Tuesday 12 February 2019 10:01 AM IST : By സ്വന്തം ലേഖകൻ

‘മെസി ഫാനായ പുയ്യാപ്ലയോട് ഇങ്ങനെയൊക്കെ ചെയ്യാമോ’; ഒരു കല്യാണത്തിന് പണികൊടുത്ത കഥയിങ്ങനെ

messi-fan

മലപ്പുറം ∙ സാക്ഷാൽ നെയ്മർ ഒരു വിവാഹച്ചടങ്ങിലും തന്റെ ജഴ്സി അണിഞ്ഞു പങ്കെടുത്തിട്ടുണ്ടാകില്ല. പക്ഷേ അർജന്റീനയുടെ കടുത്ത ആരാധകനായ തിരൂരങ്ങാടി ചുള്ളിപ്പാറ സ്വദേശി ഇഹ്ജാസ് അസ്‍ലമിനു തന്റെ വിവാഹദിനത്തില്‍  അണിയേണ്ടിവന്നത് നെയ്മറുടെ ജഴ്സി. വരന്റെ അർജന്റീന പ്രേമം തിരിച്ചറിഞ്ഞ വധുവിന്റെ വീട്ടുകാരാണ് ഈ ‘മുട്ടൻ പണി’ കൊടുത്തത്. വരനെ ഭാര്യവീട്ടുകാർ നിർബന്ധിച്ച് നെയ്മറുടെ ജഴ്സി അണിയിക്കുകയായിരുന്നു. ബ്രസീൽ പതാക നിറഞ്ഞ കേക്കും മുറിക്കേണ്ടിവന്നു. സെൽഫികളെടുത്തു ബന്ധുക്കൾ വിവാഹം ആഘോഷിക്കുമ്പോൾ  സെൽഫ് ഗോളടിച്ച സ്ട്രൈക്കറുടെ ഭാവമായിരുന്നു‌ ഇഹ്ജാസിന്റെ മുഖത്ത്.

സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന ഇഹ്ജാസ് അസ്‍ലമിന്റെ വിവാഹം ശനിയാഴ്ചയായിരുന്നു. കൂട്ടിലങ്ങാടി സ്വദേശിനി മുബഷിറയാണ് വധു. ബ്രസീലിന്റെയും നെയ്മറിന്റെയും ആരാധകരാണ് മുബഷിറയുടെ സഹോദരനും അമ്മാവൻമാരും. ഇവരുമായി ഇഹ്ജാസ് വിവാഹത്തിനു മുൻപേ ‘ഏറ്റുമുട്ടൽ’ തുടങ്ങിയതാണ്. 

വിവാഹദിനത്തിൽ വീടും മണിയറയും അർജന്റീന ജഴ്സിയിൽ‌ അലങ്കരിക്കുമെന്നു പ്രഖ്യാപിച്ച ഇഹ്‍ജാസിനുള്ള തിരിച്ചടിയാണ് അവർ വിവാഹവേദിയിൽ നടപ്പാക്കിയത്. തന്റെ ‘വെറുക്കപ്പെട്ട’ ജഴ്സിയണിഞ്ഞിന്റെ വേദനയിലും ഇജ്‍ഹാസ് പറഞ്ഞു; മേലിൽ ഒരു അർജന്റീനക്കാരനോടും ഇങ്ങനെ ചെയ്യരുത്. 

 ഫുട്ബോൾ ആരാധകൻ മാത്രമല്ല കളിക്കാരനും കൂടിയാണ് ഇഹ്ജാസ്. സൗദിയിൽ ക്രൗൺ എന്ന ക്ലബിൽ കളിക്കുന്നുണ്ട്. ലയണൽ മെസ്സിയാണ് ഇഷ്ടതാരം. മുബഷിറയും മെസ്സി ഫാനാണെന്നറിഞ്ഞതോടെ സന്തോഷം ഇരട്ടിയായി. ‘ഒരു പണി കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു, പക്ഷേ അത് ഇത്രേം വലിയ ദുരന്തമായിരിക്കുമെന്ന് അറിഞ്ഞില്ല. മുത്താണ് അർജന്റീന, മുത്തുമണിയാണ് മെസ്സി’. വിവാഹത്തിരക്കുകൾക്കുശേഷം ഇഹ്ജാസ് ഫെയ്സ്ബുക്കിൽ കുറിച്ചത് ഇങ്ങനെ.

More