Saturday 08 June 2019 03:05 PM IST

‘ഇനി എന്തായാലും ഇങ്ങനെയൊരു ചടങ്ങിന് ഞാൻ ഉണ്ടാകില്ല’; മിനിയുടെ ആ പറച്ചിലിന് ഒരുപാട് അർഥമുണ്ടായിരുന്നു!

V R Jyothish

Chief Sub Editor

mini-selva1 ഫോട്ടോ: ടിബിൻ അഗസ്റ്റിൻ

തിരുവനന്തപുരം ശ്രീചിത്രാ പുവർ ഹോം. 1999 മേയ് 27, വ്യാഴാഴ്ച. തിരുവനന്തപുരം ജില്ലാ കലക്ടർ ശാരദാ മുരളീധരന് അന്ന് തിരക്കുള്ള ദിവസമായിരുന്നു. മുഖ്യ ചുമതലക്കാരിയായി നിന്ന് രാവിലെ ഒരു കല്യാണം നടത്തിക്കൊടുക്കണം. ശ്രീചിത്രാേഹാമിലെ പെൺകുട്ടിക്ക് തമിഴ്നാട്ടിൽ നിന്നൊരു വരൻ. നല്ല വിദ്യാഭ്യാസമുള്ള ഒരാൾ.

ഹോമിലെ സൂപ്രണ്ടായ സുകുമാരിയമ്മയ്ക്ക് സ്വന്തം മക്കളിൽ ഒരാളെ കല്യാണമണ്ഡപത്തിലേക്ക് അയയ്ക്കുന്ന സന്തോഷം. കല്യാണമണ്ഡപമില്ലെങ്കിലും ശുഭമുഹൂർത്തത്തിൽ ഡോ. കമലാ സെൽവരാജ് ശ്രീചിത്രാഹോമിലെ മിനിയുടെ കഴുത്തിൽ മിന്നുകെട്ടി മനൈവിയാക്കി.

ഈ അപൂർവ വിവാഹം നടന്നിട്ട് വർഷം ഇരുപതായി. കന്യാകുമാരി ജില്ലയിലെ അരുമനയിൽ ഈ ജീവിതം അന്വേഷിച്ചു പോകുന്ന ആർക്കും ദാമ്പത്യത്തിലെ പ്രണയം കാണാം. അതിലുപരി സമൂഹത്തിലെ താഴെത്തട്ടിൽ നിന്ന് ഉയർന്നു വന്ന ജീവിതത്തെക്കുറിച്ചും അറിയാം.

മുറ്റത്ത് ഒരു കാറുണ്ട് എന്നതൊഴിച്ചാൽ സാധാരണ വീടാണ് അരുമനയിലെ ‘ചിത്രാലയം’. ടെറസിൽ ഷീറ്റ് ഇട്ട് ഡാൻസ് സ്കൂളാക്കിയിരിക്കുന്നു. ഏതു സമയത്തും ചിലങ്കയുടെ കലമ്പൽ. കുടുംബജീവിതത്തിന്റെ തുടക്കത്തിൽ സെൽവരാജിന്റെ ചെറിയ വീടിനോടു ചേർന്ന് മിനി തുടങ്ങിയ ഡാൻസ്ക്ലാസ് രണ്ടു പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു.

തമിഴ്നാട് ടീച്ചേഴ്സ് എജ്യുക്കേഷൻ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ഗ്രേസ് കോളജ് ഓഫ് എജ്യുക്കേഷനിൽ പ്രിൻസിപ്പലാണ് ഡോ. കമലാ സെൽവരാജ്. െതന്നിന്ത്യൻ സാംസ്കാരിക പൈതൃകത്തെ സംബന്ധിച്ച് സ്വദേശത്തും വിദേശത്തുമുള്ള സർവകലാശാലകളിൽ ധാരാളം പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുമുണ്ട്.

‘‘പേപ്പർ അവതരിപ്പിക്കാൻ ഡയസിനു മുന്നിൽ നിൽക്കുമ്പോൾ ഞാൻ ഒരു നിമിഷം എന്റെ സ്കൂൾ ജീവിതം ഓർക്കും. ഒരു കാട്ടുനെല്ലിക്ക തിന്ന് പച്ചവെള്ളം കുടിച്ച് ക്ലാസിലിരുന്ന് പഠിച്ച ദിവസങ്ങൾ.’’ ജീവിതം പറഞ്ഞുതുടങ്ങിയത് സെൽവരാജാണ്.

തോട്ടുവക്കിലെ ൈകതോലകൾ

കന്യാകുമാരി ജില്ലയിലാണ് അരുമന. അച്ഛൻ കമലൻ. അമ്മ കമലമ്മ. ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്തായിരുന്നു ഉപജീവനം. മൂന്നു പെണ്ണും നാല് ആണുമായി ഏഴു മക്കൾ. കമലൻ മരിക്കുമ്പോൾ ആറാമനായ സെൽവരാജ് ആറാം ക്ലാസിൽ.

പിന്നീടിങ്ങോട്ട് ഏഴു മക്കളെ വളർത്താൻ അമ്മ ചെയ്യാത്ത ജോലികളില്ല. തമിഴ്നാട്ടിൽ നിന്ന് 15 കിലോ അരി വാങ്ങി കേരളത്തിൽ കൊണ്ടുവന്ന് വിൽക്കും. വണ്ടിക്കൂലി കഴിച്ചാൽ രണ്ടോ മൂന്നോ കിലോ അരിയുടെ പൈസ ലാഭം കിട്ടും. ആ പൈസ കൊണ്ടാണ് കുടുംബം പുലർത്തിയിരുന്നത്. രാത്രി തോട്ടുവക്കിലെ കൈതോല വെട്ടി പായ െമടയും. വീടുകളിൽ പുറംപണിക്കു പോകും.

15 വയസ്സ് തികഞ്ഞപ്പോൾ ആൺമക്കൾ പണിക്കു പോയിത്തുടങ്ങി. അന്ന് ആ നാലു സഹോദരങ്ങളും  ചേർന്ന് ഒരു തീരുമാനമെടുത്തു. മൂന്നു സഹോദരിമാരുടെ വിവാഹമാണ് തങ്ങളുടെ ജീവിത ലക്ഷ്യം. സഹോദരിമാരെ ഓരോരുത്തരെയായി വിവാഹം കഴിപ്പിച്ചശേഷമാണ് അവർ സ്വന്തം ജീവിതത്തെക്കുറിച്ചു ചിന്തിച്ചത്.

ഇവരിൽ നന്നായി പഠിക്കാൻ ശ്രമിച്ചത് സെൽവരാജാണ്. അമ്മാവന്റെ വീട്ടിൽ നിന്ന് പത്താംക്ലാസുവരെ പഠിച്ചു. ഈ സമയത്തും കൂലിപ്പണിയെടുത്തു. പിന്നീട് കോളജ് പഠനം തുടങ്ങിയപ്പോൾ നാട്ടിലെ റബർതോട്ടത്തിലെ പണിക്കാരനായി. അതിരാവിലെ റബർമരം വെട്ടി പാലെടുത്തശേഷം പഠിക്കാൻ പോകും. ൈവകുന്നേരം കോളജിൽ നിന്നു വന്നിട്ട് ബാക്കി പണി ചെയ്യും. അങ്ങനെ രണ്ട് എംഎയും എംഫില്ലും പിഎച്ച്ഡിയും കരസ്ഥമാക്കി.

min-selva2

ശ്രീചിത്രാഹോമിലെ പത്രപ്രവർത്തകൻ

പഠനകാലത്ത് ഒരു തമിഴ് പത്രത്തിന്റെ ലേഖകൻ കൂടിയായിരുന്നു സെൽവരാജ്. വാർത്ത ശേഖരിക്കാൻ ശ്രീചിത്രാഹോമിലെത്തിയ സെൽവരാജ് അവിടെ കണ്ട ജീവിതാവസ്ഥകൾ പത്രത്തിൽ എഴുതി. എന്നുമാത്രമല്ല അവിടെ നിന്നു തന്നെ ഒരു പെൺകുട്ടിയെ വിവാഹം കഴിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്തു. സാമ്പത്തിക അസമത്വവും ജാതിയും സ്ത്രീധനവുമൊക്കെ വിവാഹത്തെ കമ്പോളമാക്കുന്നതിനെതിരെ സെൽവരാജ് എടുത്ത നിലപാടായിരുന്നു അദ്ദേഹത്തിന്റെ വിവാഹം.

ഹോമിൽ െപണ്ണു കാണാനെത്തുന്നവർ ആവശ്യപ്പെടുന്ന യോഗ്യതകളുള്ള മൂന്നോ നാലോ പെൺകുട്ടികളെ കാണിക്കാറുണ്ട്. അവരിൽ നിന്ന് ഇഷ്ടപ്പെട്ടയാളുമായുള്ള ആലോചനയാകും മുന്നോട്ടു പോകുന്നത്.

സെൽവരാജിന് ഒറ്റ ആവശ്യമേയുണ്ടായിരുന്നുള്ളൂ; ബന്ധുക്കളായും സ്വന്തക്കാരായും ആരും ഇല്ലാത്ത ഒരു പെൺകുട്ടി. അതിൽ ഒരാളെയാണ് സെൽവരാജ് തിരഞ്ഞെടുത്തതും. അത്യാവശ്യം വിദ്യാഭ്യാസമുണ്ട്. പിന്നെ, പ്രായവും തനിക്ക് അനുയോജ്യം.

‘വരുന്ന ആളിന് എന്നെ ഇഷ്ടമാകണേ... എനിക്കൊരു നല്ല ജീവിതം കിട്ടണേ’ എന്ന പ്രാർഥനയുമായി നാലോ അഞ്ചോ പെൺകുട്ടികൾ ഒരു പുരുഷന്റെ മുന്നിലേക്ക് ആനയിക്കപ്പെടുന്നു. അവരിൽ ഒരാൾക്കു നറുക്കു വീഴുന്നു. മിനിയും ഇതേ അനുഭവങ്ങളിലൂടെ കടന്നുപോയി മൂന്നാലു തവണ. അഞ്ചാമത്തെ പ്രാവശ്യം സെൽവരാജിനെ കാണാൻ പോകുന്നതിനു മുൻപ് മിനി കൂട്ടുകാരോടു പറഞ്ഞു;

‘ഇനി എന്തായാലും ഇങ്ങനെയൊരു ചടങ്ങിന് ഞാൻ ഉണ്ടാകില്ല’ ആ പറച്ചിലിന് ഒരുപാട് അർഥമുണ്ടായിരുന്നു. സെൽവരാജിന്റെ തിരഞ്ഞെടുപ്പ് മിനിക്ക് അനുകൂലമായില്ല. എന്നാൽ സെൽവരാജ് തിരഞ്ഞെടുത്ത കുട്ടിക്കും അറിയാമായിരുന്നു മിനി പറഞ്ഞതിന്റെ പൊരുൾ. ആ കുട്ടിയാണ് സൂപ്രണ്ടിനോടു പറഞ്ഞത് തനിക്ക് ഈ കല്യാണത്തിന് താൽപര്യം ഇല്ല. പകരം മിനിയെ അദ്ദേഹം കല്യാണം കഴിക്കട്ടെ. മിനി അറിയാതെ കൂട്ടുകാരും സൂപ്രണ്ടും ചേർന്ന് മിനിയുെട ജീവിതം സെൽവരാജിനോടു പറഞ്ഞു. വഴിമാറി വന്നെങ്കിലും ആ പുഴ തന്നിലേക്കു ചേർക്കാൻ സെൽവരാജ് തയാറായി.

ചുട്ടുപൊള്ളിയ വഴികൾ

പേയാടാണ് മിനിയുടെ കുടുംബം. അച്ഛന് കൂലിപ്പണിയായിരുന്നു, പണി ചെയ്ത് കിട്ടുന്ന ൈപസയെക്കാൾ കൂടുതൽ വേണമായിരുന്നു മദ്യപിക്കാൻ. അമ്മയ്ക്കു മുന്നിൽ അന്ന് ഒ രുവഴിയേ ഉണ്ടായിരുന്നുള്ളു; തിരുവനന്തപുരത്തെ ശ്രീചിത്രാ ഹോം.

നാലാം ക്ലാസിലാണ് മിനി അവിടെ എത്തുന്നത്. കൂടെ സഹോദരനുണ്ട് എന്നത് ഏറെ ആശ്വാസമായിരുന്നു. അന്ന് തിരുവനന്തപുരത്ത് ജില്ലാ കലക്ടറായിരുന്ന ടി. ബാലകൃഷ്ണ ൻ മുൻകയ്യെടുത്ത് ശ്രീചിത്രാഹോമിെല കുട്ടികൾക്ക് ഡാൻസ് പഠിക്കാൻ അവസരമുണ്ടാക്കി. അങ്ങനെയാണ് മിനിയും കൂട്ടത്തിൽ ഒൻപതു പേരും െറഗാറ്റ ഡാൻസ് അക്കാദമിയിൽ എത്തുന്നത്. പത്താംക്ലാസിൽ തോറ്റെങ്കിലും അപ്പോഴേക്കും  ശ്രീചിത്രാഹോമിലെ ബാലെ ട്രൂ‍പ്പിൽ പ്രധാന നടിയും നർത്തകിയുമായി മിനി പേരെടുത്തിരുന്നു.

‘‘തിരുവനന്തപുരത്ത് ഫോർട്ട് ൈഹസ്കൂളിലായിരുന്നു ഞങ്ങളിൽ കൂടുതൽ പേരും പഠിച്ചത്. അന്ന് ഞങ്ങളിൽ ഭൂരിഭാഗം പേർക്കും െചരിപ്പ് ഉണ്ടാകില്ല. അതുകൊണ്ട് ഉച്ചക്കഞ്ഞി കുടിക്കാൻ സ്കൂളിൽ നിന്ന് ഹോമിലേക്ക് ഒറ്റ ഓട്ടമാണ്. അല്ലെങ്കിൽ ടാറിന്റെ ചൂടിൽ കാല് പൊള്ളി അടരും. നിറമുള്ള വസ്ത്രങ്ങൾ ഞങ്ങൾക്ക് അന്യമായിരുന്നു. വർഷത്തിൽ ഒന്നോ രണ്ടോ തവണ കിട്ടുന്ന നെയ്ത്തുതുണിയായിരുന്നു ഞങ്ങളുടെ ആഡംബരം. അതുതന്നെ കഴുകി ഉണക്കിയായിരുന്നു സ്കൂളിൽ പോയിരുന്നത്.

അന്തേവാസികൾക്ക് വസ്ത്രവുമായി ഇന്നത്തെപ്പോലെ ആരും വരാറില്ല. ഇപ്പോൾ മക്കൾ  ചോദിക്കാറുണ്ട് അമ്മ എന്തിനാണ് കടുംനിറമുള്ള വസ്ത്രങ്ങൾ ഉ ടുക്കുന്നതെന്ന്. അവരോടു പറഞ്ഞിട്ടില്ല. ഇതാണു കാരണമെന്ന്.’’ മിനി ഒരു നിമിഷം പഴയ കാലത്തിലേക്കു പോയി. ‘‘ഒരാളിനു പോലും കുടയുണ്ടായിരുന്നില്ല. പുസ്തകം നനയാതെ ഒതുക്കിപ്പിടിച്ച് മഴ നനഞ്ഞായിരുന്നു സ്കൂളിലേക്കുള്ള ഓട്ടം. കഠിനമായ മഴയാണെങ്കിൽ അന്ന് അവധിയെടുക്കും. ഹോമിൽ കല്യാണം നടക്കുന്ന ദിവസങ്ങളിലും ചിലർ അവധിയെടുക്കുമായിരുന്നു. ഒരു ഊണ് വെറുതെ ‘മിസാക്കണ്ടല്ലോ...’’

ഇപ്പോൾ ഈ സൗഭാഗ്യങ്ങളിൽ ജീവിക്കുമ്പോഴും ഹോമിലെ ജീവിതം ദുരിതം നിറഞ്ഞതായിരുന്നു എന്നു പറയാൻ മിനി തയാറല്ല. ‘‘അവിടെയുള്ള പരിമിതികളിൽ നിന്ന് ഞങ്ങൾ സന്തോഷം കണ്ടെത്തുമായിരുന്നു. അങ്ങനെയൊരു ആശ്രയകേന്ദ്രം ഇല്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു എന്നെപ്പോലെയുള്ളവരുടെ അവസ്ഥ?’’ മിനി ചോദിക്കുന്നു.

കുടുംബജീവിതത്തിന്റെ തിരക്കിനിടയിലും ഹോമിൽ പോകാനുള്ള സമയം കണ്ടെത്തുന്നുണ്ട് മിനി. ‘‘ഹോമിലിപ്പോൾ അന്തേവാസികളുടെ എണ്ണം കുറഞ്ഞു. ജീവിതനിലവാരം കുറച്ചുകൂടി െമച്ചപ്പെട്ടു. കുട്ടികൾ നന്നായി പഠിക്കുന്നുണ്ട്. സുമനസ്സുകൾ സഹായിക്കുന്നുണ്ട്.’’ തങ്ങളുടെ ജീവിതം ഒരു ആദർശത്തിനുവേണ്ടിയാണെന്നതുകൊണ്ട് ഈ ദമ്പതികൾ  മക്കൾക്കു പേരിട്ടതും ആദർശപരമായി. മകൾ ആദർശ ഡിഗ്രി വിദ്യാർഥിനി, മകൻ ആദർശ് പത്താംക്ലാസിൽ പഠിക്കുന്നു. നിരാലംബരായ കുട്ടികൾക്കുള്ള കൈത്താങ്ങാകാൻ ഈ കുടുംബം ഒപ്പമുണ്ട്. അരുമനയിൽ പ്രവർത്തിക്കുന്ന അനാഥാശ്രമത്തിന്റെ പ്രധാന സംഘാടകരിൽ ഒരാളാണ് ഡോ. കമലാ സെൽവരാജ്.

mini-selva4