Thursday 27 June 2019 11:48 AM IST : By സ്വന്തം ലേഖകൻ

ശ്വാസം മുട്ടലിന് ആശുപത്രിയിലെത്തി; വിരലുകളിലെ മുറിവിൽ പന്തികേട്; ചുരുളഴിഞ്ഞത് കൊലപാതക കഥ

murder

ആക്രിക്കച്ചവടക്കാരൻ മൈക്കിൾ രാജിന്റെ മരണം കൊലപാതകമാണെന്ന് സംശയിക്കാൻ കാരണം സഹോദരിയുടെ മൊഴിയിലെ പൊരുത്തക്കേടുകൾ. ചെങ്ങന്നൂർ ജില്ലാ ആശുപത്രിക്കു സമീപമുളള കടത്തിണ്ണയിൽ ഉറങ്ങവെ, ശ്വാസംമുട്ടലിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെന്നാണ് കസ്തൂരി ആദ്യം പറഞ്ഞത്. എന്നാൽ ആശുപത്രിയിൽ എത്തിക്കുമ്പോൾ ഇയാളുടെ ഇടതു കാലിലെ 3 വിരലുകൾ നഷ്ടപ്പെട്ടിരുന്നു. വലതുകാലും ഉരഞ്ഞു മുറിഞ്ഞിട്ടുണ്ടായിരുന്നു. സംശയം തോന്നിയതോടെയാണു കേസ് അന്വേഷണം ആരംഭിച്ചത്. വിശദമായി ചോദ്യം ചെയ്തപ്പോഴാണു സംഭവത്തിന്റെ ചുരുളഴിഞ്ഞത്.

പൊലീസ് പറയുന്നത്: ഓച്ചിറ ക്ലാപ്പന പെരിനാട് വാസവപുരത്ത് പ്രതീഷിന്റെ വീട്ടിൽ വാടകയ്ക്കു താമസിക്കുകയായിരുന്നു ഇവർ. മൈക്കിൾ രാജിന്റെ പെരുമാറ്റത്തെച്ചൊല്ലി വെള്ളദുരൈ പലപ്പോഴും വഴക്കിടാറുണ്ടായിരുന്നു. വിവാഹിതനായ മൈക്കിളിനെ ഭാര്യ ഉപേക്ഷിച്ചിരുന്നു. മാനസിക വെല്ലുവിളിയുള്ള മൈക്കിൾ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നെന്നാണ് കസ്തൂരി പറയുന്നത്. ഇതേച്ചൊല്ലിയുണ്ടായ വഴക്കിനെ തുടർന്ന് 23 ന് രാത്രി വെള്ളദുരൈ സാരി കൊണ്ടു കഴുത്തിൽ കുരുക്കിട്ടു മുറുക്കി മൈക്കിളിനെ കൊലപ്പെടുത്തി. കസ്തൂരി കാലുകൾ അനങ്ങാതെ പിടിച്ചു.

അസുഖം ഉണ്ടായെന്ന പേരിൽ മൃതദേഹം ചെങ്ങന്നൂരിലെ ആശുപത്രിയിൽ എത്തിക്കാൻ തീരുമാനിച്ചത് സംശയം ഒഴിവാക്കാനാണ്. തുടർന്നു മോപ്പെഡിൽ മൃതദേഹം ഇരുത്തി വെള്ളദുരൈയും കസ്തൂരിയും ചേർന്നു ചെങ്ങന്നൂരിലെത്തിച്ചു. 8 വയസ്സുകാരി മകളും ഒപ്പമുണ്ടായിരുന്നു. 24 നു പുലർച്ചെ 3 മണിയോടെ പൂപ്പള്ളി കവലയ്ക്കു സമീപം മറ്റുള്ളവരെ ഇറക്കിയ ശേഷം വെള്ളദുരൈ മുൻപു താമസിച്ചിരുന്ന പാണ്ടനാട് കിളിയന്ത്രയിലെ വീട്ടിലെത്തി. ശരീരത്തു രക്തക്കറ കണ്ടു സമീപവാസി ചോദിച്ചെങ്കിലും കാൽ തട്ടിയെന്നായിരുന്നു മറുപടി. തുടർന്നു സ്ഥലംവിട്ടു.

കസ്തൂരിയും മകളും ചേർന്നാണു മൃതദേഹം ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. സഹോദരനാണെന്നും ശ്വാസം മുട്ടൽ ഉണ്ടായതിനാലാണ് ആശുപത്രിയിൽ എത്തിച്ചതെന്നും പറഞ്ഞു. ആശുപത്രി അധികൃതർ പൊലീസിൽ അറിയിക്കുകയായിരുന്നു. മൃതദേഹവുമായി പ്രതികൾ സഞ്ചരിച്ച വഴിയിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. ആരെങ്കിലും ബലം പ്രയോഗിച്ചു കെട്ടിത്തൂക്കിയാൽ ഉണ്ടാകുന്ന തരം പാടുകളാണു കഴുത്തിൽ ഉണ്ടായിരുന്നതെന്നും ആത്മഹത്യ ചെയ്യുമ്പോൾ ഉണ്ടാകുന്ന തരത്തിൽ ആയിരുന്നില്ലെന്നും പൊലീസ് കണ്ടെത്തി.