Thursday 21 February 2019 05:19 PM IST : By സ്വന്തം ലേഖകൻ

റുബിക്സ് ക്യൂബിനെ മെരുക്കാൻ ‘തലകീഴേ തൂങ്ങി’ മിഥുൻ! ഗിന്നസിലെത്താൻ ഒരു ആലപ്പുഴക്കാരനും

midhun-new

കാണുമ്പോൾ തലതിരിഞ്ഞാണു കാണുകയെങ്കിലും ലക്ഷ്യമറിഞ്ഞാൽ മിഥുൻ രാജ് തലതിരിഞ്ഞവനാണെന്ന് ആരും പറയില്ല. തലകീഴേ കിടന്നുള്ള അഭ്യാസം ഗിന്നസ് ബുക്കിലേക്കുള്ള നോട്ടത്തോടെയാണെന്നറിയുമ്പോൾ അതിശയമിരട്ടിക്കും.

തലകീഴായി കിടന്ന്, റുബിക്സ് ക്യൂബ് ക്രമപ്പെടുത്തി, ഗിന്നസ് ബുക്കിൽ ഇടം നേടുകയാണ് ഈ ആലപ്പുഴ സ്വദേശിയുടെ ലക്ഷ്യം. 26.1 മിനിറ്റിൽ 51 തവണ ക്യൂബ് ക്രമപ്പെടുത്തിയാണ് മിഥുൻ തന്റെ ലക്ഷ്യത്തിലെത്താൻ ശ്രമിച്ചത്. നിലവിൽ തമിഴ്നാട് സ്വദേശിയുടെ റെക്കോർഡ് 26 തവണയാണ്. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ് അധികൃതരുടെ നിർദേശ പ്രകാരം നഗരത്തിലെ ഹോട്ടൽ ഹാളിൽ അര മണിക്കൂർ പ്രകടനമാണ് മിഥുൻ ലക്ഷ്യമിട്ടത്. എന്നാൽ അതിവേഗം ക്രമപ്പെടുത്തുന്നതിനിടെ അവസാന പാദത്തിൽ ക്യൂബ് കൈയിൽ നിന്നു തെറിച്ചു പോയി.

അവസാന നിമിഷത്തിലെ പിഴവ് സങ്കടമായെങ്കിലും കാഴ്ചക്കാരുടെ അഭിനന്ദനം മിഥുന് പ്രോത്സാഹനമായി. തായ്‌ലാന്റിൽ ഗ്രാഫിക്സ് ഡിസൈനറായ കലവൂർ മിഥുനത്തിൽ എ.ആർ.രാജീവിന്റെയും ബോബിയുടെയും മകനാണ് ഒന്നാം വർഷ ബി.എ ഇംഗ്ലിഷ് വിദ്യാർഥിയായ മിഥുൻ.

നിത്യവും അരമണിക്കൂറോളം പരിശീലനം നടത്തിയാണ് പ്രകടനത്തിനായി മിഥുൻ തയാറെടുത്തത്. ഇന്റർനെറ്റിൽ നിന്നു വിവരങ്ങൾ ശേഖരിച്ച് 3 വർഷമായി ഇതിനു പിന്നാലെയായിരുന്നു.

ഗിന്നസ് ബുക്ക് സാക്ഷിയായി എത്തിയ ബെംഗളൂരു സ്വദേശി കെ.പ്യൂഥ്യുഷ് 400 ക്യൂബുകളിൽ ഒരുക്കിയ കഥകളി രൂപം ശ്രദ്ധേയമായി. വേൾഡ് ക്യൂബിക്സ് അസോസിയേഷൻ പ്രതിനിധി സി.ഡാനിയേൽ, ഗസറ്റഡ് ഓഫിസറായ ബി.അരുൺ എന്നിവരും ഗിന്നസ് നേട്ടത്തിലേക്കുള്ള വഴിയൊരുക്കലിനു സാക്ഷ്യം വഹിച്ചു.

തത്സമയ വിഡിയോയും ചിത്രങ്ങളും പരിശോധിച്ച് 3 മാസത്തിനു ശേഷം ഗിന്നസ് അധികൃതർ ഫലം പ്രഖ്യാപിക്കും.