Saturday 17 March 2018 05:42 PM IST

മൈഗ്രേന്‍! പലര്‍ക്കും പല കാരണങ്ങള്‍; അറിയാം ശരിയായ മുന്‍കരുതലുകളും ചികിത്സയും

Shyama

Sub Editor

migraine5

സ്ത്രീകൾക്കും പുരുഷന്മാർക്കും മൈഗ്രേൻ വരാറുണ്ടെങ്കിലും കൂടുതലും സ്ത്രീകളിലാണ് ഇത് കണ്ടു വരുന്നത്. സ്ത്രീ ഹോർമോണുകൾ ഇതിനെ സ്വാധീനിക്കാറുണ്ടെന്നും പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. പ്രത്യുൽപ്പാദന ശേഷി കൂടുതലുള്ള 20–40 വയസ്സിലാണ് മൈഗ്രേൻ കൂടുതലായും കാണാറ്.  സ്ത്രീകൾ ആവശ്യത്തിലധികം സ്ട്രെസ് എടുക്കുന്നതും ഇതിനു കാരണമായി പറയാറുണ്ട്. മൈഗ്രേന്റെ മറ്റൊരു പേരു തന്നെ ‘ടെൻഷൻ വാസ്കുലാർ ഹെഡ്‌എയ്ക്ക്’ എന്നാണ്. തല തളർന്നാൽ കാര്യങ്ങൾ അവതാളത്തിലാകും. പിന്നെ, ഒ ന്നിനും ഒരു ഉത്സാഹമുണ്ടായിരിക്കില്ല.


പാരമ്പര്യഘടകങ്ങളുമായി വളരെ ബന്ധമുള്ള അസുഖമായിട്ടാണ് ഇതു കാണാറ്. അച്ഛനും അമ്മയ്ക്കും മൈഗ്രേൻ ഉണ്ടെങ്കിൽ കുട്ടികൾക്കും വരാം. ഇതൊക്കെയാണെങ്കിലും  ഒരു വ്യക്തമായ കാരണം കൊണ്ടാണ് മൈഗ്രേൻ വരുന്നതെന്നു എടുത്തുകാണിക്കാൻ പറ്റില്ല. ചില ന്യൂറോകെമിക്കലുകളു ടെ താളപ്പിഴ കാരണമാണിത് വരുന്നതെന്ന് പറയാറുണ്ടെങ്കിലും എന്താണ് ആ താളപ്പിഴയുണ്ടാക്കുന്നതെന്ന് കൃത്യമായി കണ്ടുപിടിക്കപ്പെട്ടിട്ടില്ല.

കൊടുങ്കാറ്റടിക്കും പോലെയാണ് മൈഗ്രേൻ വരുന്നത്. വേ ദന വരുന്ന ആദ്യ മണിക്കൂർ തൊട്ട് അത് തീരുന്ന ദിവസം വ രെ രോഗിയെ മൊത്തത്തിൽ പിടിച്ചുലയ്ക്കും. ചിലർക്ക് മൂന്ന് ദിവസം വരെ വേദന നീണ്ടു നിൽക്കാം. ഒരേസമയം തലച്ചോറിനകത്തെ ഞരമ്പു ചുരുങ്ങുകയും തലച്ചോറിനു പുറത്തുള്ളത് വികസിക്കുകയും ചെയ്യുമ്പോഴാണ് മൈഗ്രേൻ ഉണ്ടാകുന്നത്. ഇടയ്ക്കിടയ്ക്കുള്ള അസഹ്യമായ തലവേദന, തലയുടെ ഒരു ഭാഗത്തു നിന്ന് മാത്രം തുടങ്ങുന്ന വേദന എന്നിവയാണ് മൈഗ്രേന്റെ ഏറ്റവും പ്രകടമായ പ്രത്യേകതകൾ. മറ്റു തലവേ ദനകള്‍ പോലെയല്ല, തുടർച്ചയായി വരുന്ന ചരിത്രമാണ് മൈ ഗ്രേനിനുള്ളത്.

പലർക്കും പല കാരണങ്ങൾ


മൈഗ്രേൻ തലവേദനയ്ക്ക് നാട്ടുഭാഷയിൽ കൊടിഞ്ഞി, ചെന്നിക്കുത്ത് എന്നെല്ലാം പേരുണ്ട്. ഇത് എല്ലാവർക്കും വരാറുണ്ടെങ്കിലും പലർക്കും പല കാരണങ്ങൾ കൊണ്ടാണ് വരാറ്. ഓരോരുത്തർക്കും വരുന്ന മൈഗ്രേൻ പ്രകോപനങ്ങൾ അഥവ ‘ട്രിഗറുകൾ’ വ്യത്യസ്തമാണെന്നതാണ് കാരണം. പൊതുവായി കണ്ടുവരുന്ന ചില കാരണങ്ങൾ നോക്കാം.

∙ തിയറ്റർ, സ്പീക്കറുകൾ വച്ച പരിപാടികള‍്‍, മെഷീനുകൾ പ്രവർത്തിക്കുന്ന ശബ്ദം എന്നിങ്ങനെയുള്ള ഉച്ചത്തിലുള്ള ശബ്ദം തുടർച്ചയായി കേൾക്കേണ്ടി വരുമ്പോൾ മൈഗ്രേൻ വരാം.
∙ ടെൻഷൻ, സ്ട്രെസ്, മാനസിക പിരിമുറുക്കം എന്നിവയുള്ളപ്പോഴും ഉറക്കക്കൂടുതൽ, ഉറക്കമില്ലായ്മ, തടസപ്പെടുന്ന ഉറക്കം, വേണ്ടത്ര ഉറക്കം കിട്ടാതിരിക്കുക എന്നീ സാഹചര്യങ്ങ ളിലും മൈഗ്രേൻ വരാം.
∙ അമിതമായി വെയിൽ കൊള്ളുക, കാലാവസ്ഥയിലെ മാറ്റം സഹിക്കാനാകാതെ വരിക എന്നിവയും സൂക്ഷിക്കണം.
∙  പൂക്കളുടെയോ പെർഫ്യൂമിന്റെയോ ചന്ദനത്തിരിയുടെയോ മറ്റോ ഗന്ധം ചിലർക്ക് രോഗകാരണമാകാം.
∙ കൃത്യസമയത്ത് ഭക്ഷണം കഴിക്കാതിരിക്കുമ്പോഴും ചാ യയോ കാപ്പിയോ കുടിച്ചു ശീലിച്ചവർക്ക് അത് സമയത്ത് കിട്ടാതിരിക്കുമ്പോഴും അസ്വസ്ഥതയുണ്ടാകാം. എന്നാൽ ചിലർക്ക് ചോക്‌ലേറ്റ്, ചീസ് തുടങ്ങിയ ചില ഭക്ഷണപദാർഥങ്ങളാണ് മൈഗ്രേനുണ്ടാക്കുന്നത്.
∙ ഓടുന്ന വണ്ടിയിലിരുന്ന് പുസ്തകം വായിക്കുക, മൊ ബൈ ൽ ഫോൺ നോക്കുക, സിനിമ കാണുക തുടങ്ങിയവയും കാരണമായി മാറാം.
∙ ആർത്തവമടുക്കുമ്പോഴും ആർത്തവസമയത്തും ചിലർക്ക് കടുത്ത തലവേദയുണ്ടാകാം.

സ്ത്രീ ഹോർമോണുകൾ അടങ്ങിയിട്ടുള്ളതിനാൽ ഗർഭനിരോധന ഗുളികകൾ കഴിക്കുന്നവരിലും മൈഗ്രേൻ കാണാറുണ്ട്. ആർത്തവം വൈകിപ്പിക്കാൻ കഴിക്കുന്ന ഗുളികകൾ, ഹോർമോൺ അടങ്ങിയിട്ടുള്ള മരുന്നുകൾ ഇവയൊക്കെ ട്രിഗറുകളാണ്.
മേൽപറയുന്ന കാരണങ്ങളുണ്ടെന്നു കരുതി എല്ലാ തലവേദനയും മൈഗ്രേൻ ആകണമെന്നില്ല. മൈഗ്രേൻ പോലെ തോന്നിക്കുന്ന, എന്നാൽ വളരെയധികം ശ്രദ്ധിക്കേണ്ട ചില സാഹചര്യങ്ങളുമുണ്ട്. പെട്ടെന്ന് സഹിക്കാൻ പറ്റാത്ത തലവേദന വരിക, ഒരു കാര്യത്തിലും ശ്രദ്ധിക്കാൻ പറ്റാതാകുക, കാഴ്ചയ്ക്ക് പെട്ടെന്ന് മങ്ങൽ, ഇരട്ടിച്ചു കാണുക തുടങ്ങിയ തകരാറുകൾ കണ്ടാൽ, ‘ഇനിയും വരുമോ എന്നു നോക്കട്ടേ’ എന്നു കരുതി വച്ചു താമസിപ്പിക്കാതെ ഉടൻ തന്നെ ഡോക്ടറെ കാണണം. പല്ലിന്റെ പ്രശ്നങ്ങൾ, ചെവിയിലെ ഇൻഫെക്‌ഷൻ, സൈനസൈറ്റിസ് തുടങ്ങി തലയിലെ രക്തസ്രാവവും ട്യൂമറും വരെ ഇത്തരം ലക്ഷണങ്ങൾ പ്രകടമാക്കാം.

മൈഗ്രേൻ രണ്ടുതരം

നിങ്ങളെ ആകെ തകർക്കുന്ന മൈഗ്രേനെ പൊതുവായി രണ്ടായി വേർതിരിക്കാം, ക്ലാസിക്കൽ മൈഗ്രേനും സിംപിൾ മൈഗ്രേനും.
കടുത്ത തലവേദനയ്ക്കു മുൻപായി എപ്പോഴും ‘ഓറ’ അഥവാ മുന്നറിയിപ്പുകൾ ഉണ്ടാകുന്ന തരത്തിലുള്ളതാണ് ക്ലാസിക്കൽ മൈഗ്രേന്‍. രോഗം വരും മുൻപ് സൂചനകൾ നൽകുന്ന ചില കാര്യങ്ങളെയാണ് ‘ഓറ’ എന്നു വിളിക്കുന്നത്. വേദന വരും മുൻപേ തന്നെ അതിനെ നേരിടാനുള്ള മാ ർഗങ്ങൾ തയാറാക്കി വയ്ക്കാമെന്നതിനാൽ ഇത് വളരെ സ ഹായകരമാണ്. സാധാരണഗതിയിൽ ഓറ വന്ന് ഒരു മണിക്കൂറിനുള്ളിൽ തലവേദന തുടങ്ങും. എന്തൊക്കെ മുന്നറിയിപ്പുകളാണ് ശരീരം തരുന്നതെന്നു നോക്കാം.

∙ നോക്കിയിരിക്കെ പെട്ടെന്ന് വെളിച്ചത്തിന്റെ രേഖകൾ തെ ളിയുക. ‘ഫോർട്ടിഫിക്കേഷൻ സ്പെക്ട്ര’ എന്നാണ് ഇതിനെ വിളിക്കുന്നത്. ഈ അവസ്ഥയിൽ പ്രകാശരശ്മികളുടെ ഘോഷയാത്ര ദൂരെ നിന്ന് അടുത്തടുത്ത് വന്ന് കണ്ണിൽ തട്ടാതെ കടന്നു പോകുന്നതായി തോന്നും.
∙ തലയിൽ തുടിപ്പു പോലെയോ ചുറ്റിക കൊണ്ട് അടിക്കും പോലെയോ ശക്തമായി തലയിൽ അമർത്തുന്നതു പോലെയോ തോന്നുക, തലയ്ക്ക് മരവിപ്പു അനുഭവപ്പെടുക.  
∙ വെളിച്ചത്തിലേക്കു നോക്കുമ്പോൾ അസഹനീയമായി തോന്നുക (ഫോട്ടോ ഫോബിയ), കണ്ണിൽ ഇരുട്ടു കയറുന്നതു പോലെ തോന്നുക, കണ്ണിന്റെ പുറകിൽ വേദനയനുഭവപ്പെടുക, കാഴ്ച മങ്ങുന്നതായി തോന്നുക, മുന്നിലിരിക്കുന്ന വസ്തുക്കളുടെ ആകൃതി മാറുന്നതായി തോന്നുക തുടങ്ങിയവയും മുന്നറിയിപ്പുകളാണ്.
∙ ശബ്ദങ്ങളോട് വെറുപ്പ് (ഫോണോ ഫോബിയ), സംസാരത്തിൽ തകരാറുകള‍്‍ ഉണ്ടാകുക, പ്രത്യേകിച്ചും വാക്കുകൾ കിട്ടാതെ വരിക എന്നിവയും ശ്രദ്ധിക്കണം.
∙ തലയുടെ ഒരു വശത്തു നിന്ന് തലവേദന അനുഭവപ്പെടും. ഒ പ്പം ഛർദ്ദിക്കാനും തോന്നും. ചിലർക്ക് ഛർദിച്ചു കഴിയുമ്പോൾ വേദനയിൽ നിന്ന് ആശ്വാസം തോന്നാം.
ഇത്തരം ലക്ഷണങ്ങൾ മുന്നറിയിപ്പുകളാണെന്ന് തിരിച്ചറിഞ്ഞ് മരുന്ന് കഴിക്കുന്നതാണ് നല്ലത്. എന്തെന്നാൽ സാധാരണയായി മുന്നറിയിപ്പുകൾ കണ്ട് രണ്ടു മണിക്കൂറിനുള്ളിലേ തലവേദന മൂർധന്യാവസ്ഥയിലെത്തൂ.
നാലു മണിക്കൂർ മുതൽ 72 മണിക്കൂർ വരെ മൈഗ്രേൻ ഇത നീണ്ടു നിൽക്കാം. ഒരു വശത്തു നിന്നു മാത്രം തുടങ്ങിയാലും പതുക്കെ പതുക്കെ വേദന തലയിൽ മുഴുവനായി പടരുന്നതായാണ് കാണാറ്. തുടക്കത്തിൽ തന്നെ ശ്രദ്ധിച്ചാൽ കടുത്ത വേ ദന സഹിക്കേണ്ടി വരില്ല.
സിംപിൾ മൈഗ്രേനിൽ ഓറ കാണാറില്ല. ഒരു മുന്നറിയിപ്പുമില്ലാതെ തന്നെ അസഹ്യമായ തലവേദന വരികയും മണിക്കൂറുകളോളമോ ചിലപ്പോൾ ദിവസങ്ങളോളമോ ഇതു തുടരുകയും ചെയ്യും.
വേദനയോടൊപ്പം കണ്ണീരൊഴുക്കും മൂക്കടപ്പുമുണ്ടെങ്കിൽ അതു ക്ലസ്റ്റർ തലവേദനയായിരിക്കാം. പത്തു മിനിറ്റിനുള്ളിൽ വേദന കലശലാകും. രണ്ടു മണിക്കൂർ വരെ വേദന നീണ്ടു നിൽക്കും.
ആർത്തവകാലത്തെ വേദനയ്ക്കും ബുദ്ധിമുട്ടിനുമൊപ്പം വ രുന്ന മെൻസ്ട്രുവൽ മൈഗ്രേനാണ് 15 ശതമാനം സ്ത്രീകളേയും ശല്യപ്പെടുത്തുന്നത്. നാല്‍പതു വയസ്സു കഴിയുന്നതോടെ മിക്കവരിലും വേദന കുറയുമെങ്കിലും ചിലരിൽ ആർത്തവ വിരാമത്തിനു ശേഷം മൈഗ്രേൻ തല പൊക്കാറുണ്ട്.
കാഴ്ച തകരാറുകൾ സൃഷ്ടിക്കുന്ന ഒക്കുലർ മൈഗ്രേൻ അഥവാ ഒഫ്താൽമോപ്ലോജിക് എന്ന മൈഗ്രേൻ മൂലം കണ്ണുകളിൽ വേദനയും ഒപ്പം ഛർദിയുമുണ്ടാകുന്നു. കണ്ണുകൾ തു റക്കാനാകാത്ത വിധം അടഞ്ഞു പോകുക, കണ്ണിനു ചുറ്റുമുള്ള പേശികൾക്ക് വീക്കവും വേദനയും അനുഭവപ്പെടുക എന്നിങ്ങനെയുള്ള ലക്ഷണങ്ങളുമായി ഒന്നോ രണ്ടോ ദിവസം വേദന നീണ്ടു നിൽക്കാം.
ശരീരത്തിന്റെ ഒരു വശം തന്നെ തളർത്തിയേക്കാവുന്ന ഹെമീപ്ലീജിക് മൈഗ്രേൻ, തലകറക്കവും ശരീരത്തിന്റെ കോർഡിനേഷൻ തകരാറിലുമാക്കുന്ന ബാസിലാർ ആർട്ടറി മൈഗ്രേൻ, കുട്ടികൾക്കുണ്ടാകുന്ന കടുത്ത തലവേദനയില്ലാത്ത മറ്റു പല ലക്ഷണങ്ങളുമായി വരുന്ന അബ്ഡോമിനൽ മൈഗ്രേൻ എന്നിവയും ചിലരിൽ കാണാറുണ്ട്.

migraine1 ഫോട്ടോ: ശ്യാം ബാബു

എടുക്കാം ചില മുൻകരുതലുകൾ
 

മൈഗ്രേൻ വരാനുള്ള ട്രിഗറുകൾ പലർക്കും പലതാണ്.  അ വ സ്വയം കണ്ടുപിടിച്ച് ഒഴിവാക്കുക എന്നതാണ് ആദ്യ മുൻകരുതൽ.

∙ വളരെ പിരിമുറുക്കമുള്ള സാഹചര്യത്തിൽ ജോലി ചെയ്യുന്നവർ മനസ്സ് ശാന്തമാക്കി വയ്ക്കാനുള്ള എന്തെങ്കിലും മാർഗങ്ങൾ സ്ഥിരമായി ചെയ്തു ശീലിക്കുക. മെഡിറ്റേഷൻ, പാട്ട് കേൾക്കൽ, നടത്തം, മനസ്സിനു സുഖം തരുന്ന ഹോബികൾ അങ്ങനെ എന്തെങ്കിലും ശീലിക്കാം.
∙ വെയിലത്ത് ഇറങ്ങുമ്പോൾ, കുറച്ച് സമയത്തേക്കാണെങ്കിൽ കൂടി കുട പിടിക്കാൻ മറക്കരുത്.
∙ പരീക്ഷയുള്ളവരും സ്ഥിരമായി കംപ്യൂട്ടർ ഉപയോഗിക്കുന്നവരും ആവശ്യത്തിന് ബ്രേക്ക് എടുക്കുക. അൽപനേരം പച്ചപ്പിലേക്ക് നോക്കിയിരിക്കുക, പുറത്തിറങ്ങി നടക്കുക തുടങ്ങിയവ ടെൻഷനും സ്ട്രെസ്സും കുറയ്ക്കും.
∙ ഇടയ്ക്കിടെ കണ്ണിനു പുറത്ത് മൃദുവായി മസാജ് ചെയ്യാം.
തലയില്‍ മസാജ് ചെയ്യുന്നതും നല്ലതാണ്. നെറ്റിയുടെ ഇരുവശങ്ങളിലും തലയുടെ പിന്നിലും മൃദുവായി മസാജ് ചെയ്യുന്നത് തലവേദനയ്ക്ക് കുറവുണ്ടാക്കും.
∙ മൈഗ്രേൻ ഉള്ളവർ ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയിൽ ഇരുന്ന് വായിക്കുക, ടിവി കാണുക, മൊബൈൽ/ ലാപ്ടോപ്പ് നോക്കുക എന്നിവ ചെയ്യരുത്.
∙ വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ എസി ഒഴിവാക്കാം. ചിലർക്ക് എസിയുടെ തണുപ്പും എസി പെർഫ്യൂമിന്റെ ഗന്ധവും തലവേദനയ്ക്കു കാരണമാകാം.
∙ കഴിവതും ഏഴ് – എട്ട് മണിക്കൂർ ഇടതടവില്ലാതെ ഉറങ്ങാൻ ശ്രദ്ധിക്കണം. കൃത്യസമയം നിശ്ചയിച്ചിട്ട് അതിനപ്പുറം ഒരുകാരണവശാലും ഉറക്കമിളച്ചിരിക്കില്ലെന്ന് തീരുമാനമെടുക്കണം.
∙ തലവേദനയുണ്ടാക്കുന്ന ഗന്ധത്തിനു കാരണമായ പെർഫ്യൂമുകൾ, ചന്ദനത്തിരികൾ, പൂക്കൾ തുടങ്ങിയവയിൽ നിന്ന് അകലം പാലിക്കണം.
∙ ചിലർക്ക് ഗർഭനിരോധന ഗുളികകൾ തലവേദനയുണ്ടാക്കുമെന്നതിനാൽ കോപ്പർ ടി, കോണ‍്ടം പോലുള്ള മറ്റു മാർഗങ്ങൾ സ്വീകരിക്കുക.
∙ തണുത്ത വെള്ളത്തിൽ കുളിക്കുന്നതും നെറ്റിയിൽ തുണി നനച്ചിടുന്നതും ഐസ് വയ്ക്കുന്നതും ചിലർക്ക് ആശ്വാസം നൽകുന്നതായി കാണാറുണ്ട്.
∙ തലയിൽ തണുപ്പ് ഏൽപ്പിക്കുന്നതിനൊപ്പം ചെറു ചൂടുവെള്ളത്തിൽ കാൽ മുക്കി വയ്ക്കുന്നതും നല്ലതാണ്. തലയിലെ തണുപ്പ് രക്തസഞ്ചാരം കുറയ്ക്കും. ചൂടു തട്ടുന്ന ഭാഗത്ത് ര ക്ത സഞ്ചാരം കൂടും. രണ്ടും കൂടി ഓരേ സമയം ചെയ്യുന്നത് വേദന ശമിപ്പിക്കാൻ സഹായിക്കും. ആവി പിടിക്കുന്നതും ചിലർക്ക് ആശ്വാസം നൽകും.
∙ ആഴ്ചയിൽ അഞ്ചു ദിവസമെങ്കിലും വ്യായാമത്തിനായി സ മയം കണ്ടെത്തണം. വ്യായാമം ചെയ്യുമ്പോൾ എൻഡോർഫിൻ കൂടുതലായി ഉൽപാദിക്കപ്പെടും അവ വേദനസംഹാരിയായി പ്രവർത്തിക്കുകയും ചെയ്യും. കഴുത്തിലേയും തോളിലേയും പേശികൾക്ക് അയവ് കിട്ടുന്ന തരത്തിലുള്ള വ്യായാമങ്ങൾ ശീലിക്കാം. എന്നാൽ അമിത അധ്വാനം അമിത വ്യായാമം  എ ന്നിവ തലവേദനയ്ക്കു കാരണമായി തീരാമെന്ന കാര്യം മറക്കരുത്.
∙ മൈഗ്രേൻ ഉള്ളവർ വേദന വരുമ്പോൾ അൽപ സമയം ഉ റങ്ങുന്നതു നല്ലതാണ്. ശബ്ദം അധികം കടക്കാത്ത ഇരുട്ടു മുറിയിൽ കിടക്കാൻ സാധിച്ചാൽ വളരെ നല്ലത്.  
 

migraine2

മരുന്ന് കഴിക്കും മുമ്പ്

∙ മൈഗ്രേൻ തലവേദന കൂടിയാൽ, അത്യാവശ്യഘട്ടത്തിൽ നേരിട്ട് മെഡിക്കൽ ഷോപ്പുകളിൽ നിന്നു മരുന്നു വാങ്ങി കഴിക്കുന്നവർക്ക് ഏറ്റവും സുരക്ഷിതമായി വാങ്ങാവുന്നത് പാരസെറ്റമോൾ ടാബ്‌ലെറ്റാണ്. സാധാരണ മൈഗ്രേൻ വന്നാൽ ഒരു ഗുളിക (ഒരു ഗ്രാം) കഴിച്ചാൽ മതിയാകും. തലവേദനയുടെ തുടക്കത്തിൽ തന്നെ കഴിക്കാൻ ശ്രദ്ധിക്കണം.
∙ മൈഗ്രേന് പുതിയ മരുന്നുകൾ ധാരാളമുണ്ട്. വേ ദനയെ പെട്ടെന്നു ശമിപ്പിക്കുന്ന ഗുളിക രൂപത്തിലും ഇ ൻജെക്‌ഷനായും സ്പ്രേയായും ഒക്കെ ഇവ ലഭ്യമാണ്. ഈ മരുന്നുകൾ ഡോക്ടറുടെ നിർദേശമനുസരിച്ച് മാത്രം ഉപയോഗിക്കുക.
∙ കുട്ടികള്‍ക്ക് മൈഗ്രേൻ ഉണ്ടെന്നു സംശയം വന്നാൽ തുടക്കത്തിൽ തന്നെ മരുന്ന് കൊടുത്ത് ശീലിപ്പിക്കാതെ, ജീവിതരീതിയിൽ മാറ്റങ്ങള‍്‍ വരുത്തി നോക്കുക. ഭക്ഷണം, ഉറക്കം, പഠനം, വിനോദങ്ങൾ എന്നിവയ്ക്ക് കൃത്യസമയം പാലിക്കാൻ കുട്ടിയെ ശീലിപ്പിക്കുക. മറ്റെന്തിങ്കിലും കാരണമാണോ എന്നറിയാൻ കണ്ണു പ രിശോധനയും നടത്തണം.

ഭക്ഷണവും മൈഗ്രേനും

∙ ഡൈൻ ഔട്ടിനു ശേഷം വീട്ടിൽ തിരിച്ചെത്തുമ്പോൾ പലപ്പോഴും മൈഗ്രേൻ ശല്യപ്പെടുത്താറില്ലേ? ചൈനീസ് ഭക്ഷണത്തിലെ അജിനോമോട്ടോ ആകാം ഇതിനു കാരണം.
∙ ടിന്നിലടച്ച ഭക്ഷണങ്ങൾ, പ്രിസർവേറ്റീവ്സ് അമിതമായി ചേർത്തവ, കഫീൻ അടങ്ങിയവ, ഐസ്ക്രീം,  സോയാസോസ്, വിനാഗിരി എന്നിങ്ങനെയുള്ള ഭക്ഷണ പദാർഥങ്ങള്‍ മൈഗ്രേൻ ഉള്ളവരിൽ പ്രകോപനമുണ്ടാക്കാറുണ്ട്.
∙ ജോലിത്തിരക്കു മൂലവും മറ്റും വിശന്നിരിക്കുന്നതും സമയലാഭത്തിനായി സ്നാക്സ് എന്തെങ്കിലും വാങ്ങി കഴിക്കുന്നതും മൈഗ്രേനു കാരണമായി മാറാറുണ്ട്. ഭക്ഷണം കൃത്യസമയത്തു കഴിക്കണം. ചായ, കാപ്പി എന്നിവ കുടിച്ച് ശീലിച്ചവർ അതും സമയത്തു തന്നെ  കുടിക്കുക.
∙ തലവേദന വരുത്തുന്ന ഭക്ഷണങ്ങൾ ഏതെന്നു കണ്ടെത്തി ഒഴിവാക്കണം.

migraine4

ഇവ ശീലിക്കാം

∙ ഓഫിസ് ടെൻഷനെ വീട്ടിലേക്കോ വീട്ടിലെ ടെ ൻഷനെ ഓഫിസിലേക്കോ കൂടെ കൂട്ടരുത്. സമ്മർദമുള്ള സാഹചര്യങ്ങളിൽ സുഹൃത്തുക്കളോട് സംസാരിക്കുകയോ പാട്ടു കേൾക്കുകയോ അൽപദൂരം നടക്കുകയോ ചെയ്യാം.
∙ നിർജലീകരണം അഥവാ ഡീഹൈഡ്രേഷൻ മൈ ഗ്രേനെ രൂക്ഷമാക്കും എന്നാണ് പഠനങ്ങൾ പറയുന്നത്. വീട്ടിലാണെങ്കിലും ജോലി സ്ഥലത്താണെങ്കിലും ദിവസവും ഒന്നര – രണ്ടു ലീറ്റർ വരെ വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം.
∙ എത്ര തിരക്കുണ്ടെങ്കിലും പ്രാതൽ ഒഴിവാക്കരുത്.  രക്തത്തിലെ ഗ്ലൂക്കോസ് നിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ ശരീരത്തിലെ പ്രവർത്തനങ്ങളുടെ ബാലൻസ് തെറ്റിക്കുകയും മൈഗ്രേൻ ഉള്ളവരിൽ തലവേദന വരുന്നതിന് കാരണമാകുകയും ചെയ്യാം.  


വിവരങ്ങൾക്ക് കടപ്പാട്: ഡോ. ഹരികൃഷ്ണൻ ആർ., അസോസിയേറ്റ് പ്രഫസർ, മെഡിസിൻ ആന്‍ഡ് ഹീമറ്റോളജി,
ഗവ. മെഡിക്കൽ കോളജ്, തിരുവനന്തപുരം.
ഡോ. ജേക്കബ്. കെ. ജേക്കബ്, പ്രഫസർ ഓഫ് മെഡിസിൻ, ഗവ. മെഡിക്കൽ കോളജ്, എറണാകുളം, ഡോ. അജിത് എസ്. എൻ,
അസിസ്റ്റന്റ് പ്രഫസർ ഓഫ് മെഡിസിൻ, ഗവ. മെഡിക്കൽ കോളജ്, തിരുവനന്തപുരം.