Tuesday 04 August 2020 03:34 PM IST : By സ്വന്തം ലേഖകൻ

'ആ മുഖം കണ്ടു നില്‍ക്കാന്‍ ധൈര്യമില്ല, മെറിന്റെ പുഞ്ചിരി ഇനി ഞങ്ങള്‍ നോറയില്‍ കാണും'; സങ്കടം അണപൊട്ടി അമ്മ മേഴ്‌സി

merinz

വലിച്ചു കെട്ടിയ സ്‌ക്രീനില്‍ മെറിന്റെ ഭൗതിക ദേഹത്തിന്റെ ദൃശ്യങ്ങള്‍. അതു വരെ ശോകമൂകമായിരുന്ന വീട്ടില്‍ ഒരു സങ്കടക്കടല്‍ ഇരമ്പിയാര്‍ത്തൊഴുകി. അലമുറയിട്ടു കരഞ്ഞു, മെറിന്റെ ചിത്രം നെഞ്ചോട് ചേര്‍ത്ത് പിടിച്ചിരുന്ന മാതാപിതാക്കളായ ജോയിയും മേഴ്‌സിയും അലമുറയിട്ട് കരഞ്ഞു. പക്ഷേ അപ്പോഴും അമ്മ പോയതറിയാതെ കുഞ്ഞു നോറ കൊഞ്ചിച്ചിരിച്ച് ഇരിപ്പായിരുന്നു. '

മെറിനെ അവസാനമായി ഒരു നോക്കു കാണാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് അമ്മ മേഴ്‌സി പറയുമ്പോള്‍ തന്നെ സങ്കടം അണപൊട്ടുകയായിരുന്നു. 'ക്രൂരമായ ആക്രമണമേറ്റ മകളുടെ മുഖം കാണാന്‍ പോലും വയ്യാത്ത അവസ്ഥയിലായിട്ടുണ്ട്. ചിരിച്ചു വര്‍ത്തമാനം പറയുന്ന പഴയ മുഖം മതി ഓര്‍മയില്‍. നോറയിലൂടെ ഞങ്ങള്‍ ഇനി മെറിനെ കാണും...' അമ്മ മേഴ്‌സി പറയുന്നു. മെറിന്റെ മകളായ നോറ (2) ഇപ്പോള്‍ മോനിപ്പള്ളിയിലെ വീട്ടിലുണ്ട്. കഴിഞ്ഞ തവണ അവധിക്കെത്തിയ ശേഷം തിരിച്ചു പോകുമ്പോള്‍ മെറിന്‍ മകളെ വീട്ടിലാക്കിയിരുന്നു. 

എംബാം ചെയ്യാന്‍ കഴിയാത്തതു മൂലമാണു മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം ഒഴിവാക്കിയതെന്നു സൂചന. 17 കുത്തേല്‍ക്കുകയും വാഹനം കയറ്റുകയും ചെയ്തതിനാല്‍ എംബാം ചെയ്യാന്‍ കഴിയില്ലെന്നാണ് ആശുപത്രിയില്‍ നിന്ന് അറിയിച്ചത്. അതേസമയം മെറിനെതിരായ സമൂഹമാധ്യമത്തിലെ അധിക്ഷേപത്തിനെതിരെ മാതാപിതാക്കള്‍ കുറവിലങ്ങാട് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.

മെറിന്റെ ഭൗതിക ദേഹം കഴിഞ്ഞ ദിവസം മിയാമിയിലെ ഫ്യൂണറല്‍ ഹോമില്‍ പൊതുദര്‍ശനത്തിന് വച്ചിരുന്നു. ചടങ്ങില്‍ പ്രിയപ്പെട്ടവരും സഹപ്രവര്‍ത്തകരും മെറിന് കണ്ണീരോടെ യാത്രാമൊഴിയേകി. ഫാ.ബിന്‍സ് ചേത്തലില്‍ പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്‍കി. ക്‌നാനായ വോയിസ് ടിവി വഴി ലൈവായി ചടങ്ങുകള്‍ സംപ്രേഷണം ചെയ്തു. 

മൃതദേഹം നാളെ റ്റാംപയിലെ സേക്ര!ഡ് ഹാര്‍!ട്ട് ക്‌നാനായ കാത്തലിക് പള്ളിയിലേക്ക് സംസ്‌കാര ശുശ്രൂഷകള്‍ക്കായി എത്തിക്കും. അമേരിക്കന്‍ സമയം രാവിലെ 10 മുതല്‍ 11 വരെ പൊതുദര്‍ശനം. 11 മുതല്‍ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും. ഉച്ചയ്ക്ക് രണ്ടിന് ഹില്‍സ്‌ബൊറൊ മെമ്മോറിയല്‍ സെമിത്തേരിയില്‍ അടക്കം ചെയ്യും. ഈ ചടങ്ങുകളും ലൈവായി സംപ്രേഷണം ചെയ്യുന്നുണ്ട്.

ജോലി ആശുപത്രിയുടെ പാര്‍ക്കിങ് സ്ഥലത്താണ് മെറിന് കുത്തേറ്റത്. തുടര്‍ന്ന് മെറിന്റെ ദേഹത്ത് കാര്‍ കയറ്റി കൊലപ്പെടുത്തുകയായിരുന്നു. ഭര്‍ത്താവ് ചങ്ങനാശേരി വെളിയനാട് ആഞ്ഞിലിക്കാത്തറയില്‍ ഫിലിപ് മാത്യു (നെവിന്‍) അറസ്റ്റിലാണ്. കോറല്‍ സ്പ്രിങ്‌സിലെ ജോലി വിട്ട് റ്റാംപയിലെ സെന്റ് ജോസഫ്‌സ് ആശുപത്രി ഗ്രൂപ്പില്‍ മെറിന്‍ ജോലി നേടിയിരുന്നു. അങ്ങോട്ടു താമസം മാറാന്‍ തയാറെടുത്തിരിക്കുമ്പോഴായിരുന്നു മരണം.മൃതദേഹം നാട്ടിലെത്തിക്കാന്‍ കഴിയില്ലെന്ന വിവരം ഇന്നലെ ഉച്ചയോടെയാണ് പിതാവിനെയും അമ്മയെയും അറിയിച്ചത്.