Friday 22 June 2018 11:51 AM IST : By സ്വന്തം ലേഖകൻ

മെസ്സി അന്താരാഷ്ട്ര ഫുട്ബാളിനോട് വിട പറയുന്നു; വെളിപ്പെടുത്തലുമായി മുൻതാരം

messi-saba

തങ്ങളുടെ പ്രിയ ടീം ക്രൊയേഷ്യയോട് അതി ദയനീയമായി പരാജയപ്പെട്ടതിന്റെ ഞെട്ടലിൽ നിന്നും മുക്തരാകും മുൻപേ അർജന്റീനയുടെ ആരാധകർക്ക് പുതിയ ആഘാതം. സൂപ്പർതാരം ലയോണൽ മെസി ഈ ലോകകപ്പോടെ അന്താരാഷ്ട്ര ഫുട്ബാളിനോട് വിട പറയുമെന്നാണ് അർജന്റീനയുടെ മുൻ താരം പാബ്ലോ സബലെറ്റയുടെ വെളിപ്പെടുത്തൽ. അതിനുള്ള എല്ലാ സാധ്യതയും കാണുന്നതായി അദ്ദേഹം വ്യക്തമാക്കുന്നു. റഷ്യൻ ലോകകപ്പിൽ നേട്ടങ്ങളുണ്ടാക്കാതെ മടങ്ങിയാൻ മെസി വിരമിച്ചേക്കുമെന്നും മെസിയെ ‍ഓർത്തു താൻ ഖേദിക്കുന്നുവെന്നുമാണ് 2014 ലെ ലോകകപ്പ് ഫൈനലിൽ മെസിയോടൊപ്പം ടീമില്‍ കളിച്ച സബലെറ്റ പറഞ്ഞത്. ക്രൊയേഷ്യക്കെതിരെ 3-0ന് ദയനീയമായി തോറ്റതിൽ ആരാധകർ കടുത്ത ദേഷ്യത്തിലാണെന്നും താരം വ്യക്തമാക്കി.

‘‘അര്‍ജന്റീനയ്ക്കു വേണ്ടി കിരീടം സ്വന്തമാക്കാനുളള അദ്ദേഹത്തിന്റെ അവസാനത്തെ അവസരമാണിത്. അതു കൈവിട്ടാല്‍ അന്താരാഷ്ട്ര ഫുട്ബോളില്‍ അദ്ദേഹം തുടരുമെന്ന് എനിക്കു തോന്നുന്നില്ല. ആരാധകരുടെ പ്രതീക്ഷ പേറാന്‍ മെസിക്ക് ഇനി കഴിയില്ല. അദ്ദേഹം വിരമിച്ചാല്‍ അതില്‍ ഞാന്‍ അത്ഭുതപ്പെടില്ല. അതു സംഭവിച്ചേക്കാം.’’ സബലെറ്റയുടെ വാക്കുകൾ അമ്പരപ്പോടെയാണ് ലോകം കേട്ടത്. അര്‍ജന്റീനയില്‍ നിന്നും ഇത്രയും ദാരുണമായ പ്രകടനം ഞാന്‍ മുമ്പ് കണ്ടിട്ടില്ലന്നും സബലെറ്റ പറയുന്നു.