Tuesday 10 July 2018 11:54 AM IST

സോഷ്യൽ മീഡിയ അപമാനിച്ച ഭിന്നശേഷിക്കാരനായ എൽദോ വീണ്ടും കൊച്ചി മെട്രോയിൽ

Roopa Thayabji

Sub Editor

metro_mann
ഫോട്ടോ: ശ്യാം ബാബു

ചില മനുഷ്യർ വാർത്തകളിലേക്ക് കയറിവരുന്ന വഴികൾ വിചിത്രമാണ്. അങ്ങനെയുള്ള വാർത്തകൾക്ക് മിക്കപ്പോഴും വേഗവും കൂടുതലാണ്. എൽദോ എന്ന അങ്കമാലിക്കാരൻ ഒരിക്കലും കരുതിയിരുന്നില്ല ഇങ്ങനെ ജനമധ്യത്തിൽ താൻ ചർച്ചയാകുമെന്ന്. അതും രാജ്യം അഭിമാനത്തോടെ നെഞ്ചിലേറ്റിയ കൊച്ചി മെട്രോയുടെ പേരിൽ. അസുഖവും മനോവിഷമവും ത ളർത്തിയ എൽദോ മെട്രോ ട്രെയിനിന്റെ സീറ്റിൽ കിടന്ന് ഒന്നു മയങ്ങിയതാണ്.

ഏതോ ദോഷൈകദൃക്കുകൾ പകർത്തിയ ഈ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് ‘കൊച്ചി മെട്രോയിലെ ആദ്യത്തെ പാമ്പ്’ എന്ന അടിക്കുറിപ്പോടെ. ബധിരനും മൂകനുമായ എൽദോയുടെ നിസ്സഹായാവസ്ഥയും ചിത്രത്തിന്റെ അസത്യവും ചൂണ്ടിക്കാട്ടി പിന്നാലെ വാർത്തകൾ വന്നതോടെ മനസ്സുകൊണ്ട് മലയാളി എൽദോയോടു മാപ്പുചോദിച്ചു. സൗജന്യ യാത്രാപാസ് നൽകിയാണ് കൊച്ചി മെട്രോ എൽദോയോടുള്ള സ്നേഹം അറിയിച്ചത്. നടൻ കുഞ്ചാക്കോ ബോബൻ മലയാളികൾക്കു വേണ്ടി സേഷ്യൽ മീഡിയയിലൂടെ ആദരവേകി.

അങ്കമാലിക്കടുത്ത് കിടങ്ങൂർ കപ്പേളയ്ക്കു പരിസരത്തുള്ള നിരവധി എൽദോമാർക്കിടയിൽ നിന്ന് ഈ എൽദോയെ തിരിച്ചറിയുന്നതിന് ഇപ്പോൾ ഒരു ക്ലൂ മതി. ‘മെട്രോമാൻ’. ഈ മനുഷ്യനോടു സോഷ്യൽ മീഡിയ ചെയ്ത ക്രൂരതയുടെ ആഴമറിയണമെങ്കിൽ ഈ പാവത്തിന്റെ ജീവിതവഴികളെക്കുറിച്ച് അറിയണം. അങ്ങനെയാണ് കെഎംആർഎൽ നൽകിയ പാസ് ഉപയോഗിച്ചുള്ള എൽദോയുടെ ആദ്യ മെട്രോ യാത്രയിൽ ‘വനിത’ എൽദോയ്ക്കൊപ്പം പുറപ്പെട്ടത്.

സമയം രാവിലെ 6.50

മഴ പെയ്തുതോർന്ന നാട്ടുവഴിയിലൂടെ എൽദോ നടന്നുപോകുന്നത് പതിവുപോലെ ചായ കുടിക്കാനാണ്. കപ്പേളയ്ക്കു മുന്നിലെ ചെറിയ കടയിലേക്ക് ചിലർ വന്നും പോയുമിരിക്കുന്നു. കൂടി നിന്നവരിൽ ചിലർ ജോലിക്കു പോയിതുടങ്ങിയോ എന്നു ചോദിച്ച് പരിചയം പുതുക്കുന്നു. ചായ ഓർഡർ ചെയ്യുന്നതിനിടയിൽ പതിവുചിരിയോടെ മസിൽ പെരുപ്പിക്കുന്ന പോലെ എൽദോ ആംഗ്യം കാണിച്ചു, ‘ചായ സ്ട്രോങ് തന്നെ വേണം.’ ചൂടുചായ ഊതിക്കുടിക്കുടിച്ച് വീട്ടിലേക്ക് തിരിച്ചുനടക്കുമ്പോൾ എൽദോ കൈകൾ കൊണ്ട് ആംഗ്യഭാഷയിലൂടെ പറഞ്ഞുതന്നു, ‘ഇത് വർഷങ്ങളായുള്ള പതിവാണ്.’

ഈയിടെ പുതുക്കിപ്പണിത ഏഴുസെന്റിലെ എൽദോയുടെ വീടിന് സർക്കാരുദ്യോഗസ്ഥന്റെ വീടിന്റെ പകിട്ടൊന്നുമില്ല. 20 വർഷം മുമ്പ് കുടുംബത്തിന്റെ ഉത്തരവാദിത്തം സ്വന്തം ചുമലിലേറ്റേണ്ടി വന്ന സാധാരണ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരന്റെ വീടിന് അത്ര പകിട്ടുണ്ടാകാൻ തരമില്ലല്ലോ. മുറ്റത്തിന്റെ ഒരു കോണിൽ വലിയ കുടംപുളി മരമുണ്ട്. തലേന്നുരാത്രി വീണുകിട്ടിയ കുടംപുളി ചെറിയ കവറിൽ പെറുക്കിയെടുത്ത് എൽദോ അകത്തേക്ക്.

രാവിലെ 7.30 മണി

അടുക്കളയിൽ ചോറും കറികളും തയാറാക്കുന്ന തിരക്കിനിടയിൽ നിന്നുവന്ന് മകനെക്കുറിച്ച് എൽദോയുടെ അമ്മ മറിയാമ്മ പറഞ്ഞ വാക്കുകൾ കണ്ണീരിൽ മുങ്ങിപ്പോയി. ‘കുട്ടികളുടെ അപ്പൻ കോരുതിന് തെങ്ങുകയറ്റമായിരുന്നു ജോലി. എൽദോയ്ക്ക് രണ്ടുവയസ്സായപ്പോഴാണ് സംസാരിക്കാൻ ബുദ്ധിമുട്ടുള്ളത് ശ്രദ്ധിക്കുന്നത്. കുറേ ചികിത്സകൾ നടത്തി. അപ്പോഴേക്കും രണ്ടാമത്തെ മകൻ നോമി ജനിച്ചു. നോമിക്ക് മുച്ചുണ്ടായിരുന്നു, അതിനെ തുടർന്ന് സംസാരിക്കാൻ പ്രയാസമുണ്ട്. എൽദോയ്ക്കു സംസാരിക്കാനും ചെവി കേൾക്കാനുമാകില്ല എന്നു തിരിച്ചറിഞ്ഞു. ഇവരുടെ അനിയത്തി ടെസ്സിക്കും സംസാരിക്കാനും ചെവി കേൾക്കാനുമാകില്ല. കുടുംബത്തിൽ അതിനു മുമ്പ് ആർക്കും ഇത്തരം പ്രശ്നമൊന്നുമില്ലായിരുന്നു.

സ്കൂളിൽ പഠിക്കുന്ന കാലത്ത് കൂട്ടുകാർ ഇക്കാര്യം പറഞ്ഞ് കളിയാക്കുന്നത് മൂന്നുപേർക്കും വലിയ വിഷമമായിരുന്നു. കളിയാക്കൽ സഹിക്കാതെ ആറാംക്ലാസിൽ വച്ച് നോമി പഠിത്തം നിർത്തി. പക്ഷേ, തളരാത്ത മനസ്സോടെ എൽദോയും ടെസ്സിയും പ്ലസ്ടു പൂർത്തിയാക്കി. ടെസ്സി പിന്നീട് തയ്യലും എൽദോ ടൈപ്റൈറ്റിങും കംപ്യൂട്ടറും പഠിച്ചു. ആ കാലത്താണ് ഇവരുടെ അപ്പൻ മരിക്കുന്നത്. പിന്നെ, കുടുംബം പുലർത്താൻ ഞാൻ കൂലിപ്പണിക്കു പോയിത്തുടങ്ങി. കൊച്ചി തുറമുഖ വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ എൽദോയ്ക്ക് ജോലി കിട്ടിയതോടെ എന്റെ കഷ്ടപ്പാടിന് ഒരു താങ്ങായി. അതുകഴിഞ്ഞാണ് എറണാകുളത്ത് ചുമട്ടുതൊഴിലാളി ക്ഷേമനിധി ഓഫിസിൽ ലാസ്റ്റ് ഗ്രേഡ് സർവന്റായി ജോലിക്കു ചേരുന്നത്.’

രാവിലെ 7.45

മക്കൾക്കുള്ള ചോറ്റുപാത്രം തയാറാക്കി അടുക്കളയിൽ നിന്നു പുറത്തെത്തിയത് എൽദോയുടെ ഭാര്യയാണ്, ടിന്റു. മുഖം നിറഞ്ഞ ചിരി പകരം തന്ന് ടിന്റു ആംഗ്യം കാണിച്ചു, ‘ഇരിക്കു കേട്ടോ, അൽപം തിരക്കാണ്.’ മറിയാമ്മയുടെ വാക്കുകളിൽ എൽദോയുടെ കഥ തുടർന്നു.

‘ടിന്റുവിനും ജന്മനാ തന്നെ സംസാരിക്കാനും ചെവി കേൾക്കാനുമാകില്ല. മൂവാറ്റുപുഴയിലാണ് ടിന്റുവിന്റെ വീട്. രണ്ടുപേരുടെയും വിവാഹം കഴിഞ്ഞപ്പോൾ ഏറ്റവും വിഷമിച്ചത് കൊച്ചുമക്കൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടാകുമോ എന്നോർത്താണ്. അവർക്കും സംസാരിക്കാനോ ചെവി കേൾക്കാനോ ബുദ്ധിമുട്ടുണ്ടാകുമോ എന്നു പേടിയുണ്ടായിരുന്നു. ദൈവാനുഗ്രഹത്താൽ യാതൊരു കുഴപ്പവുമില്ല. എൽദോയുടെ മൂത്ത മകൻ ബേസിൽ ആറാം ക്ലാസിലാണ്. രണ്ടാമത്തെയാൾ ഡൊമിനിക് ഒന്നാം ക്ലാസിൽ. കിടങ്ങൂർ ഓക്സീലിയം സ്കൂളിലാണ് രണ്ടുപേരും പഠിക്കുന്നത്. സഹോദരി ടെസ്സിയെ വിവാഹം കഴിപ്പിച്ചയച്ചത് എൽദോയാണ്. കടമൊക്കെ വീട്ടി. അവൾക്കും രണ്ടുമക്കളാണ്.’

മക്കളെ രണ്ടുപേരെയും യൂണിഫോം ധരിപ്പിച്ച്, വീട്ടുവേഷം മാറി ടിന്റു പോകാൻ തയാറായി. അച്ഛനും അമ്മൂമ്മയ്ക്കും ടാറ്റാ പറഞ്ഞ് ബേസിലും ഡൊമിനിക്കും സ്കൂളിലേക്ക് പോയി.

രാവിലെ 8

ടീഷർട്ടും ലുങ്കിയും മാറ്റി ഷർട്ടും പാന്റുമിട്ട് ഓഫിസിലേക്ക് പോകാൻ തയാറായി എൽദോ വന്നു. അങ്കമാലിയിൽ നിന്ന് ആലുവയിലേക്കുള്ള യാത്രയിൽ എൽദോയുടെ മുഖത്ത് നിഴൽ പോലെ വിഷാദം നിറഞ്ഞിരുന്നു. അപമാനിക്കപ്പെട്ട ഒാർമ മനസ്സിൽ നിന്നു മായാത്തതു പോലെ തോന്നി. ആലുവ മെട്രോ സ്റ്റേഷനു പുറത്ത് ഒന്ന് ആലോചിച്ചു നിന്നിട്ടാണ് എൽദോ അകത്തേക്ക് കടന്നത്. സെക്യൂരിറ്റി വാതിലിനു മുന്നിലെ കൗണ്ടറിൽ നിന്ന് പാസ് കാണിച്ച് പാലാരിവട്ടത്തേക്ക് ടിക്കറ്റ് വാങ്ങി പ്ലാറ്റ്ഫോമിലേക്ക്. ഇടയ്ക്ക് ചിലരൊക്കെ മുഖപരിചയം തോന്നി ചിരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവർക്കൊന്നും മുഖം കൊടുക്കാതെ എൽദോ നടന്നു. അധികം കാത്തിരിക്കേണ്ടി വന്നില്ല, ട്രെയിനെത്തി. ഒരു പാവം മനുഷ്യനെ വാർത്തകളുടെ മധ്യത്തിൽ നിർത്തിയ മെട്രോയുടെ വാതിൽ തുറന്ന് എൽദോയ്ക്കൊപ്പം അകത്തേക്ക്.

രാവിലെ 9

മെട്രോ ട്രെയിൻ ആലുവ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ടപ്പോൾ കൈയിലിരുന്ന ചെറിയ ബുക്കിൽ എൽദോ എഴുതികാണിച്ചു, ‘അന്നു നടന്ന കാര്യങ്ങൾ ഞാൻ എഴുതാം.’ ‘അനിയൻ നോമി രണ്ടുവർഷം മുമ്പ് വീടിനടുത്തുള്ള ഒരു അമ്പലത്തിൽ പെയിന്റിങ് ജോലി ചെയ്യുന്നതിനിടെ ഏണിയിൽ നിന്നുവീണു. വീഴാൻ തുടങ്ങിയപ്പോൾ എടുത്തുചാടിയ നോമിയുടെ രണ്ടുകാലിനും ഗുരുതരമായ പരുക്കാണ് പറ്റിയത്. അതിന്റെ ബുദ്ധിമുട്ടുകൾ ഇപ്പോഴുമുണ്ട്. ഇതിനിടെ ശ്വാസംമുട്ടലും നെഞ്ചുവേദനയും വന്ന് ജൂൺ 20ന് നോമിയെ ആശുപത്രിയിലാക്കി. അങ്കമാലി സർക്കാർ ആശുപത്രിയിലാണ് പതിവായി പോകാറ്. ഇക്കുറി രോഗം മൂർഛിച്ചതോടെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അവിടെയെത്തിച്ച ദിവസം രാത്രി കടുത്ത നെഞ്ചുവേദന കാരണം ഐസിയുവിലേക്ക് നോമിയെ മാറ്റി. മൈനർ അറ്റാക്കായിരുന്നു എന്നു പിന്നീടാണ് ഡോക്ടർമാർ പറഞ്ഞത്. പിന്നീട് അൽപം ആശ്വാസമുണ്ടെന്ന് അറിയിച്ചു. ടിന്റുവിനും മക്കൾക്കും എനിക്കും പനിയായതിനാൽ രണ്ടുദിവസംകഴിഞ്ഞാണ് എനിക്ക് ആശുപത്രിയിലേക്ക് പോകാനായത്. ഐ സിയുവിൽ ചെന്ന് നോമിയെ കണ്ടതോടെ എനിക്ക് സങ്കടം സഹിക്കാൻ പറ്റാതായി. നിലവിളിച്ചുകൊണ്ട് അമ്മയെ കെട്ടിപ്പിടിച്ചു. ഒരു വിധത്തിൽ അവരെല്ലാം കൂടി എന്നെ ഐസിയുവിൽ നിന്ന് പുറത്തേക്ക് എത്തിക്കുകയായിരുന്നു. എന്റെ സങ്കടവും കരച്ചിലും സഹിക്കാൻ പറ്റാതെ ടിന്റുവും മക്കളും കൂടി നിർബന്ധിച്ച് വീട്ടിലേക്ക് തിരിച്ചുകൊണ്ടുപോയതാണ്. പോ കും വഴിയാണ് മോന് മെട്രോ ട്രെയിനിൽ കയറണമെന്നു പറയുന്നത്. അവധി ദിവസം വീണ്ടും വരാമെന്നു പറഞ്ഞെങ്കിലും അവൻ സമ്മതിച്ചില്ല. പാലാരിവട്ടത്തു നിന്നാണ് കയറിയത്. ക്ഷീണവും തളർച്ചയും കാരണം സീറ്റിൽ കിടന്നു മയങ്ങിയതാണ്. പിന്നീടാണ് ഫോട്ടോ ഇങ്ങനെ പ്രചരിക്കുന്നു എന്നു ബ ന്ധുവായ ചേട്ടൻ വന്നുപറഞ്ഞത്.’ പിന്നിലേക്ക് പാഞ്ഞുപോയ ഓർമകൾക്കൊപ്പം എൽദോ കണ്ണടച്ചിരുന്നു.

രാവിലെ 9.30

മെട്രോ ട്രെയിൻ സർവീസ് ആരംഭിച്ച് ദിവസങ്ങൾക്കകം തന്നെ ‘മെട്രോയിൽ പാമ്പ്’ എന്ന തരത്തിലാണ് എൽദോയുടെ ചിത്രം പ്രചരിച്ചത്. പിന്നാലെ കമന്റുകളുടെ ഘോഷയാത്രയായി. ഫെയ്സ്ബുക്കിലും വാട്സ് ആപ്പിലും പ്രചരിക്കുന്ന വാർത്തയുടെ സത്യാവസ്ഥ അന്വേഷിച്ചു പോയവർ ബധിരനും മൂകനുമായ എൽദോയുടെ മുന്നിൽ നിറകണ്ണുകളോടെ നിന്നു. ഇ തിനിടെ ബധിരനും മൂകനുമായ ആളുടെ ഫോട്ടോ സഹിതം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ ഭിന്നശേഷി കമ്മിഷൻ ഇടപെട്ടു. സംഭവത്തിനു ചൂടുപിടിക്കുമ്പോൾ അങ്കമാലിയിലെ വീട്ടിൽ എൽദോ മക്കളുമൊത്ത് വിഷമിച്ചിരിക്കുകയായിരുന്നു. മദ്യപനെന്നു പറഞ്ഞുപ്രചരിപ്പിച്ച വാർത്തകളോർത്ത് വിഷമം സഹിക്കാനാകാതെ ലീവെടുത്ത എൽദോയോട് വിഷമിക്കരുതെന്നും, എത്രയും വേഗം ഓഫിസിലെത്തണമെന്നും മേലധികാരി ആവശ്യപ്പെട്ടു.

M_Family
എൽദോ, ടിന്റു, ഡൊമിനിക്, ബേസിൽ, മറിയാമ്മ

പാലാരിവട്ടത്തുനിന്ന് എസ്ആർഎം റോഡിലേക്കുള്ള യാത്രയിൽ ആരും സംസാരിച്ചില്ല. വ്യാജവാർത്തകളുടെ കാറും കോളുമടങ്ങിയ ആകാശത്തിനു കീഴിലൂടെ എറണാകുളം നോ ർത്ത് റെയിൽവേ സ്റ്റേഷനു പിന്നിലുള്ള ചുമട്ടുതൊഴിലാളി ക്ഷേമബോർഡ് ഓഫിസിന്റെ ഗേറ്റു കടന്ന് എൽദോ വീണ്ടും ചെന്നു. വിഷമം മാറി പുഞ്ചിരിക്കുന്ന ആ മുഖത്തുനോക്കി സഹപ്രവർത്തകർ ഒന്നടങ്കം പറഞ്ഞു, ‘ഞങ്ങളുടെ മുഴുവൻ സപ്പോർട്ടും എൽദോയ്ക്കുണ്ട്. ഈ ഓഫിസിലെ ഏറ്റവും മിടുക്കനാണ് എൽദോ. യാതൊരു ദുശ്ശീലവുമില്ലാത്ത, മര്യാദക്കാരനായ ജോലിക്കാരൻ.’

നാട്ടിൽ കൂട്ടുകാർ കുറവാണെങ്കിലും ഭിന്നശേഷിക്കാരുടെ സംഘടനാ പ്രവർത്തനങ്ങളിൽ സജീവമാണ് എൽദോ. അവരുടെ ഫുട്ബോൾ ടീമിലെ സ്റ്റാർ സ്ട്രൈക്കർ. അപവാദങ്ങളുടെ പ്രതിരോധക്കുരുക്കിൽ തളരില്ല ഈ മനുഷ്യന്റെ മുന്നേറ്റജീവിതം.