Wednesday 21 February 2018 04:06 PM IST : By രാഖി പാര്‍വതി

അലമാര തുറക്കുന്നു, ചിരിക്കാൻ ഒരുങ്ങിക്കൊള്ളൂ ! ഈ മിഥുൻ ഒരു ഭീകര ജീവിയാണ്

midhun_main

ആട് ഒരു ഭീകര ജീവിയല്ല എന്ന സിനിമ തീയറ്ററുകളിൽ ചലനം സൃഷ്ടിക്കാതെ പോയപ്പോൾ മിഥുൻ മാനുവൽ തോമസ് ആ സത്യം മനസിലാക്കി, പ്രേക്ഷകർ ശരിക്കും ഭീകര ജീവികളാണ്.... രണ്ടാമത്തെ സിനിമ ആൻ മരിയ കലിപ്പിലാണ് സംവിധാനം ചെയ്തപ്പോൾ പ്രേക്ഷകർക്ക് കലിപ്പാകല്ലേ എന്നു മാത്രമാണ് മിഥുൻ പ്രാർഥിച്ചത്. സിനിമ മലയാളികൾ ഏറ്റെടുത്തു. ആൻ മരിയയും പൂമ്പാറ്റ ഗിരീഷും കുടുംബങ്ങളുടെ പ്രിയങ്കരനായി. പടം സൂപ്പർഹിറ്റ്. പ്രേക്ഷകരുടെ മനസറിഞ്ഞ് മിഥുൻ മൂന്നാമത്തെ ചിത്രമായ ‘അലമാര’ തുറക്കുമ്പോൾ അതുകൊണ്ടു തന്നെ എല്ലാവരും ആകാംക്ഷയിലാണ്. എന്ത് അത്ഭുതമാകും അതിനുള്ളില്ലെന്ന്. ‘അലമാരയിൽ ഒരു നിധിയും ഒളിപ്പിച്ചു വച്ചിട്ടില്ല. പക്ഷെ ആതു നിങ്ങളെ ചിരിപ്പിക്കും, ചിന്തിപ്പിക്കും’. ആത്മവിശ്വാസം തുളുമ്പുന്ന വാക്കുകളോടെ മിഥുൻ വനിത ഓൺലൈനോടു സംസാരിക്കുന്നു.

എന്താണ് അലമാരയിൽ ഒളിപ്പിച്ചു വച്ചിട്ടുള്ളത്?

ഈ അലമാര നിറയെ ജീവിതാനുഭവങ്ങളാണ്. എന്റെയും നിങ്ങളുടെയും എല്ലാം. ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി തന്നെ അലമാര എത്തുന്നു. കുടുംബത്തിന്റെ ചുറ്റുപാടിൽ നിന്നാണ് അലമാര കഥപറയുന്നത്. വീട് വീട്ടിലെ അച്ഛൻ, അമ്മ, സഹോദരി, അമ്മാവൻ അങ്ങനെ ഒരുപാട് പേരുടെ നടുവിൽ നിന്ന്. തൊണ്ണൂറുകളിലൊക്കെ നമ്മൾ കണ്ടിരുന്ന കഥ പറച്ചിൽ ശൈലിയാണ് സിനിമയിൽ. പലരും ചോദിച്ചു. ആൻ മരിയ കലിപ്പിലാണ് കണ്ടപ്പോൾ ദുൽഖർ ഒരു സർപ്രൈസ് ആയിരുന്നു. ഇതിലും അത്തരത്തിലുള്ള എന്തെങ്കിലും സസ്പെൻസ് ഉണ്ടോ എന്ന്. ഇല്ല എന്നാണ് ഉത്തരം. ഈ സിനിമ കണ്ടിറങ്ങുന്നവർക്ക് ഒരു തിരിച്ചറിവുണ്ടാകും, നമ്മൾ വലുതെന്നു കരുതുന്ന പലതും ജീവിതത്തിൽ നിസാരമായിരിക്കുമെന്ന്.

alamara

സണ്ണിവെയിനുമായി വീണ്ടും? നിങ്ങളുടെ കെമിസ്ട്രി എങ്ങനെയാണ്?

ആടിന്റെ കഥ പറയുമ്പോഴാണ് ഞാൻ സണ്ണി വെയിനെ ആദ്യമായി പരിചയപ്പെടുന്നത്. ആൻ മരിയയിലെ സണ്ണിയുടെ പൂമ്പാറ്റ ഗിരീഷ് ഹിറ്റ് ആയി. സണ്ണി എന്ന നല്ല സുഹൃത്തിനെയും കിട്ടി. ഞങ്ങൾ വളരെ നല്ല സുഹൃത്തുക്കളാണ്. പക്ഷെ എന്നും വിളിച്ച് സംസാരിക്കുന്ന, എപ്പോഴും കൂടെനടക്കുന്ന സുഹൃത്തുക്കളല്ല. എങ്കിലും ഒരാവശ്യം വരുമ്പോൾ കൂടെ നിൽക്കുന്ന ആദ്യം നമ്മൾ ഓർക്കുന്ന സുഹൃത്തുക്കളില്ലേ. അതാണ് സണ്ണി. പക്ഷെ ഷൂട്ടിങ്ങിന് എത്തിയാൽ സണ്ണി നടനും ഞാൻ സംവിധായകനും ആയല്ലേ പറ്റൂ. അത് ഞങ്ങളുടെ ജോലിയാണ്. എങ്കിലും ഞങ്ങൾക്കിടയിൽ ആശയവിനിമയത്തിൽ നല്ല ഒരു കെമിസ്ട്രി ഉണ്ടെന്നാണ് എന്റെ വിശ്വാസം. ആൻമരിയയിൽ ആതാണ് വർക്ക് ഔട്ട് ആയതെന്ന് പറയാം. എല്ലാവരും എനിക്ക് പരിചയമുള്ള ആളുകൾ അത് കൊണ്ട് സെറ്റിൽ സൗഹൃദത്തിന്റെ മൂഡായിരുന്നു.

aadu2

മൂന്ന് വ്യത്യസ്ത സിനിമകൾ, എങ്ങനെയാണ് കഥ തിരഞ്ഞെടുക്കുന്നത് ?

ഒരു കഥ കേൾക്കുമ്പോൾത്തന്നെ അത് എന്തെങ്കിലും വ്യത്യസ്തത പ്രേക്ഷകന് നൽകുമോ എന്നാണ് ഞാൻ ആദ്യം ചിന്തിക്കുന്നത്. എന്തെങ്കിലുമൊരു പ്രത്യേക പ്രത്യേകത ഉണ്ടാകണം, അത് പ്രേക്ഷകന് ആസ്വദിക്കാനുമാകണം. ഓം ശാന്തി ഓശാനയുടെ തിരക്കഥ എഴുതിയപ്പോൾ അതാണ് ശ്രദ്ധിച്ചത്. ആടും അലമാരയും എല്ലാം ഒന്നിനൊന്നും വ്യത്യസ്തമാണ്. എന്തെങ്കിലുമൊരു തലതിരിവാണ് ഈ സിനിമകളുടെയെല്ലാം രസം. മഹേഷ് ഗോപാൽ കഥ പറഞ്ഞപ്പോഴും കഥയിൽ വ്യക്തതയുണ്ടായിരുന്നു. മാത്രമല്ല ഒരോ വീട്ടിലും അലമാരയുണ്ട്. ഇത്തരം സാഹചര്യങ്ങളുമുണ്ട്. സിനിമ പ്രിവ്യൂ കണ്ടവരൊക്കെ അലമാര അവരെ ചിരിപ്പിച്ചു എന്നാണ് പറഞ്ഞത്.

ഓം ശാന്തി ഓശാനയുടെ തിരക്കഥയുമായി സിനിമയിലേക്ക്?

അത് എന്റെ ജീവിത കഥതന്നെയാണ്. പക്ഷെ ഒരു ആന്റി ക്ലൈമാക്സ് ആണ് സിനിമയിൽ നൽകിയതെന്നു മാത്രം. സിനിമാ മോഹവുമായി പ്രവാസി ജീവിതം അവസാനിപ്പിച്ച് ചെന്നൈയിൽ അലഞ്ഞ് തിരിഞ്ഞു നടന്ന നാളുകളിലാണ് അജു വർഗീസിന്റെ ഒരു മ്യൂച്ചൽ ഫ്രണ്ട് വഴി യാദൃശ്ചികമായി അജുവിനെ പരിചയപ്പെടുന്നത്. എന്റെ കഥ അജുവിനോട് പറഞ്ഞപ്പോൾ അജുവാണ് ജൂഡ് ആന്റണിയെ പരിചയപ്പടുത്തിയതും ഓം ശാന്തി ഓശാന ജനിക്കുന്നതും. 2013 ൽ തിരക്കഥ പൂർത്തിയാക്കി, 2014 ൽ സിനിമ പുറത്തിറങ്ങി. അങ്ങനെ അജു എന്റെ ഗോഡ് ഫാദറുമായി.

പ്രണയം ഉണ്ടോ ഇപ്പോഴും? വിവാഹം, കുടുംബം?

പ്രണയമാണ് ഓം ശാന്തി ഓശാനയിൽ കണ്ടത്. പക്ഷെ ഇപ്പോൾ പ്രണയമൊന്നുമില്ല. പക്ഷെ വിവാഹം ഉടനെ ഉണ്ടാകും. വയനാട്ടിലെ ഒരു കർഷക കുടുംബമാണ് എന്റേത്. വീട്ടിൽ അഛ്ഛൻ, അമ്മ, അനുജത്തി, അനുജൻ എന്നിവർ.

സൂപ്പർ നായികാ നായകന്മാരില്ലാതെ സിനിമ വിജയിപ്പിക്കാമെന്ന ധൈര്യം?

പ്രേക്ഷകർക്ക് സിനിമയോടുള്ള കാഴ്ചപ്പാടിൽ വ്യത്യാസം വന്നു കഴിഞ്ഞു. ഇവിടെ സൂപ്പർ താരങ്ങളില്ലാതെയും സിനിമകൾ വിജയിക്കുന്നു. ഇവിടെ എല്ലാ തരം സിനിമകളും വേണം. മുഴുവൻ പുതുമുഖങ്ങളുമായി എത്തിയ ലിജോ ചേട്ടന്റെ അങ്കമാലി ഡയറീസ് സൂപ്പർ ഹിറ്റായി. എത്ര നല്ല സിനിമയാണതെന്ന് പ്രേക്ഷകനാണ് തീരുമാനിച്ചത്. പുലിമുരുകൻ പോലുള്ള സിനിമ അപ്രാപ്യമെന്ന് കരുതിയിരുന്ന നൂറു കോടി ക്ലബിൽ മലയാളസിനിമയെ കൊണ്ടെത്തിച്ചു. അപ്പോൾ ഇവിടെ എല്ലാ സിനിമകളും വരണം, നല്ല സിനിമകളെ പ്രേക്ഷകർ വിലയിരുത്തട്ടെ. ഡിസ്ട്രിബ്യൂഷൻ ഏറ്റെടുക്കുന്നവർ പോലും ഇന്ന് സൂപ്പർ താരങ്ങളെയല്ല പകരം നല്ല സിനിമയെ കണ്ട് വിലയിരുത്തിയാണ് ഏറ്റെടുക്കുന്നത്. ഇതു നല്ല ട്രെൻഡാണ്.

ആൻമരിയ വിജയിക്കും എന്നു കരുതിയിരുന്നോ?

ann_maria

ആൻമരിയ ഒരു നല്ല സിനിമയാണ് എന്നു പ്രേക്ഷകർ പറയും എന്ന് ഉറപ്പുണ്ടായിരുന്നു. ബോക്സ് ഓഫീസിൽ നേട്ടമുണ്ടാക്കുമോ എന്നതൊന്നും അന്ന് ചിന്തിച്ചില്ല. രസകരമായ പ്രമേയം വന്നു. അത് സിനിമയാക്കി. ആൻമരിയ ആയി അഭിനയിച്ച സാറ അർജുൻ പ്രേക്ഷകർക്ക് മുന്നിൽ ആദ്യമായി എത്തുന്നു, സണ്ണി വെയിൻ ഒപ്പം അജു അങ്ങനെ സൂപ്പർ താര ടൈറ്റിലുകളോടെ അല്ലാതെ എത്തിയ ആൻമരിയയെ പ്രേക്ഷകർ ഇഷ്ടപ്പെട്ടു. അത് തിയേറ്ററിലും വിജയമായി. സിനി നല്ലതായാൽ മാത്രം പോരല്ലോ, തിയേറ്ററിൽ കൂടി വിജയിച്ചാൽ മാത്രമേ വിജയം എന്നു പറയാനാകൂ. ആൻ മരിയ തിയേറ്ററിലും ഹിറ്റായപ്പോൾ സന്തോഷമായി. ആൻമരിയയുടെ കഥ കേട്ടപ്പോഴും പ്രൊഡ്യൂസർ ചോദിച്ചിരുന്നു ഇത് വളരെ ചെറിയ ഒരു ത്രെഡ് ആണല്ലോ എന്ന്. അത് പോലെ ഒരു ചെറിയ ത്രെഡിൽ നിന്നും മഹേഷ് ഗോപാൽ അലമാരയുടെ കഥ നന്നായി പറഞ്ഞു. അത് ജോൺ മന്ത്രിക്കൽ തിരക്കഥയാക്കി.

സിനിമയിലെ താരങ്ങളെ തിരഞ്ഞെടുത്തത് ?

എല്ലാം സുഹൃത്തുക്കളും പരിചയക്കാരുമെല്ലാം തന്നെയാണ്. സണ്ണിയുമായി കഥ പറഞ്ഞപ്പോൾ തന്നെ ഇതുവരെ ചെയ്ത കഥാപാത്രത്തിൽ നിന്ന് ഏറെ വ്യത്യസ്തതയുണ്ടാകും എന്ന് പറഞ്ഞ് മനസിലാക്കിയിരുന്നു. ഞങ്ങളുടെ ‘ഗോഡ് ഫാദർ’ അജു, സുധി കാപ്പ, സൈജു കുറുപ്പ്, മണികണ്ഠൻ ആചാരി അങ്ങനെ സിനിമയിൽ എല്ലാവരും നല്ല പ്രകടനങ്ങളുമായി തന്നെ പ്രേക്ഷകന് മുന്നിലെത്തും. എന്റെ എല്ലാ പടത്തിലും അജുവും സൈജുവുമൊക്കെ ഉണ്ട്. ഞങ്ങൾക്കിടയിലൊക്കെ ഒരു കെമിസ്ട്രി വർക്ക് ഔട്ട് ആയിട്ടുണ്ട്. അദിഥി രവി ആദ്യമായാണ് അലമാരയിലൂടെ നായിക ആകുന്നത്. രൺജി പണിക്കർ വ്യത്യസ്ത മാനറിസങ്ങളോടെയാണ് എത്തുന്നത്. അഭിനയം മാത്രമല്ല സിനിമയുടെ ടൈറ്റിൽ ഗാനവും രൺജി പണിക്കർ പാടിയിട്ടുണ്ട്.

team