Thursday 17 September 2020 04:25 PM IST

ഇവിടെ കണക്ക് പറയാൻ ആളില്ല, ഉള്ളത് സ്നേഹം വിളമ്പുന്ന കൈകൾ മാത്രം ; കപ്പൂച്ചിൻ അച്ചന്മാർ നടത്തുന്ന മെസ്സ്, പൈസയില്ലാത്തവർക്കും

Shyama

Sub Editor

food1

എറണാകുളം തൃപ്പുണിത്തുറയിലെ ഗാന്ധിസ്ക്വയർ റോഡിലൂടെ പോകുന്ന വഴിക്ക് കപ്പൂച്ചിൻ അച്ചന്മാർ നടത്തുന്ന ഒരു മെസ്സ് കാണാം. ക്യാഷ് കൗണ്ടർ ഇല്ല എന്നത് തന്നെയാണ് മെസ്സിന്റെ ഏറ്റവും വലിയ പ്രതേകത. ഭക്ഷണം കഴിച്ചിട്ട് ഇറങ്ങുമ്പോൾ നിങ്ങളുടെ കയ്യിൽ കാശുണ്ടെങ്കിൽ അത് അവിടെയുള്ള പെട്ടിയിൽ ഇടാം. കൃത്യം തുകയാണോ അതോ കുറഞ്ഞു പോയെന്നോ ഒന്നും ആരും വന്ന് ചോദിക്കുകയോ പറയുകയോ ഇല്ല.

ഇനി കാശില്ലെങ്കിലും നിങ്ങൾക്കിവിടെ വന്നിരുന്ന് സമാധാനത്തോടെ അഭിമാനത്തോടെ ഭക്ഷണം കഴിക്കാം...ഈ കോവിഡ് കാലത്ത് അടുത്തുള്ള ആളുകളെങ്കിലും പട്ടിണി കിടക്കരുത് എന്ന ഉദ്ദേശത്തിൽ ഫാദർ ബോബി ജോസ് കട്ടിക്കാടിന്റെ തലയിൽ ഉദിച്ച ആശയമാണ് ഈ മെസ്സ്. പലപ്പോഴും ഫാദർ തന്നെയാണ് മെസ്സിൽ വരുന്നവർക്ക് ഭക്ഷണം വിളമ്പുന്നതും. മൂന്ന് നേരത്തെ ഭക്ഷണം മെസ്സിൽ ഉണ്ട്. രാവിലെ 7.30 തൊട്ട് 9 വരെ പ്രഭാതഭക്ഷണം. ഉച്ചക്ക് 12.30 -2 വരെ ഊണ്. വൈകുന്നേരം 4-5 ടിഫിൻ.

f00u77

കപ്പൂച്ചിൻ ആശ്രമത്തിൽ അച്ചന്മാർക്ക് ഉണ്ടാക്കുന്ന അതേ ഭക്ഷണം തന്നെ കൂടുതൽ അളവിൽ ഉണ്ടാക്കിയാണ് മെസ്സിൽ എത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഒരേ സമയം പല തരം വിഭവങ്ങൾ പ്രതീക്ഷിക്കരുത്. രാവിലെ ഇഡലിയും സാമ്പാറും ആണ് മെനുവിലെങ്കിൽ അത്‌ മാത്രമാകും കിട്ടുക. പാവപ്പെട്ടവർ, വീട്ടിൽ ഭക്ഷണം ഉണ്ടാക്കാൻ പറ്റാത്തവർ, ജോലിക്കാർ, നാട്ടുകാർ ഒക്കെ വരുന്നുണ്ട്. അച്ചന്മാർക്കുള്ള ഭക്ഷണം ആയതുകൊണ്ട് വീട്ടിൽ ഉണ്ടാക്കും പോലെ തന്നെ വളരെ പോഷകപ്രദമായിട്ടാണ് ഉണ്ടാക്കുന്നത്. കൃത്രിമമായി ഒന്നും ചേർക്കുന്നില്ല. ഓരോ ദിവസം പല വിധ പച്ചക്കറികളും മറ്റും ഉണ്ടാവുകയും ചെയ്യും.

കോവിഡ് മുൻകരുതൽ ഉള്ളത് കൊണ്ട് വിളമ്പി കൊടുക്കുകയാണെങ്കിലും, ആവശ്യതിനനുസരിച്ചുള്ള ഭക്ഷണം ആളുകൾക്ക് കഴിക്കുകയും ചെയ്യാം. ഭക്ഷണത്തിനുള്ള സ്റ്റാൻഡേർഡ് റേറ്റ് വച്ചിട്ടുണ്ട് പ്രതാലിന് 25രൂപ, ഊണിന് 40, വൈകുന്നേരത്തെ ടിഫിന് 10 രൂപ എന്നിങ്ങനെ. പൊതുവായി വച്ച ഒരു കണക്ക് മാത്രമാണ് ഇത്‌. പെട്ടിയിൽ ഇതുപോലെ തന്നെ ഇടണമെന്ന് നിർബന്ധമില്ല.സെപ്റ്റംബർ ഒന്നാം തീയതി തുടങ്ങിയ മെസ്സിന്റെ പ്രവർത്തങ്ങൾക്ക് നാട്ടുകാർക്കും ഇവിടെ വരുന്നവർക്കും പൂർണ സ്വീകരണമുണ്ട്.

Tags:
  • Spotlight