും ഭർത്താവ് ഫിലിപ്പിനും ഇടയിൽ എന്തൊക്കെയോ പ്രശ്നങ്ങളുണ്ടായിരുന്നു. അത് ഇങ്ങനെയൊരു ക്രൂരകൃത്യത്തിലേക്ക് നയിക്കുമെന്ന് ഞങ്ങൾ സ്വപ്നത്തിൽ പോലും കരുതിയില്ല. കഴിഞ്ഞ ഡിസംബറിൽ ഇവർ അവസാനമായി നാട്ടിൽ എത്തിയപ്പോൾ രണ്ടായിട്ടാണ് തിരിച്ചു പോയത്. ആ വരവിൽ ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസം പ്രകടമായിരുന്നു. അവസാനം നാട്ടിൽ പോയപ്പോഴും അവിടെയും എന്തൊക്കെയോ പ്രശ്നങ്ങളുണ്ടായി എന്നാണ് അറിയാൻ കഴിഞ്ഞത്.

തങ്ങൾക്കിടയിലെ പ്രശ്നങ്ങൾ മെറിൻ വീട്ടുകാരെ അറിയിച്ചിരുന്നെങ്കിലും അത് ഇത്തരത്തിൽ മൂർച്ഛിച്ചതായി കുടുംബാംഗങ്ങൾക്കു പോലും അറിവില്ലായിരുന്നു. കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോൾ രണ്ടു വയസുകാരി നോറയെ മെറിൻ അവിടെ നിർത്തിയിട്ടാണ് വന്നത്. തിരികെയെത്തിയ ശേഷം ഇവിടെ വാടകയ്ക്കാണ് താമസിച്ചിരുന്നത്. ചെറിയ രീതിയിലുള്ള വഴക്കുകൾ ഇരുവരും പറഞ്ഞു തീർക്കുമെന്നാണ് കുടുംബക്കാർ കരുതിയത്. കാര്യങ്ങൾ കൈവിട്ടു പോകുമെന്ന അവസ്ഥ വന്നപ്പോൾ...അവനുമായി ഒത്തുപോകാൻ കഴിയില്ലെന്ന് ഉറപ്പിച്ചപ്പോൾ മെറിൻ ഡിവോഴ്സിന് ശ്രമിച്ചിരുന്നു. അതിന്റെ കലിയാകണം, അവനെ കൊണ്ട് ഇതെല്ലാം ചെയ്യിച്ചത്.

merin-1

ആരുമായും സഹകരണമില്ല... അന്തർമുഖൻ

അറിയാൻ കഴിഞ്ഞത് അവന് ജോലിയോ കാര്യമായ വരുമാനമോ ഇല്ലെന്നാണ്. ഞങ്ങൾ ഇവിടുത്തെ മലയാളികളെല്ലാം ഒരു കുടുംബം പോലെയാണ് കഴിഞ്ഞിരുന്നത്. അവൻ ഞങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞാണ് നിന്നിരുന്നത്. പള്ളിയിൽ പോലും വരാറില്ല. അവളെ ആശ്രയിച്ചാകണം അവൻ കഴിഞ്ഞു കൂടിയിരുന്നത്. അവന് ആകെ കൂടി ഉണ്ടായിരുന്ന ജോലി അത്ര മികച്ചത് ആയിരുന്നില്ല. അതിന്റെ ഈഗോയും ഉണ്ടായിരുന്നിരിക്കണം. ഭാര്യയ്ക്കു തന്നേക്കാൾ മികച്ച ജോലിയും സമൂഹത്തിൽ സ്ഥാനവും ലഭിക്കുന്നത് അവനെ ചൊടിപ്പിച്ചുവെന്ന് മെറിന്റെ സുഹൃത്തുക്കൾ പറഞ്ഞ് അറിയാൻ കഴിഞ്ഞു. ഒരു പക്ഷേ അവനെ കൊണ്ട് ഇതൊക്കെ ചെയ്യിച്ചതും ഇതേ ഈഗോ ആയിരിക്കും.

അന്ന് മയാമിയിലെ ബ്രോവാഡ് ഹെൽത്ത് കോറൽ സ്പ്രിങ്സ് ആശുപത്രിയിലെ മെറിന്റെ അവസാന ദിവസമായിരുന്നു. ഇവിടുന്ന് അൽപം അകലെമാറിയുള്ള താംബയിലെ ആശുപത്രിയിലേക്ക് മാറാനിരുന്നതാണ്.അവിടെ തന്നെ താമസവും ശരിയാക്കിയിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. ആഗ്രഹിച്ച മാറ്റമായിരുന്നില്ലല്ല, അവനിൽ നിന്നും ഒഴിഞ്ഞുമാറുക എന്നത് മാത്രമായിരുന്നു ആ കുട്ടിയുടെ ലക്ഷ്യം. അവസാന ഷിഫ്റ്റും പൂർത്തിയാക്കി യാത്ര പറഞ്ഞിറങ്ങും മുമ്പ് മെറിൻ എല്ലാവരേയും കെട്ടിപ്പിടിച്ച് കരഞ്ഞു. മെറിൻ തിരിച്ചിറങ്ങുന്ന സമയം നോക്കി ഫിലിപ്പ് ആശുപത്രിയിലെ പാർക്കിങ് ഗ്രൗണ്ടിയിൽ പമ്മിയിരിക്കുകയായിരുന്നു. മെറിൻ വന്നതും കത്തിയുമായി ചാടി വീണു. 21 തവണയാണ് ആ ദുഷ്ടൻ കത്തി കുത്തിയിറക്കിയത്. ഓടിയടുത്ത സെക്യൂരിറ്റിയേയും അവൻ കുത്തി.

നിമിഷനേരം കൊണ്ട് അവിടമാകെ രക്തം തളംകെട്ടി. കുത്തിയിട്ട ശേഷം രക്തത്തിൽ കുളിച്ചു കിടക്കുന്ന മെറിന്റെ ദേഹത്ത് രണ്ടു തവണ കാർ കയറ്റിയിറക്കി. മരണ റിപ്പോർട്ട് എഴുതിയ ഡോക്ടർ പറഞ്ഞത് അവൻ കാർ കയറ്റിയില്ലായിരുന്നുവെങ്കിൽ ഒരു പക്ഷേ രക്ഷിക്കാമായിരുന്നു എന്നാണ്. കൃത്യം നടന്ന ശേഷം അവൻ താമസിക്കുന്ന ഹോട്ടലിലേക്ക് ഡ്രൈവ് ചെയ്തു പോയി. മുറിയിലെത്തിയ ശേഷം സ്വയം ശരീരത്തിൽ കത്തികൊണ്ട് കുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ശ്രമിച്ചു. അപ്പോഴേക്കും ദൃക്സാക്ഷികൾ വിളിച്ചു പറഞ്ഞതു പ്രകാരം പൊലീസ് അവിടെ എത്തി. നിലവിൽ അവൻ ജയിലിലാണ്.